Showing posts with label ഹൃദയരാഗം....പ്രണയം. Show all posts
Showing posts with label ഹൃദയരാഗം....പ്രണയം. Show all posts

Wednesday, November 03, 2010

ഹൃദയരാഗം






മോഹത്തിന്‍ മയില്‍ പീലി ഹൃദയത്തില്‍ പേറുന്ന
സുരഭില യാമങ്ങള്‍ കൊഴിഞ്ഞു വീണു.
മഴവില്ലിന്‍ ചാരുത മനതാരിന്നേകിയ
മഴമേഘമൊക്കെയും പെയ്തൊഴിഞ്ഞു.
എരിവേനല്‍ മരുഭൂവില്‍ പുതുമാരി പെയ്യിച്ച
പുളകങ്ങളൊക്കെയും മാഞ്ഞുപോയി.
കരളിന്റെ നൊമ്പരം കരിനീലക്കണ്ണിലേ-
ക്കറിയാതെ മിഴിനീരായൊഴുകി എത്തി.
മനസില്‍‍ വിടര്‍ന്നൊരെന്‍ അനുരാഗ സ്വപ്നങ്ങള്‍
വിരഹത്തിന്നോര്‍മ്മയായ് വിടപറഞ്ഞു.
തരളമാം സന്ധ്യകള്‍, അലസമാം യാമങ്ങള്‍,
വിവശമാം സ്പന്ദനം ഹൃദയത്തിന്‍ താളത്തില്‍
പകരുന്നോരുന്മാദം, സിരയാകെ പടരുന്നു.
ഇരുള്‍ മൂടും പാതയില്‍ ഇടറുന്ന കാലടി,
ഇടനെഞ്ചില്‍ പിടയുന്ന കദനത്തിന്‍ പേമാരി,
വിറ പൂണ്ട ചുണ്ടുകള്‍, തകരുന്ന മോഹങ്ങള്‍
തനുവാകെ തളരുന്നീ തമസിനുള്ളില്‍.

സ്നേഹോപഹാരമായ് ഹൃദയത്തിലെഴുതുന്ന
മൂകമാം കവിതകളാണിന്നെന്റെ ഉള്‍ക്കളം.
തേന്‍ മുള്ളുകള്‍‍ നിറയുമീ രാവിന്റെ ഓര്‍മ്മകളെ-
ന്നുമെന്‍, ഏകാന്ത ചാരു ജന്മ സ്മൃതികള്‍ക്കുള്ളില്‍
തഴുകി തലോടിയെന്‍ നിറമുള്ള മോഹങ്ങളുണര്‍ത്തീടട്ടെ.
സ്നേഹത്തിന്‍ പൂത്താലത്തില്‍ നീ പകര്‍ന്ന വസന്തത്തിന്‍‍‍
പൂക്കള്‍ തന്‍ പരിമളം എന്നുള്ളില്‍ നിറക്കട്ടെ.