Saturday, October 27, 2007

ഒരു സാന്ത്വനം...

ശിശിര ഋതുവില്‍ വിടരുന്ന പൂക്കളുടെ ഗന്ധം,നീ കാരണം എന്നെ നൊമ്പരപ്പെടുത്തുന്നു.
എനിക്കു നിന്റെ മുഖം ഓര്‍മ്മയില്ല .
നിന്റെ വിരല്‍തുമ്പുകള്‍ എങ്ങനെ എന്നു ഞാന്‍ വിസ്മരിച്ചു പോയി.
നിന്റെ ചുണ്ടിണകള്‍ എന്റെ ചുണ്ടുകളെ സ്പര്‍ശിച്ചപ്പൊള്‍, നിന്റെ മനസ്സില്‍ എന്തായിരുന്നു തോന്നിയതു?


നീ കാരണം ഉദ്യാനത്തിലേ ഹിമവര്‍ണം പൂണ്ട പ്രതിമകളേ ഞാന്‍ സ്നേഹിച്ചു പോകുന്നു. അവരുടെ നയനങ്ങള്‍ക്കു കാഴ്ച ഇല്ല; ചെവികള്‍ ബധിരങ്ങളും!നിന്റെ ശബ്ദം ഞാന്‍ മറന്നു...സന്തുഷ്ടി നിറഞ്ഞ മധുസ്വനം!

നിന്റെ നുനുനുനുത്ത നയനങ്ങളും......പൂക്കളുടെ സൗരഭ്യം പോലെ നിന്നെ കുറിച്ചുള്ള ഓര്‍മ്മ എന്നെ ചൂഴ്‌ന്നു നില്‍ക്കുകയാണു.
നിണം പൊടിയുന്ന വ്രണത്തിന്റെ വേദന പോലെ എന്റെ മനസ്സു നീറിക്കൊണ്ടിരിക്കുന്നു..
നീ എന്നെ സ്പര്‍ശിച്ചാല്‍ ഒരിക്കലും സൗഖ്യമാകാന്‍ കഴിയാത്തതു പോലെ അതെന്നെ അസ്സഹ്യപ്പെടുത്തും.
നിന്റെ തലോടല്‍‌, അസുന്ദരമായ ഭിത്തികളില്‍ പടര്‍ന്നു കയറിയ വല്ലികള്‍ പോലെ എന്നെ ചുറ്റിവരിയുന്നു.
നിന്റെ അനുരാഗം ഞാന്‍ മറന്നു പോയെങ്കിലും എല്ലാ ജാലകങ്ങളിലും നിന്റെ വദനം ഞാന്‍ തിരയുന്നുണ്ട്‌.
ശരല്‍ക്കാലത്തിന്റെ മാദക സുഗന്ധം എന്നെ വേദനിപ്പിക്കുന്നു. എന്തുകൊണ്ടെന്നറിയുമോ?
എന്റെ മോഹങ്ങളെ വിളിച്ചുണര്‍ത്തുന്ന പ്രതീകങ്ങള്‍ക്കു വേണ്ടി എന്റെ മനസ്സു തിരയുകയാണു. കൊള്ളിമീനുകളും..താഴേക്കു പതിക്കുന്ന ഉല്‍ക്കകളും... ആ മേഘങ്ങളുടെ മറവില്‍ അവ ഉണ്ടല്ലൊ...

(പാബ്ലോ നെറുഡ യോടു കടപ്പാടു)

Friday, October 26, 2007

ഏകാന്തതയില്‍.......

കരളിലെ കുളിരിന്റെ മുഗ്ദമാം ഉഛ്ചാസ്സങ്ങള്‍
‍തിരയുന്നുണ്ടു നിന്നെ കടലിലേ പുഴ പോലെ
പുളിനത്തെ പുല്‍കുന്ന പുഴയായി,നദിയായി
അലറിക്കൊണ്ടണയുന്ന സാഗരത്തിരയായി
പ്രിയനേ, നിന്‍ മുന്നിലെന്‍ തപ്ത ബാഷ്പാഞ്ജലി!
നിറവാര്‍ന്ന ഹൃദയത്തിന്‍ രക്തപുഷ്പാഞ്ജലി!
വിര‍ഹാര്‍ദ്ര നൊമ്പരപ്പൂക്കളാമശ്രുക്കള്‍
മുറിവേറ്റൊരാത്മാവിന്‍ ഗദ്ഗദങ്ങള്‍.........

രാഗലോലനായ്‌ നീ എന്നന്തികേ കടന്നുവന്നാ-
ലോലമാത്മാവിന്റെ ഉള്ളിലേക്കിറങ്ങിയ-
തോര്‍ത്തു, തന്നാലസ്യത്തില്‍ ലീനയായിരിക്കുന്നീ-
തോരോരോ സങ്കല്‍പ്പത്തിന്‍ ശയ്യയിലേകാന്തമായ്‌.

ഇടറുന്നൊരിടനെഞ്ചില്‍ തടയുന്ന വാക്കുകള്‍
ഉലയുന്ന മിഴി ഇതള്‍, പൊരുളറ്റ ശബ്ദങ്ങള്‍
‍വിറ പൂണ്ട ചുണ്ടുകള്‍, സ്നേഹാര്‍ദ്രസാന്ദ്രമാം നെടുവീര്‍പ്പുകള്‍
‍ഹൃദയത്തിന്‍ നെടുവീര്‍പ്പില്‍ തുളുമ്പുമീ മിഴിനീരും...

നുരയുന്ന മോഹങ്ങള്‍,നിറയുന്ന കണ്ണൂകള്‍
‍കൊഴിയുന്നൊരശ്രുക്കള്‍, മിഴി കൂമ്പും നിമിഷങ്ങള്‍
തരളമാം മാനസ്സം,തഴുകുന്ന നൊമ്പരം
തളരുന്ന മേനിയില്‍ തൂവേര്‍പ്പിന്‍ മുത്തുകള്‍
‍കരളില്‍ വിതുമ്പുന്ന ,മധുരാശ്രു വഴിയുന്ന
അസുലഭ യാമങ്ങള്‍, അനുപമ ലാവണ്യ ധോരണികള്‍.

അനുഭൂതി നിറയുന്ന മധുമാരി പകരുന്ന
മഴവില്ലിന്‍ ചാരുത; സിരകളിന്‍ മരവിപ്പില്‍
ചിറകറ്റ പ്രഞ്ജയില്‍ കുതിരുന്ന പുളകങ്ങള്‍.
പിടയുന്ന ജീവന്റെ തളിരിട്ടൊരോര്‍മ്മയില്‍
നിറയുന്ന രാഗത്തിന്‍ സൗവര്‍ണ്ണ ദീപിക
നിഴലിട്ടൊരാനനം; എന്‍ സ്വപ്ന ഭൂമിയില്‍
പൂത്തുലയുന്നൊര പ്രേമവൃന്ദാവന സീമയതില്‍
നിന്നുറവാര്‍ന്നിടും പുളകതന്തുക്കളില്‍
രാഗമായ്‌ തെളിയുന്നൊരല മാഞ്ഞു പോകുന്നു
നിശ്ചലമാകുന്നൊരീ പ്രേമനിര്‍വൃതിയ്ക്കുള്ളില്‍‍........

കുഞ്ഞുബി