Sunday, January 06, 2008

മണിമുത്തു....

എന്നുമെന്നാത്മാവിലെങ്ങും നിറയുന്ന
സുന്ദര വാസന്ത സ്വപ്നമരീചികേ,
നിന്നോമല്‍ നാദ മുരളിയില്‍ തങ്ങുന്നു
നിത്യവിസ്മയമാകുമെന്നോമല്‍ ഹര്‍ഷങ്ങള്‍!

വാസന്തപൗര്‍ണമിച്ചന്ദ്രനെപ്പോലെയെന്‍
മുന്നിലായ്‌ നില്‍ക്കുന്നു നിന്‍ പ്രഭാസഞ്ചയം.
പൊന്‍ കതിരാര്‍ന്ന നിന്‍ തൂമണിപ്പുഞ്ചിരി
വര്‍ണ്ണചിറകൊളി നിത്യം പകരുന്നു.
എന്നന്തരാത്മാവില്‍ ചാര്‍ത്തും നിറമാല തന്‍
‍സുന്ദരവര്‍ണ്ണ പ്രസൂനമായി തീര്‍ന്നു നീ.
നിന്‍ മൃദുഹാസത്തിന്‍ നിര്‍വൃതി പൂക്കുന്ന
ലാവണ്യധാര ചൊരിയുന്നു നിത്യവും.
എന്‍ശ്വാസ നിശ്വാസങ്ങളില്‍ ഞാന്‍ തേടും
നവ്യസുഗന്ധാനുഭൂതിയായ്‌ നില്‍പൂ നീ.

എന്നന്തര്‍ദാഹമായ്‌,വിങ്ങലായ്‌,ഹര്‍ഷമായ്‌,
കവിതയായ്‌,സ്വപ്നമായ്‌,മധുമാരിയായ്‌,
പ്രാണനില്‍ പകരുന്ന ജീവാത്മ സുധയായി,
സുരഭിയാം സുഗന്ധമായൊരവ്യക്ത മോഹമായ്‌,
മറക്കുവാന്‍ വൈകുന്നൊരു നല്ല ഓര്‍മ്മയായ്‌,
മായാതെ നിറയുന്ന കുളിരിന്റെ തഴുകലായ്‌,
മധുമാസരാവിന്റെ പൊന്‍ തിങ്കളായി നീ,
ജന്മ ജന്മാന്തര വേളകളില്‍ കൂടി,
ഞാനന്നു നേടിയ പുണ്യ സുകൃതമായ്‌,
ചിതറിപ്പോം മോഹത്തിരകള്‍ തന്നുള്ളില്‍ നി-
ന്നെവിടെയോ തേടിപ്പിടിച്ചൊരു ചിപ്പി തന്‍
‍ഹൃദയത്തിനുള്ളിലൊളിപ്പിച്ചു വച്ചൊരു
അഴകാര്‍ന്ന നിറമുള്ള മണിമുത്തായിന്നു നീ
മല്‍ പ്രാണബിന്ദുവിലെന്നും സ്നേഹാമൃത-
വര്‍ഷം പകരു നീയെന്‍ ഹൃദയേശ്വരി!