Monday, November 26, 2007

ശില്‍പ്പിയുടെ ദുഃഖം...(3)

3

കോവിലില്‍ തങ്കം ചാര്‍ത്തി തിളങ്ങും ദൈവങ്ങളെ
കോടി ഡോളറിന്നായി കൊള്ള ചെയ്‌വോരേ ദൈവം
കാക്കുന്നു, നിയമത്തിന്‍ കാരിരുമ്പഴിക്കുള്ളില്‍
ആയാസം , നിര്‍ദോഷി എന്നുള്ളനുഗ്രഹത്തോടെ.
എവിടെ കാരുണ്യത്തിന്‍ കിര ണം വീശീ, ജീവന്‍
എവിടെ സ്നേഹോഷ്മളജ്വാലയായ് പടരുന്നോ,
അവിടേക്കെത്താനെത്ര ദൂരമെന്നോര്‍ക്കാതെ ഞാന്‍
കപട ദൈവങ്ങളെ പണി ചെയ്തതിന്‍ ദുഃഖം
കരളില്‍ പേറിക്കൊണ്ടീയുലകില്‍ കഴിയുന്നു;
മരണം പോലും മടി കാട്ടുന്നു കൈ നീട്ടുവാന്‍.......

ശില്‍പ്പിയുടെ ദുഃഖം (2)

2

കൈപ്പിഴ എതും കൂടാതെത്രയോ ശില്‍പ്പങ്ങളെ
കൈവിരല്‍ തുമ്പാല്‍ തീര്‍ത്ത ശില്‍പ്പി ഞാനശരണന്‍.
അമ്പല കാര്യക്കാര്‍ വന്നെന്‍ പുകള്‍ പാടീട്ടെത്ര
പഞ്ച ലോഹ ബിംബങ്ങള്‍ തീര്‍പ്പിച്ചു സമര്‍ത്ഥമായ്
ഭാരമായ് തേങ്ങിതേങ്ങി തെരുവിലലയവേ
അമ്പല കാര്യക്കാരെ കണ്ടു ഞാന്‍ കാറില്‍ പായും
മന്ത്രിയേ,എമ്മെല്ലേയേ,കണ്ടില്ലെന്നേ അന്നാരും.
പൂണൂലിന്‍ ചരടിനാല്‍ ദൈവത്തെ തളച്ചീടും
പൂജാരി, പൌരൊഹിത്യ മേധാവി കണ്ടില്ലെന്നെ.
കണ്ടു ഞാന്‍ പൂജാരിയെ ദേവസ്വം ബോര്‍ഡാഫീസില്‍
അഞ്ചു ലക്ഷത്തിന്‍ ‘ചെക്കു‘, കൈക്കൂലി നല്‍കാന്‍ നില്‍ക്കെ,
രണ്ടു കൊല്ലത്തേക്കെന്റെ വിഗ്രഹം പൂജിക്കുവാന്‍.
അഞ്ചു ലക്ഷമോ കോഴ, ഞെട്ടി ഞാന്‍ അറിയാതെ.
നാട്ടിലേ പ്രമാണിമാര്‍, ഉദ്യോഗ പ്രഭുക്കന്മാര്‍,
വാറ്റുകാര്‍, തട്ടിപ്പുകാര്‍,ഭരിക്കുന്നവര്‍ക്കൊക്കെ
ഉള്ളഴിഞ്ഞനുഗ്രഹം നല്‍കീടും ദൈവം തന്റെ
ഉള്ളിലെ കണ്‍കോണിനാല്‍ നോക്കിയില്ലെന്നെ മാത്രം.
നാലു പേര്‍ കൂടുന്നിടത്തൊക്കെയും വികാരവും
ദേഹവും വില്‍ക്കുന്നോരഭിസാരികാ രത്നങ്ങളെ
ഗൂഢരോഗപീഡകളേല്‍ക്കാതെന്നും കാക്കും
ദീനബാന്ധവന്‍ ദേവന്‍ കാണ്മതില്ലെന്നെ മാത്രം.
കോവിലില്‍ പൂജക്കെത്തി പ്രേമ വ്യാപാരം ചെയ്യും
കോമളാംഗനകളെ, കാമകോമളന്മാരെ
കനിവോടനുഗ്രഹിച്ചരുളും ദൈവം എന്റെ
കരുണാര്‍ദ്രമാം കഥ കേട്ടതില്ലൊരിക്കലും.

ശില്പിയുടെ ദുഃഖം........


1
ഞാനിനി സ്പര്‍ശിക്കില്ല, കല്ലുളി ദൈവങ്ങള്‍‍ തന്‍
കോലങ്ങള്‍ തയ്യാറാക്കി,കോവിലില്‍ പ്രതിഷ്ഠിക്കാന്‍.
കൃഷ്ണനെ,ശ്രീരാമനെ,ശിവനെ, ശ്രീ ദുര്‍ഗയെ
സൃഷ്ടിക്കും കരങ്ങളില്‍ കരുത്തില്ലശേഷവും.
പാറയില്‍ കൊത്തി കൊത്തി തളര്‍ന്നൊരീ കയ്യിലേ
പാടുകള്‍‍ നോക്കി കാലം പോക്കുമീ പണിക്കാരന്‍.
ഒട്ടിയ വയറുമായ് ഒട്ടേറെയലഞ്ഞു ഞാന്‍
വറ്റിന്റെ കൊതിയുമായ് ശ്രീ കോവില്‍ നടകളില്‍.
ഭാരത സംസ്കാരത്തിന്‍ ശ്രീ കോവില്‍ കവാടങ്ങള്‍‍
പാവം, ഈ ശില്പിക്കായി തുറന്നില്ലൊരിടത്തും.
കോവിലിന്നുള്ളില്‍ ദേവ വിഗ്രഹം പ്രതാപിയായ്
കോടാനുകോടി ഭക്തര്‍ക്കാശ്വാസം നല്‍കീടവേ
കേവലമൊരു തുള്ളി ദാഹനീര്‍ കൊതിച്ചൊരെന്‍
ചേതന‍ പിടഞ്ഞിട്ടും, തന്നതില്ലാരും തീര്‍ത്ഥം
ഞാനാണു ശിലകളെ ദൈവങ്ങളാക്കി തീര്‍ത്തോന്‍
കണ്ടിട്ടും കണ്ടീടാതെ, കേട്ടിട്ടും കേട്ടീടാതെ
കല്ലിലെ ദൈവങ്ങളിന്നെങ്ങുമെ വിങ്ങീടുന്നു.
നടകള്‍‍ തുറന്നില്ല, നടയില്‍ തേങ്ങുന്നോരു
വ്യഥ തന്‍ വിലാപങ്ങള്‍ കേള്‍ക്കുന്നില്ലിന്നോളവും.
തോളത്തു നൂണ്ട സഞ്ചിക്കുള്ളിലിപ്പൊഴുമുണ്ടാ
ദേവതാ രൂപങ്ങളെ പണിതോരെന്നായുധം.
മൂര്‍ച്ച പോയെങ്കിലും ഞാന്‍, വെടിഞ്ഞില്ലിതേ വരെ
മൂര്‍ത്തി‍കള്‍ക്കറ്റകുറ്റപ്പണികള്‍ വേണെങ്കിലോ?
ആല്‍ത്തറ തോറും അന്തി ഉറങ്ങി വിറപ്പൂ ഞാന്‍
ആര്‍ത്തനായ്, രോഗ ഗ്രസ്ഥനായ് ശയിക്കവേ
ഓര്‍ക്കുമാറുണ്ടെപ്പോഴും ഓമന പ്രതിഷ്ഠയോ-
ടോരോരോ പ്രതിമകള്‍‍ തീര്‍ത്തൊരാ പണ്ടേക്കാലം......

Sunday, November 25, 2007

ആമി..മാധവിക്കുട്ടി...കമലാ ദാസ്...കമല സൂരയാ..

മാധവികുട്ടി-കമലാദാസ്--ആമി---കമലാ സൂരയ്യാ....
എത്ര കഥകള്‍...കവിതകള്‍...നോവലുകള്‍.
ഒരു കാലഘട്ടത്തിന്റെ ഇതിഹാസം!"
"എനിക്കൊരാളോടുള്ള സ്നേഹം എപ്പൊഴും ആത്മാര്‍തഥ
ഉള്ളതായിരുന്നു. സ്നേഹം വന്നു പിടിപെട്ടാല്‍ പിന്നെ
അതു അതിന്റെ വഴിയേ തന്നെ പോകും.
രാത്രിയിലൊക്കെ തീവ്രമായ വികാരം അനുഭവപ്പെടും.
കവിത ഒഴുകിവരും......
എന്റെ ഉള്ളീലുള്ള കവിത മുഴുവന്‍ പുറത്തു വന്നു കഴിഞ്ഞാല്‍
പിന്നെ എന്റെ ഹൃദയം ശൂന്യമാകും..
ആ ആള്‍ പിന്നെ ഒരു ശവ ശരീരം പോലെ ആകും"
അമേരിക്കയില്‍ സ്ത്രീകള്‍ക്കു ഈ ബഹുമാനം കിട്ടാറുണ്ടോ?
അവിടെ സ്ത്രീത്വം ബെഡ് ഡബിലിറ്റി(Beddability)യില്‍
ആണു സ്ഥിതി ചെയ്യുന്നതു .അവരുടെ ലൈഗീകത്വം നില
നിര്‍ത്താന്‍ എന്തൊക്കെയാണു അവര്‍ക്കു ചെയ്യേണ്ടതു?"
"ഇവിടെ ഇന്ത്യയില്‍ സാഗ്ഗിംഗ് ബ്രെസ്റ്റ് (sagging breast) വന്നാല്‍
അതൊരു പ്രശ്നമല്ല. ഞാന്‍ മൂന്നു കുട്ടികളെ വളര്‍ത്തിയതല്ലേ?
മുല കൊടുത്താണു, പാല്‍പൊടി അല്ല.
അതിന്റെ സാറ്റിസ്ഫാക്ഷന്‍ (satisfaction)എത്ര വലുതാണു.
അമേരിക്കയില്‍ സിലികോണ്‍ ഇന്‍പ്ലാന്റ് ഒക്കെ ചെയ്തു
ബെഡ് ഡബിലിറ്റി പരിരക്ഷിച്ചുകൊണ്ടിiരിക്കണം.."
"ഒരു മീറ്റിങ്ങില്‍ വച്ചു ഞാന് സദസിനോടു ചോദിച്ചു:
“ഇവിടെ സിലികോണ്‍ ബ്രെസ്റ്റ് ഉള്ളവര്‍ ഒന്നു
കൈ പൊക്കാമൊ“ എന്നു.
പലരും കൈ പൊക്ക . ഒരാള്‍ സ്റ്റേജിലേക്കു കടന്നു
വരുവാന്‍ ഞാന്‍ ക്ഷണിച്ചു.അവര്‍ വന്നപ്പോള്‍
ഞാന്‍ അവരോടു ചോദിച്ചു.
"ഡു യു മൈന്റ് ഈഫ് ഐ റ്റച്ച് യുവര്‍ ബ്രെസ്റ്റ്?"
(Do you mind if I touch your breast?)
സദസ്സില്‍ വലിയ കയ്യടിയും ബഹളവും.. ഞാന്‍ തൊട്ടു..
എന്താ കഥ!
ബ്രെസ്റ്റ് ആയാല്‍ അതിനു റേസീലിയന്‍സ് (resilience)വേണ്ടേ?
ഇതു വളരെ ഹാര്‍ഡ് ആയിരുന്നു.
പുരുഷന്മാര്‍ക്കു ഇതു ഇഷ്ടമാകുമോ?
ഇന്ത്യയിലിതിന്റെ ഒന്നും ആവശ്യമില്ലെന്നു ഞാന്‍ പറഞ്ഞൂ..
.”ഇതാണു മാധവികുട്ടി! ..(കടപ്പാട്:T J. S. GEORGE}

Saturday, November 24, 2007

ഘാതകന്‍...

ഏതെല്ലാം വിധത്തില്‍ ഒരു ഘാതകന്‍ ആകാം?
കൊല്ലണമെന്നുള്ളവനെക്കൊണ്ടു തന്നെ ഒരു വലിയ തടിക്കഷണം(കുരിശ്ശിന്റെ ആകൃതി വേണം) അവന്റെ തോളിലേറ്റണം.

ഏന്നിട്ടു ഒരു കുന്നിന്റെ നിറുകയില്‍ അവനെ കൊണ്ടു ചെല്ലുക.
ആ തടിയില്‍ തന്നെ ആണി അടിച്ചു അവനേ വധിക്കാം.
ഭംഗിയായി ആ കൃത്യം നിര്‍വഹിക്കാന്‍ ‍പാദ രക്ഷകള്‍
അണിഞ്ഞ ഒരു ആള്‍കൂട്ടത്തെ കൂടി സംഘടിക്കണം.
കൂകി വിളിക്കാന്‍ ഒരു കൊഴി, നടുവില്‍ കൂടി കീറിപ്പൊകാനായി ദേവാലയത്തില്‍ ഒരു തിരശീല......
ഇത്രയും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ കാര്യം ഭംഗി ആകും.
ഒരു നീണ്ട ഈസോപ്പു തണ്ടു അല്ലെങ്കില്‍ ഒരു സ്പോഞ്ച്.....
ഏന്നിട്ടു അതു പുളിച്ച വീഞ്ഞില്‍ മുക്കുക.
അതെടുത്ത് അവനു ദാഹം അടക്കാന്‍ കൊടുക്കാം.
ആണി അടിക്കാന്‍ ഒരാളെ കരുതി ക്കൊള്ളണം.
അല്ലെങ്കില്‍.....
നല്ല നീളമുള്ള ഒരു ഇരുമ്പു കമ്പി കൂര്‍പ്പിക്കുക.
ആതിനു കുന്തം എന്നു പറഞ്ഞാല്‍ മതി.
അതു കൊണ്ടു അവന്റെ ഉരുക്കു മാര്‍ചട്ട തുളക്കണം.
വില്ലാളികളും,ഇംഗ്ലീഷു കാടുകളും,
ഒരു വെള്ള കുതിരയേയുംകൂടി കരുതിക്കൊള്ളണം
.പിന്നെ രണ്ടു കൊടികള്‍,
ഒരു രാജാവ്,
കുടിച്ചു പുളച്ചു മദിക്കാനായി തീരെ കുറഞ്ഞതു
ഒരു കൊട്ടാരവും, ഉണ്ടായാല്‍‍ ഭേഷ്!
കാറ്റ് അനുകൂലമെങ്കില്‍ അവന്റെ നേര്‍ക്കു വിഷവായു ചീറ്റാം.
ഏങ്കില്‍ തന്നെയും നാഴികകള്‍ നീളത്തില്‍നിര്‍മ്മിക്കുന്ന
തുരങ്കത്തിനുള്ളിലെ മണ്ണു വേണം.
കറുത്ത ബൂട്ടുകള്‍, പ്ലേഗ് പരത്തുന്ന എലികള്‍‍....
ആവേശം കൊള്ളിക്കുന്ന ദേശാഭിമാന ഗീതങ്ങളും..
ഉരുണ്ട ഉരുക്കു തൊപ്പികള്‍‍ അണിയുകയും വേണം.
വിമാനം കണ്ടു പിടിച്ച ശേഷമാണെങ്കില്‍
വധിക്കപ്പെടേണ്ടവരുടെ തലക്കു മുകളിലുയര്‍ന്നു
പറന്നു കൊണ്ടു ഒരു സ്വിച്ച് അമര്‍ത്തുകയേ വേണ്ടു.
കാര്യം നടത്തി എടുക്കാം.
അതിനു വേണ്ടതു ഒരു സമുദ്രം.
അതു കുറുക്കെ കടക്കണമെന്നു മാത്രം...
പക്ഷേ രണ്ടു ഭരണകൂടങ്ങളാകണം.
രണ്ടു കരയിലും പുക തുപ്പുന്ന വ്യ്‌വസായ ശാലകളും.
പിന്നെ, അതിലേ ശാസ്ത്രജ്ഞരും.
വട്ടു പിടിച്ക മനോരോഗിയായൊരു ഭരണാധികാരിയും..
ആര്‍ക്കും വേണ്ടാത്ത ഒരു രാജ്യവും...
ഇതെല്ലാം കൊല്ലാനുള്ള കടുത്ത വഴികളാണു.
വളരെ ശീഘ്രം, നേരെ ചൊവ്വെ കുറേക്കൂടി ഭംഗി ആയി
കൃത്യം നിര്‍വഹിക്കാന്‍ ഒരെളുപ്പമുള്ള വഴി ഉണ്ടു....
അവന്‍ ഈ നൂറ്റാണ്ടിന്റെ ഇടയില്‍
എവിടെ എങ്കിലും ജീവിക്കുകയാണെങ്കില്‍
നിങ്ങള്‍ക്കു ഒരു ഘാതകന്‍ ആകേണ്ടി വരുകയില്ല!

അവനെവെറുതേ വിട്ടേക്കുക......
വധിക്കേണ്ട..ആവശ്യം വരുകയില്ല...
(ആശയം കടപ്പാടു:എഡ്വേര്‍ഡ് ബ്രോക്ക് )

Friday, November 16, 2007

അകലങ്ങളില്‍ നിന്നൊരു അഴക്..........

ഒരുകൊച്ചു കാറ്റിന്റെ നിറുകയില്‍ നിന്നൊ
രുമലരൊന്നു താഴെ പതിക്കുമെങ്കില്‍
ഒരു മുളം തണ്ടിന്റെ ഉള്ളില്‍ നിന്നൊരു
ജീവ-മധു മന്ദ്രനിസ്വനം കേള്‍ക്കുമെങ്കില്‍
പലവട്ടം പാടിയ പാട്ടിന്റെ ഓര്‍മ്മകള്‍‍
മഴവില്ലിന്‍ ചാരുത നല്‍കുമെങ്കില്‍
ഇനിയും വരാത്തൊരു ‘കരളിന്റെ കായിതം’
ഇടനെഞ്ചില്‍‍ അശ്രു പൊഴിക്കുമെങ്കില്‍.....

അകതാരിലുള്ളൊരാമധുകണമൊക്കെയും
അവളെനിക്കേകിയോരോര്‍മ്മയല്ലേ?
പവിഴാധരത്തില്‍ നിന്നുതിരുന്ന വാക്കുകള്‍
പുളകത്തിന്‍ വിത്തു വിതക്കുമെന്നില്‍‍
അഴകാര്‍ന്നൊരോമന മൃദുഹാസ്സമൊക്കെയും
സ്വരരാഗ സുധയായ് ഒഴുകി എന്നില്‍
‍സ്മരണ തന്‍ ചെപ്പിലൊളിപ്പിച്ചു വച്ചൊരാ
പ്രണയമയൂരത്തിന്‍ പീലിയാകാം.

സിരകളില്‍ പടരുന്നവിരഹത്തിന്‍ കനലാകെ
നിനവിന്റെ ഉള്ളില്‍ നിറഞ്ഞു നിന്നു
മധുരമാം വാസന്ത മലരുകളൊക്കെയും
വിടരാന്‍ കൊതിച്ചു കൊഴിഞ്ഞു വീണു.
മോഹിച്ച മോഹന സ്വപ്നങ്ങളൊക്കെയും
പാഴ് മണല്‍ കാട്ടിലലിഞ്ഞു പോയി
ഇനിയൊരു ജന്മമില്ലെങ്കിലും സാരമില്ലൊ-
രുകോടി പുണ്യം ലഭിച്ചതില്ലേ?

പിടയുന്ന പ്രാണന്റെ വികലമാം ഹൃദയത്തി-
നിനിയെന്തു ജന്മമാണൊമലാളെ‍?
അതുമാത്രമതുമാത്രമോമലെ നീയെനി-
യ്ക്കൊരു മാത്ര എങ്കിലും നല്‍കിയല്ലോ......

Monday, November 05, 2007

ഗുരുവായൂരില്‍....

പുലര്‍കാലേ ഗുരുവായൂര്‍ പൂകിയ ഞാനന്നു
നിറ‍മാല ചാര്‍ത്തി‍യ കണ്ണന്റെ ദര്‍ശനം
തേടിയാ, മാസ്മര ദിവ്യാനുഭൂതിയെ

നേടുവാന്‍ ദിവ്യമാം ശ്രീ കോവിലിന്‍
ഗോപുര‍ വാതിലിന്നുള്ളിലെത്തി.
ഉണ്ണിയാം കണ്ണനെ ഹൃത്തിതില്‍ ധ്യാനി-
ച്ചങ്ങജ്ഞലീബദ്ധനായ് സര്‍വം മറന്നു
കൊണ്ടര്‍ദ്ധ നിമീലിത നേത്രനായി,
തിക്കി ത്തിരക്കുന്ന ഭക്തര്‍ തന്‍ കൂട്ടത്തിന്‍
മധ്യത്തിലന്നു ഞാന്‍‍ കാത്തു നില്‍ക്കെ.....

കാര്‍മുകില്‍ വര്‍ണ്ണന്റെ കയാമ്പൂ കണ്ണിലെ

കാരുണ്യ സാന്ദ്രമാം സ്നേഹാമൃതം

കാതരമാകുമെന്‍ ചിത്തത്തിലാകവെ

വാരിളം തെന്നലായ് പൂശി മെല്ലെ.

അനവദ്യമായൊരു വേണുനാദം

അകതാരിലാകെ അലയടിച്ചു.


നിര്‍ദ്ദയരാമാരോ നിയമ പാലകര്‍

എന്നന്തികത്തില്‍ കടന്നു വന്നു.

എല്ലാം മറന്നു കൊണ്ടാറിയാതെ നിന്ന ഞാന്‍

നിഷ്ഠൂര കരങ്ങളാല്‍ ബന്ധിതനായി;

“നീയൊരു ക്രിസ്ത്യാനി, എന്തിനീ സവിധത്തില്‍..
ആഗതനാകുവാനെന്തു ധൈര്യം?“

“നീ ഒരു ഹിന്ദു വൊ? നിന്‍ മാറിലുള്ളൊരു
സ്വര്‍ണ്ണക്കുരിശിതാ , ക്രിസ്ത്യാനി എന്നു
നിന്നെ വിളിച്ചോതുന്നു.
ഈ പുണ്യ ക്ഷേത്രത്തിന്‍‍ ചാരുവാം വിശുദ്ധിയേ
നീ കടന്നെത്തി കളങ്കമാക്കി.....
നീ ഒരു ഭീകരനായിരിക്കാം; പക്ഷെ ,

ബോംബൊന്നും ഇല്ലല്ലൊ നിന്റെ പക്കല്‍

എന്‍ ദേഹമാകെ പരതി നോക്കിയിട്ട-

വര്‍ക്കൊന്നുമേ തന്നെ ലഭിച്ചതില്ല.

“പുണ്ണ്യാഹവും ജയില്‍ ശിക്ഷയും നിന്‍ വിധി
ശുദ്ധി കലശത്തിന്‍ കാശും വേറെ.“

ഞാനന്നു ശ്രീകോവിലിന്നുള്ളിലേ കൃഷ്ണന്റെ
ചാരു പരിഹാസ പുഞ്ചിരി ദര്‍ശിച്ചു.,

നിസ്തബ്ദനായി തിരികെ എത്തി.

ഉണ്ണീ! നിന്‍ കാവലിന്നായി നിയോഗിച്ച
കപാലികരിന്‍‍ ഭക്തി നീ അറിഞ്ഞോ? .....‍

Saturday, November 03, 2007

ഒരു സ്നേഹ ഗീതകം...

ഈ രാത്രിയില്‍ എനിക്കു ശോകപൂരിതമായ വരികള്‍ എഴുതാം
ഉദാഹരണമായി:
ചിതറിയ രാവില്‍, നീല നിമീലിത നക്ഷത്രങ്ങള്‍‍ അങ്ങകലെ വിറങ്ങലിച്ചു നില്‍ക്കുന്നു.
രാക്കാറ്റ്‌ ആകാശത്തില്‍ ചുഴറിക്കൊണ്ടു പാടുന്നു.
ഈ രാത്രി ഏറ്റവും ദുഃഖാത്മകമായ വരികള്‍ എനിക്കെഴുതുവാന്‍ കഴിയും.
ഞാന്‍ അവളെ സ്നേഹിച്ചു... ചില സമയങ്ങളില്‍ അവള്‍ എന്നെയും...
ഇതേപോലെ ഒരു രാത്രിയില്‍ അനന്തമായ ആകാശത്തിന്‍ കീഴില്‍ ഞാന്‍ അവളെ എന്റെകരവലയങ്ങളില്‍ ആശ്ലേഷിച്ചു കൊണ്ട്‌ ,വീണ്ടും വീണ്ടും ചുംബിച്ചു.
‌ഇന്നു രാത്രിയില്‍ ദുഃഖാത്മകങ്ങളായ വരികള്‍ ഞാനെഴുതും...
അവളെ എനിക്കു നഷ്ടപ്പെട്ടതോര്‍ത്ത്‌,
അവള്‍‍ എന്റെ അരികില്‍ ഇല്ലാത്തതുകൊണ്ട്‌.

.ഈ രാത്രിയുടെ നിശബ്ദത അവളുടെ അസാന്നിദ്ധ്യത്തില്‍ വളരെ വലുതായിരിക്കുന്നു
വാക്കുകള്‍ വയലില്‍ നിപതിക്കുന്ന നീഹാര കണങ്ങള്‍ പോലെ ആത്മാവിലേക്കു പതിക്കുന്നു.
ഏന്റെ സ്നേഹത്തിനു‍ അവളേ എന്റെ അന്തികത്തില്‍
നിര്‍ത്താനായില്ല.

ആകാശം ചിതറിയിരിക്കുന്നു
അവള്‍ എന്നൊടൊപ്പം ഇല്ലല്ലോ! അതുകൊണ്ടു..
അങ്ങകലെ ആരോ പാട്ടുപാടുന്നുണ്ട്‌.
അവളെ എനിക്കു നഷ്ടമായതു കൊണ്ട്‌ എന്റെ ആത്മാവിനു‍ സ്വസ്ഥത ഇല്ലാതായി.
എന്റെ കണ്ണൂകള്‍‍ അവളെ തിരയുന്നു, അവളുടെ സാമീപ്യത്തിനായി!
എന്റെ ഹൃദയം അവളെ അന്വെഷിക്കുന്നു. അവള്‍ എന്നോടൊപ്പം ഇല്ലല്ലോ.!ഒരേ വൃക്ഷങ്ങളെ ഒരേ രാത്രി ,വെള്ള പൂശുന്നുണ്ട്‌ .
അന്നു ഞങ്ങള്‍ ആയിരുന്നതു ഇങ്ങനെ അല്ലല്ലോ.
മറ്റൊരാളുടെ...അവള്‍ മറ്റൊരാളിന്റെതാകും..
എന്റെ ചുംബനങ്ങള്‍ പോലെ..
ഞാന്‍ ഇനിയും അവളെ സ്നേഹിക്കുന്നില്ല! അതു തീര്‍ച്ചയാണു.
ഒരു പക്ഷേ ഞാന്‍ അവളെ സ്നേഹിക്കുന്നുണ്ടാവും..
പ്രേമം വളരെ ഹൃസ്വമാണല്ലൊ!
എന്നാല്‍...... മറവിക്കു ദൈര്‍ഘ്യം ഏറിയിരിക്കും .
ഇതേപൊലെയുള്ള അനേക രാവുകളില്‍ , എന്റെ കരങ്ങളില്‍ ഞാനവളെ ആലിംഗനം ചെയ്തിരുന്നു.
അവളെ എനിക്കു നഷ്ടമായതു കൊണ്ട്‌ എന്റെ ആത്മാവ്‌ അസ്വസ്ഥമായിരിക്കുന്നു.
എനിക്ക്‌ സഹിക്കേണ്ടി വരുന്ന അന്ത്യമായ വേദന ഇതാണെങ്കിലും, ഞാന്‍ അവള്‍ക്കു വേണ്ടി എഴുതുന്ന അവസാന വരികള്‍ ഇവ ആണെങ്കില്‍ തന്നെയും......
(ആശയം: പാബ്ലോ നെരുദ)