Tuesday, March 30, 2010

കൊഴിയാന്‍ മടിക്കുന്ന മോഹങ്ങള്‍...സപ്തവര്‍ണ്ണ തേരിലേറി വന്നു നീ

അന്നെന്റെ സങ്കല്പ സുന്ദര തീരഭൂവില്‍.

ഒരു നീലാകാശത്തിന്‍‍ ചെരുവിലന്നു നാം നിന്നു

ഒരു മൌന സംഗീതത്തിന്‍ മന്ദ്രനിസ്വനം പോലെ.

ഉരിയാടാന്‍ മടിക്കുന്ന മുഗ്ദമാം മന‍സ്സിന്റെ

വ്യ ഥകള്‍ തളച്ചിട്ട മൌന നൊമ്പരങ്ങളുമായ്

വിതുമ്പുന്നൊരധരങ്ങള്‍ സൌമ്യമായ് ഉരുവിടും

സ്വനങ്ങള്‍ക്കു കാതോര്‍ത്തു നിന്നു ഞാനെത്ര നേരം.

മൌനത്തിന്നിടനാഴിയില്‍ പതിച്ചു, നീ അന്നെന്റെ

അരികില്‍ നിന്നൂ സാലഭജ്ഞിക പോലെ,പിന്നാ-

മധുര മന്ദസ്മിതം പോലും, മാഞ്ഞൂ നിന്നധരത്തിന്‍

‍കൊഴിയാന്‍ മടിക്കുന്ന സ്നേഹത്തിന്‍ കനിയെല്ലാം.

ഒരു രഥം കാത്തു നിന്നതിലെത്തി ക്കയറുവാന്‍

‍തൊട്ടുതൊട്ടിരുന്നു കൊണ്ടായിരം സ്വപ്നങ്ങളെ

നിത്യവും താലോലിക്കാന്‍, സ്വര്‍ഗ സംഗീതം കേള്‍ക്കാന്‍

രാഗത്തിന്‍ കനികളെ ചേര്‍ക്കുവാന്‍ കൊതിച്ചൂ നാം..

പാഴ്ക്കിനാവായ് തീര്‍ന്നോരീ വ്യ ര്‍ഥ സങ്കല്പങ്ങള്‍

‍താലോലിച്ചെത്ര നാള്‍‍ നാം ഇനിയും കഴിയേണം?
നുകരാന്‍ കൊതിച്ചൊരാ മാകന്ദപ്പൂങ്കനികള്‍‍

‍കൊഴിഞ്ഞു പോകാതെ നാം എത്ര നാള്‍ കാത്തീടേണം?

ഒരു മുഗ്ദ നിശ്വാസത്തിന്‍ കാറ്റു വന്നതില്‍ തട്ടി

“തകരല്ലെ”ന്നുള്ളൊരു മോഹമാം സങ്കല്പത്തില്‍.....

Monday, March 29, 2010

എന്റെ പ്രണയിനി.....


എന്‍ വഴിത്താരയില്‍ എന്നും വിടരുന്ന
സൗ ന്ദര്യ പുഷ്പമെ നീ എനിക്കായ്‌
നിത്യം എന്‍ ആത്മാവിലെങ്ങും നിറയുന്ന
സൗരഭ്യമായ്‌ എന്നും മാറുകില്ലെ?
ഇന്നലെ നീ എന്റെ മാനസ ക്ഷേത്രത്തില്‍
മന്ദാര പൂങ്കണി ആയതില്ലേ?

അജ്ഞാതമായൊരു പിന്‍ വിളി കേട്ടു ഞാന്‍
ഞെട്ടിത്തരിച്ചങ്ങു നിന്നു പോയീ.
പൂവും പ്രസാദവും കൈകളിലെന്തി നീ
ചാരു മന്ദസ്മിത ലാസ്യമോടെ
ശാലീന സൗന്ദര്യധാമമായൊമനേ
എന്നന്തികത്തില്‍ വിരുന്നു വന്നു.

നിത്യ നൂതനമാകും ഗംഗാ പ്രവാഹമായ്‌,
വൃന്ദാവനം തന്റെ നിത്യ രോമാഞ്ചമായ്‌,
ചാരു യമുനയിൻ കളകളാഞ്ജലിയായി,
സരയൂ പുളിനത്തിന്‍ പര്‍ണ്ണ ശാലകളായി,
നിത്യ കുതൂഹലം ചാര്‍ത്തി ഒഴുകുന്ന
സ്വഛ സ്പടിക നീര്‍ ധാരയായി,
ശാന്തി തന്‍ വേദിയിലെന്നുമുറങ്ങുന്ന
കാനന ഛായയായ്‌ നീ എനിക്കു.

സാഗരത്തിരകള്‍ തന്‍ സൗന്ദര്യ ലഹരിയായ്‌,
ഉള്ളിന്റെ ഉള്ളിലേ ജീവസ്പുരണമായ്‌,
ഉള്ളിലൊടുങ്ങാത്ത ദാഹമായി,
എന്‍ മിഴിച്ചെപ്പിലെ പൊന്‍ കതിരായി, നീ
അന്തരാത്മാവിന്റെ സംഗീതമായ്‌.
നിന്‍ നെഞ്ചിലുതിരുന്ന താളങ്ങളിന്നെന്റെ
നിത്യ കാമനയായ് ഉതീര്‍ന്നിടുന്നു.

Monday, March 22, 2010

ശോകസാന്ദ്രമായ ഒരു ഞായറാഴ്ച....
ഞായറാഴ്ച വിഷാദ മൂകമാണു!
എന്റെ യാമങ്ങള്‍ എല്ലാം നിദ്രാ വിഹീനങ്ങളും...
പ്രിയമുള്ളവനേ!
എണ്ണിയാലൊടുങ്ങാത്ത നിഴലുകളോടൊപ്പം ഞാന്‍ ജീവിയ്ക്കയാണു.
വിഷാദ മൂകമായ കറുത്ത ശവവണ്ടി നിന്നെ വഹിച്ചുകൊണ്ടു പൊയ ഇടത്തില്‍ ,
വെള്ള നിറമുള്ള കുഞ്ഞു പൂക്കള്‍ നിന്നെ ഇനി ഒരിക്കലും ഉണര്‍ത്തുകയില്ല.

ദേവദൂതന്മാര്‍ നിന്നെ തിരികെ വിടുന്നതിനേ കുറിച്ചു ചിന്തിക്ക പോലുമില്ല.
ഞാന്‍ നിന്റെ സവിധത്തിലേക്കു വരാന്‍ ആഗ്രഹിച്ചാല്‍,
അവര്‍ക്കു വിരോധം തോന്നുകയില്ലേ?
വിഷാദ ഭരിതമായ ഞായറാഴ്ച!
ഞായറാഴ്ച ശോകമൂകമാണു.....


നിഴലുകളോടൊപ്പം, ഈ ദിവസം ഞാന്‍ ചിലവഴിക്കയാണു.
എന്റെ ഹൃദയവും ഞാനും കൂടി ഒന്നു തീരുമാനിച്ചിരിക്കുന്നു.
താമസിയാതെ തന്നെ അവര്‍ പൂക്കള്‍ കൊണ്ടു വരും...
സന്താപമഗ്നമായ പ്രാര്‍ത്ഥനകള്‍ ചൊല്ലും....
എനിക്കറിയാം.
അവര്‍ ബലഹീനരാകരുതു.
പോകാന്‍ എനിക്കു അത്യധികം സന്തോഷമാണെന്നു അവര്‍ ധരിച്ചു കൊള്ളട്ടെ.

മരണം ഒരു സ്വപ്നമല്ല.
എന്തെന്നാല്‍, മൃത്യുവില്‍, ഞാന്‍ നിന്നെ ആലിംഗനം ചെയ്യും;
ഓമനിച്ചു ഉമ്മ വച്ചു കൊണ്ടിരിക്കും.
എന്റെ ആത്മാവിന്റെ അവസാന നിശ്വാസം പോലും നിന്നെ അനുഗ്രഹിച്ചുകൊണ്ടിരിക്കും...

ശോകപൂരിതമായ ഞായറാഴ്ച്ച ഞാന്‍ സ്വപ്നം കാണുന്നുവോ?
ഞാന്‍ സ്വപ്നം കാണുക ആയിരുന്നോ?

ഞാന്‍ ഞെട്ടി ഉണര്‍ന്നു!
എന്റെ ഹൃദയത്തിന്റെ അഗാധതയില്‍ ,
നീ മയങ്ങി കിടക്കുന്നതു ഞാന്‍ കണ്ടെത്തി.
ഞാന്‍ നിന്നെ കാണുന്നു പ്രിയനേ!
എന്റെ ഓമനേ!
എന്റെ സ്വപ്നം നിന്നെ പ്രാപിച്ചിട്ടില്ലെന്നു ഞാന്‍ കരുതട്ടെ.
നിന്നെ എത്രമാത്രം എനിക്കു ആവശ്യം ഉണ്ടെന്നു
എന്റെ ആത്മാവു നിന്നോടു പറഞ്ഞു കൊണ്ടിരിക്കുന്നു..
ശോകാര്‍ദ്രമായ ഞായറാഴ്ച!............


(മൂല കവിത “ഗ്ലൂമി സണ്ടേ“ എന്ന പേരില്‍ സാറാ മാക്‌ ലാച്ചലാന്‍ എന്ന കവിയിത്രിയുടേതു.)

Saturday, March 13, 2010

സ്വപ്നാടനം....


പുളകത്തിൻ പൂവാട പട്ടിനുള്ളിൽ
പുതുമ തന്‍ കുളിരിന്റെ മാധുരിയിൽ
പരിശപ്ത ജീവിതം മായ്ചു നീക്കി
പരിചില്‍ ഞാന്‍ നിന്നടുത്തെത്തുകില്ലേ?

സ്വപ്നാനുഭൂതികള്‍‍ നിന്റെ മുന്നില്‍
സ്വര്‍ഗം ചമക്കുകയായിരിക്കും.
കരളിന്റെ തന്ത്രികളെല്ലാമൊരുമിച്ചു
കളകളം പാടുകയായിരിക്കും.......

സ്വര്‍ഗീയ നിര്‍വൃതി തിങ്ങിത്തുളുമ്പുമാ
സ്വപ്നങ്ങള്‍ ഒക്കെയും മാഞ്ഞു പോയി.
നിന്നെക്കുറിച്ചുള്ളോരോര്‍മ്മകളോരോന്നു-
മെന്‍ ചിത്തമാകെ നിറഞ്ഞു നില്‍പൂ.

ചാരുവാം ദുഃഖസ്മൃതികളെന്നില്‍
മല്‍സഖീ എന്നശ്രുധാരയായി.
അനുരാഗലോലമാം നിര്‍വൃതിയില്‍
എന്നന്തരത്മാവലിഞ്ഞിടുമ്പോള്‍,
‍ഓമല്‍കിനാക്കളിന്നെന്റെ ചുറ്റും
ഓടി അണഞ്ഞുമ്മ നൽകിടുന്നു.

ശോകസങ്കുലമാമെന്നത്മാവില്‍ ‍നീ
പൊഴിച്ച സ്നേഹമധുരമാം സാന്ത്വനങ്ങള്‍
‍മൃത്യുവിന്നപ്പുറത്തെന്നുമെന്നും,
എന്നിലേ എന്നിലൊളിച്ചിരിക്കും...........

ഭഗ്ദാനുരാഗം....
അനുരാഗലോല വിവശയായി അരികത്തു വന്നെന്റെ
അനുപമ സൌന്ദര്യധാമമേ നീ..
നിന്‍ മൃദുഹാസ തരംഗമെന്നെ
സ്വര്‍ലോക ഗംഗയിലൂയലാട്ടി.
സുഖസുഖദമായൊരു ലഹരിയിലന്നു നാം
ആലിംഗനാശ്ലേഷ ബദ്ധരായി.
മഴവില്ലു തൊല്‍ക്കുമാപ്പൂങ്കവിളില്‍ നിന്നു-
മനവദ്യചുംബനപ്പൂ കവര്‍ന്നു.

അഴലിന്റെ നൊമ്പരം മാഞ്ഞുപോയി,
മനസ്സിന്‍ ഹിമകണം ബാഷ്പമായി.
അഴകാര്‍ന്ന മോഹങ്ങള്‍പൂവിടര്‍ത്തി,
അകതാരിലെങ്ങും നിറഞ്ഞു നിന്നു.
ഹൃദയാഭിലാഷങ്ങള്‍ പൂവണിഞ്ഞു
മദനോത്സവങ്ങള്‍ മതി നിറച്ചു.
മധുര മനോഹര സാന്ദ്രമാകും
മദകര നിദ്രയിലാണ്ടു നമ്മള്‍
‍മദനാനുഭൂതിയില്‍ മലരമ്പനെയ്തൊരു
മാകന്ദപ്പുഷ്പങ്ങള്‍ നീ പുണര്‍ന്നു.........

വാര്‍മുടിത്തുമ്പില്‍ നിന്നൂര്‍ന്നൊരാ പുഷ്പങ്ങള്‍
തൂമെത്തയാകെ നിറഞ്ഞിരുന്നു.
നെറ്റിയില്‍ ചന്ദനപ്പൊട്ടടര്‍ന്നു
കവിളില്‍ കരിമഷി പ്പാടുകളും
അധരങ്ങള്‍‍ ചെമ്പനീര്‍ പൂക്കളായി
നനവാര്‍ന്ന മിഴികള്‍‍ തുളുമ്പി നിന്നു.....

ഇനിയെന്താണോമലേ നീ കൊതിച്ചാ-
പ്രണയ സൌധങ്ങള്‍ തകര്‍ന്നടിഞ്ഞു
എന്നന്തരാത്മാവില്‍ നീ വരച്ചോ-
രായിരം മോഹപുഷ്പങ്ങളെല്ലാം
കാലമെന്നുള്ള പ്രഹേളികയില്‍
വാടി തളര്‍ന്നുകൊഴിഞ്ഞു പോയീ...

Friday, March 05, 2010

കാതോരം.......

നിഴലും നിലാവും നിറമാല ചാര്‍ത്തി
വിടരുന്ന പൂവിന്റെ മിഴിയിതള്‍ നല്‍കുന്ന
പരിമളം മായാതെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍;

അനുരാഗ പൂമുല്ല പൂങ്കാവനത്തിലേ
നിറമുള്ള ശലഭമായ് പാറി പറക്കുവാന്‍;
രാഗോജ്വലങ്ങളാം ഭാവാനുദീപ്തി
എന്നാത്മാവിലാനന്ദ ദീപം കൊളുത്തുവാന്‍;

പുല്‍കൊടി തുമ്പിലേ മുത്തായ നീഹാര-
പ്പൊൻമണിക്കുള്ളിലെ കുളിരഴകാകുവാന്‍;
ഏകാന്തമാകുന്നൊരെന്റെ മനസ്സിന്റെ
കാതര സ്വപ്നങ്ങള്‍, നിന്‍ നെഞ്ചിലേറ്റുവാന്‍‍;

നീറുമെന്നാത്മാവിനുള്ളില്‍‍ നിറഞ്ഞൊരാ മോഹ-
ഭംഗങ്ങളെ, കാതോരമായി പകര്‍ന്നു കൊടുക്കുവാന്‍;
ആരൊരുമോരാതെ താലോലിച്ചീടുന്നൊ-
രായിരം മോഹങ്ങള്‍‍ കെട്ടിപ്പുണരുവാന്‍;

നിന്‍ ചുണ്ടിണയിലേ മകരന്ദമാമൊരു ചുംബന
പ്പൂക്കളെ‍, എന്‍ ചുണ്ടിലേറ്റുവാന്‍;
നിന്‍ കരവലയത്തിന്‍ സുഖകരമായൊരു
നിര്‍വൃതി നിത്യം, എന്‍ നെഞ്ചിലേറ്റുവാന്‍;

പിടയുന്നു ഞാനിന്നീ വിരസമാം ശയ്യയില്‍.
വരുകെന്റെ നായകാ, താവക ദര്‍ശനമെന്നുമെൻ
ചിരകാല‍ അഭിലാഷ പൂര്‍ണിമയാക്കിടാന്‍.