Friday, December 21, 2007

ഗളിവെര്‍സ്....

യോനാഥാന്‍ സ്വിഫ്റ്റിന്റെ "ഗളിവേര്‍സ്‌ ട്രാവല്‍സ്‌" ഓര്‍മ്മയില്ലേ?

നാമെല്ലാവരും ഒരു ജീവിത കാലം മുഴുവന്‍ "ഗളിവേഴ്സ്‌' ആയിട്ടാണു ജീവിയ്ക്കുന്നതു! ജീവിതത്തിന്റെ നിമ്നോന്നതകളില്‍ നാം എല്ലാവരും " ലില്ലിപ്പുട്ടുകാരുടെ" തടവറയില്‍...നിലം പറ്റി കുഞ്ഞു കുഞ്ഞു ചരടുകളാല്‍ ബന്ധിതരായി ജീവിയ്കുന്നു. ആ കുഞ്ഞു ചരടുകള്‍ എന്തെല്ലാമാണു? ഭയാശങ്കകള്‍, ഉല്‍കണ്ഠ,നൈരാശ്യം,ഭീതി, കുറ്റബോധം, വിഷാദാത്മകത, അഹംഭാവം, മാനസികമായും, ആത്മീകമായും ഉള്ള അസ്വസ്ഥതകള്‍,ക്രമരാഹിത്യം അങ്ങനെ പലതും....

ജീവിതത്തിന്റെ വികാര വിക്ഷോഭങ്ങളെ നേരിടാനുള്ള ധൈര്യം ഇല്ലാതെ, അതില്‍ നിന്നും മുക്തി നേടാന്‍ അവസരം പാര്‍ത്തു കൊണ്ടു, അന്വെഷിച്ചു കൊണ്ടു, ശ്രമിച്ചിട്ടും നടക്കാതെ, അവസാനം നിസാരമായ കൊച്ചു കൊച്ചു കടുംകെട്ടുകളിലും, കുരുക്കുകളിലും, സങ്കീര്‍ണതകളിലും അകപ്പെട്ടു പോകുന്നു. അതു ഒരു സ്വഭാവമായിത്തീരുന്നു. "കോമ്പ്ലെക്സ്‌"!

അങ്ങനെ ഉള്ള ഒരാള്‍ പ്രഞ്ജാശൂന്യനായ, ശക്തി നഷ്ടപ്പെട്ട 'ഗളിവര്‍" ആയിത്തീരുന്നു. അയാള്‍ സ്വന്തം ബിസിനസ്സിലോ. ആഫീസിലോ, ജോലിയിലോ, ഒരു പ്രതിഭാശാലി അയിരിക്കാം. ഒരു നല്ല പിതാവോ, മാതാവോ, ആകാം. നല്ല വാഗ്ദാനങ്ങള്‍ ഉള്ള ഒരു വിദ്യാര്‍ത്ഥിയോ, ആകര്‍ഷകത്വം തുളുമ്പുന്ന ഒരു യുവാവോ ആകാം. എന്നാല്‍ അയാളുടെ കയ്യും, കാലും സ്വയം കഴിവില്ലായ്മയെ പഴിക്കുന്ന, കുഞ്ഞു ചരടുകളാല്‍ ബന്ധിതമായിരിക്കുന്നു. അനിശ്ചിതാവസ്ഥയില്‍ കാലം കഴിക്കുന്നു. അറിവു കൂടുതലായി നേടി എടുക്കാനോ, ജോലിയില്‍ മുന്നേറാനോ, സാമൂഹ്യ ബന്ധങ്ങള്‍ വിപുലമാക്കാനൊ, സ്വന്തം വ്യക്തിത്ത്വത്തെ വളര്‍ത്താനോ ഒക്കെ ശ്രമിക്കുന്നുണ്ടാവാം. പക്ഷെ അതെല്ലാം അപൂര്‍ണമായി അവശേഷിക്കുന്നു. തന്റെ വ്യക്തിത്ത്വം മുഴുവനായി അസ്ഥിരമായ ഒരു അടിസ്ഥാനത്തില്‍ പണിതുയര്‍ത്തിരിക്കുകയാനെന്ന ബോധം! അതു ദ്രവീകരിച്ചു തുടങ്ങിയിരിക്കുന്നു എന്നുള്ള ഒരു സ്ഥിതി വിശേഷമായ അറിവു, താന്‍ ആയി തീരേണ്ടിയിരുന്ന ഉല്‍ക്കര്‍ഷേച്ഛയുടെ ഉള്ളില്‍ കൂടി അവന്റെ വ്യക്തിത്വത്തിന്റെ വേരറക്കുന്നു.

ഒരു പക്ഷിയുടെ കാലില്‍ കെട്ടി വയ്ക്കുന്ന ഒരു ഈയക്കട്ടി പോലെ, അവന്റെ ആത്മാവിനേ താഴേക്കു വലിക്കുന്നു. ഉയരത്തിലെക്കു പറന്നുയരാന്‍ അനുവദിക്കാതെ.......