Saturday, December 22, 2012

അരികിലായ് അമൃതമായ്.....



                   






ഇനിയുമീന്നീരാവിന്‍ കിളി വാതില്‍ചില്ലതില്‍
മയങ്ങുമെന്‍ സൌഗന്ധ പ്രണയ സ്വപ്നം..
ഇനിയുമീരാവിന്റെ മാദക ഗന്ധമെന്‍
സിരകളില്‍ തൂവുന്നു ഹൃദയരാഗം .

മനസിന്‍ നിശാഗന്ധി ചൊരിയുന്നിതാത്മാവിന്‍
തരളമാം    സ്വരബിന്ദു താളലയം.
അരികിലായ് അമൃതമായ് ചൊരിയൂ നിന്‍ മധുഭര
നിര്‍വൃതീ  ഇയലുന്ന  മധുരഹാസം.

അറിയുന്നു ഞാനിന്നു കുളിരുന്നൊരതി
ലോലമനുരാഗമകരന്ദ രാഗസിന്ധു.
തിരയുന്നു ഞാന്‍ നിന്റെ മിഴികളില്‍ നിറയുന്ന
മധുവൂറും മനതാരിന്‍ ബാഷ്പ ബിന്ദു..

നിനവില്‍   കിനാക്കളില്‍ നിറയുന്നു നിന്നോര്‍മ്മ
സരളമായ്, ഹൃദയത്തിന്നുള്‍പ്പൂക്കളില്‍
മധുമാരി ചൊരിയുന്നൊരകതാരില്‍ സ്വപ്നങ്ങള്‍
വല നെയ്തു തളരുന്നീ നിറ സന്ധ്യയില്‍
മറയല്ലേ മായല്ലേ, സ്വപ്നങ്ങള്‍ മായ്ക്കല്ലേ
മധു മാസം വരവായിന്നോമലാളേ,,,,,


Wednesday, October 31, 2012

ഒരു ദുഃഖസ്മൃതി ...





ജീവിതമെന്നെ പഠിപ്പിച്ചതെന്തെന്നതെന്നോടു

നീ അന്നു ചോദിച്ചതോര്‍മ്മയുണ്ടോ?

ഇല്ല, ഞാനിന്നും മറന്നു പോകാതെ, എന്നു-‍

ള്‍ക്കാമ്പിലെന്നുമുണര്‍ത്തുന്നാ വാക്കുകള്

പ്രേമഭിക്ഷക്കായ്‌ ഞാന്‍ നിന്‍ മുന്നില്‍ നിന്നനാളില്‍

ആ വിരല്‍ തുമ്പിലൂറും സ്നേഹ തീര്‍ത്ഥത്താലെന്റെ

മാനസം രാഗാര്‍ദ്രമായ്‌ തീര്‍ത്തൊരാ തൂവല്‍ സ്പര്‍ശം

ഇന്നുമെന്നാത്മാവിന്റെ സംഗീത സുധയല്ലേ!



എരിവേനലെരിയുമീ പ്രാണതന്തുക്കളില്‍

കുളിരാര്‍ന്നൊരനുരാഗപ്പൂമാരി ചൊരിയുവാന്‍

വരുമെന്നു നിരൂപിച്ചു മിഴിപാകി നില്‍ക്കുമീ

അഴലിന്റെ കഥയെന്തെന്നറിയുന്നില്ലേ?

നീയുമെന്നോര്‍മ്മയും, ഞാനുമെന്‍ മൗനവും

നീറിപ്പിടിക്കുമീ വിരഹാഗ്നി ജ്വാലയില്‍

മിഴിനീരു മെഴുകുന്ന കദനത്തിന്‍ ശയ്യയില്‍

വിറപൂണ്ടിരിക്കുന്നൊരെന്നെ മറന്നുവോ?

നീയെനിക്കേകിയ സ്വപ്നങ്ങളൊക്കെയും

വ്യര്‍ത്ഥമോഹങ്ങളായ്‌ തീരുമെന്നോ?

പകലിന്റെ തിരി താഴ്തി മറയുന്നാ സൂര്യന്റെ,

പുലരുമ്പോള്‍ ചൊരിയുന്ന ചിരി പോലെ

കുളിരേകും, പരിരംഭണതിനായ്‌ കേഴുന്ന

മനമോടെ, നിന്നെ ഞാന്‍ തിരയുന്നു നാള്‍ക്കു നാള്‍.

വരിക നീ അരികിലെന്നുയിരിന്റെ ഉള്ളിലെ

മദകര മോഹങ്ങള്‍ സ്വന്തമാക്കാന്‍.

ഒന്നും പഠിക്കാതെ എല്ലാം പഠിച്ചു ഞാന്‍

എല്ലാം നീ എന്നില്‍ പകര്‍ന്നു തന്നു...

Sunday, September 23, 2012

പ്രണയത്തിന്റെ പുരാവൃത്തം..









പ്രണയത്തിന്റെ പുരാവൃത്തം..

പഴയ പ്രേമ ഗാനങ്ങൾ സ്മൃതിയിൽ 
തങ്ങി നിൽക്കുന്നതിൽ നിന്നും പൊഴിഞ്ഞു വീഴുന്നു........
പ്രേമ ലേഖനങ്ങളിൽ നിന്നും സമ്പാദിച്ച ചില പ്രസിദ്ധ
ഗാനങ്ങൾ.....
ഒരു കാലഘട്ടത്തിന്റെ മധുരം മുഴുവൻ തുളുമ്പി
നിറയുന്ന വികാര സാന്ദ്രമായ വാക്കുകൾ ഉൾക്കൊള്ളിച്ചു കൊണ്ടു
പരസ്പരം ഹൃദയം കൈമാറുന്ന ഒരു ശൈലി ഇതായിരുന്നു.
അന്നത്തെ പ്രണയ ഗാഥകൾ ഇത്തരം കവിതകളോ
പാട്ടുകളോ  പ്രേമ സന്ദേശങ്ങളായി  കൈമാറിക്കൊണ്ടിരുന്നു.
ഒരു കടലോളം സ്നേഹം മുഴുവൻ ഈ വരികൾക്കുള്ളിൽ
തിങ്ങി നിറഞ്ഞു നിൽക്കുന്ന കവിതകൾ...



 1.   മള്ളൂർ രാമകൃഷ്ണൻ എഴുതിയ ഒരു ഗാനം.
[1950 കളിൽ കലാലയങ്ങളിൽ പ്രിയമാർന്ന ഒരു കവിത. 
1947 ൽ ഏ.ആർ. കർദാറിന്റെ ‘ദർദ്” എന്ന ചലച്ചിത്രത്തിലെ ‘ ഹം ദർദ് ക അഫ്സാനാ ദുനിയാ കൊ സുനാ ദേംഗേ’ എന്ന  ഗാനം അനുകരിച്ച് എഴുതിയതു]

http://www.raaga.com/player4/?id=104191&mode=100&rand=0.27515528700234937



“ എൻ പ്രിയ തമ നിൻ മുന്നിൽ
മമ ഹൃദയ വ്യഥ പറവേൻ..
ഇരു ജാതിയിൽ നാം പിറന്നു ഹാ
വിധിയുടെ ഹിതം പോലെ...

അന്നൊരു മധുമാസം
ആപ്പുഴ വക്കിൽ നാം
പൂമണ മണിക്കാറ്റേറ്റി-
ട്ടാനന്ദ മാനസരായ്
ആകസ്മികമായ് നിൽക്കേ
മന മോഹന നീയണഞ്ഞു.
നോക്കിയില്ല ജാതി മതം
അനുരാഗ സുവർണ്ണയല.
അതിലാന്ദോളനം ചെയ്തു
ഇരു ഹൃദയ മരാളങ്ങൾ..

അന്നീമത നീതി കരാളം
എരിയുമെന്നാരും നാം.
അറിഞ്ഞില്ലനുരാഗലോലർ
അഴലിന്നു നമുക്കുള്ളിൽ

മറവിക്കുമസാദ്ധ്യം താൻ
മൻ മാധവനേ മറക്കാൻ
ഉയിർ പോകിലും സബാഷ്പം
ഞാൻ എത്തുവേൻ നിൻ മുന്നിൽ....
***********************
2.  അനോനി...

അന്തി മയങ്ങുമ്പോൾ
അമ്പിളി പൊങ്ങുമ്പോൾ
അന്തികത്തെത്തുമോ ദേവാ..
ഈ മലർ ചാർത്തു പോൽ
ഈ മടിത്തട്ടിൽ നീ
വീണു മയങ്ങുമോ  തോഴാ...[2]

പാറിപ്പറക്കുമാ തൂമുടിത്തുമ്പുകൾ
കോതി ഒതുക്കി ഞാൻ വക്കും
ഓമൽക്കവിളണി തൂ വേർപ്പിൻ തുള്ളികൾ
ദാഹിക്കും ചുണ്ടിനാൽ മായ്ക്കും [2]

കോരിത്തരിക്കുമാറെന്നാത്മ  നായകൻ
പാടുന്നതേറ്റു ഞാൻ പാടും
പൂനിലാവിത്തിരി കണ്ണടക്കുമ്പോഴേക്കാ-
വിരി മാറിൽ ഞാൻ ചായും [2]  അന്തി മയങ്ങുമ്പോൾ....
**************************

3.    അനോനി...

സമ്പൂതമെൻ  പ്രേമ സാമ്രാജ്യ വല്ലരി
പൊൻപൂക്കൾ  ചൂടീടുമ്പോൾ
ആ രാഗ വാടിയിൽ ആനന്ദ സീമയിൽ
ഞാൻ നൃത്തമാടീടുമ്പോൾ [2]

ഹേമന്ത നാളിലും വസന്ത രാവിലും
നീ മധു തൂകീടുമ്പോൾ
ഞാൻ രാഗ ൽപ്പ്ലനായ്
അനുരാഗ ലീനനായ്
സംഗീതം പാടീടുമ്പോൾ [2]

എൻ മൃദു മാനസ ഭാസുര ഭാവന
രോമാഞ്ചം  പൂണ്ടീടുമ്പോൾ
പൂംചിറകാർന്നു ഞാൻ
പൂമ്പാറ്റയായി ഞാൻ
പൂങ്കാവിൽ പാടീടുമ്പോൾ [2]

എൻജീവിതാനന്ദപ്പൂങ്കാവിൽ
മോഹന പൂങ്കുയിൽ പാടീടുമ്പോൾ
ആ രാഗ സീമയിൽ
അനുരാഗ വാടിയിൽ
ആറാടും നമ്മളൊന്നായ്......


[ അവസാനിക്കുന്നില്ല....}





Saturday, September 15, 2012

കർപ്പൂരദീപം...



അറിയാതെ നീ എന്റെ മാനസ ക്ഷേത്രത്തിലൊരു
തിരിവെട്ടം പകർന്നു തന്നു.
ദിവ്യാനുഭൂതികള്‍ എന്‍ ചിത്തമാകവേ
വർണ്ണവിരാജികള്‍ വരച്ചു ചേര്ത്തു.
നിന്‍ കര ലാളന നിർവൃതിക്കുളിൽ ഞാനെ-
ന്നേ മറന്നെന്റെ പൊന്നിന്‍ കിനാക്കളേ
പ്രേമാർദ്ര സങ്കൽപ്പ സുന്ദരമാകുമൊരേകാന്ത
രാവിന്റെ രാഗ ലഹരിയായ്‌
താലോലിച്ചൊമനിച്ചുമ്മ വച്ചോ-.
രാമോദമെന്നില്‍ നിറഞ്ഞുനിന്നു.

താരണിച്ചന്ദ്രികച്ചാറൊളി പൂശുമാ
മഞ്ഞലക്കുള്ളിലെ സൗന്ദര്യവും,
മാസ്മരമാകുമാ പൊന്നുഷസ്സന്ധ്യതന്‍
ചാരുവർണ്ണാങ്കിത മാധുര്യവും,
മാമരച്ചാർത്തിന്റെ ഉള്ളില്‍ നിറഞ്ഞൊരാ
ഹേമന്ത വാസന്ത ചൈതന്യവും,
ചാരു മനോഹര സങ്കൽപ്പ ധാരയില്‍
നവ്യസുഗന്ധങ്ങളായണഞ്ഞു.
എന്നന്തരംഗത്തിന്നങ്കണമാകവെ
പൊന്മയിൽ പേടകള്‍ നൃത്തമാടി.

കാലത്തിന്നഞ്ജാതമാം യവനികക്കുള്ളിലെന്റെ
പ്രേമസങ്കൽപ്പങ്ങള്‍ പൊലിഞ്ഞുപോയി.
മായുന്ന ജീവിതത്താരയില്‍ മോഹത്തിന്‍
സൗവ്വർണ്ണപ്പൂ
ക്കള്‍ കൊഴിഞ്ഞു വീണു.
ഒന്നുരിയാടുവാന്‍ കാത്തു നിൽക്കാതെ നീ
എന്നില്‍ നിന്നെങ്ങൊ നടന്നകന്നു.
ഒന്നുമറിയാതെ ഒറ്റയ്ക്കു ഞാനിന്നീ കണ്ണീര്‍
കണങ്ങൾക്കു സ്വന്തമായീ.
നിന്‍ പാദസ്വനമൊന്നു കേൾക്കുവനാശിച്ചെന്റെ
അന്തരാത്മാവിന്നും കേഴുന്നു വിലോലമായ്‌
ഒരു നറു തുളസിക്കതിരായി നിന്നെന്നും നിനക്കാ-
യൊരു കർപ്പൂരദീപമായെരിഞ്ഞുതീരാം..........

Sunday, August 12, 2012

നിന്നെയും കാത്തു..


നീലിച്ച മാനത്തു നക്ഷത്ര രാജികള്‍
ആരാഞ്ഞിരിക്കുന്നുണ്ടമ്പിളിയെ....
ആശയാല്‍ തീര്‍ത്തൊരു മാല്യവുമായിഞാന്‍
ആരോമലെ നിന്നെ കാത്തിരിക്കാം.
മായികമായിടും വാസന്ത രാവുകള്‍
മാനസ വേദിയില്‍ നിന്നകന്നു
മാനത്തു നിന്നു ചിരിച്ചോരെന്നമ്പിളി
മാറീ, പുലര്‍കാല ധോരണിയില്‍.



നിര്‍വൃതി നല്‍കുമീ മന്ദഹാസം
നിന്‍ വദനത്തില്‍ നീ മായ്ച്ചീടൊല്ലേ!
ഞെട്ടറ്റുപോകുന്നിതെന്‍ ഹൃദയം
മട്ടൊന്നു മാറീ നീ പുഞ്ചിരിച്ചാല്‍
സ്വപ്നത്തില്‍ കൂടിയാ നിര്‍‍വൃതികള്‍
പൊട്ടിച്ചിരിപ്പിക്കുന്നിതെന്നെ നിത്യം.
സ്വര്‍ഗത്തിന്‍ വാതിലില്‍ തന്നെ ഞാനും
മുട്ടിവിളിക്കയാണെന്നുമെന്നും.
സ്നേഹാമൃതത്തിന്റെ മാധുരിയില്‍
ലീനമായ് തീര്‍ന്നൊരെന്‍ ചേതനകള്‍
ഓമനിച്ചോമനിച്ചോര്‍മ്മകളെ
കോരിത്തരിപ്പിക്കയായിരിക്കാം.
അനുപമ ലാവണ്യ ധോരണിയില്‍
‍അനുഭൂതി കാണുന്നിതെന്‍ ഹൃദയം.
അമലേ, നിന്‍ അത്മാവിന്നാരാമ വേദിയില്‍
ഒരു വെറും ഭൃംഗമായ്
തീരൊല്ലേ ഞാന്‍!

Wednesday, May 16, 2012

ടാഗോർ കവിതകൾ... [ സ്വതന്ത്ര വിവർത്തനം}





മനോഞ്ജമായ ഈ ഭൂമുഖത്തു മരണമടയാൻ
എനിക്കു ആഗ്രഹം ഇല്ല.
ഈ ലോകത്തിൽ ജീവിക്കുന്ന മനുഷ്യരുടെ
ഇടയിൽ തന്നെ ജീവിക്കുവാൻ ഞാൻ ഇഷപ്പെടുന്നു.
ഈ നിറസന്ധ്യകൾ,മാസ്മരപ്രകൃതി, പുഴകൾ, എന്നും വിരിയുന്ന
സുഗന്ധമെഴുന്ന പൂക്കൾ, ഇതിനെല്ലാമിടയിൽ തുടിക്കുന്ന
ഒരു ഹൃദയത്തിനുള്ളിലൊരിടം കണ്ടെത്താനായെങ്കിൽ...

ഈ മണ്ണിൽ നിതാന്തമായൊഴുകുന്ന ജീവിത യാനം.
ചിരിയും കണ്ണീരുമായി പിണഞ്ഞൊഴുകുന്ന;
സന്താപവും, ആഹ്ലാദവുമെല്ലാം കൂടി ചിരിയും കണ്ണീരും സമ്മിളിതമാക്കി
ഒരു സൌധം പണി തീർക്കാൻ എനിക്കായെങ്കിൽ...
ഞാൻ ആശിച്ചു പോകുന്നു.
അതിനു എന്നാൽ അസാധ്യമായിത്തീരുകയാണെങ്കിൽ;
ഇവിടെ നിങ്ങളുടെ ഇടയിൽ എനിക്കൊരിടം തരൂ.
ഇനിയുള്ള എന്റെ ആയുസ്സ് ഞാൻ അവിടെ ജീവിച്ചു കൊള്ളാം.

പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും നവനവങ്ങളായ പൂക്കൾ
നിങ്ങൾക്കു ഇറുത്തെടുക്കുവാനായി, പരിമള ധോരണിയുമായി
കാത്തു നിൽക്കുന്ന സസ്യജാലങ്ങളെ
ഞാൻ പരിപാലിച്ചുകൊള്ളാം.
അവർ പൊഴിക്കുന്ന മൌന സംഗീതം തിങ്ങി നിൽക്കുന്ന
ഈ ലോകത്തിൽ മരിച്ചു കിടക്കുവാൻ
എനിക്കു സാധ്യമല്ല.

കുഞ്ഞുബി.

Thursday, May 10, 2012

പൂവൻ കോഴി എന്തിനു കൂകുന്നു?









നേരം പുലരാറായി...അലാറാം മുഴക്കുന്ന നാഴിക മണി,സൈറണ്‍ ഇവ ഇല്ലാതെ ഇരുന്ന കാലത്തും, പുലര്‍കാല സുന്ദര സ്വപ്നങ്ങള്‍ക്കിടയിലും നിശ്ശബ്ദതയെ തകര്‍ത്തെറിഞ്ഞു കൊണ്ടു അവന്‍ ഇന്നും കൂവുന്നുണ്ട്‌. കവികള്‍ എഴുതി: "പുലരിയില്‍ പൂങ്കോഴി കൂകിയിട്ടും.... പുലരാറായിട്ടും, പൂങ്കോഴി കൂകിയിട്ടും...എത്ര മനോഞ്ജമായ സങ്കല്‍പ്പങ്ങള്‍!ചരിത്രത്തില്‍ അവനു 2000 വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുവാനുണ്ട്. ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ പത്രോസിനു വേണ്ടി അവന്‍ അന്നു കൂവിയിട്ടുണ്ട്‌. അന്നു അവന്‍ ആവശ്യമായിരുന്നു! ഇന്നു അവനെ കാണാൻ കിട്ടുമൊ?

ഏന്നാല്‍ ഓര്‍മ്മിക്കുക! പുലര്‍കാല സന്ധ്യയില്‍ പൂങ്കൊഴി മാത്രമല്ല, എല്ലാ പറവകളും ആഹ്ലാദ ചിത്തരാകുന്നു. അവരുടെ പുലര്‍കാല ഗാനമേളയുടെ ഒരു ഭാഗമാണു നാം കേള്‍ക്കുന്നതു. രാവിലെ ഒന്നേകാല്‍ നാഴികയുടെ കലാ പരിപാടി! പക്ഷെ കോഴി കൂവുന്നതു അവന്റെ സാമ്രാജ്യം ഉറപ്പു വരുത്തുന്നതിനാണു. മറ്റുള്ള പറവകളുടെ ശബ്ദത്തേക്കാളും സ്വന്തം ശബ്ദത്തിനു ഡെസിബല്‍ കൂടുതല്‍ ഉള്ളതിനാല്‍, നാം കൂടുതല്‍ ശ്രദ്ധിക്കുന്നെന്നു മാത്രം!...പറവകളുടെ എല്ലാം ജീവശാസ്ത്ര പരമായ ക്ലോക്കിലും അതു പ്രോഗ്രാം ചെയ്തിരിക്കുന്നു. വെളിച്ചം കാണുമ്പോള്‍ ചിലക്കുക..കൂവുക..ശബ്ദമുണ്ടാക്കുക...സൂര്യഗ്രഹണം കഴിയുമ്പോള്‍ അപ്പോഴും അവനു കൂവേണ്ടതുണ്ട്‌. അപ്പോള്‍ വെളിച്ചം നല്‍കുന്ന ഉത്തേജനം അവനെ അതിനു പ്രേരിപ്പിക്കുന്നതു കൊണ്ടു മാത്രം.

കോഴി കൂകട്ടെ... കവികള്‍ പാടട്ടെ...ചിത്രകാരന്മാര്‍ വരക്കട്ടെ...കാലം മുന്നോട്ട്‌ അവൻ കൂകി വിടട്ടെ!
കുഞ്ഞുബി.

Friday, January 13, 2012

ഇനി ഞാൻ....




ഒരിക്കൽ ഞാൻ നിന്നെ തീവ്രമായി, ഗാഢമായി, ശാന്തമായി

ഇനിയൊരിക്കലും ആർക്കും സ്നേഹിക്കനാവാത്ത

വിധത്തിൽ തന്നെ, സ്നേഹിച്ചിരുന്നു.

ആ സ്നേഹത്തിന്റെ ചുട്ടുപൊള്ളുന്ന കനൽ ഇന്നും

എന്റെ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നു.

ഇനിയും നിനക്കു ഞാനൊരു നൊമ്പരമാകരുതെന്നു

എനിക്കു നിർബന്ധം ഉണ്ടു. ഇനി മേലിൽ എന്റെ

സ്നേഹം നിന്നെ അലട്ടരുതെന്നും....


ഇനിയൊരാൾ നിന്നെ സ്നേഹിക്കട്ടെ.

ഞാൻ നിന്നെ സ്നേഹിച്ച അതേ നിർലജ്ജതയോടെ,

അതേ വികാര തീവ്രതയോടെ,

ഉള്ളിലെരിയുന്ന നിറഞ്ഞ അസൂയയോടെ തന്നെ..

ആർദ്രമായി, ശാന്തമായി, അനർഗ്ഗളം ഒഴുകുന്ന ഒരു പുഴപോലെ,

പുൽനാമ്പുകളെ ചുംബിക്കുന്ന കുഞ്ഞിക്കാറ്റു പോലെ,

പ്രകൃതിയെ തഴുകിയുറക്കുന്ന കുളിർമ്മയേറുന്ന

ചന്ദ്ര കിരണങ്ങൾ പോലെ....

ആരുമറിയാതെ....


.- കുഞ്ഞുബി