Tuesday, May 11, 2010

ഒരു സാന്ത്വനം...








ശിശിര ഋതുവില്‍ വിടരുന്ന പൂക്കളുടെ ഗന്ധം,
നീ കാരണം എന്നെ നൊമ്പരപ്പെടുത്തുന്നു.
എനിക്കു നിന്റെ മുഖം ഓര്‍മ്മയില്ല .
നിന്റെ വിരല്‍തുമ്പുകള്‍ എങ്ങനെ എന്നു ഞാന്‍ വിസ്മരിച്ചു പോയി.
നിന്റെ ചുണ്ടിണകള്‍ എന്റെ ചുണ്ടുകളെ സ്പര്‍ശിച്ചപ്പൊള്‍,
നിന്റെ മനസ്സില്‍ എന്തായിരുന്നു തോന്നിയതു?


നീ കാരണം ഉദ്യാനത്തിലേ ഹിമവര്‍ണം പൂണ്ട
പ്രതിമകളേ ഞാന്‍ സ്നേഹിച്ചു പോകുന്നു.
അവരുടെ നയനങ്ങള്‍ക്കു കാഴ്ച ഇല്ല;
ചെവികള്‍ ബധിരങ്ങളും!
നിന്റെ ശബ്ദം ഞാന്‍ മറന്നു...സന്തുഷ്ടി നിറഞ്ഞ മധുസ്വനം!

നിന്റെ നുനുനുനുത്ത നയനങ്ങളും......
പൂക്കളുടെ സൗരഭ്യം പോലെ
നിന്നെ കുറിച്ചുള്ള ഓര്‍മ്മ എന്നെ ചൂഴ്‌ന്നു നില്‍ക്കുകയാണു.
നിണം പൊടിയുന്ന വ്രണത്തിന്റെ വേദന പോലെ
എന്റെ മനസ്സു നീറിക്കൊണ്ടിരിക്കുന്നു..
നീ എന്നെ സ്പര്‍ശിച്ചാല്‍ ഒരിക്കലും സൗഖ്യമാകാന്‍ കഴിയാത്തതു പോലെ
അതെന്നെ അസaഹ്യപ്പെടുത്തും.
നിന്റെ തലോടല്‍‌, അസുന്ദരമായ ഭിത്തികളില്‍
പടര്‍ന്നു കയറിയ വല്ലികള്‍ പോലെ എന്നെ ചുറ്റിവരിയുന്നു.
നിന്റെ അനുരാഗം ഞാന്‍ മറന്നു പോയെങ്കിലും
എല്ലാ ജാലകങ്ങളിലും നിന്റെ വദനം ഞാന്‍ തിരയുന്നുണ്ട്‌.
ശരല്‍ക്കാലത്തിന്റെ മാദക സുഗന്ധം എന്നെ വേദനിപ്പിക്കുന്നു.
എന്തുകൊണ്ടെന്നറിയുമോ?
എന്റെ മോഹങ്ങളെ വിളിച്ചുണര്‍ത്തുന്ന
പ്രതീകങ്ങള്‍ക്കു വേണ്ടി എന്റെ മനസ്സു തിരയുകയാണു.
കൊള്ളിമീനുകളും..താഴേക്കു പതിക്കുന്ന ഉല്‍ക്കകളും...
ആ മേഘങ്ങളുടെ മറവില്‍ അവ ഉണ്ടല്ലൊ...

(പാബ്ലോ നെറുഡ യോടു കടപ്പാടു)

Thursday, April 29, 2010

ഏകാന്തതയില്‍....




കരളിലെ കുളിരിന്റെ മുഗ്ദമാം ഉഛ്വാസ്സങ്ങള്‍
‍തിരയുന്നുണ്ടു നിന്നെ കടലിലേ പുഴ പോലെ
പുളിനത്തെ പുല്‍കുന്ന പുഴയായി,നദിയായി
അലറിക്കൊണ്ടണയുന്ന സാഗരത്തിരയായി
പ്രിയനേ, നിന്‍ മുന്നിലെന്‍ തപ്ത ബാഷ്പാഞ്ജലി!
നിറവാര്‍ന്ന ഹൃദയത്തിന്‍ രക്തപുഷ്പാഞ്ജലി!
വിര‍ഹാര്‍ദ്ര നൊമ്പരപ്പൂക്കളാമശ്രുക്കള്‍
മുറിവേറ്റൊരാത്മാവിന്‍ ഗദ്ഗദങ്ങള്‍.........

രാഗലോലനായ്‌ നീ എന്നന്തികേ കടന്നുവന്നാ-
ലോലമാത്മാവിന്റെ ഉള്ളിലേക്കിറങ്ങിയ-
തോര്‍ത്തു, തന്നാലസ്യത്തില്‍ ലീനയായിരിക്കുന്നീ-
തോരോരോ സങ്കല്‍പ്പത്തിന്‍ ശയ്യയിലേകാന്തയായ്‌.

ഇടറുന്നൊരിടനെഞ്ചില്‍ തടയുന്ന വാക്കുകള്‍
ഉലയുന്ന മിഴി ഇതള്‍, പൊരുളറ്റ ശബ്ദങ്ങള്‍
‍വിറ പൂണ്ട ചുണ്ടുകള്‍, സ്നേഹാര്‍ദ്രസാന്ദ്രമാം നെടുവീര്‍പ്പുകള്‍
‍ഹൃദയത്തിന്‍ നെടുവീര്‍പ്പില്‍ തുളുമ്പുമീ മിഴിനീരും...
നുരയുന്ന മോഹങ്ങള്‍,നിറയുന്ന കണ്ണൂകള്‍
‍കൊഴിയുന്നൊരശ്രുക്കള്‍, മിഴി കൂമ്പും നിമിഷങ്ങള്‍
തരളമാം മാനസ്സം,തഴുകുന്ന നൊമ്പരം
തളരുന്ന മേനിയില്‍ തൂവേര്‍പ്പിന്‍ മുത്തുകള്‍
‍കരളില്‍ വിതുമ്പുന്ന ,മധുരാശ്രു വഴിയുന്ന
അസുലഭ യാമങ്ങള്‍, അനുപമ ലാവണ്യ ധോരണികള്‍.

അനുഭൂതി നിറയുന്ന മധുമാരി പകരുന്ന
മഴവില്ലിന്‍ ചാരുത; സിരകളിന്‍ മരവിപ്പില്‍
ചിറകറ്റ പ്രഞ്ജയില്‍ കുതിരുന്ന പുളകങ്ങള്‍.
പിടയുന്ന ജീവന്റെ തളിരിട്ടൊരോര്‍മ്മയില്‍
നിറയുന്ന രാഗത്തിന്‍ സൗവര്‍ണ്ണ ദീപിക
നിഴലിട്ടൊരാനനം; എന്‍ സ്വപ്ന ഭൂമിയില്‍
പൂത്തുലയുന്നൊര പ്രേമവൃന്ദാവന സീമയതില്‍
നിന്നുറവാര്‍ന്നിടും പുളകതന്തുക്കളില്‍
രാഗമായ്‌ തെളിയുന്നൊരല മാഞ്ഞു പോകുന്നു
നിശ്ചലമാകുമീ പ്രേമനിര്‍വൃതിയ്ക്കുള്ളില്‍‍........

Saturday, April 24, 2010

ഏകാന്തതയില്‍...



കരളിലെ കുളിരിന്റെ മുഗ്ദമാം ഉഛ്വാസ്സങ്ങള്‍
‍തിരയുന്നുണ്ടു നിന്നെ കടലിലേ പുഴ പോലെ.
പുളിനത്തെ പുല്‍കുന്ന പുഴയായി,നദിയായി
അലറിക്കൊണ്ടണയുന്ന സാഗരത്തിരയായി
പ്രിയനേ, നിന്‍ മുന്നിലെന്‍ തപ്ത ബാഷ്പാഞ്ജലി!
നിറവാര്‍ന്ന ഹൃദയത്തിന്‍ രക്തപുഷ്പാഞ്ജലി!
വിര‍ഹാര്‍ദ്ര നൊമ്പരപ്പൂക്കളാമശ്രുക്കള്‍
മുറിവേറ്റൊരാത്മാവിന്‍ ഗദ്ഗദങ്ങള്‍...

രാഗലോലനായ്‌ നീ എന്നന്തികേ കടന്നുവന്നാ-
ലോലമാത്മാവിന്റെ ഉള്ളിലേക്കിറങ്ങിയ-
തോര്‍ത്തു, തന്നാലസ്യത്തില്‍ ലീനയായിരിക്കുന്നീ-
തോരോരോ സങ്കല്‍പ്പത്തിന്‍ ശയ്യയിലേകാന്തയായ്‌.

ഇടറുന്നൊരിടനെഞ്ചില്‍ തടയുന്ന വാക്കുകള്‍
ഉലയുന്ന മിഴി ഇതള്‍, പൊരുളറ്റ ശബ്ദങ്ങള്‍
‍വിറ പൂണ്ട ചുണ്ടുകള്‍, സ്നേഹാര്‍ദ്രസാന്ദ്രമാം നെടുവീര്‍പ്പുകള്‍
‍ഹൃദയത്തിന്‍ നെടുവീര്‍പ്പില്‍ തുളുമ്പുമീ മിഴിനീരും...

നുരയുന്ന മോഹങ്ങള്‍,നിറയുന്ന കണ്ണൂകള്‍
‍കൊഴിയുന്നൊരശ്രുക്കള്‍, മിഴി കൂമ്പും നിമിഷങ്ങള്‍
തരളമാം മാനസ്സം,തഴുകുന്ന നൊമ്പരം
തളരുന്ന മേനിയില്‍ തൂവേര്‍പ്പിന്‍ മുത്തുകള്‍
‍കരളില്‍ വിതുമ്പുന്ന ,മധുരാശ്രു വഴിയുന്ന
അസുലഭ യാമങ്ങള്‍, അനുപമ ലാവണ്യ ധോരണികള്‍.

അനുഭൂതി നിറയുന്ന മധുമാരി പകരുന്ന
മഴവില്ലിന്‍ ചാരുത; സിരകളിന്‍ മരവിപ്പില്‍
ചിറകറ്റ പ്രഞ്ജയില്‍ കുതിരുന്ന പുളകങ്ങള്‍.
പിടയുന്ന ജീവന്റെ തളിരിട്ടൊരോര്‍മ്മയില്‍
നിറയുന്ന രാഗത്തിന്‍ സൗവര്‍ണ്ണ ദീപിക
നിഴലിട്ടൊരാനനം; എന്‍ സ്വപ്ന ഭൂമിയില്‍
പൂത്തുലയുന്നൊര പ്രേമവൃന്ദാവന സീമയതില്‍
നിന്നുറവാര്‍ന്നിടും പുളകതന്തുക്കളില്‍
രാഗമായ്‌ തെളിയുന്നൊരല മാഞ്ഞു പോകുന്നു
നിശ്ചലമാകുന്നൊരീ പ്രേമനിര്‍വൃതിയ്ക്കുള്ളില്‍‍...

Monday, April 05, 2010

ജന്മങ്ങള്‍ക്കപ്പുറം...



എന്നന്തരാത്മാവില്‍ എന്നും നിറയുന്ന
സുന്ദരരാഗപരാഗമേ നീ
ഒന്നല്ലൊരായിരം രാഗ വര്‍ണ്ണങ്ങളെന്‍
ജീവിത്താരയില്‍ നീ വിരിച്ചു.
ഏതൊരോ ജന്‍മ സുകൃതമായിന്നു ഞാന്‍
‍നിന്നന്തികത്തില്‍ വിരുന്നു വന്നു.

കന്നി നിലാവിന്റെ മാസ്മര സന്ധ്യയില്‍
ഒന്നുരിയാടുവാന്‍ ചേര്‍ന്നിരുന്നു.
നിന്‍ കടക്കണ്ണിന്റെ കോണില്‍ നിന്നൂര്‍ന്നൊര
പൊന്‍മുത്തണിഞ്ഞുള്ളോരശ്രുബിന്ദു
സ്നേഹാര്‍ദ്ര സാന്ദ്രമാമെന്റെ മനസ്സിന്റെ
നീഹാര ബാഷ്പാങ്കുരങ്ങളായി.
നീറുമൊരാത്മാവില്‍ രാഗോജ്വലങ്ങളാം
മന്ദാര പൂമഴ പെയ്താ രാവില്‍
‍സ്വപ്നാനാനുഭൂതികള്‍ എന്‍ ചിത്തമാകവെ
സ്വര്ഗ്ഗം ചമക്കുകയായി പിന്നെ.
മിഴികളില്‍ വിടര്‍ന്നൊരാ പ്രണയ സ്വപ്നങ്ങളില്‍
മുഴുകി നീ, മോഹമാമാലസ്യത്തില്‍.
താമര താരൊത്താ പൂവിരല്‍തുമ്പിനാല്‍
തഴുകി എന്‍ തനുവാകെ തൊട്ടുണര്‍ത്തി.

മന്വന്തരങ്ങള്‍ക്കുമപ്പുറത്തെപ്പോഴോ
നിന്നെ ഞാന്‍ തേടി നടന്നൊരാ സന്ധ്യകൾ,
‍എന്നും നിറഞ്ഞു നില്‍ക്കുന്നിതെന്നോര്‍മ്മയില്‍
‍പൊന്നുഷസന്ധ്യയായ്‌ നീ വരില്ലേ?......

Friday, April 02, 2010

വസന്തം വരുമൊ?...




ചന്ദ്രികച്ചാറൊഴുകി ലോകം
സങ്കല്‍പ സുന്ദരമായ്‌.
താരകാ വൃന്ദങ്ങളക്ഷമരായ്‌ ദൂര-
ത്താരെയൊ കാത്തു നില്‍പ്പൂ!
ഒരു കൊച്ചു വേണുതന്‍ സംഗീതമെന്തിനോ
ഹൃത്തിതില്‍ സ്വപ്നങ്ങള്‍ ചാര്‍ത്തി നില്‍പൂ.
താമരപൊയ്കയില്‍ താളം പിടിക്കുവാന്‍
‍തെന്നലിന്നുല്ലാസമാര്‍ന്നു നിന്നു.

സ്വപ്നങ്ങള്‍ കൊണ്ടൊരു മാല്യവുംകൊര്‍ത്തു
ഞാന്‍ അക്ഷമയായിരിപ്പൂ.
ആകാശത്തമ്പിളി അത്തപ്പൂ കാത്തപ്പോള്‍
നീ മാത്രം നീ മാത്രം വന്നതില്ല
.* * * *





അകലത്തു കേട്ടൊരാ ദിവ്യ ഗീതം
അനുപമ സുന്ദരമായിരുന്നു.
അഴലു നിറഞ്ഞൊരാ ഗാനമാകെ
അനുഭൂതി ദായകമായിതെന്നില്‍.
നിരു‍പമ രാഗാനുനിര്‍വൃതിയില്‍
ഉടലാകെ കോരിത്തരിച്ചു പോയി
അകലത്തിരുന്നു ഞാന്‍ എന്‍ ഹൃദന്തേ നിൻ
അപദാനമൊക്കെയൊന്നോര്‍ത്തുപോയീ
അകലെയാണെങ്കിലുമെന്നുയിരില്‍‍
അരികിലാണിന്നു നീ എന്നുമെന്നും...

Tuesday, March 30, 2010

കൊഴിയാന്‍ മടിക്കുന്ന മോഹങ്ങള്‍...



സപ്തവര്‍ണ്ണ തേരിലേറി വന്നു നീ

അന്നെന്റെ സങ്കല്പ സുന്ദര തീരഭൂവില്‍.

ഒരു നീലാകാശത്തിന്‍‍ ചെരുവിലന്നു നാം നിന്നു

ഒരു മൌന സംഗീതത്തിന്‍ മന്ദ്രനിസ്വനം പോലെ.

ഉരിയാടാന്‍ മടിക്കുന്ന മുഗ്ദമാം മന‍സ്സിന്റെ

വ്യ ഥകള്‍ തളച്ചിട്ട മൌന നൊമ്പരങ്ങളുമായ്

വിതുമ്പുന്നൊരധരങ്ങള്‍ സൌമ്യമായ് ഉരുവിടും

സ്വനങ്ങള്‍ക്കു കാതോര്‍ത്തു നിന്നു ഞാനെത്ര നേരം.

മൌനത്തിന്നിടനാഴിയില്‍ പതിച്ചു, നീ അന്നെന്റെ

അരികില്‍ നിന്നൂ സാലഭജ്ഞിക പോലെ,പിന്നാ-

മധുര മന്ദസ്മിതം പോലും, മാഞ്ഞൂ നിന്നധരത്തിന്‍

‍കൊഴിയാന്‍ മടിക്കുന്ന സ്നേഹത്തിന്‍ കനിയെല്ലാം.

ഒരു രഥം കാത്തു നിന്നതിലെത്തി ക്കയറുവാന്‍

‍തൊട്ടുതൊട്ടിരുന്നു കൊണ്ടായിരം സ്വപ്നങ്ങളെ

നിത്യവും താലോലിക്കാന്‍, സ്വര്‍ഗ സംഗീതം കേള്‍ക്കാന്‍

രാഗത്തിന്‍ കനികളെ ചേര്‍ക്കുവാന്‍ കൊതിച്ചൂ നാം..

പാഴ്ക്കിനാവായ് തീര്‍ന്നോരീ വ്യ ര്‍ഥ സങ്കല്പങ്ങള്‍

‍താലോലിച്ചെത്ര നാള്‍‍ നാം ഇനിയും കഴിയേണം?
നുകരാന്‍ കൊതിച്ചൊരാ മാകന്ദപ്പൂങ്കനികള്‍‍

‍കൊഴിഞ്ഞു പോകാതെ നാം എത്ര നാള്‍ കാത്തീടേണം?

ഒരു മുഗ്ദ നിശ്വാസത്തിന്‍ കാറ്റു വന്നതില്‍ തട്ടി

“തകരല്ലെ”ന്നുള്ളൊരു മോഹമാം സങ്കല്പത്തില്‍.....

Monday, March 29, 2010

എന്റെ പ്രണയിനി.....






എന്‍ വഴിത്താരയില്‍ എന്നും വിടരുന്ന
സൗ ന്ദര്യ പുഷ്പമെ നീ എനിക്കായ്‌
നിത്യം എന്‍ ആത്മാവിലെങ്ങും നിറയുന്ന
സൗരഭ്യമായ്‌ എന്നും മാറുകില്ലെ?
ഇന്നലെ നീ എന്റെ മാനസ ക്ഷേത്രത്തില്‍
മന്ദാര പൂങ്കണി ആയതില്ലേ?

അജ്ഞാതമായൊരു പിന്‍ വിളി കേട്ടു ഞാന്‍
ഞെട്ടിത്തരിച്ചങ്ങു നിന്നു പോയീ.
പൂവും പ്രസാദവും കൈകളിലെന്തി നീ
ചാരു മന്ദസ്മിത ലാസ്യമോടെ
ശാലീന സൗന്ദര്യധാമമായൊമനേ
എന്നന്തികത്തില്‍ വിരുന്നു വന്നു.

നിത്യ നൂതനമാകും ഗംഗാ പ്രവാഹമായ്‌,
വൃന്ദാവനം തന്റെ നിത്യ രോമാഞ്ചമായ്‌,
ചാരു യമുനയിൻ കളകളാഞ്ജലിയായി,
സരയൂ പുളിനത്തിന്‍ പര്‍ണ്ണ ശാലകളായി,
നിത്യ കുതൂഹലം ചാര്‍ത്തി ഒഴുകുന്ന
സ്വഛ സ്പടിക നീര്‍ ധാരയായി,
ശാന്തി തന്‍ വേദിയിലെന്നുമുറങ്ങുന്ന
കാനന ഛായയായ്‌ നീ എനിക്കു.

സാഗരത്തിരകള്‍ തന്‍ സൗന്ദര്യ ലഹരിയായ്‌,
ഉള്ളിന്റെ ഉള്ളിലേ ജീവസ്പുരണമായ്‌,
ഉള്ളിലൊടുങ്ങാത്ത ദാഹമായി,
എന്‍ മിഴിച്ചെപ്പിലെ പൊന്‍ കതിരായി, നീ
അന്തരാത്മാവിന്റെ സംഗീതമായ്‌.
നിന്‍ നെഞ്ചിലുതിരുന്ന താളങ്ങളിന്നെന്റെ
നിത്യ കാമനയായ് ഉതീര്‍ന്നിടുന്നു.

Monday, March 22, 2010

ശോകസാന്ദ്രമായ ഒരു ഞായറാഴ്ച....




ഞായറാഴ്ച വിഷാദ മൂകമാണു!
എന്റെ യാമങ്ങള്‍ എല്ലാം നിദ്രാ വിഹീനങ്ങളും...
പ്രിയമുള്ളവനേ!
എണ്ണിയാലൊടുങ്ങാത്ത നിഴലുകളോടൊപ്പം ഞാന്‍ ജീവിയ്ക്കയാണു.
വിഷാദ മൂകമായ കറുത്ത ശവവണ്ടി നിന്നെ വഹിച്ചുകൊണ്ടു പൊയ ഇടത്തില്‍ ,
വെള്ള നിറമുള്ള കുഞ്ഞു പൂക്കള്‍ നിന്നെ ഇനി ഒരിക്കലും ഉണര്‍ത്തുകയില്ല.

ദേവദൂതന്മാര്‍ നിന്നെ തിരികെ വിടുന്നതിനേ കുറിച്ചു ചിന്തിക്ക പോലുമില്ല.
ഞാന്‍ നിന്റെ സവിധത്തിലേക്കു വരാന്‍ ആഗ്രഹിച്ചാല്‍,
അവര്‍ക്കു വിരോധം തോന്നുകയില്ലേ?
വിഷാദ ഭരിതമായ ഞായറാഴ്ച!
ഞായറാഴ്ച ശോകമൂകമാണു.....


നിഴലുകളോടൊപ്പം, ഈ ദിവസം ഞാന്‍ ചിലവഴിക്കയാണു.
എന്റെ ഹൃദയവും ഞാനും കൂടി ഒന്നു തീരുമാനിച്ചിരിക്കുന്നു.
താമസിയാതെ തന്നെ അവര്‍ പൂക്കള്‍ കൊണ്ടു വരും...
സന്താപമഗ്നമായ പ്രാര്‍ത്ഥനകള്‍ ചൊല്ലും....
എനിക്കറിയാം.
അവര്‍ ബലഹീനരാകരുതു.
പോകാന്‍ എനിക്കു അത്യധികം സന്തോഷമാണെന്നു അവര്‍ ധരിച്ചു കൊള്ളട്ടെ.

മരണം ഒരു സ്വപ്നമല്ല.
എന്തെന്നാല്‍, മൃത്യുവില്‍, ഞാന്‍ നിന്നെ ആലിംഗനം ചെയ്യും;
ഓമനിച്ചു ഉമ്മ വച്ചു കൊണ്ടിരിക്കും.
എന്റെ ആത്മാവിന്റെ അവസാന നിശ്വാസം പോലും നിന്നെ അനുഗ്രഹിച്ചുകൊണ്ടിരിക്കും...

ശോകപൂരിതമായ ഞായറാഴ്ച്ച ഞാന്‍ സ്വപ്നം കാണുന്നുവോ?
ഞാന്‍ സ്വപ്നം കാണുക ആയിരുന്നോ?

ഞാന്‍ ഞെട്ടി ഉണര്‍ന്നു!
എന്റെ ഹൃദയത്തിന്റെ അഗാധതയില്‍ ,
നീ മയങ്ങി കിടക്കുന്നതു ഞാന്‍ കണ്ടെത്തി.
ഞാന്‍ നിന്നെ കാണുന്നു പ്രിയനേ!
എന്റെ ഓമനേ!
എന്റെ സ്വപ്നം നിന്നെ പ്രാപിച്ചിട്ടില്ലെന്നു ഞാന്‍ കരുതട്ടെ.
നിന്നെ എത്രമാത്രം എനിക്കു ആവശ്യം ഉണ്ടെന്നു
എന്റെ ആത്മാവു നിന്നോടു പറഞ്ഞു കൊണ്ടിരിക്കുന്നു..
ശോകാര്‍ദ്രമായ ഞായറാഴ്ച!............


(മൂല കവിത “ഗ്ലൂമി സണ്ടേ“ എന്ന പേരില്‍ സാറാ മാക്‌ ലാച്ചലാന്‍ എന്ന കവിയിത്രിയുടേതു.)

Saturday, March 13, 2010

സ്വപ്നാടനം....






പുളകത്തിൻ പൂവാട പട്ടിനുള്ളിൽ
പുതുമ തന്‍ കുളിരിന്റെ മാധുരിയിൽ
പരിശപ്ത ജീവിതം മായ്ചു നീക്കി
പരിചില്‍ ഞാന്‍ നിന്നടുത്തെത്തുകില്ലേ?

സ്വപ്നാനുഭൂതികള്‍‍ നിന്റെ മുന്നില്‍
സ്വര്‍ഗം ചമക്കുകയായിരിക്കും.
കരളിന്റെ തന്ത്രികളെല്ലാമൊരുമിച്ചു
കളകളം പാടുകയായിരിക്കും.......

സ്വര്‍ഗീയ നിര്‍വൃതി തിങ്ങിത്തുളുമ്പുമാ
സ്വപ്നങ്ങള്‍ ഒക്കെയും മാഞ്ഞു പോയി.
നിന്നെക്കുറിച്ചുള്ളോരോര്‍മ്മകളോരോന്നു-
മെന്‍ ചിത്തമാകെ നിറഞ്ഞു നില്‍പൂ.

ചാരുവാം ദുഃഖസ്മൃതികളെന്നില്‍
മല്‍സഖീ എന്നശ്രുധാരയായി.
അനുരാഗലോലമാം നിര്‍വൃതിയില്‍
എന്നന്തരത്മാവലിഞ്ഞിടുമ്പോള്‍,
‍ഓമല്‍കിനാക്കളിന്നെന്റെ ചുറ്റും
ഓടി അണഞ്ഞുമ്മ നൽകിടുന്നു.

ശോകസങ്കുലമാമെന്നത്മാവില്‍ ‍നീ
പൊഴിച്ച സ്നേഹമധുരമാം സാന്ത്വനങ്ങള്‍
‍മൃത്യുവിന്നപ്പുറത്തെന്നുമെന്നും,
എന്നിലേ എന്നിലൊളിച്ചിരിക്കും...........

ഭഗ്ദാനുരാഗം....




അനുരാഗലോല വിവശയായി അരികത്തു വന്നെന്റെ
അനുപമ സൌന്ദര്യധാമമേ നീ..
നിന്‍ മൃദുഹാസ തരംഗമെന്നെ
സ്വര്‍ലോക ഗംഗയിലൂയലാട്ടി.
സുഖസുഖദമായൊരു ലഹരിയിലന്നു നാം
ആലിംഗനാശ്ലേഷ ബദ്ധരായി.
മഴവില്ലു തൊല്‍ക്കുമാപ്പൂങ്കവിളില്‍ നിന്നു-
മനവദ്യചുംബനപ്പൂ കവര്‍ന്നു.

അഴലിന്റെ നൊമ്പരം മാഞ്ഞുപോയി,
മനസ്സിന്‍ ഹിമകണം ബാഷ്പമായി.
അഴകാര്‍ന്ന മോഹങ്ങള്‍പൂവിടര്‍ത്തി,
അകതാരിലെങ്ങും നിറഞ്ഞു നിന്നു.
ഹൃദയാഭിലാഷങ്ങള്‍ പൂവണിഞ്ഞു
മദനോത്സവങ്ങള്‍ മതി നിറച്ചു.
മധുര മനോഹര സാന്ദ്രമാകും
മദകര നിദ്രയിലാണ്ടു നമ്മള്‍
‍മദനാനുഭൂതിയില്‍ മലരമ്പനെയ്തൊരു
മാകന്ദപ്പുഷ്പങ്ങള്‍ നീ പുണര്‍ന്നു.........

വാര്‍മുടിത്തുമ്പില്‍ നിന്നൂര്‍ന്നൊരാ പുഷ്പങ്ങള്‍
തൂമെത്തയാകെ നിറഞ്ഞിരുന്നു.
നെറ്റിയില്‍ ചന്ദനപ്പൊട്ടടര്‍ന്നു
കവിളില്‍ കരിമഷി പ്പാടുകളും
അധരങ്ങള്‍‍ ചെമ്പനീര്‍ പൂക്കളായി
നനവാര്‍ന്ന മിഴികള്‍‍ തുളുമ്പി നിന്നു.....

ഇനിയെന്താണോമലേ നീ കൊതിച്ചാ-
പ്രണയ സൌധങ്ങള്‍ തകര്‍ന്നടിഞ്ഞു
എന്നന്തരാത്മാവില്‍ നീ വരച്ചോ-
രായിരം മോഹപുഷ്പങ്ങളെല്ലാം
കാലമെന്നുള്ള പ്രഹേളികയില്‍
വാടി തളര്‍ന്നുകൊഴിഞ്ഞു പോയീ...