Thursday, May 19, 2011

പ്രണയമെന്ന പ്രഹേളിക!




സ്നേഹത്തിന്റെ പര്‍ണ‍കുടീരത്തില്‍

കുളിര്‍ മാരിയുമായി ഹൃദയകവാടത്തിലേക്കു പറന്നടുത്തു വരുന്ന

നിത്യ വിസ്മയങ്ങളായ ഓർമ്മകള്‍!

മരുഭൂമിയിലേ ഊഷരക്കാറ്റുകളില്‍

തരളിതമാകുന്ന ആത്മനൊമ്പരങ്ങളില്‍,

നഷ്ടപ്പെട്ടുകൊന്ദിരിക്കുന്ന ഗൃഹാതുരതയുടെ മരവിപ്പില്‍,

പ്രതീക്ഷയുടെ, സാന്ത്വനത്തിന്റെ,

ഹൃദയ നൈര്‍മ്മല്യത്തിന്റെ മരുപ്പച്ചയുടെ,

ശീതള ഛായയിലേക്കു കൈ പിടിച്ചു നടത്തുന്ന

അവളുടെ കായിതങ്ങൾ, ശബ്ദവീചികള്‍,

പ്രേമസുരഭിലമായ,ചേതനയേ

തൊട്ടുണര്ത്തുന്ന ഹൃസ്വ സന്ദേശങ്ങള്‍!



ഉറക്കം വരാന്‍ മടിക്കുന്ന ശരല്‍ക്കാല രാത്രികളില്‍

മാനത്തു നോക്കി, മിഴി ചിമ്മി നില്‍ക്കു‍ന്ന താരാഗണങളുടെ

ഇടയില്‍ സ്വന്തം കാമുകിയുടെ നക്ഷത്രം കണ്ടു പിടിച്ചു,

നഷ്ടവസന്തതിന്റെ തപ്തനിശ്വാസ്സങ്ങള്‍ ഉതിര്‍ത്തു

നെടുവീര്പ്പു‍മായി, ഓര്മ്മയില്‍‍ ജ്വലിച്ചു നിൽക്കുന്ന

അവളെ ചൂഴ്ന്നു നില്‍ക്കുന്ന മൃദുലരാഗത്തിന്റെ,

അഴകാർന്ന, പ്രേമസുരഭിലമായ ഓർമ്മകളെ തഴുകി

തഴുകി ഉറങ്ങാന്‍ കിടക്കുന്ന എത്രയൊ കാമുകന്‍മാര്‍‍‍!



കണ്ണുനീരിന്റെ നുനുനുനുപ്പാർന്ന ഹൃദയവ്യഥയി‍ല്‍,

നഷ്ടബോധത്തിന്റെ വ്യാകുലതകള്‍

എരിഞ്ഞടങ്ങാത്ത തീക്കനല്‍ പോലെ,

ഉള്ളിന്റെ ഉള്ളില്‍ ഓർമ്മയില്‍ നീറിപ്പിടിക്കുമ്പൊള്‍,

എല്ലാം മറന്ന് ഉമ്മറപ്പടിപ്പുരയില്‍ വിഹ്വലമായ

മാന്‍പേടക്കണ്ണുകളുമായി കാത്തു നിൽക്കുന്ന,

ഇനിയും വരാതെ കാത്തിരിക്കുന്ന കത്തുകളെവിടെ?

ജാലകമറയുടെ അപ്പുറത്തു,

മുല്ലവള്ളികളുടെ മറവില്‍ കൂടി വഴിവക്കിലേക്കു

മിഴിക്കണ്ണുമായി പ്രിയന്റെ രൂപം കാത്തുനിന്ന സായംസന്ധ്യകള്‍!

മറുപടി കിട്ടാത്ത ചോദ്യങ്ങളുടെ,

പൂരിതമാകാത്ത മോഹങ്ങളുടെ,

വിടരാന്‍ മടിക്കുന്ന സ്വപ്ന പൂമൊട്ടുകളുടെ എല്ലാം

ഹൃദയഭാരത്തോടേ മയങ്ങാന്‍ കിടക്കുന്ന

കാമുകിയുടെ ദീര്‍ഘനിശ്വാസങ്ങള്‍!

ഇതെല്ലാം നിങ്ങളുടെ മനസ്സിനെ വ്രണപ്പെടുത്തുന്നുവോ?

നിസ്സഹായതയില്‍ എത്തിക്കുന്നുവോ?



ഒരുനൂറു പ്രേമസുര്‍ഭിലമായ സൌഗന്ധപുഷ്പ്പങ്ങളുടെ

നറുമണം ഉതിര്‍ക്കുന്ന സങ്കല്‍പ്പങ്ങളുമായി,

അവധിക്കു നാട്ടില്‍ പോകാൻ,

അവളുടെ സ്നേഹമസൃണമായ കടക്കണ്ണുകളിലെ

വിഷാദം നിറഞ്ഞ സ്വാന്തനത്തിന്റെ പാലൊളിയില്‍

മുങ്ങിത്തുടിക്കുവാന്‍ വെമ്പുന്ന ഒരു ഹൃദയം നിങ്ങള്‍ക്ക് ഉണ്ടോ?

നിങ്ങള്‍ ധന്യന്‍ ആണു! നിങ്ങള്‍ ആരുമാകട്ടെ!

നറുതേന്‍ തുളുമ്പുന്ന ഒരു കാമുക ഹൃദയത്തിന്റെ ഉടമ! .

സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും

വെമ്പുന്ന ഒരാത്മസമ്പത്ത് നിങ്ങള്‍ക്കുണ്ടു.



സ്നേഹം നിഷിദ്ധ്മായ ഒരു വാസന ആണൊ?....

ദൌർബല്യം ആണൊ?....

അതോ അത്മാവിനെ സുഗന്ധപൂരിതമാക്കുന്ന അനുഭൂതിയോ?