
തിരകള്‍ക്കറിയുമോ തീരത്തിന്‍ തീരാത്ത ദുഃഖം
കാട്ടാറ റിയുമോ കാനനകന്യ തന്‍ മോഹം
വിടചൊല്ലി മറയുന്ന സന്ധ്യാംബരത്തിന്റെ
വിരഹത്തിന്‍ കഥ എന്തെന്നാരറിവൂ?
മനസ്സിന്റെ മതില്‍ക്കെട്ടിനുള്ളിലുള്ളേകാന്ത
വേദന ഒരു മാത്ര പോലുമിന്നൊഴിയാറില്ല
കരകാണാക്കടലിന്റെയലകളില്‍ ഇടറുന്ന
കൈകള്‍ കരുത്തില്ലാ,തിനിയെത്ര ദൂരം തുഴഞ്ഞു തീര്‍ക്കും?
മനസ്സിന്റെ മണിച്ചെപ്പില്‍ മറയാതെ നില്‍ക്കുന്ന
മധുരിക്കും സ്മരണകള്‍ എന്നുമെന്നെ,
മായൊത്തൊരാവ്യക്ത നൊമ്പരമൊന്നതിൻ
മറുകര കാണാതുലച്ചിടുന്നു.
അറിയാതെ നീയെന്റെ ആത്മാവിനുള്ളിലെ
അനുരാഗ ലഹരിയായ് മാറിയില്ലേ!
മോഹവും തീരാത്ത ദാഹവും കൊണ്ടു നീ
സ്നേഹത്തിന്‍ പൂമാല ചാര്‍ത്തിയെന്റെ
പ്രാണനില്‍ ഹര്‍ഷം പകര്‍ന്നു തന്നു,
കനവുകള്‍ക്കുള്ളിലും, നിനവിന്റെ മാറിലും
കുളിരാര്‍ന്ന കാവ്യം രചിച്ചിരുന്നു.
തിങ്കളും, പൂക്കളും, പുഴയും, പൂമ്പാറ്റയും
മനസ്സില്‍ കവിതയായ് വിരുന്നു വന്നു.
കുന്നിന്‍ ഹരിതാഭയില്‍, മഞ്ഞിന്റെ വിരിമാറില്‍
പുളകം പുതക്കുന്ന, ധന്യമാം മാത്രകള്‍ സ്വന്തമാക്കി.
അമൃത ലയമലിയുമൊരാത്മാവിനുള്ളില്‍ നീ
അഴകാര്‍ന്ന ചിത്രങ്ങള്‍ നെയ്തു നെയ്തെൻ
അഭിലാഷ സ്വപ്നങ്ങള്‍ ധന്യമാക്കി.
പറയാതെ എന്നില്‍ നിന്നകലേക്കു മാഞ്ഞൊരാ
മധുരാനുഭൂതി തന്‍ ലഹരിയേ, ഇന്നു ഞാന്‍
തിരയുന്നു നാള്‍ക്കു നാള്‍ വ്യർഥമായി.
കനവില്‍ വിടര്‍ന്നു വിരിയും സുമസുഗന്ധമായ്,
ഒരു പൊന്‍ വസന്തത്തിന്‍ സ്വരലയ ഭാവമായ്,
കരളിന്റെ ഉള്ളിലേ നറുതേന്‍ മധുരമായ്,
അണയാത്തൊരാരാഗ ദീപമെന്റെ,
വിരഹാര്‍ദ്ര സാന്ദ്രമാം ഹൃത്തിനുള്ളില്‍
നിറദീപ നാളമായ് തീരുവാനായ്
ഇനിയെത്ര ജന്‍മം ഞാന്‍ കാത്തിടേണം?
മിഴികളില്‍ നിറയുന്ന വിരഹത്തിന്‍ കണ്ണുനീര്‍
സുകൃതമായ് തീരട്ടെന്നശ്രുപൂജ!