Thursday, March 27, 2008

കനവിന്റെ ഉള്ളിലെ കിനാവു...

ഈ ചുംബനം നിന്റെ നെറ്റിയില്‍ ഏറ്റുവാങ്ങൂ.
നിന്നില്‍ നിന്നും വേര്‍പിരിയുന്ന ഈ മാത്രയില്‍
ഞാനിത്രയും സമ്മതിക്കുന്നു...
എന്റെ നാളുകള്‍ ഒരു സ്വപ്നമായിരുന്നെന്നു നീ ധരിച്ചതു,
നിന്റെ തെറ്റല്ല.
എങ്കിലും എന്റെ പ്രതീക്ഷകള്‍ ഒരു രാവിലോ
ഒരു പകലിലോ, ഒരു കിനാവിലോ,
എങ്ങനെ എങ്കിലും
പറന്നകന്നു പോയെങ്കില്‍...
അതു എമ്പാടും തീര്‍ന്നു പോയെന്നാവില്ലല്ലൊ.

നാം കാണുന്നതെല്ലാം, കാണുന്നെന്നു
ധരിക്കുന്നതെല്ലാം തന്നെ
ഒരു കനവിന്റെ ഉള്ളിലേ കിനാവു തന്നെയാണു!

തിരമാലകള്‍ ആര്‍ത്തലയ്ക്കുന്നതിന്റെ
മധ്യത്തില്‍, ഒരു കടല്‍ തീരത്തു ഞാന്‍ നില്‍ക്കുന്നു.
എന്റെ കരതലത്തില്‍ സുവര്‍ണ മണല്‍ തരികള്‍
ഞാന്‍ അടക്കി പിടിച്ചിരിക്കുകയാണു.
വളരെ കുറച്ചു മാത്രം!
എന്നിട്ടും എന്റെ വിരല്‍ പഴുതുകളിലൂടെ അവ
ഇഴഞ്ഞു താഴേക്കു വീഴുന്നുണ്ട്‌.
ഞാന്‍ കരഞ്ഞു കൊണ്ടിരിക്കുമ്പോള്‍;
അതെ ഞാന്‍ കരയുമ്പോള്‍ തന്നെ...

ദൈവമേ! എനിക്കു ആ മണല്‍ത്തരികളെ,
കുറച്ചു കൂടി മുഷ്ടിമുറുക്കി പിടിച്ചു കൂടേ?

ദൈവമേ! അതില്‍ ഒരു തരിയേ എങ്കിലും ഈ ക്രൂരമായ
തിരകളില്‍ നിന്നും സംരക്ഷിച്ചു കൂടേ?

നാം കാണുന്നതെല്ലാം, കാണുന്നെന്നു
ധരിക്കുന്നതെല്ലാം തന്നെ
ഒരു സ്വപ്നത്തിന്റെ ഉള്ളിലേ സ്വപ്നം തന്നെ അല്ലേ?

(കടപ്പാടു: എഡ് ഗാര്‍ ‍ അല്ലന്‍ പോ. 1801-1849. അമേരിക്കന്‍ കവി. A dream within a dream.)