Wednesday, April 27, 2011

ശോകാർദ്രമായ ഒരു ഞായറാഴ്ച...

ഞായറാഴ്ച വിഷാദ മൂകമാണു!

എന്റെ യാമങ്ങള്‍ എല്ലാം നിദ്രാ വിഹീനങ്ങളും...

പ്രിയമുള്ളവളേ! എണ്ണിയാലൊടുങ്ങാത്ത നിഴലുകളോടൊപ്പം

ഞാന്‍ ജീവിയ്ക്കയാണു.

വിഷാദ മൂകമായ കറുത്ത ശവവണ്ടി നിന്നെ വഹിച്ചുകൊണ്ടു പൊയ ഇടത്തില്‍,

വെള്ള നിറമുള്ള കുഞ്ഞു പൂക്കള്‍ നിന്നെ ഇനി ഒരിക്കലും ഉണര്‍ത്തുകയില്ല.

ദേവദൂതന്മാര്‍ നിന്നെ തിരികെ വിടുന്നതിനേ കുറിച്ചു ചിന്തിക്ക പോലുമില്ല.

ഞാന്‍ നിന്റെ സവിധത്തിലേക്കു വരാന്‍ ആഗ്രഹിച്ചാല്‍,

അവര്‍ക്കു വിരോധം തോന്നുകയില്ലേ?

വിഷാദ ഭരിതമായ ഞായറാഴ്ച!

ഞായറാഴ്ച ശോകമൂകമാണു.....

നിഴലുകളോടൊപ്പം, ഈ ദിവസം ഞാന്‍ ചിലവഴിക്കയാണു.

എന്റെ ഹൃദയവും ഞാനും കൂടി ഒന്നു തീരുമാനിച്ചിരിക്കുന്നു.

താമസിയാതെ തന്നെ അവര്‍ പൂക്കള്‍ കൊണ്ടു വരും...

സന്താപമഗ്നമായ പ്രാര്‍ത്ഥനകള്‍ ചൊല്ലും....

എനിക്കറിയാം.
അവര്‍ ബലഹീനരാകരുതു.

പോകാന്‍ എനിക്കു അത്യധികം സന്തോഷമാണെന്നു

അവര്‍ ധരിച്ചു കൊള്ളട്ടെ.

മരണം ഒരു സ്വപ്നമല്ല.

എന്തെന്നാല്‍, മൃത്യുവില്‍, ഞാന്‍ നിന്നെ ആലിംഗനം ചെയ്യും;

ഓമനിച്ചു ഉമ്മ വച്ചു കൊണ്ടിരിക്കും.

എന്റെ ആത്മാവിന്റെ അവസാന നിശ്വാസം പോലും

നിന്നെ അനുഗ്രഹിച്ചുകൊണ്ടിരിക്കും...

ശോകപൂരിതമായ ഒരു ഞായറാഴ്ച്ച!

ഞാന്‍ സ്വപ്നം കാണുന്നുവോ?

അതോ ഞാന്‍ സ്വപ്നം കാണുക ആയിരുന്നോ?

ഞാന്‍ ഞെട്ടി ഉണര്‍ന്നു!

എന്റെ ഹൃദയത്തിന്റെ അഗാധതയില്‍ ,

നീ മയങ്ങി കിടക്കുന്നതു ഞാന്‍ കണ്ടെത്തി.

ഞാന്‍ നിന്നെ കാണുന്നു പ്രിയേ!

എന്റെ ഓമനേ! എന്റെ സ്വപ്നം നിന്നെ

പ്രാപിച്ചിട്ടില്ലെന്നു ഞാന്‍ കരുതട്ടെ.

നിന്നെ എത്രമാത്രം എനിക്കു ആവശ്യം ഉണ്ടെന്നു

എന്റെ ആത്മാവു നിന്നോടു പറഞ്ഞു കൊണ്ടിരിക്കുന്നു..

ശോകാര്‍ദ്രമായ ഞായറാഴ്ച!

Thursday, April 07, 2011

മണിമുത്തു

മണിമുത്തു....


എന്നുമെന്നാത്മാവിലെങ്ങും നിറയുന്ന

സുന്ദര വാസന്ത സ്വപ്നമരീചികേ,

നിന്നോമല്‍ നാദ മുരളിയില്‍ തങ്ങുന്നു

നിത്യവിസ്മയമാകുമെന്നോമല്‍ ഹര്‍ഷങ്ങള്‍!

വാസന്തപൗര്‍ണമിച്ചന്ദ്രനെപ്പോലെയെന്‍

മുന്നിലായ്‌ നില്‍ക്കുന്നു നിന്‍ പ്രഭാസഞ്ചയം.

പൊന്‍ കതിരാര്‍ന്ന നിന്‍ തൂമണിപ്പുഞ്ചിരി

വര്‍ണ്ണചിറകൊളി നിത്യം പകരുന്നു.

എന്നന്തരാത്മാവില്‍ ചാര്‍ത്തും നിറമാല തന്‍

‍സുന്ദരവര്‍ണ്ണ പ്രസൂനമായി തീര്‍ന്നു നീ.

നിന്‍ മൃദുഹാസത്തിന്‍ നിര്‍വൃതി പൂക്കുന്ന

ലാവണ്യധാര ചൊരിയുന്നു നിത്യവും.

എന്‍ശ്വാസ നിശ്വാസങ്ങളില്‍ ഞാന്‍ തേടും

നവ്യസുഗന്ധാനുഭൂതിയായ്‌ നില്‍പൂ നീ.


എന്നന്തര്‍ദാഹമായ്‌,വിങ്ങലായ്‌,ഹര്‍ഷമായ്‌,

കവിതയായ്‌,സ്വപ്നമായ്‌,മധുമാരിയായ്‌,

പ്രാണനില്‍ പകരുന്ന ജീവാത്മ സുധയായി,

സുരഭിയാം സുഗന്ധമായൊരവ്യക്ത മോഹമായ്‌,

മറക്കുവാന്‍ വൈകുന്നൊരു നല്ല ഓര്‍മ്മയായ്‌,

മായാതെ നിറയുന്ന കുളിരിന്റെ തഴുകലായ്‌,

മധുമാസരാവിന്റെ പൊന്‍ തിങ്കളായി നീ,

ജന്മ ജന്മാന്തര വേളകളില്‍ കൂടി,

ഞാനന്നു നേടിയ പുണ്യ സുകൃതമായ്‌,

ചിതറിപ്പോം മോഹത്തിരകള്‍ തന്നുള്ളില്‍ നി-

ന്നെവിടെയോ തേടിപ്പിടിച്ചൊരു ചിപ്പി തന്‍

‍ഹൃദയത്തിനുള്ളിലൊളിപ്പിച്ചു വച്ചൊരു

അഴകാര്‍ന്ന നിറമുള്ള മണിമുത്തായിന്നു നീ

മല്‍ പ്രാണബിന്ദുവിലെന്നും സ്നേഹാമൃത-

വര്‍ഷം പകരു നീയെന്‍ ഹൃദയേശ്വരി!