Saturday, March 13, 2010

സ്വപ്നാടനം....






പുളകത്തിൻ പൂവാട പട്ടിനുള്ളിൽ
പുതുമ തന്‍ കുളിരിന്റെ മാധുരിയിൽ
പരിശപ്ത ജീവിതം മായ്ചു നീക്കി
പരിചില്‍ ഞാന്‍ നിന്നടുത്തെത്തുകില്ലേ?

സ്വപ്നാനുഭൂതികള്‍‍ നിന്റെ മുന്നില്‍
സ്വര്‍ഗം ചമക്കുകയായിരിക്കും.
കരളിന്റെ തന്ത്രികളെല്ലാമൊരുമിച്ചു
കളകളം പാടുകയായിരിക്കും.......

സ്വര്‍ഗീയ നിര്‍വൃതി തിങ്ങിത്തുളുമ്പുമാ
സ്വപ്നങ്ങള്‍ ഒക്കെയും മാഞ്ഞു പോയി.
നിന്നെക്കുറിച്ചുള്ളോരോര്‍മ്മകളോരോന്നു-
മെന്‍ ചിത്തമാകെ നിറഞ്ഞു നില്‍പൂ.

ചാരുവാം ദുഃഖസ്മൃതികളെന്നില്‍
മല്‍സഖീ എന്നശ്രുധാരയായി.
അനുരാഗലോലമാം നിര്‍വൃതിയില്‍
എന്നന്തരത്മാവലിഞ്ഞിടുമ്പോള്‍,
‍ഓമല്‍കിനാക്കളിന്നെന്റെ ചുറ്റും
ഓടി അണഞ്ഞുമ്മ നൽകിടുന്നു.

ശോകസങ്കുലമാമെന്നത്മാവില്‍ ‍നീ
പൊഴിച്ച സ്നേഹമധുരമാം സാന്ത്വനങ്ങള്‍
‍മൃത്യുവിന്നപ്പുറത്തെന്നുമെന്നും,
എന്നിലേ എന്നിലൊളിച്ചിരിക്കും...........

ഭഗ്ദാനുരാഗം....




അനുരാഗലോല വിവശയായി അരികത്തു വന്നെന്റെ
അനുപമ സൌന്ദര്യധാമമേ നീ..
നിന്‍ മൃദുഹാസ തരംഗമെന്നെ
സ്വര്‍ലോക ഗംഗയിലൂയലാട്ടി.
സുഖസുഖദമായൊരു ലഹരിയിലന്നു നാം
ആലിംഗനാശ്ലേഷ ബദ്ധരായി.
മഴവില്ലു തൊല്‍ക്കുമാപ്പൂങ്കവിളില്‍ നിന്നു-
മനവദ്യചുംബനപ്പൂ കവര്‍ന്നു.

അഴലിന്റെ നൊമ്പരം മാഞ്ഞുപോയി,
മനസ്സിന്‍ ഹിമകണം ബാഷ്പമായി.
അഴകാര്‍ന്ന മോഹങ്ങള്‍പൂവിടര്‍ത്തി,
അകതാരിലെങ്ങും നിറഞ്ഞു നിന്നു.
ഹൃദയാഭിലാഷങ്ങള്‍ പൂവണിഞ്ഞു
മദനോത്സവങ്ങള്‍ മതി നിറച്ചു.
മധുര മനോഹര സാന്ദ്രമാകും
മദകര നിദ്രയിലാണ്ടു നമ്മള്‍
‍മദനാനുഭൂതിയില്‍ മലരമ്പനെയ്തൊരു
മാകന്ദപ്പുഷ്പങ്ങള്‍ നീ പുണര്‍ന്നു.........

വാര്‍മുടിത്തുമ്പില്‍ നിന്നൂര്‍ന്നൊരാ പുഷ്പങ്ങള്‍
തൂമെത്തയാകെ നിറഞ്ഞിരുന്നു.
നെറ്റിയില്‍ ചന്ദനപ്പൊട്ടടര്‍ന്നു
കവിളില്‍ കരിമഷി പ്പാടുകളും
അധരങ്ങള്‍‍ ചെമ്പനീര്‍ പൂക്കളായി
നനവാര്‍ന്ന മിഴികള്‍‍ തുളുമ്പി നിന്നു.....

ഇനിയെന്താണോമലേ നീ കൊതിച്ചാ-
പ്രണയ സൌധങ്ങള്‍ തകര്‍ന്നടിഞ്ഞു
എന്നന്തരാത്മാവില്‍ നീ വരച്ചോ-
രായിരം മോഹപുഷ്പങ്ങളെല്ലാം
കാലമെന്നുള്ള പ്രഹേളികയില്‍
വാടി തളര്‍ന്നുകൊഴിഞ്ഞു പോയീ...

Friday, March 05, 2010

കാതോരം.......

നിഴലും നിലാവും നിറമാല ചാര്‍ത്തി
വിടരുന്ന പൂവിന്റെ മിഴിയിതള്‍ നല്‍കുന്ന
പരിമളം മായാതെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍;

അനുരാഗ പൂമുല്ല പൂങ്കാവനത്തിലേ
നിറമുള്ള ശലഭമായ് പാറി പറക്കുവാന്‍;
രാഗോജ്വലങ്ങളാം ഭാവാനുദീപ്തി
എന്നാത്മാവിലാനന്ദ ദീപം കൊളുത്തുവാന്‍;

പുല്‍കൊടി തുമ്പിലേ മുത്തായ നീഹാര-
പ്പൊൻമണിക്കുള്ളിലെ കുളിരഴകാകുവാന്‍;
ഏകാന്തമാകുന്നൊരെന്റെ മനസ്സിന്റെ
കാതര സ്വപ്നങ്ങള്‍, നിന്‍ നെഞ്ചിലേറ്റുവാന്‍‍;

നീറുമെന്നാത്മാവിനുള്ളില്‍‍ നിറഞ്ഞൊരാ മോഹ-
ഭംഗങ്ങളെ, കാതോരമായി പകര്‍ന്നു കൊടുക്കുവാന്‍;
ആരൊരുമോരാതെ താലോലിച്ചീടുന്നൊ-
രായിരം മോഹങ്ങള്‍‍ കെട്ടിപ്പുണരുവാന്‍;

നിന്‍ ചുണ്ടിണയിലേ മകരന്ദമാമൊരു ചുംബന
പ്പൂക്കളെ‍, എന്‍ ചുണ്ടിലേറ്റുവാന്‍;
നിന്‍ കരവലയത്തിന്‍ സുഖകരമായൊരു
നിര്‍വൃതി നിത്യം, എന്‍ നെഞ്ചിലേറ്റുവാന്‍;

പിടയുന്നു ഞാനിന്നീ വിരസമാം ശയ്യയില്‍.
വരുകെന്റെ നായകാ, താവക ദര്‍ശനമെന്നുമെൻ
ചിരകാല‍ അഭിലാഷ പൂര്‍ണിമയാക്കിടാന്‍.

Saturday, February 20, 2010

ഹൃദയ വ്യഥ


ഹൃദയ വ്യഥ..

എന്നന്തരാത്മാവില്‍ ആന്ദോളനം ചെയ്ത
മുഗ്ദാനുരാഗമേ നിന്റെ മുന്നില്‍
മല്‍പ്രാണ ഹര്‍ഷങ്ങളുന്മാദമായിന്നു
മരുവുന്നു, ഞാനൊരു വ്യഥയായി‌ മാറുന്നു ..

നിന്‍ തൂമിഴിച്ചെപ്പില്‍ നിന്നെന്നുമുതിരുന്ന
കാരുണ്യ സാന്ദ്രമാം സ്നേഹോക്തികള്‍
അറിയാതെ എന്നെ തലോടി തഴുകുന്നുഞാന-
റിയുന്നീ സ്നേഹത്തിന്‍ തൂവല്‍ സ്പര്‍ശം.

മറുവാക്കു പറയാതെ പുളകാര്‍ദ്ര
മിഴിയോടെ നനവോലും
നേത്രയായ്കഴിയുമെന്നേ നിൻ
മനതാരിൻ വിരഹാർദ്ര ഭാവമായ്
മറയാതെ എന്നെന്നും നിറയാറുണ്ടോ.

അരയാലിന്‍ മറ പറ്റി സാകൂതം നിന്നെ ഞാന്‍
പലകുറി വ്യഥയൊടു നോക്കീടുമ്പോൾ
‍അറിയാതെനിന്നാർദ്ര മിഴികളെന്നില്
‍അലസമായ് അലയാറുണ്ടെന്നോര്‍മ്മയില്‍..
അപ്പോൾ ഞാന് ‍അറിയാതെ എന്നെ മറന്നു നിൽക്കും.

മധുമാരി ചൊരിയുന്നോരിന്ദോള രാഗമായ്
കുളിരോലും വർണ്ണ മയൂഖമായി
നിറമാല ചൂർന്നൊരീ മലര്‍ സന്ധ്യയിൽ
‍കരളിന്റെ കിളിവാതിൽ തശുകിവരുന്നൊരു
സ്വര രാഗസുധയായിന്നെന്റെ മുന്നിൽ
അണയൂ നീ ദേവാ ഞാൻ രാഗലോല....

അകലങ്ങളിൽ നിന്നൊരഴക്:





അകലങ്ങളിൽ നിന്നൊരഴക്


ഒരുകൊച്ചു കാറ്റിന്റെ നിറുകയില്‍ നിന്നൊരു
മലരൊന്നു താഴെ പതിക്കുമെങ്കില്‍
ഒരു മുളം തണ്ടിന്റെ ഉള്ളില്‍ നിന്നൊരു ജീവ
മധു മന്ദ്രനിസ്വനം കേള്‍ക്കുമെങ്കില്‍
പലവട്ടം പാടിയ പാട്ടിന്റെ ഓര്‍മ്മകള്‍‍
മഴവില്ലിന്‍ ചാരുത നല്‍കുമെങ്കില്‍
ഇനിയും വരാത്തൊരു ‘കരളിന്റെ കായിതം
ഇടനെഞ്ചില്‍‍ അശ്രു പൊഴിക്കുമെങ്കില്‍...
അകതാരിലുള്ളൊരാ മധുകണമൊക്കെയും
അവളെനിക്കേകിയോരോര്‍മ്മയല്ലേ?

പവിഴാധരത്തില്‍ നിന്നുതിരുന്ന വാക്കുകള്‍
പുളകത്തിന്‍ വിത്തു വിതക്കുമെന്നില്‍‍
അഴകാര്‍ന്നൊരോമന മൃദുഹാസമൊക്കെയും
സ്വരരാഗ സുധയായി ഒഴുകി എന്നില്‍
സ്മരണ തന്‍ ചെപ്പിലൊളിപ്പിച്ചു വച്ചൊരാ
പ്രണയമയൂരത്തിന്‍ പീലിയാകാം.

സിരകളില്‍ പടരുന്ന വിരഹത്തിന്‍ കനലാകെ
നിനവിന്റെ ഉള്ളില്‍ നിറഞ്ഞു നിന്നു
മധുരമാം വാസന്ത മലരുകളൊക്കെയും
വിടരാന്‍ കൊതിച്ചു കൊഴിഞ്ഞു വീണു.
മോഹിച്ച മോഹന സ്വപ്നങ്ങളൊക്കെയും
പാഴ് മണല്‍ കാട്ടിലലിഞ്ഞു പോയി.

ഇനിയൊരു ജന്മമില്ലെങ്കിലും സാരമില്ലൊ-
രുകോടി പുണ്യം ലഭിച്ചതില്ലേ?
പിടയുന്ന പ്രാണന്റെ വികലമാം ഹൃദയത്തിനി-
നിയെന്തു ജൻമാണൊമലാളെ‍
അതുമാത്രമതുമാത്രമോമലെ നീയെനി-
യ്ക്കൊരു മാത്ര എങ്കിലും നല്‍കിയല്ലോ...

Sunday, April 20, 2008

പ്രണയമധുരം...

പ്രണയമധുരത്തേന്‍ കിനിയുമീ നീലരാവില്‍
നിര്‍ന്നിദ്രയായ്‌ ഞാന്‍ നിന്നന്തികത്തിലെന്‍
സങ്കല്‍പ യാമിനീ തീരത്തു വന്നെന്റെ
സൗവ്വര്‍ണ മോഹങ്ങള്‍ പങ്കിടാമിന്നിനീ..

മായാതെ നില്‍ക്കുമീ വാര്‍ മഴ വില്ലിന്റെ
മാസ്മര ഭാസുരപ്പൊന്‍ നിറമാകവേ
പ്രേമാനുഭൂതി തന്‍ കുങ്കുമം ചാര്‍ത്തി വന്നെ-
ന്മേനി ആകവേ പുല്‍കി പ്പുണരുന്നു.

നീരസം ഭാവിച്ചിരുന്നൊരാ നേരത്തു,
നിന്‍ കരലാളന സ്പര്‍ശന ഹര്‍ഷത്തില്‍
എന്നെ ഞാന്‍ എങ്ങോ മറന്നൊരാ മാത്രതന്‍
ഉന്മാദമേറി, ഞാന്‍ നിന്നെ മുകര്‍ന്നില്ലേ?

മോഹങ്ങളൊക്കെ കപോതങ്ങളായ്‌ മാറിയി-
ട്ടാ ഗഗനത്തില്‍ നാം പാറിപ്പറന്നില്ലേ?
അന്നെനിക്കേകിയ ചുംബനപ്പൂക്കളെ-
ന്മാറിലെന്നുമൊരോമല്‍ തിടമ്പായി,
മുഗ്ദാനുരാഗ ലഹരിയിലെപ്പൊഴും
നിത്യ രോമാഞ്ചമായ്‌ നിര്‍വൃതിയേകുന്നു

അനുരാഗ വെണ്‍നുര ചിന്നിച്ചിതറുമീ
നറുനിലാ രാവിന്റെ സ്വപ്ന മയൂഖങ്ങള്‍
കാതരമാമൊരു ലാവണ്യപ്പൂമാരി
കോരിച്ചൊരിഞ്ഞാത്മ സംതൃപ്തിയേകുന്നു.

Thursday, April 10, 2008

ജന്മങ്ങള്‍...


ഒരു നിറ സന്ധ്യ പോയ്‌ മറഞ്ഞാലും എന്നും
പുലര്‍കാല ശോണിമ പൂവിടര്‍ത്തും.
ഒരു ജന്മം കണ്ണീര്‍ പൊഴിച്ച മേഘം
ഒരു നവ വാസന്തച്ചിരി പൊഴിക്കും.
ഒരു പൂവു മാത്രം കൊതിച്ച ഹൃത്തില്‍
നറുമലര്‍ പൂക്കാലം ഓടിയെത്തും.
നിനവുകള്‍ സ്വപ്നങ്ങളായി വീണ്ടും
പരിണമിച്ചെത്തും യാഥാര്‍ത്ഥ്യമാവാന്‍!

മധു ഉണ്ണാന്‍ വന്നൊരു വണ്ടിനൊപ്പം
മധുവിധുക്കാലം കഴിച്ച പുഷ്പം
ഒരു ദിനം വാടിക്കരിഞ്ഞു വീഴും,
മറയും, ഈ മണ്ണിന്റെ മാര്‍ത്തടത്തില്‍.
മധുര മനോഞ്ജമായ്‌ പുഞ്ചിരിച്ചും
ചിരികള്‍ വിടര്‍ന്നും നിറഞ്ഞ ചുണ്ടില്‍
വിരിയുന്നു കദനത്തിന്‍ നൊമ്പരങ്ങള്‍
അഴലിന്റെ നിറമാര്‍ന്ന വ്യഥകളൊപ്പം.
ചുടുനെടുവീര്‍പ്പുമായ്‌ വിങ്ങിയ മണ്ണിന്റെ
കനിവോലും മിഴിനീരിന്‍ കണികയല്ലോ മഴ
ഒരു പുതു ഹര്‍ഷമായ്‌ പൊഴിയുന്നു വേനല്‍ തന്‍
കരുണാര്‍ദ്രമായൊരു സാന്ത്വനമായ്‌?


മറയുന്നതെല്ലാം ഈ ഭൂവിലാകെ
പുനര്‍ജന്മം തേടി തിരികെ എത്തും.
തുടരുന്നീ നാടകശാലയില്‍ ജീവന്റെ
അറുതി ഇല്ലാത്തൊരു ജന്മകേളീ....

Thursday, March 27, 2008

കനവിന്റെ ഉള്ളിലെ കിനാവു...

ഈ ചുംബനം നിന്റെ നെറ്റിയില്‍ ഏറ്റുവാങ്ങൂ.
നിന്നില്‍ നിന്നും വേര്‍പിരിയുന്ന ഈ മാത്രയില്‍
ഞാനിത്രയും സമ്മതിക്കുന്നു...
എന്റെ നാളുകള്‍ ഒരു സ്വപ്നമായിരുന്നെന്നു നീ ധരിച്ചതു,
നിന്റെ തെറ്റല്ല.
എങ്കിലും എന്റെ പ്രതീക്ഷകള്‍ ഒരു രാവിലോ
ഒരു പകലിലോ, ഒരു കിനാവിലോ,
എങ്ങനെ എങ്കിലും
പറന്നകന്നു പോയെങ്കില്‍...
അതു എമ്പാടും തീര്‍ന്നു പോയെന്നാവില്ലല്ലൊ.

നാം കാണുന്നതെല്ലാം, കാണുന്നെന്നു
ധരിക്കുന്നതെല്ലാം തന്നെ
ഒരു കനവിന്റെ ഉള്ളിലേ കിനാവു തന്നെയാണു!

തിരമാലകള്‍ ആര്‍ത്തലയ്ക്കുന്നതിന്റെ
മധ്യത്തില്‍, ഒരു കടല്‍ തീരത്തു ഞാന്‍ നില്‍ക്കുന്നു.
എന്റെ കരതലത്തില്‍ സുവര്‍ണ മണല്‍ തരികള്‍
ഞാന്‍ അടക്കി പിടിച്ചിരിക്കുകയാണു.
വളരെ കുറച്ചു മാത്രം!
എന്നിട്ടും എന്റെ വിരല്‍ പഴുതുകളിലൂടെ അവ
ഇഴഞ്ഞു താഴേക്കു വീഴുന്നുണ്ട്‌.
ഞാന്‍ കരഞ്ഞു കൊണ്ടിരിക്കുമ്പോള്‍;
അതെ ഞാന്‍ കരയുമ്പോള്‍ തന്നെ...

ദൈവമേ! എനിക്കു ആ മണല്‍ത്തരികളെ,
കുറച്ചു കൂടി മുഷ്ടിമുറുക്കി പിടിച്ചു കൂടേ?

ദൈവമേ! അതില്‍ ഒരു തരിയേ എങ്കിലും ഈ ക്രൂരമായ
തിരകളില്‍ നിന്നും സംരക്ഷിച്ചു കൂടേ?

നാം കാണുന്നതെല്ലാം, കാണുന്നെന്നു
ധരിക്കുന്നതെല്ലാം തന്നെ
ഒരു സ്വപ്നത്തിന്റെ ഉള്ളിലേ സ്വപ്നം തന്നെ അല്ലേ?

(കടപ്പാടു: എഡ് ഗാര്‍ ‍ അല്ലന്‍ പോ. 1801-1849. അമേരിക്കന്‍ കവി. A dream within a dream.)

Wednesday, March 26, 2008

അനുരാഗമാത്മാവില്‍...

അറിയാതെന്നാത്മാവില്‍ നിറമാല ചാര്‍ത്തുന്നൊ
രനുരാഗ പുഷ്പമേ നീയെനിക്കിന്ന
തിരറ്റ ലാവണ്യ ധാരയായ്‌ തീര്‍ന്നെന്റ
അഴലിന്‍ മാറാലകള്‍ മായ്ച്ചതില്ലേ?

നഷ്ടവസന്ത സ്മൃതികളെന്‍ ഹൃത്തതില്‍ ‍തൊട്ടുണര്‍ത്തീടുമാ
തപ്താനുരാഗവികാരങ്ങളെ ഞാന്‍
തപ്പി എടുത്തുംകൊണ്ടെന്നന്തരാത്മാവില്‍
കെട്ടിപ്പുണര്‍ന്നോമല്‍ നിര്‍വൃതി തേടുന്നു.

നിര്‍ന്നിദ്രമായൊരെന്നേകാന്ത രാത്രിയില്‍
മാത്രകള്‍ തോറും അലയടിച്ചെത്തുന്ന
മുഗ്ദാനുരാഗ മരീചികള്‍ തന്‍,
ജ്വാലകള്‍ ‍എന്‍ കരള്‍ ‍കാമ്പിന്റെ വിങ്ങലായാ-
ത്മാവിന്‍ മൃത്യു സങ്കീര്‍ത്തനമായ്.

അനുരാഗ സംഗീതമാത്മാവില്‍ വിടരുന്നൊരനുഭൂതി
എന്നില്‍ നീ ഉളവാക്കി, പിന്നെ നീ
പുലരുമ്പോള്‍ പൊലിയുന്നൊരോമല്‍ കിനാവായി
ട്ടെവിടെയോ പോയെന്നെ എകാന്തയാക്കി നീ.....

Tuesday, March 18, 2008

കരളിലൊരായിരം പൂമുല്ല...


കരളിലൊരായിരം പൂമുല്ല പൂത്തുനിന്ന-
നുരാഗലോലയായ്‌ അരികില്‍ നീ എത്തുമ്പോള്‍
അരുതാത്ത മോഹങ്ങളുണരുന്നെന്നുള്ളീലു-
ണ്ടറിയാത്ത മാനസ ചാപല്യങ്ങള്‍.

നിരുപമാമായൊരു നിര്‍വൃതി തന്‍
നിറുകയില്‍ നാമൊന്നായമര്‍ന്നിടുമ്പോള്‍
നിന്‍, അനുരാഗലാവണ്യ മാധുരിതന്‍
നിറദീപ നാളം തെളിഞ്ഞു നില്‍ക്കും.

ജലകണമുള്ളില്‍ നിറയും മുകിലിന്റെ
ചിരിയല്ലേ വിദ്യുല്‍ ലതികയെല്ലാം?
മഴയുടെ കുളിരോലും പരിരംഭണത്തില്‍
നിന്നുതിരുന്നു മണ്ണിന്റെ മദജലസൗരഭം.

നിന്‍ ചെഞ്ചൊടികളിലെന്നും തളിര്‍ക്കുന്ന
മന്ദഹാസത്തിന്റെ ചെമ്പനീര്‍ പൂക്കളെ
ചുടുചുംബനം കൊണ്ടു നുള്ളി എടുക്കുവാനെ-
ന്നുള്ളിന്റെയുള്ളിലൊരുന്മാദമുണരുന്നു.

അകലത്തിരുന്നു ഞാനാശിക്കുമീ പ്രേമസുരഭില
മോഹങ്ങള്‍ക്കറുതി ഇല്ലൊരു നാളും
എങ്കിലുംനീ ഇന്നതറിയാതിരിക്കരുതെന്നുള്ള-
തോര്‍ത്തു ഞാനീ‍ വരികള്‍ കുറിക്കുന്നതോര്‍ക്ക നീ ഓമനേ!