Wednesday, October 31, 2012

ഒരു ദുഃഖസ്മൃതി ...





ജീവിതമെന്നെ പഠിപ്പിച്ചതെന്തെന്നതെന്നോടു

നീ അന്നു ചോദിച്ചതോര്‍മ്മയുണ്ടോ?

ഇല്ല, ഞാനിന്നും മറന്നു പോകാതെ, എന്നു-‍

ള്‍ക്കാമ്പിലെന്നുമുണര്‍ത്തുന്നാ വാക്കുകള്

പ്രേമഭിക്ഷക്കായ്‌ ഞാന്‍ നിന്‍ മുന്നില്‍ നിന്നനാളില്‍

ആ വിരല്‍ തുമ്പിലൂറും സ്നേഹ തീര്‍ത്ഥത്താലെന്റെ

മാനസം രാഗാര്‍ദ്രമായ്‌ തീര്‍ത്തൊരാ തൂവല്‍ സ്പര്‍ശം

ഇന്നുമെന്നാത്മാവിന്റെ സംഗീത സുധയല്ലേ!



എരിവേനലെരിയുമീ പ്രാണതന്തുക്കളില്‍

കുളിരാര്‍ന്നൊരനുരാഗപ്പൂമാരി ചൊരിയുവാന്‍

വരുമെന്നു നിരൂപിച്ചു മിഴിപാകി നില്‍ക്കുമീ

അഴലിന്റെ കഥയെന്തെന്നറിയുന്നില്ലേ?

നീയുമെന്നോര്‍മ്മയും, ഞാനുമെന്‍ മൗനവും

നീറിപ്പിടിക്കുമീ വിരഹാഗ്നി ജ്വാലയില്‍

മിഴിനീരു മെഴുകുന്ന കദനത്തിന്‍ ശയ്യയില്‍

വിറപൂണ്ടിരിക്കുന്നൊരെന്നെ മറന്നുവോ?

നീയെനിക്കേകിയ സ്വപ്നങ്ങളൊക്കെയും

വ്യര്‍ത്ഥമോഹങ്ങളായ്‌ തീരുമെന്നോ?

പകലിന്റെ തിരി താഴ്തി മറയുന്നാ സൂര്യന്റെ,

പുലരുമ്പോള്‍ ചൊരിയുന്ന ചിരി പോലെ

കുളിരേകും, പരിരംഭണതിനായ്‌ കേഴുന്ന

മനമോടെ, നിന്നെ ഞാന്‍ തിരയുന്നു നാള്‍ക്കു നാള്‍.

വരിക നീ അരികിലെന്നുയിരിന്റെ ഉള്ളിലെ

മദകര മോഹങ്ങള്‍ സ്വന്തമാക്കാന്‍.

ഒന്നും പഠിക്കാതെ എല്ലാം പഠിച്ചു ഞാന്‍

എല്ലാം നീ എന്നില്‍ പകര്‍ന്നു തന്നു...