Saturday, January 12, 2008

രാത്രി ജപം...

രാത്രിയുടെ നിശബ്ദ മൂകത..
വേദനാ നിര്‍ഭരമായ ശ്മശാന മൂകത....
രാത്രിയിലേ പ്രാര്‍ഥനാ ജപം...
എന്റെ ആത്മാവ്‌ എന്തിനു ഇങ്ങനെ വേപഥു പൂണ്ടിരിക്കുന്നു?

എന്റെ രക്ത പ്രവാഹത്തിന്റെ നേരിയമുരള്‍ച്ച
എനിക്കു കേള്‍ക്കാമല്ലൊ..
.എന്റെ ഹൃദയ സ്പന്ദനങ്ങളും...
ശാന്തമായ ഒരു കൊടും കാറ്റു
എന്റെ തലയോട്ടിയുടെ
ഉള്ളില്‍ കൂടികടന്നു പോകുന്നതു ഞാന്‍ ശ്രദ്ധിക്കുകയാണു.

നിദ്രാവിഹീനത!
ഉറക്കമില്ലാതെ, ഒരു പക്ഷേസ്വപ്നങ്ങള്‍ കണ്ടെങ്കിലായി.
ആത്മീയതയെ വെട്ടി മുറിച്ചുകൊണ്ടു ഒരു ആത്മഗതമായി
തീരുവാന്‍...എന്റെ ഹാം ലെറ്റ്‌ രാജകുമാരന്‍..ഞാന്‍!


‍എന്റെ വിഷാദം രാത്രിയില്‍ വീഞ്ഞിനുള്ളില്‍ ലയിപ്പിച്ചു കളയാന്‍..
കനത്ത സ്പടികാഭമായ ഈ കൂരിരുട്ടില്‍...
ഞാന്‍ ആലോചിക്കുകയാണു...
എപ്പോഴാണു ഇനിയും നേരം പുലരുക?
എവിടെയോ ഒരു കതകു അടയുന്ന ശബ്ദം...
തെരുവില്‍ ഏതോ കാലൊച്ച കേള്‍ക്കുന്നു...
നാഴികമണിയില്‍ മൂന്നു അടിച്ചല്ലൊ!

അതു അവള്‍ ആയിരിക്കാം...

(രൂബെന്‍ ഡാരിയോ: ലാറ്റിന്‍ അമേരിക്കന്‍ കവി. "NOCTURNA" എന്ന കവിതയൊടു കടപ്പാട്‌.)

Thursday, January 10, 2008

നീതി...

താമരത്താരിളം മേനിയില്‍ അന്നു നീ
വാസന്ത കുങ്കുമം ചാര്‍ത്തി നിന്നു.
തോരാതെ പെയ്യുന്നൊരായിരം നീര്‍ക്കണം
വാര്‍മുത്തണിഞ്ഞു നിന്‍ മേനിയാകെ.
കാര്‍കൂന്തല്‍ തുമ്പില്‍ നിന്നിറ്റിറ്റു വീണൊരു
പൂമണിതുള്ളികള്‍ അന്നെന്റെ മേലാകെ
പൂശും പുളകത്തിന്‍ ദിവ്യാനുഭൂതികള്‍
‍അറിയാതെ ഇന്നെനിക്കന്യമായി.
സ്മരണ തന്‍ ചെപ്പില്‍ നിന്നൂര്‍ന്നിടും
മധുരമാം സങ്കല്‍പസ്വപ്നം വിടര്‍ത്തും നിന്‍
‍ലാവണ്യസൗ ന്ദര്യപ്പൂമകരന്ദമെന്നാ-
ത്മാവിലെന്നും ഞാന്‍ കാത്തു വച്ചു.
നിന്‍സ്നേഹമുന്തിരിച്ചാറു നിറച്ചൊരാ
മാദക നിര്‍വൃതി തുള്ളിത്തുളുമ്പുന്നൊര-
നുരാഗ ചഷകമെനിക്കു നല്‍കൂ.
അറിയുന്നു ഞാനിന്നാ, സ്നേഹത്തിന്നലയാഴി
നിറയും നിന്നാത്മാവിന്‍ രോദനങ്ങള്‍.
പൊയ്പ്പോയ കാലത്തിന്‍ തപ്ത സ്മരണകള്‍
‍പേരറിയാത്തൊരു ദാഹമായ്‌, മോഹമായ്‌
ഇന്നുമെന്നുള്ളില്‍ നിറഞ്ഞുനില്‍പ്പൂ.
നാമിരുവര്‍ക്കുംനടുക്കൊരുമാരക
ജാതിവ്യവസ്ഥയുണ്ടായിരുന്നു.
സ്നേഹത്തിന്നാത്മാവില്‍ കാരിരുമ്പാണികള്‍
‍ആഞ്ഞടിച്ചേല്‍പ്പിക്കും പ്രാകൃതമാമൊരു
നീതിക്കു മുന്നില്‍ നാം ഹോമിച്ചു ജീവിതം....
ശോകാന്തമായൊരാ പുണ്യ ബന്ധം....

എന്നില്‍ നീ എന്നും വിടര്‍ത്തിയ മോഹങ്ങളെ-
ന്നും നീ എന്നില്‍ ചുരത്തിയ സ്നേഹത്തിന്‍
‍മാസ്മരമാകുമാ പീയൂഷധാരയില്‍
മാരക കങ്കാളപ്പേവിഷം ചേര്‍ക്കുന്ന
പാതകം ചെയ്തൊരാ സ്നേഹശൂന്യര്‍..
ഇന്നുമെന്‍ ജീവനനാഥമാക്കുന്നൊരാ
കാരാളമായൊരാ നീതി ശാസ്ത്രം.

Sunday, January 06, 2008

മണിമുത്തു....

എന്നുമെന്നാത്മാവിലെങ്ങും നിറയുന്ന
സുന്ദര വാസന്ത സ്വപ്നമരീചികേ,
നിന്നോമല്‍ നാദ മുരളിയില്‍ തങ്ങുന്നു
നിത്യവിസ്മയമാകുമെന്നോമല്‍ ഹര്‍ഷങ്ങള്‍!

വാസന്തപൗര്‍ണമിച്ചന്ദ്രനെപ്പോലെയെന്‍
മുന്നിലായ്‌ നില്‍ക്കുന്നു നിന്‍ പ്രഭാസഞ്ചയം.
പൊന്‍ കതിരാര്‍ന്ന നിന്‍ തൂമണിപ്പുഞ്ചിരി
വര്‍ണ്ണചിറകൊളി നിത്യം പകരുന്നു.
എന്നന്തരാത്മാവില്‍ ചാര്‍ത്തും നിറമാല തന്‍
‍സുന്ദരവര്‍ണ്ണ പ്രസൂനമായി തീര്‍ന്നു നീ.
നിന്‍ മൃദുഹാസത്തിന്‍ നിര്‍വൃതി പൂക്കുന്ന
ലാവണ്യധാര ചൊരിയുന്നു നിത്യവും.
എന്‍ശ്വാസ നിശ്വാസങ്ങളില്‍ ഞാന്‍ തേടും
നവ്യസുഗന്ധാനുഭൂതിയായ്‌ നില്‍പൂ നീ.

എന്നന്തര്‍ദാഹമായ്‌,വിങ്ങലായ്‌,ഹര്‍ഷമായ്‌,
കവിതയായ്‌,സ്വപ്നമായ്‌,മധുമാരിയായ്‌,
പ്രാണനില്‍ പകരുന്ന ജീവാത്മ സുധയായി,
സുരഭിയാം സുഗന്ധമായൊരവ്യക്ത മോഹമായ്‌,
മറക്കുവാന്‍ വൈകുന്നൊരു നല്ല ഓര്‍മ്മയായ്‌,
മായാതെ നിറയുന്ന കുളിരിന്റെ തഴുകലായ്‌,
മധുമാസരാവിന്റെ പൊന്‍ തിങ്കളായി നീ,
ജന്മ ജന്മാന്തര വേളകളില്‍ കൂടി,
ഞാനന്നു നേടിയ പുണ്യ സുകൃതമായ്‌,
ചിതറിപ്പോം മോഹത്തിരകള്‍ തന്നുള്ളില്‍ നി-
ന്നെവിടെയോ തേടിപ്പിടിച്ചൊരു ചിപ്പി തന്‍
‍ഹൃദയത്തിനുള്ളിലൊളിപ്പിച്ചു വച്ചൊരു
അഴകാര്‍ന്ന നിറമുള്ള മണിമുത്തായിന്നു നീ
മല്‍ പ്രാണബിന്ദുവിലെന്നും സ്നേഹാമൃത-
വര്‍ഷം പകരു നീയെന്‍ ഹൃദയേശ്വരി!

Tuesday, January 01, 2008

ബോധധാരകള്‍....

സ്നേഹത്തിന്റെ സാന്ദ്രമായ ശാന്തത നിറഞ്ഞ ഒരു മുഖം!
അതില്‍ ഇടവിട്ടുകൊണ്ടു മാത്രമാണു നീ ചുംബനങ്ങള്‍ അര്‍പ്പിക്കുന്നതെങ്കില്‍ അവള്‍ നിന്നോടു പിണങ്ങില്ലേ?

മത്സ്യങ്ങള്‍ക്കു, പുഴയിലോ, അതൊ അവര്‍ക്കു ഇഷ്ടപ്പെട്ട ജലാശയത്തിലോ ഭക്ഷണം അധികം ലഭിക്കുന്നതു?

കാറ്റിന്റെ ശീല്‍ക്കാരം,ആക്രമണ സ്വഭാവമുള്ളതായി മാറിയാല്‍ വനങ്ങള്‍ എന്താണു ചെയ്യുക?

കരിമുകില്‍മാലകള്‍ കരിനാക്കു നീട്ടി, പൗര്‍ണമി ചന്ദ്രനെ അധിക്ഷേപിക്കുമ്പൊള്‍, അതെന്താണു ചെയ്യുക?

നറു മുല്ലപ്പൂക്കളാല്‍ അലംകൃതയായി, വിവാഹ മണ്ഡപത്തിലേക്കു ആനയിക്കപ്പെടുന്ന സ്വന്ത മകളെ, എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണെന്നു, ഓര്‍മ്മിച്ച്‌, മാതാവ്‌ വ്യാകുലപ്പെടുകയില്ലെ?

വിടപിരിഞ്ഞകലുന്ന, കാമുകിയെക്കുറിച്ചുള്ള ആത്മനൊമ്പരങ്ങള്‍ പോലെ, എഴുതി പൂര്‍ണ്ണമായ ഒരു കവിതയെ ഓര്‍മ്മിച്ചു, കവിയുടെ കണ്ണില്‍ നീര്‍തുള്ളികള്‍ നിറയാറില്ലേ?

ചക്രവാളത്തിന്റെ അനന്തതയിലേക്കു മറഞ്ഞു പോകുന്ന സൂര്യനെ ഓര്‍ത്തു സന്ധ്യാ മേഘങ്ങള്‍ വിലപിക്കാറില്ലേ?

തീരത്തണഞ്ഞു തിരികെ പോകുന്ന തിരകളെ ഓര്‍മിച്ചു വിഷാദം പൂണ്ടിരിക്കുന്ന മണല്‍തട്ടുകളുടെ ഉള്ളില്‍, ആലിംഗനത്തില്‍ നിന്നും വിമോചിതരാകുന്ന ആത്മാക്കളുടെ മൗന നൊമ്പരത്തിന്റെ നെടുവീര്‍പ്പുകള്‍, അലിഞ്ഞിരിക്കുന്നില്ലേ?