Showing posts with label പ്രണയം.....വിരഹം. Show all posts
Showing posts with label പ്രണയം.....വിരഹം. Show all posts

Wednesday, February 27, 2008

നീ അറിയാതെ...

എന്നുള്ളിലെന്നും വിടരുന്ന സ്വപ്നമേ,
നിന്‍ മന്ദഹാസത്തിന്‍ പൂവിതള്‍ നുള്ളുവാന്‍
എന്നുമെന്നാത്മാവില്‍ മോഹങ്ങളാമൊരു
സങ്കല്‍പ്പ നൂപുര ധ്വനികള്‍ ഉയരുന്നിതാ.

ഉള്ളിലൊതുങ്ങാനായെന്നും മടിക്കുന്നൊ-
രെന്നാത്മ ദാഹത്തിന്‍ മോഹശതങ്ങളെ,
ആരതിപ്പൂക്കളായ്‌ കാഴ്ച്ച വച്ചീടുവാന്‍
ഉള്ളം വിതുമ്പുന്ന നേരത്തു നിന്‍ മുന്‍പില്‍
എല്ലാം മറന്നു ഞാന്‍, എന്നെ മറന്നു ഞാന്‍
കാതരയായി നിന്നരികിലെത്തിടുമ്പോള്‍,
പ്രേമാമൃതത്തിന്റെ പാലാഴി തന്നുള്ളില്‍
നീന്തി തുടിക്കുന്ന നിര്‍വൃതികള്‍ എന്നെ
ഞാനറിയാതെ തളര്‍ത്തി മയക്കുന്നു.

ദേവാ നിന്‍ മിഴി തുമ്പില്‍ നിറയും രാഗോജ്വല
പ്രേമത്തില്‍ വിവശയായ്‌ തീര്‍ന്നെന്‍ മനോരഥം
ഗഗന സീമകള്‍ക്കപ്പുറത്തെവിടെയോ
ചിറകടിച്ചു പറക്കുന്നു മേല്‍ക്കുമേല്‍.

ഒരുവാക്കു പോലും പറയാതെ നീ, ഇത്ര നാള്‍
പ്രണയാര്‍ദ്രമായെന്നെ നോക്കിയില്ലേ?
ഒരു നോക്കു കൊണ്ടെന്റെ കരളിന്റെ ഉള്ളിലെ
കനവുകള്‍ നീ, കവര്‍ന്നോടിയില്ലേ?

ഇനിയെത്ര മൂകാന്ത സന്ധ്യകള്‍ കഴിയേണം,
ഇനിയെത്ര നിദ്രാവിഹീനമാം രാവുകള്‍,
ഇനിയെത്ര വാസന്ത വാസരങ്ങള്‍,
ഇനിയും ഞാന്‍ ഒറ്റക്കു കാത്തീടേണം?
ഇനി വേഗം വരൂ പ്രിയാ, ക്ഷമയറ്റോരെന്‍ ഹൃത്തിന്‍
വിരഹാഗ്നി തന്‍ താപം അറിയുന്നോ നീ?

അകലത്തെന്നകലത്തെന്നനുരാഗ ചിന്തകള്‍
അലയടിച്ചൊഴുകുമെന്‍ കനവുകളില്‍
അനുരാഗലോലനായ്‌, അനുഭൂതി നല്‍കുവാന്‍
അണയൂ നീ എന്നില്‍ നിറഞ്ഞു നില്‍ക്കൂ.