Showing posts with label പ്രണയം... Show all posts
Showing posts with label പ്രണയം... Show all posts

Thursday, April 29, 2010

ഏകാന്തതയില്‍....




കരളിലെ കുളിരിന്റെ മുഗ്ദമാം ഉഛ്വാസ്സങ്ങള്‍
‍തിരയുന്നുണ്ടു നിന്നെ കടലിലേ പുഴ പോലെ
പുളിനത്തെ പുല്‍കുന്ന പുഴയായി,നദിയായി
അലറിക്കൊണ്ടണയുന്ന സാഗരത്തിരയായി
പ്രിയനേ, നിന്‍ മുന്നിലെന്‍ തപ്ത ബാഷ്പാഞ്ജലി!
നിറവാര്‍ന്ന ഹൃദയത്തിന്‍ രക്തപുഷ്പാഞ്ജലി!
വിര‍ഹാര്‍ദ്ര നൊമ്പരപ്പൂക്കളാമശ്രുക്കള്‍
മുറിവേറ്റൊരാത്മാവിന്‍ ഗദ്ഗദങ്ങള്‍.........

രാഗലോലനായ്‌ നീ എന്നന്തികേ കടന്നുവന്നാ-
ലോലമാത്മാവിന്റെ ഉള്ളിലേക്കിറങ്ങിയ-
തോര്‍ത്തു, തന്നാലസ്യത്തില്‍ ലീനയായിരിക്കുന്നീ-
തോരോരോ സങ്കല്‍പ്പത്തിന്‍ ശയ്യയിലേകാന്തയായ്‌.

ഇടറുന്നൊരിടനെഞ്ചില്‍ തടയുന്ന വാക്കുകള്‍
ഉലയുന്ന മിഴി ഇതള്‍, പൊരുളറ്റ ശബ്ദങ്ങള്‍
‍വിറ പൂണ്ട ചുണ്ടുകള്‍, സ്നേഹാര്‍ദ്രസാന്ദ്രമാം നെടുവീര്‍പ്പുകള്‍
‍ഹൃദയത്തിന്‍ നെടുവീര്‍പ്പില്‍ തുളുമ്പുമീ മിഴിനീരും...
നുരയുന്ന മോഹങ്ങള്‍,നിറയുന്ന കണ്ണൂകള്‍
‍കൊഴിയുന്നൊരശ്രുക്കള്‍, മിഴി കൂമ്പും നിമിഷങ്ങള്‍
തരളമാം മാനസ്സം,തഴുകുന്ന നൊമ്പരം
തളരുന്ന മേനിയില്‍ തൂവേര്‍പ്പിന്‍ മുത്തുകള്‍
‍കരളില്‍ വിതുമ്പുന്ന ,മധുരാശ്രു വഴിയുന്ന
അസുലഭ യാമങ്ങള്‍, അനുപമ ലാവണ്യ ധോരണികള്‍.

അനുഭൂതി നിറയുന്ന മധുമാരി പകരുന്ന
മഴവില്ലിന്‍ ചാരുത; സിരകളിന്‍ മരവിപ്പില്‍
ചിറകറ്റ പ്രഞ്ജയില്‍ കുതിരുന്ന പുളകങ്ങള്‍.
പിടയുന്ന ജീവന്റെ തളിരിട്ടൊരോര്‍മ്മയില്‍
നിറയുന്ന രാഗത്തിന്‍ സൗവര്‍ണ്ണ ദീപിക
നിഴലിട്ടൊരാനനം; എന്‍ സ്വപ്ന ഭൂമിയില്‍
പൂത്തുലയുന്നൊര പ്രേമവൃന്ദാവന സീമയതില്‍
നിന്നുറവാര്‍ന്നിടും പുളകതന്തുക്കളില്‍
രാഗമായ്‌ തെളിയുന്നൊരല മാഞ്ഞു പോകുന്നു
നിശ്ചലമാകുമീ പ്രേമനിര്‍വൃതിയ്ക്കുള്ളില്‍‍........

Monday, April 05, 2010

ജന്മങ്ങള്‍ക്കപ്പുറം...



എന്നന്തരാത്മാവില്‍ എന്നും നിറയുന്ന
സുന്ദരരാഗപരാഗമേ നീ
ഒന്നല്ലൊരായിരം രാഗ വര്‍ണ്ണങ്ങളെന്‍
ജീവിത്താരയില്‍ നീ വിരിച്ചു.
ഏതൊരോ ജന്‍മ സുകൃതമായിന്നു ഞാന്‍
‍നിന്നന്തികത്തില്‍ വിരുന്നു വന്നു.

കന്നി നിലാവിന്റെ മാസ്മര സന്ധ്യയില്‍
ഒന്നുരിയാടുവാന്‍ ചേര്‍ന്നിരുന്നു.
നിന്‍ കടക്കണ്ണിന്റെ കോണില്‍ നിന്നൂര്‍ന്നൊര
പൊന്‍മുത്തണിഞ്ഞുള്ളോരശ്രുബിന്ദു
സ്നേഹാര്‍ദ്ര സാന്ദ്രമാമെന്റെ മനസ്സിന്റെ
നീഹാര ബാഷ്പാങ്കുരങ്ങളായി.
നീറുമൊരാത്മാവില്‍ രാഗോജ്വലങ്ങളാം
മന്ദാര പൂമഴ പെയ്താ രാവില്‍
‍സ്വപ്നാനാനുഭൂതികള്‍ എന്‍ ചിത്തമാകവെ
സ്വര്ഗ്ഗം ചമക്കുകയായി പിന്നെ.
മിഴികളില്‍ വിടര്‍ന്നൊരാ പ്രണയ സ്വപ്നങ്ങളില്‍
മുഴുകി നീ, മോഹമാമാലസ്യത്തില്‍.
താമര താരൊത്താ പൂവിരല്‍തുമ്പിനാല്‍
തഴുകി എന്‍ തനുവാകെ തൊട്ടുണര്‍ത്തി.

മന്വന്തരങ്ങള്‍ക്കുമപ്പുറത്തെപ്പോഴോ
നിന്നെ ഞാന്‍ തേടി നടന്നൊരാ സന്ധ്യകൾ,
‍എന്നും നിറഞ്ഞു നില്‍ക്കുന്നിതെന്നോര്‍മ്മയില്‍
‍പൊന്നുഷസന്ധ്യയായ്‌ നീ വരില്ലേ?......

Saturday, March 13, 2010

സ്വപ്നാടനം....






പുളകത്തിൻ പൂവാട പട്ടിനുള്ളിൽ
പുതുമ തന്‍ കുളിരിന്റെ മാധുരിയിൽ
പരിശപ്ത ജീവിതം മായ്ചു നീക്കി
പരിചില്‍ ഞാന്‍ നിന്നടുത്തെത്തുകില്ലേ?

സ്വപ്നാനുഭൂതികള്‍‍ നിന്റെ മുന്നില്‍
സ്വര്‍ഗം ചമക്കുകയായിരിക്കും.
കരളിന്റെ തന്ത്രികളെല്ലാമൊരുമിച്ചു
കളകളം പാടുകയായിരിക്കും.......

സ്വര്‍ഗീയ നിര്‍വൃതി തിങ്ങിത്തുളുമ്പുമാ
സ്വപ്നങ്ങള്‍ ഒക്കെയും മാഞ്ഞു പോയി.
നിന്നെക്കുറിച്ചുള്ളോരോര്‍മ്മകളോരോന്നു-
മെന്‍ ചിത്തമാകെ നിറഞ്ഞു നില്‍പൂ.

ചാരുവാം ദുഃഖസ്മൃതികളെന്നില്‍
മല്‍സഖീ എന്നശ്രുധാരയായി.
അനുരാഗലോലമാം നിര്‍വൃതിയില്‍
എന്നന്തരത്മാവലിഞ്ഞിടുമ്പോള്‍,
‍ഓമല്‍കിനാക്കളിന്നെന്റെ ചുറ്റും
ഓടി അണഞ്ഞുമ്മ നൽകിടുന്നു.

ശോകസങ്കുലമാമെന്നത്മാവില്‍ ‍നീ
പൊഴിച്ച സ്നേഹമധുരമാം സാന്ത്വനങ്ങള്‍
‍മൃത്യുവിന്നപ്പുറത്തെന്നുമെന്നും,
എന്നിലേ എന്നിലൊളിച്ചിരിക്കും...........

Thursday, January 10, 2008

നീതി...

താമരത്താരിളം മേനിയില്‍ അന്നു നീ
വാസന്ത കുങ്കുമം ചാര്‍ത്തി നിന്നു.
തോരാതെ പെയ്യുന്നൊരായിരം നീര്‍ക്കണം
വാര്‍മുത്തണിഞ്ഞു നിന്‍ മേനിയാകെ.
കാര്‍കൂന്തല്‍ തുമ്പില്‍ നിന്നിറ്റിറ്റു വീണൊരു
പൂമണിതുള്ളികള്‍ അന്നെന്റെ മേലാകെ
പൂശും പുളകത്തിന്‍ ദിവ്യാനുഭൂതികള്‍
‍അറിയാതെ ഇന്നെനിക്കന്യമായി.
സ്മരണ തന്‍ ചെപ്പില്‍ നിന്നൂര്‍ന്നിടും
മധുരമാം സങ്കല്‍പസ്വപ്നം വിടര്‍ത്തും നിന്‍
‍ലാവണ്യസൗ ന്ദര്യപ്പൂമകരന്ദമെന്നാ-
ത്മാവിലെന്നും ഞാന്‍ കാത്തു വച്ചു.
നിന്‍സ്നേഹമുന്തിരിച്ചാറു നിറച്ചൊരാ
മാദക നിര്‍വൃതി തുള്ളിത്തുളുമ്പുന്നൊര-
നുരാഗ ചഷകമെനിക്കു നല്‍കൂ.
അറിയുന്നു ഞാനിന്നാ, സ്നേഹത്തിന്നലയാഴി
നിറയും നിന്നാത്മാവിന്‍ രോദനങ്ങള്‍.
പൊയ്പ്പോയ കാലത്തിന്‍ തപ്ത സ്മരണകള്‍
‍പേരറിയാത്തൊരു ദാഹമായ്‌, മോഹമായ്‌
ഇന്നുമെന്നുള്ളില്‍ നിറഞ്ഞുനില്‍പ്പൂ.
നാമിരുവര്‍ക്കുംനടുക്കൊരുമാരക
ജാതിവ്യവസ്ഥയുണ്ടായിരുന്നു.
സ്നേഹത്തിന്നാത്മാവില്‍ കാരിരുമ്പാണികള്‍
‍ആഞ്ഞടിച്ചേല്‍പ്പിക്കും പ്രാകൃതമാമൊരു
നീതിക്കു മുന്നില്‍ നാം ഹോമിച്ചു ജീവിതം....
ശോകാന്തമായൊരാ പുണ്യ ബന്ധം....

എന്നില്‍ നീ എന്നും വിടര്‍ത്തിയ മോഹങ്ങളെ-
ന്നും നീ എന്നില്‍ ചുരത്തിയ സ്നേഹത്തിന്‍
‍മാസ്മരമാകുമാ പീയൂഷധാരയില്‍
മാരക കങ്കാളപ്പേവിഷം ചേര്‍ക്കുന്ന
പാതകം ചെയ്തൊരാ സ്നേഹശൂന്യര്‍..
ഇന്നുമെന്‍ ജീവനനാഥമാക്കുന്നൊരാ
കാരാളമായൊരാ നീതി ശാസ്ത്രം.

Monday, December 10, 2007

തുയിലുണര്‍ത്തല്‍!.......republished

സന്തുഷ്ടി നിറഞ്ഞ ആ പുലര്‍കാല‍‍ വേളയില്‍
നീ എന്നില്‍ മൂന്നു ചുംബനങ്ങള്‍ അര്‍പ്പിച്ചു.
ഈ സ്നേഹം വഴിയുന്ന നിമിഷങ്ങളിലേക്കു
എന്നെ തുയില്‍ ഉണര്‍ത്താനായി മാത്രം....

എന്തു സ്വപ്നമാണു ഈ നിശീഥിനിയില്‍ ഞാന്‍ കണ്ടതെന്നു
ഞാന്‍ എന്റെ ഹൃദയത്തില്‍ തിരയുകയായിരുന്നു.
അതിനിടയിലാണു ജീവന്റെ തുടിപ്പുകള്‍ ഉള്‍‍ക്കൊണ്ട
നിന്റെ ചുംബനങ്ങള്‍ ഞാന്‍ അറിഞ്ഞതു!

എന്റെ കിനാവുകള്‍ എന്തായിരുന്നെന്നു ഞാന്‍ കണ്ടെത്തി.
പക്ഷെ, നിറഞ്ഞു നിന്ന പൂന്തിങ്കള്‍, എന്നെ അതിനിടയില്‍
ആകാശവിതാനത്തിലേക്കു ഉയര്‍ത്തിക്കൊണ്ടു പോയി.
ഞാന്‍ അവിടെ തൂങ്ങി കിടക്കുകയായിരുന്നു.
എന്റെ ഹൃദയം നിന്റെ കാലടി പാതയിലേക്കു
വീഴുന്നതു എനിക്കു കാണാമായിരുന്നു.

എന്റെ പ്രേമത്തിന്റെയും, ഹൃദയത്തിന്റേയും മധ്യത്തില്‍
ക്രമേണ...സാവധാനത്തില്‍... നടക്കുന്ന പലതും..അല്ല എല്ലാം തന്നെ
എന്റെ സ്മരണയില്‍ തെളിഞ്ഞു വരുന്നതു ഞാന്‍ മനസിലാക്കി.

എനിക്കു നിന്റെ കരാംഗുലികള്‍‍ കാണാന്‍ സാധിക്കുന്നില്ല;
എങ്കിലും നിന്റെ തൂവിരല്‍ സ്പര്‍ശം എന്നെ ആനന്ദിപ്പിക്കുന്നു.
നിന്റെ ചുണ്ടിണകള്‍‍ ഞാന്‍ കാണുന്നില്ലെങ്കിലും,
അതിലോലമായ നിന്റെ ചുംബനങ്ങള്‍‍ ഞാന്‍ ഏറ്റു വാങ്ങുന്നു.
നീ എന്നില്‍ നിന്നും മറഞ്ഞിരിക്കുകയാണല്ലൊ.

എന്നാലും, എനിക്കു ജീവന്‍ പകര്‍ന്നു തരുന്നതു നീയാണല്ലൊ.
എപ്പോഴെങ്കിലും നീ നല്‍കുന്ന ചുംബനങ്ങളില്‍ നിനക്കു വിരസത
തോന്നിയേക്കാം. എങ്കില്‍ തന്നെയും- നിന്റെ ശകാരങ്ങള്‍‍ പോലും എനിക്കു ആസ്വാദ്യതരമാണു!

ഒരു കാര്യം മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളു.
നീ അല്പമെങ്കിലും ശ്രദ്ധ എനിക്കു നല്‍കണം....
അതു മാത്രം!