Friday, April 19, 2013

അണയാത്ത ദീപ ശിഖകൾ                     അണയാത്ത ദീപ ശിഖകൾ !.

നിന്റെ ആത്മാവിന്റെ പ്രഭാവലയം,നമ്മെ ചൂഴ്‌ന്നു നിന്ന രാത്രി,
സ്നേഹത്തിന്റെ ദൈവദൂതന്മാര്‍ നമുക്കു ചുറ്റും പറന്നു കൊണ്ട്‌
ആത്മാവിന്റെ കൃത്യങ്ങളെ വാഴ്ത്തിപ്പാടിയ അന്നു,
നമ്മള്‍ കണ്ടു മുട്ടിയതു നീ ഓര്‍മ്മിക്കുന്നുണ്ടോ?

നാം അന്നു വൃക്ഷ ശിഖരങ്ങളുടെ അടിയില്‍, മനുഷ്യ സംസര്‍ഗത്തില്‍ നിന്നും അകന്നു,
വാരിയെല്ലുകള്‍ ദൈവീക നിഗൂഢതയില്‍ ഹൃദയത്തെ പരിപാലിക്കുന്നതുപോലെ,
സുരക്ഷിതരായി ഇരുന്നതു നീ ഓര്‍മ്മിക്കുന്നുണ്ടോ?

നമ്മള്‍ നമ്മളില്‍ തന്നെ ഒളിച്ചിരിക്കുന്നതു പോലെ, ശിരസ്സുകള്‍ അന്യോന്യം ചേര്‍ത്തു വച്ചു,
കൈകള്‍ കോര്‍ത്തു, കാനന പാതയില്‍ കൂടി നടന്നു പോയത്‌ ഓര്‍മ്മിക്കുന്നുണ്ടോ?

ഞാന്‍ നിന്നൊടു വിട ചൊല്ലിയ മാത്രകള്‍ നീ ഓര്‍ക്കുന്നുവോ?

നീ എന്നില്‍ അര്‍പ്പിച്ച ചുംബനങ്ങള്‍?

വാക്കുകള്‍ക്കതീതമായ സ്വര്‍ഗീയ രഹസ്യങ്ങള്‍, ചുണ്ടുകള്‍ തമ്മില്‍ ഒരുമിക്കുമ്പോള്‍ ,
വെളിപ്പെട്ടു വരുമെന്നു, ആ ചുംബനം എന്നെ പഠിപ്പിച്ചു.
ഒരു നീണ്ട നിശ്വാസത്തിന്റെ ആമുഖമായിരുന്നു ആ ചുംബനം!

ദൈവം ആദ്യമായി മനുഷ്യനെ സൃഷ്ഠിച്ചപ്പോള്‍ അവനു കൊടുത്ത ശ്വാസം പോലെ...
ആ നിശ്വാസം എന്നെ ഒരു ആദ്ധ്യാല്‍മിക തലത്തിലേക്കു നയിച്ചു.
എന്റെ ആത്മാവിന്റെ മഹാല്‍മ്യം മനസ്സിലാക്കിത്തന്നു.നാം ഇനിയും ഒന്നു ചേരുന്നതു
വരെ അതു എന്നില്‍ ശാശ്വതമായിരിക്കും.
നിന്റെ കവിളിണകളില്‍ കണ്ണുനീര്‍ പടര്‍ന്നൊഴുകി.
നീ എന്നെ വീണ്ടും ചുംബിച്ചതു ഞാന്‍ ഓര്‍ക്കുന്നു.എന്നിട്ടു നീ പറഞ്ഞു.
"ഭൗമീക ശരീരങ്ങള്‍ ഭൗതീക ആവശ്യങ്ങള്‍ക്കായി പലപ്പൊഴും വേര്‍പിരിയേണ്ടതായി വരും.
അങ്ങനെ ലൗകീക ആവശ്യങ്ങള്‍ നമ്മെ വേര്‍പിരിക്കുന്നു.
എന്നാല്‍ നമ്മുടെ ആത്മാക്കള്‍ ഒന്നു ചേര്‍ന്നിരിക്കും.
സ്നേഹത്തിന്റെ കരങ്ങളില്‍ സുരക്ഷിതമായി..
ഈശ്വരന്റെ സന്നിധിയിലേക്കു മരണം നമ്മെ മാടി വിളിക്കുവോളം!

പോയി വരൂ. സ്നേഹത്തിന്റെ പ്രതിനിധി ആയി സ്നേഹദേവത നിന്നെ
തിരഞ്ഞെടുത്തിരിക്കയാണു. ജീവിതത്തിന്റെ മാധുര്യം നുകരാന്‍ അവളുടെ
അനുയായികളെ അവളുടെ സൗന്ദര്യം തിരഞ്ഞെടുത്തിരിക്കുന്നു.
എന്റെ ശൂന്യമായ കരങ്ങളില്‍ നിന്റെ സ്നേഹം,
എന്നും എന്റെ വരനായി  നിറഞ്ഞുനില്‍ക്കും.
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍, എന്റെ നിതാന്തമായ വിവാഹമാണു."

"നീ ഇപ്പോള്‍ എവിടെ ആയിരിക്കുന്നു?
എന്റെ മറ്റേ ആത്മാവല്ലേ നീ?
ഈ രാത്രിയുടെ നിശബ്ദതയില്‍ നീ ഉണര്‍ന്നിരിക്കിന്നുവോ?

ഈ പരിശുദ്ധമായ കുഞ്ഞിക്കാറ്റു എന്റെ ഹൃദയസ്പന്ദനങ്ങളും പ്രേമവും
നിന്റെ അടുക്കല്‍ എത്തിക്കട്ടെ.എന്റെ മുഖപടം നിന്റെ ഹൃദയത്തില്‍
നീ ഇപ്പൊള്‍ താലോലിക്കുന്നുണ്ടാവും! അതു ഇപ്പോഴത്തെ എന്റെ മുഖം അല്ല.
ആഹ്ലാദഭരിതനായിരുന്ന എന്റെ പൂര്‍വ കാലത്തെ ആ മുഖത്തു, ഇപ്പോള്‍
കരിനിഴല്‍ വീണിരിക്കുന്നു. നിന്റെ സൗന്ദര്യം പ്രതിഫലിച്ചിരുന്ന എന്റെ കണ്ണുകള്‍
ഇന്നു നെടുവീര്‍പ്പുകളാല്‍ വിഷാദ കലുഷിതമായിരിക്കുന്നു.
നിന്റെ ചുംബനങ്ങളാല്‍ മാധുര്യമാക്കപ്പെട്ട എന്റെ ചുണ്ടിണകള്‍
 ഇന്നു വരണ്ടുപോയിരിക്കുന്നു.

എന്റെ പ്രിയതമേ! നീ എവിടെ ആണു?
എന്റെ സന്താപത്തിന്റെ തേങ്ങലുകള്‍ നീ കേള്‍ക്കുന്നുണ്ടാവുമോ?
ഈ സമുദ്രത്തിന്റെ അങ്ങേ തലയ്ക്കല്‍ നിന്നു....
എന്റെ അഭിലാഷം നീ അറിയുന്നുണ്ടാവുമോ?
എന്റെ അശാന്തിയുടെ വലിപ്പം നിനക്കു മനസ്സിലാകുമോ?
എന്റെ മരണവക്ത്രത്തില്‍ നിന്നുതിരുന്ന നിശ്വാസങ്ങള്‍ നിന്റെ
സവിധത്തില്‍ എത്തിക്കുവാന്‍ ഏതെങ്കിലും ഒരു ആത്മാവു ഈ വായുവില്‍ ഉണ്ടാകുമൊ?

എന്റെ പരിദേവനം നിന്റെ അടുക്കല്‍ എത്തിക്കുവാന്‍ ദേവദൂതര്‍ക്കു ഏതെങ്കിലും
 നിഗൂഢമായ വഴികള്‍ ഉണ്ടാകുമോ?
എന്റെ സൗന്ദര്യതാരമെ! നീ എവിടെ?\

കരാളമായ ജീവിതത്തിന്റെ മാറിലേക്കു ഞാന്‍ എടുത്തെറിയപ്പെട്ടിരിക്കയാണു.
നിന്റെ സ്നേഹോദാരമായ പൂപ്പുഞ്ചിരി നീ ഈ കാറ്റില്‍ കൂടി അയക്കുക.
അതു എന്നെ ഉന്മേഷ ചിത്തനാക്കും
നിന്റെ നറുമണം തൂകുന്ന നിശ്വാസം നീ വായുവിലേക്കു ഊതുക.
അതെന്റെ ജീവന്‍ നില നിര്‍ത്തും.
സ്നേഹം എത്ര മഹത്തരമാണു!
ഞാനോ വെറും നിസ്സാരനും....!


(കടപ്പാടു:  ഖലീല്‍ ജിബ്രാന്‍)
കുഞ്ഞുബിഒരു കത്തു...എന്റെ പ്രണയിനിക്കു..

ആ രാവില്‍ നിന്നോടു യാത്ര ചൊല്ലുന്നേരം നിന്‍
ആത്മാവിന്നഴല്‍ പൂണ്ട മൂകവേദന ചൂഴും,
അശ്രുപൂര്‍ണ്ണമായോരാ മിഴിതുമ്പിലെങ്ങോ കണ്ടു
നിന്നുള്ളില്‍ തുളുമ്പുന്ന സ്നേഹത്തിന്‍ പ്രഭാപൂരം.
മിഴിനീരടക്കാനായ്‌ നീ വൃഥാ ശ്രമിച്ചിട്ടും
ഒഴുകും നിന്‍ രാഗോന്മാദം, പീയൂഷ ധാരയായെന്നി-
ലനുരാഗ നിര്‍വൃതി തന്‍ അലമാലയായിത്തീര്‍ന്നു.
നിന്‍ മിഴിക്കോണില്‍ നിന്നുതിരും തേന്‍ കണികകള്‍
വിറപൂണ്ടെന്നധരങ്ങള്‍ കവര്‍ന്നെടുത്തു.
വിതുമ്പും വിഷാദത്തിന്‍ നെടുവീര്‍പ്പുകളെല്ലാം
ചുംബനപ്പൂക്കളായെന്റെ നെഞ്ചില്‍ നീ ഉഴിഞ്ഞില്ലേ?
ഭഗ്ന മോഹങ്ങളാകും മൗനവാല്മീകത്തിനുള്ളില്‍ നിന്റെ
തപ്ത നിശ്വാസങ്ങള്‍ ഉതിര്‍ന്നൊരാ ഉഷ സന്ധ്യയില്‍
കളിയായ്‌, ചിരിയായ്‌, പിന്നെ പിണക്കങ്ങളിണക്കങ്ങള്‍
നിറമാല ചാര്‍ത്തി നിന്നാ പുളകത്തിന്‍ പൂനിലാവില്‍,
വിരിയും കിനാക്കളെ തഴുകിത്തലോടി നാം,
മന്മഥ മോഹങ്ങള്‍ തന്‍ മധുരം നുണഞ്ഞില്ലേ?
കത്തിയെരിയുമീ ഗ്രീഷ്മ രാവിന്റെ എകാന്തമാം,
ഹൃത്തില്‍ നിറയുമൊരു തരളമാം സ്മൃതികളെന്‍
തണലായി മരുവുന്നീ ചൂടുമരുഭൂവിതില്‍ എന്നും
കുളിരായി, നിനവിലെ കിനിയും മധുരമായ്‌
നിറയുന്നു, ഞാനതില്‍ അലിയുന്നു, പിന്നെയും
തിരയുന്നു നിന്നാര്‍ദ്ര നയനങ്ങളെ.
കരയല്ലേ മല്‍സഖീ! നിറയല്ലേ നിന്‍ മിഴി
പിടയുന്ന വിരഹത്തിന്‍ കരളിലേ നൊമ്പരം
ഇനി വേഗം തീര്‍ന്നിടും, വരവായി ഞാൻ...