Tuesday, January 01, 2008

ബോധധാരകള്‍....

സ്നേഹത്തിന്റെ സാന്ദ്രമായ ശാന്തത നിറഞ്ഞ ഒരു മുഖം!
അതില്‍ ഇടവിട്ടുകൊണ്ടു മാത്രമാണു നീ ചുംബനങ്ങള്‍ അര്‍പ്പിക്കുന്നതെങ്കില്‍ അവള്‍ നിന്നോടു പിണങ്ങില്ലേ?

മത്സ്യങ്ങള്‍ക്കു, പുഴയിലോ, അതൊ അവര്‍ക്കു ഇഷ്ടപ്പെട്ട ജലാശയത്തിലോ ഭക്ഷണം അധികം ലഭിക്കുന്നതു?

കാറ്റിന്റെ ശീല്‍ക്കാരം,ആക്രമണ സ്വഭാവമുള്ളതായി മാറിയാല്‍ വനങ്ങള്‍ എന്താണു ചെയ്യുക?

കരിമുകില്‍മാലകള്‍ കരിനാക്കു നീട്ടി, പൗര്‍ണമി ചന്ദ്രനെ അധിക്ഷേപിക്കുമ്പൊള്‍, അതെന്താണു ചെയ്യുക?

നറു മുല്ലപ്പൂക്കളാല്‍ അലംകൃതയായി, വിവാഹ മണ്ഡപത്തിലേക്കു ആനയിക്കപ്പെടുന്ന സ്വന്ത മകളെ, എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണെന്നു, ഓര്‍മ്മിച്ച്‌, മാതാവ്‌ വ്യാകുലപ്പെടുകയില്ലെ?

വിടപിരിഞ്ഞകലുന്ന, കാമുകിയെക്കുറിച്ചുള്ള ആത്മനൊമ്പരങ്ങള്‍ പോലെ, എഴുതി പൂര്‍ണ്ണമായ ഒരു കവിതയെ ഓര്‍മ്മിച്ചു, കവിയുടെ കണ്ണില്‍ നീര്‍തുള്ളികള്‍ നിറയാറില്ലേ?

ചക്രവാളത്തിന്റെ അനന്തതയിലേക്കു മറഞ്ഞു പോകുന്ന സൂര്യനെ ഓര്‍ത്തു സന്ധ്യാ മേഘങ്ങള്‍ വിലപിക്കാറില്ലേ?

തീരത്തണഞ്ഞു തിരികെ പോകുന്ന തിരകളെ ഓര്‍മിച്ചു വിഷാദം പൂണ്ടിരിക്കുന്ന മണല്‍തട്ടുകളുടെ ഉള്ളില്‍, ആലിംഗനത്തില്‍ നിന്നും വിമോചിതരാകുന്ന ആത്മാക്കളുടെ മൗന നൊമ്പരത്തിന്റെ നെടുവീര്‍പ്പുകള്‍, അലിഞ്ഞിരിക്കുന്നില്ലേ?