
രാധികെ നിന്നെ ഞാന്‍ അറിയുന്നു,
ഞാനെന്റെ പിടയുന്ന ജീവന്റെ,
നനവാര്‍ന്നൊരൊര്‍മ്മയായി
മധുരംകിനിയുന്നൊരമൃതായി നിന്നെ ഞാന്‍
ചിരകാലമുള്ളില്‍ തിരയുന്നു മല്‍സഖീ!
മലരിന്റെ മധുരമായ്,
മനസ്സിന്റെ തേനൂറും സ്മൃതികളായി
നിനവിന്റെ നിധിയായി, നൊവുമാത്മാവിന്റെ
വിരഹത്തിന്‍ നീഹാര പുഷ്പമായി
തിരകോതി നിറയുന്ന മനസ്സിന്റെ യമുനയില്‍
പുഴയോരം പുണരുവാനണയുന്നേരം
ഒരു വൃന്ദാവനിയിലേ കാറ്റായി നീ പിന്നെ
കാറ്റിലേ നവ്യ സുഗന്ധമായ് മാറിയാ-
സൌരഭ്യമെന്നില്‍ നിറച്ചതില്ലേ?
ഗതകാല വിസ്മൃതി നിറമാല ചാര്‍ത്തിയോ-
രഴലിന്റെയഴകായി അറിയുന്നു നിന്നെ ഞാന്‍.
ഇടനെഞ്ചില്‍ ഇടറുന്ന താളമായി,
ഹൃദയത്തില്‍ തരളിത രാഗമായി,
നനയുന്ന മിഴികളിലശ്രുവായ് നീ ഇന്നു
കനിവാര്‍ന്നൊരോമന സ്വപ്നമായി...
തഴുതിട്ട വാതില്‍ തുറന്നു നീ ഇന്നെന്റെ
അരികത്തു മൃദുഹാസ ഭരിതയായി,
തഴുകുന്ന കുളിരിന്റെ ധാരയായി .
അനുഭൂതി പകരൂ ഞാനലിയട്ടാ
മധുരമാം കനിവിന്റെ കനവിലെ-
ന്നോമന ലഹരിയായ് നിറയൂ നീ എന്നുമെന്നും......