
എന്നന്തരാത്മാവില്‍ എന്നും നിറയുന്ന
സുന്ദരരാഗപരാഗമേ നീ
ഒന്നല്ലൊരായിരം രാഗ വര്‍ണ്ണങ്ങളെന്‍
ജീവിത്താരയില്‍ നീ വിരിച്ചു.
ഏതൊരോ ജന്മ സുകൃതമായിന്നു ഞാന്‍
നിന്നന്തികത്തില്‍ വിരുന്നു വന്നു.
കന്നി നിലാവിന്റെ മാസ്മര സന്ധ്യയില്‍
ഒന്നുരിയാടുവാന്‍ ചേര്‍ന്നിരുന്നു.
നിന് കടക്കണ്ണിന്റെ കോണില്‍ നിന്നൂര്‍ന്നൊര
പൊന്‍മുത്തണിഞ്ഞുള്ളോരശ്രുബിന്ദു
സ്നേഹാര്‍ദ്ര സാന്ദ്രമാമെന്റെ മനസ്സിന്റെ
നീഹാര ബാഷ്പാങ്കുരങ്ങളായി.
നീറുമൊരാത്മാവില്‍ രാഗോജ്വലങ്ങളാം
മന്ദാര പൂമഴ പെയ്താ രാവില്‍
സ്വപ്നാനാനുഭൂതികള്‍ എന്‍ ചിത്തമാകവെ
സ്വര്‍ഗ്ഗം ചമക്കുകയായി പിന്നെ.
മിഴികളില്‍ വിടര്‍ന്നൊരാ പ്രണയ സ്വപ്നങ്ങളില്‍
മുഴുകി നീ, മോഹമാമാലസ്യത്തില്‍.
താമര താരൊത്താ പൂവിരല്‍തുമ്പിനാല്‍
തഴുകി എന്‍ തനുവാകെ തൊട്ടുണര്‍ത്തി.
മന്വന്തരങ്ങള്‍ക്കുമപ്പുറത്തെപ്പോഴോ
നിന്നെ ഞാന്‍ തേടി നടന്നൊരാ സന്ധ്യകൾ,
എന്നും നിറഞ്ഞു നില്‍ക്കുന്നിതെന്നോര്‍മ്മയില്‍
പൊന്നുഷസന്ധ്യയായ് നീ വരില്ലേ?......