Sunday, March 02, 2008

കാതരയായ്‌...

മാമകാത്മാവിന്റെ ഉള്ളിലേ,രാഗാഗ്നിയെന്‍
ദേവാ, നീ അണയ്ക്കുവാന്‍ വൈകുന്നതെന്തേ ഇന്നും?
കാലത്തിന്‍ കരാംഗുലി മായ്ക്കുന്ന ചിത്രങ്ങളെന്‍
ഭാവനാ പൂരിതമാം മാനസം വരക്കുന്നു.
എത്രമേല്‍ വാസന്ത രാത്രികള്‍, എകാന്ത ഞാന്‍,
എന്‍ കരള്‍ കൂമ്പിന്നുള്ളിലുറയും മാധുര്യമാം
മുഗ്ദ്ധാനുരാഗപ്രവാഹ സ്മൃതികളെ
കാതരയായ്‌ ഞാന്‍ കാത്തു, കാത്തിരുന്നീടണം?

പ്രാണനിലെനിക്കെന്നും പൊന്നോമല്‍ ഹര്‍ഷങ്ങളെ,
സാന്ദ്രമായ്‌, സുഗന്ധമായ്‌ തഴുകുന്നൊരനുരാഗ-
ക്കുളിരോലും, നിന്‍ സ്വരം കേട്ടീടുവാന്‍, ദര്‍ശനം മോഹിക്കുന്ന
രാഗാര്‍ദ്ര ഹൃദയത്തെ നീ സ്വയം മറന്നുവോ?
ദേവാ, നിന്നനുരാഗം വിസ്മൃതിക്കുള്ളില്‍ മാഞ്ഞോ?

ഓര്‍മ്മ തന്നോളങ്ങളില്‍ നീന്തി ഞാന്‍ കൈകാല്‍ കുഴ-
ഞ്ഞൊരോരോ മാത്ര തോറും ഖിന്നയായ്‌ മേവീടുന്നു.
നീ ഒരു ദുഃഖസ്മരണയായെന്നാത്മാവിന്‍
നോവിന്റെ ഉള്ളില്‍ തുടിക്കുന്ന ഗദ്ഗദം,
മോഹമായ്, വിരഹ നൊമ്പരമായ്‌,താപമായ്‌,
മിഴികളില്‍ അശ്രുവായ്‌,പാഴാകുന്നൊരീ ജന്മമായ്‌
തീര്‍ന്നെങ്കിലും, എന്നെ നീ മറക്കില്ലെന്നുള്ളോരു നിനവില്‍ ഞാ-
നെന്നും കാത്തിരിപ്പൂ നിന്‍ പാദ സ്വനത്തിന്റെ
സ്വരരാഗ സുധയെ ശ്രവിച്ചീടാന്‍.

കനിവോലും താവക മധുമന്ദഹാസത്തിന്‍
പ്രഭയില്‍ ഞാനെന്നെ മറന്നൊരാ രാവുകള്‍
ഇനിയുമെനിക്കത്മാവില്‍ ചിരകാലം സൂക്ഷിക്കാന്‍
അരികില്‍ നീ വരുകില്ലേ, അകതാരില്‍ നിറയില്ലേ?