Friday, December 21, 2007

ഗളിവെര്‍സ്....

യോനാഥാന്‍ സ്വിഫ്റ്റിന്റെ "ഗളിവേര്‍സ്‌ ട്രാവല്‍സ്‌" ഓര്‍മ്മയില്ലേ?

നാമെല്ലാവരും ഒരു ജീവിത കാലം മുഴുവന്‍ "ഗളിവേഴ്സ്‌' ആയിട്ടാണു ജീവിയ്ക്കുന്നതു! ജീവിതത്തിന്റെ നിമ്നോന്നതകളില്‍ നാം എല്ലാവരും " ലില്ലിപ്പുട്ടുകാരുടെ" തടവറയില്‍...നിലം പറ്റി കുഞ്ഞു കുഞ്ഞു ചരടുകളാല്‍ ബന്ധിതരായി ജീവിയ്കുന്നു. ആ കുഞ്ഞു ചരടുകള്‍ എന്തെല്ലാമാണു? ഭയാശങ്കകള്‍, ഉല്‍കണ്ഠ,നൈരാശ്യം,ഭീതി, കുറ്റബോധം, വിഷാദാത്മകത, അഹംഭാവം, മാനസികമായും, ആത്മീകമായും ഉള്ള അസ്വസ്ഥതകള്‍,ക്രമരാഹിത്യം അങ്ങനെ പലതും....

ജീവിതത്തിന്റെ വികാര വിക്ഷോഭങ്ങളെ നേരിടാനുള്ള ധൈര്യം ഇല്ലാതെ, അതില്‍ നിന്നും മുക്തി നേടാന്‍ അവസരം പാര്‍ത്തു കൊണ്ടു, അന്വെഷിച്ചു കൊണ്ടു, ശ്രമിച്ചിട്ടും നടക്കാതെ, അവസാനം നിസാരമായ കൊച്ചു കൊച്ചു കടുംകെട്ടുകളിലും, കുരുക്കുകളിലും, സങ്കീര്‍ണതകളിലും അകപ്പെട്ടു പോകുന്നു. അതു ഒരു സ്വഭാവമായിത്തീരുന്നു. "കോമ്പ്ലെക്സ്‌"!

അങ്ങനെ ഉള്ള ഒരാള്‍ പ്രഞ്ജാശൂന്യനായ, ശക്തി നഷ്ടപ്പെട്ട 'ഗളിവര്‍" ആയിത്തീരുന്നു. അയാള്‍ സ്വന്തം ബിസിനസ്സിലോ. ആഫീസിലോ, ജോലിയിലോ, ഒരു പ്രതിഭാശാലി അയിരിക്കാം. ഒരു നല്ല പിതാവോ, മാതാവോ, ആകാം. നല്ല വാഗ്ദാനങ്ങള്‍ ഉള്ള ഒരു വിദ്യാര്‍ത്ഥിയോ, ആകര്‍ഷകത്വം തുളുമ്പുന്ന ഒരു യുവാവോ ആകാം. എന്നാല്‍ അയാളുടെ കയ്യും, കാലും സ്വയം കഴിവില്ലായ്മയെ പഴിക്കുന്ന, കുഞ്ഞു ചരടുകളാല്‍ ബന്ധിതമായിരിക്കുന്നു. അനിശ്ചിതാവസ്ഥയില്‍ കാലം കഴിക്കുന്നു. അറിവു കൂടുതലായി നേടി എടുക്കാനോ, ജോലിയില്‍ മുന്നേറാനോ, സാമൂഹ്യ ബന്ധങ്ങള്‍ വിപുലമാക്കാനൊ, സ്വന്തം വ്യക്തിത്ത്വത്തെ വളര്‍ത്താനോ ഒക്കെ ശ്രമിക്കുന്നുണ്ടാവാം. പക്ഷെ അതെല്ലാം അപൂര്‍ണമായി അവശേഷിക്കുന്നു. തന്റെ വ്യക്തിത്ത്വം മുഴുവനായി അസ്ഥിരമായ ഒരു അടിസ്ഥാനത്തില്‍ പണിതുയര്‍ത്തിരിക്കുകയാനെന്ന ബോധം! അതു ദ്രവീകരിച്ചു തുടങ്ങിയിരിക്കുന്നു എന്നുള്ള ഒരു സ്ഥിതി വിശേഷമായ അറിവു, താന്‍ ആയി തീരേണ്ടിയിരുന്ന ഉല്‍ക്കര്‍ഷേച്ഛയുടെ ഉള്ളില്‍ കൂടി അവന്റെ വ്യക്തിത്വത്തിന്റെ വേരറക്കുന്നു.

ഒരു പക്ഷിയുടെ കാലില്‍ കെട്ടി വയ്ക്കുന്ന ഒരു ഈയക്കട്ടി പോലെ, അവന്റെ ആത്മാവിനേ താഴേക്കു വലിക്കുന്നു. ഉയരത്തിലെക്കു പറന്നുയരാന്‍ അനുവദിക്കാതെ.......

Wednesday, December 19, 2007

അസൂയ....



ഒരു പുല്‍ക്കൊടിയില്‍ ഇരുന്നു,വിശ്രമിക്കുന്ന മിന്നാമിനുങ്ങിനെ,
ഒരു നാള്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ കൂടി നടക്കുമ്പോള്‍
ഞാന്‍ കണ്ടു.....


ഒരു വജ്രം പോലെ അതു തിളങ്ങിക്കൊണ്ടിരുന്നു..
അപ്പോള്‍ ഒരു തവള കുറ്റിക്കാട്ടില്‍ നിന്നു ഇറങ്ങി വന്നു.
ആകെമാനം വൈരൂപ്യം നിറഞ്ഞ, ഒരു വൃത്തികെട്ട തവള!
ഒരു കള്ളനെപ്പോലെ, പതുങ്ങി പതുങ്ങി അതു മിന്നാമിനുങ്ങിനരുകില്‍...
എന്നിട്ടു അതിന്റെ ദേഹത്തു കാര്‍ക്കിച്ചു തുപ്പി.
"ഞാന്‍ എന്തു ചെയ്തിട്ടാണു എന്റെ ദേഹത്തു തുപ്പിയതു?"
മിന്നാമിനുങ്ങു ചോദിച്ചു.
" ഞാന്‍ സ്വസ്ഥമായി ഈ രാത്രിയില്‍ ഇവിടെ ഇരിക്കുകയാണല്ലോ.

""ഒന്നുമല്ല." തവള മറൂപടി പറഞ്ഞു. " നീ എന്തിനാണു ഇത്രകണ്ടു ശോഭയോടുകൂടി പ്രകാശം പരത്തുന്നതു?"....
0000000000000


'" ചൂടാതെ പോയ്‌ നീ, നിനക്കായി ഞാന്‍
ചോരചാറിചുവപ്പിച്ചൊരെന്‍ പനീര്‍പൂക്കള്‍.
‍കാണാതെ പോയ്‌ നീ, നിനക്കായ്‌ ഞാനെന്റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍."

Monday, December 17, 2007

ചാത്തന്‍സ്.......

ചാത്തന്‍സ്‌.....സാക്ഷാല്‍ ചാത്തന്‍സ്‌!
ഇതു വി.കെ.എന്‍.വക ചാത്തന്‍സ്‌ അല്ല.
ഇതു മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തിയിലുള്ള ലാട്ടൂര്‍
എന്ന സ്ഥലത്തെ ബത്തോന്‍പുരാ എന്ന ഗ്രാമത്തില്‍
നടന്ന സംഭവമാണു. അവിടെ ഗ്രാമത്തിലെ സ്കൂളില്‍ പഠിക്കാന്‍
വരുന്ന കുട്ടികളുടെ ദേഹത്തു ചാത്തന്‍സ്‌"മലം" കൊണ്ടു അഭിഷേകം നടത്തിയനുഗ്രഹിക്കുന്നു. പരിസരത്തു പോലും ആളുകള്‍ക്കു കടന്നു
വരുവാന്‍ കഴിയുന്നില്ല. അവര്‍ക്കും ‘അഭിഷേകം‘ കിട്ടിയതു തന്നെ.
ഒരു സംഘം പത്രലേഖകര്‍ വാസ്തവം അന്വെഷിച്ചു വന്നിട്ടു സ്കൂളില്‍ ചെന്നപ്പോള്‍, ഗ്രാമ പ്രമുഖനുമായി സംസാരിച്ചിരിക്കുമ്പോള്‍‍,
ചാത്തന്‍സ്‌ പണി പറ്റിച്ചു. വരാന്തയില്‍ എല്ലാവരുടെയും മുന്നില്‍
ദുര്‍ഗന്ധ മഴ!

മിടുക്കന്മരായ ചില കുട്ടികള്‍ സ്കൂള്‍ ഹാളിന്റെ ഉള്ളില്‍ പരതി നോക്കി. അവരുടെ തലയിലും വീണു ‘അഭിഷേകം‘.
അയല്‍ വക്കത്തുള്ള ചില വീടുകളില്‍ ഭക്ഷണ സമയത്തു പാത്രത്തില്‍ തന്നെ "മലം" വിളമ്പി. കുട്ടികളും അദ്ധ്യാപകരും കൂടി വേറോരിടത്തു താല്‍കാലികമായി ക്ലാസ്സുമുറികള്‍ തയ്യാറാക്കി പഠിത്തം തുടരാന്‍ ശ്രമിച്ചു. പക്ഷേ അവിടെയും അക്ഷര വൈരിയും,വിവര ദോഷിയുമായ ചാത്തന്‍സ്‌ ഇടപെട്ടു. ക്ലാസ്സ്‌ മുടക്കി.

ലട്ടൂര്‍,ബീഡാര്‍ ജില്ലകളീല്‍ മുന്‍പു പ്രചാരത്തിലുണ്ടായിരുന്ന 'ബനമതി' എന്ന ആഭിചാരക്രിയ ആണു ഇതിനു പിന്നില്‍ എന്നു ജനം പറയുന്നു.(മലബാറില്‍ പണ്ടു പ്രയോഗത്തില്‍ ഇരുന്ന 'ഒടി വിദ്യ' ക്കു തുല്ല്യമാണ്‍). ഇതിനു മറുമരുന്നു ഇല്ല. പരാതി ലഭിച്ച ജില്ലാ അധികൃതരും പോലിസും സംഗതി നേരില്‍ കണ്ടു അനുഭവിച്ചതോടേ അവരും പിന്മാറി. ഒരു യുക്തിവാദി സംഘടന അന്ധവിശ്വ്വാസങ്ങള്‍ക്കു എതിരായി ബോധവല്‍ക്കരണം നടത്തുവാന്‍ ശ്രമിച്ചിട്ടു ‘ അഭിഷേകം‘ നടന്നപ്പൊള്‍ ഓടിപോയി. പ്രയോഗം കണ്ട ചിലര്‍ക്കു ബോധക്കേടുണ്ടായി. സ്ഥലം എം.എല്‍.എ.യെ നാട്ടുകാര്‍ സ്കൂളിലേക്കു കൂട്ടിക്കൊണ്ടു വന്നു. കാര്യം മനസിലാക്കിയ അയാള്‍ പിന്നീട് ആ വഴി വന്നിട്ടില്ല. ചാത്തനേറു മനസിലാക്കുവാന്‍ വന്ന പത്രപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ ഹെബ്ബു തട്ടിപ്പു മനസ്സിലാക്കാന്‍ വന്നപ്പോള്‍, ചാത്തന്റെ 'നിവേദ്യം' അകാശത്തു നിന്നും വന്നുവീഴുന്നതു കണ്ടു. സംശയം തീര്‍ത്തു തിരികെ പോയി.
എല്ലാവരും പറയുന്നു "ഈ പ്രശ്നത്തിനു പരിഹാരമില്ല".
യാഥാര്‍ത്ഥം കണ്ടെത്തുവാന്‍ ആരെങ്കിലും തയ്യാര്‍ ആകുമോ?

Monday, December 10, 2007

തുയിലുണര്‍ത്തല്‍!.......republished

സന്തുഷ്ടി നിറഞ്ഞ ആ പുലര്‍കാല‍‍ വേളയില്‍
നീ എന്നില്‍ മൂന്നു ചുംബനങ്ങള്‍ അര്‍പ്പിച്ചു.
ഈ സ്നേഹം വഴിയുന്ന നിമിഷങ്ങളിലേക്കു
എന്നെ തുയില്‍ ഉണര്‍ത്താനായി മാത്രം....

എന്തു സ്വപ്നമാണു ഈ നിശീഥിനിയില്‍ ഞാന്‍ കണ്ടതെന്നു
ഞാന്‍ എന്റെ ഹൃദയത്തില്‍ തിരയുകയായിരുന്നു.
അതിനിടയിലാണു ജീവന്റെ തുടിപ്പുകള്‍ ഉള്‍‍ക്കൊണ്ട
നിന്റെ ചുംബനങ്ങള്‍ ഞാന്‍ അറിഞ്ഞതു!

എന്റെ കിനാവുകള്‍ എന്തായിരുന്നെന്നു ഞാന്‍ കണ്ടെത്തി.
പക്ഷെ, നിറഞ്ഞു നിന്ന പൂന്തിങ്കള്‍, എന്നെ അതിനിടയില്‍
ആകാശവിതാനത്തിലേക്കു ഉയര്‍ത്തിക്കൊണ്ടു പോയി.
ഞാന്‍ അവിടെ തൂങ്ങി കിടക്കുകയായിരുന്നു.
എന്റെ ഹൃദയം നിന്റെ കാലടി പാതയിലേക്കു
വീഴുന്നതു എനിക്കു കാണാമായിരുന്നു.

എന്റെ പ്രേമത്തിന്റെയും, ഹൃദയത്തിന്റേയും മധ്യത്തില്‍
ക്രമേണ...സാവധാനത്തില്‍... നടക്കുന്ന പലതും..അല്ല എല്ലാം തന്നെ
എന്റെ സ്മരണയില്‍ തെളിഞ്ഞു വരുന്നതു ഞാന്‍ മനസിലാക്കി.

എനിക്കു നിന്റെ കരാംഗുലികള്‍‍ കാണാന്‍ സാധിക്കുന്നില്ല;
എങ്കിലും നിന്റെ തൂവിരല്‍ സ്പര്‍ശം എന്നെ ആനന്ദിപ്പിക്കുന്നു.
നിന്റെ ചുണ്ടിണകള്‍‍ ഞാന്‍ കാണുന്നില്ലെങ്കിലും,
അതിലോലമായ നിന്റെ ചുംബനങ്ങള്‍‍ ഞാന്‍ ഏറ്റു വാങ്ങുന്നു.
നീ എന്നില്‍ നിന്നും മറഞ്ഞിരിക്കുകയാണല്ലൊ.

എന്നാലും, എനിക്കു ജീവന്‍ പകര്‍ന്നു തരുന്നതു നീയാണല്ലൊ.
എപ്പോഴെങ്കിലും നീ നല്‍കുന്ന ചുംബനങ്ങളില്‍ നിനക്കു വിരസത
തോന്നിയേക്കാം. എങ്കില്‍ തന്നെയും- നിന്റെ ശകാരങ്ങള്‍‍ പോലും എനിക്കു ആസ്വാദ്യതരമാണു!

ഒരു കാര്യം മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളു.
നീ അല്പമെങ്കിലും ശ്രദ്ധ എനിക്കു നല്‍കണം....
അതു മാത്രം!

Saturday, December 01, 2007

ഓര്‍മ്മയുടെ തിരുമുറ്റത്തു.....

നിന്നോര്‍മ്മയിലെന്‍ ജീവിതമാകെ തളര്‍ന്നുറങ്ങുമ്പോള്‍‍
മധുരിതമാകും കിനാക്കളുള്ളില്‍ നടനം ചെയ്യുന്നൂ.
മനസിനുള്ളില്‍ വിരിഞ്ഞു നില്‍ക്കുമൊരോമന സ്വപ്നവുമായ്
നിലാവിനുള്ളില്‍ നിന്നുമിറങ്ങിയൊരപ്സരസായീ നീ.
അനന്ത നീല വിഹായുസ്സിനുള്ളില്‍ മറഞ്ഞു പോയോ നീ?

വിണ്ണീലുറ‍ങ്ങിയപൂന്തിങ്ക ളിന്നവള്‍‍ക്കു കൂട്ടായി
കണ്ണില്‍ നിന്നു മറഞ്ഞൊരു സുന്ദരതാരകമായീ നീ.
മണ്ണില്‍ വീണു തകര്‍ന്നു മരിച്ചൊരു ചാരു സ്മരണകളേ
വര്‍ണ്ണപ്പൊട്ടുകളായിന്നേറ്റും മന‍സിന്‍ യവനികയില്‍.

വസന്ത രാഗ വിലാസം പേറും പൂവണി മാസത്തില്‍
ആശകളോരോന്നായിട്ടെന്നില്‍ വിരുന്നു വന്നീടും.
കഥ പറയുന്നോരാകാശത്തിന്‍ മണിയറ പൂകീ നീ
കരളിന്നുള്ളില്‍ കരയുന്നൊരു മമ രാവിന്‍ കഥ കേട്ടോ.

മധുരിതമാകും, ഹൃദയേ നീ അന്നുതിര്‍ത്ത സംഗീതം
കനലുകളെന്നില്‍ വിതറുന്നെന്നുടെ മുറിവുകളായ് തീര്‍ന്നു.
പലതും തേടും, പലതും നേടും ജീവിത ധാരയിതില്‍
പകര്‍ന്നു തരുവാനുള്ളതു നിന്നുടെ ദുഃഖ സ്മൃതി മാത്രം!