Wednesday, October 31, 2007

വസന്തം വരുമൊ?.....

ചന്ദ്രികച്ചാറൊഴുകി ലോകം സങ്കല്‍പ സുന്ദരമായ്‌
താരകാ വൃന്ദങ്ങളക്ഷമരായ്‌ ദൂര-
ത്താരെയൊ കാത്തു നില്‍പ്പൂ!
അക്കൊച്ചു വേണുതന്‍ സംഗീതമെന്തിനോ
ഹൃത്തിതില്‍ സ്വപ്നങ്ങള്‍ ചാര്‍ത്തി നില്‍പൂ.
താമരപൊയ്കയില്‍ താളം പിടിക്കുവാന്‍
‍തെന്നലിന്നുല്ലാസമാര്‍ന്നു നിന്നു.

സ്വപ്നങ്ങള്‍ കൊണ്ടൊരു മാല്യവുംകൊര്‍ത്തു
ഞാന്‍ അക്ഷമയായിരിപ്പൂ.
ആകാശത്തമ്പിളി അത്തപ്പൂ കാത്തപ്പോള്‍
നീ മാത്രം നീ മാത്രം വന്നതില്ല
.* * * *
അകലത്തു കേട്ടൊരാ ദിവ്യ ഗീതം
അനുപമ സുന്ദരമായിരുന്നു.
അഴലു നിറഞ്ഞൊരാ ഗാനമാകെ
അനുഭൂതി ദായകമായിതെന്നില്‍.
നിരു‍പമ രാഗാനുനിര്‍വൃതിയില്‍
ഉടലാകെ കോരിത്തരിച്ചു പോയി
അകലത്തിരുന്നു ഞാന്‍ എന്‍ ഹൃദന്തേ നിന്ന-പദാനമൊക്കെയൊന്നോര്‍ത്തുപോയീ
അകലെയാണെങ്കിലുമെന്നുയിരില്‍‍
അരികിലാണിന്നു നീ എന്നുമെന്നും...

ശോകസാന്ദ്രമായ ഒരു ഞായറാഴ്ച..........


ഞായറാഴ്ച വിഷാദ മൂകമാണു!
എന്റെ യാമങ്ങള്‍ എല്ലാം നിദ്രാ വിഹീനങ്ങളും...
പ്രിയമുള്ളവനേ! എണ്ണിയാലൊടുങ്ങാത്ത നിഴലുകളോടൊപ്പം ഞാന്‍ ജീവിയ്ക്കയാണു.
വിഷാദ മൂകമായ കറുത്ത ശവവണ്ടി നിന്നെ വഹിച്ചുകൊണ്ടു പൊയ ഇടത്തില്‍ , വെള്ള നിറമുള്ള കുഞ്ഞു പൂക്കള്‍ നിന്നെ ഇനി ഒരിക്കലും ഉണര്‍ത്തുകയില്ല.

ദേവദൂതന്മാര്‍ നിന്നെ തിരികെ വിടുന്നതിനേ കുറിച്ചു ചിന്തിക്ക പോലുമില്ല. ഞാന്‍ നിന്റെ സവിധത്തിലേക്കു വരാന്‍ ആഗ്രഹിച്ചാല്‍, അവര്‍ക്കു വിരോധം തോന്നുകയില്ലേ?
വിഷാദ ഭരിതമായ ഞായറാഴ്ച!
ഞായറാഴ്ച ശോകമൂകമാണു.....
നിഴലുകളോടൊപ്പം, ഈ ദിവസം ഞാന്‍ ചിലവഴിക്കയാണു.
എന്റെ ഹൃദയവും ഞാനും കൂടി ഒന്നു തീരുമാനിച്ചിരിക്കുന്നു.
താമസിയാതെ തന്നെ അവര്‍ പൂക്കള്‍ കൊണ്ടു വരും...
സന്താപമഗ്നമായ പ്രാര്‍ത്ഥനകള്‍ ചൊല്ലും....എനിക്കറിയാം.
അവര്‍ ബലഹീനരാകരുതു.
പോകാന്‍ എനിക്കു അത്യധികം സന്തോഷമാണെന്നു അവര്‍ ധരിച്ചു കൊള്ളട്ടെ.

മരണം ഒരു സ്വപ്നമല്ല.
എന്തെന്നാല്‍, മൃത്യുവില്‍, ഞാന്‍ നിന്നെ ആലിംഗനം ചെയ്യും; ഓമനിച്ചു ഉമ്മ വച്ചു കൊണ്ടിരിക്കും.എന്റെ ആത്മാവിന്റെ അവസാന നിശ്വാസം പോലും നിന്നെ അനുഗ്രഹിച്ചുകൊണ്ടിരിക്കും...

ശോകപൂരിതമായ ഞായറാഴ്ച്ച ഞാന്‍ സ്വപ്നം കാണുന്നുവോ?
ഞാന്‍ സ്വപ്നം കാണുക ആയിരുന്നോ?

ഞാന്‍ ഞെട്ടി ഉണര്‍ന്നു!
എന്റെ ഹൃദയത്തിന്റെ അഗാധതയില്‍ , നീ മയങ്ങി കിടക്കുന്നതു ഞാന്‍ കണ്ടെത്തി.
ഞാന്‍ നിന്നെ കാണുന്നു പ്രിയനേ!
എന്റെ ഓമനേ! എന്റെ സ്വപ്നം നിന്നെ പ്രാപിച്ചിട്ടില്ലെന്നു ഞാന്‍ കരുതട്ടെ.
നിന്നെ എത്രമാത്രം എനിക്കു ആവശ്യം ഉണ്ടെന്നു എന്റെ ആത്മാവു നിന്നോടു പറഞ്ഞു കൊണ്ടിരിക്കുന്നു..
ശോകാര്‍ദ്രമായ ഞായറാഴ്ച!............


(മൂല കവിത “ഗ്ലൂമി സണ്ടേ“ എന്ന പേരില്‍ സാറാ മാക്‌ ലാച്ചലാന്‍ എന്ന കവിയിത്രിയുടേതു.)

Monday, October 29, 2007

വിഷദാര്‍ദ്രമായ ഒരു ഞായറാഴ്ച...

വിഷാദ ഭരിതമായ ഹൃദയത്തോടുകൂടി, ഒരു ഞായറാഴ്ച ഞാന്‍ കാത്തു കാത്തിരുന്നു. ഞാന്‍ സൃഷ്ടിച്ച എന്റെ കിനാവിനു വേണ്ടി കൈ നിറയെ പുഷ്പങ്ങളുമായി.. എന്റെ ഹൃദയം പോലെ എന്റെ സ്വപ്നങ്ങളും തകര്‍ന്നടിയുന്നതു വരെ...
ആ പൂക്കളെല്ലാം വാടി കരിഞ്ഞു. എന്റെ വാക്കുകള്‍ ഉഛരിക്കപ്പെട്ടുമില്ല..
എന്റെ ഹൃദയ വ്യ്യഥകള്‍ എല്ലാ സ്വാന്തനങ്ങള്‍ക്കും അതീതമായിരുന്നു. എന്റെ ഹൃദയസ്പന്ദനങ്ങള്‍ ദുഖഃപൂരിതമായ ഞായറാഴ്ചയിലേ മണിനാദമായി മാറിപ്പോയി..
ഒരു ഞായറാഴ്ച വീണ്ടും നീ എന്നെ തിരക്കി വന്നു. അന്നു അവര്‍ എന്നെ ദേവാലയത്തിലേക്കു എടുത്തു കൊണ്ടു പോയി. നിന്നെ പുറകില്‍ ആക്കി കൊണ്ടു ഞാന്‍ പോരുന്നു. എന്നെ സ്നേഹിക്കണമെന്നു ഞാന്‍ ആഗ്രഹിച്ച അവളെ എന്റെ കണ്ണുകള്‍ക്കു കാണാന്‍ കഴിഞ്ഞില്ല. എന്റെ മുകളില്‍ പൂക്കളും, മണ്ണും എന്നെന്നേക്കുമായി അവര്‍ ഇട്ടിരുന്നു.. എനിക്കു വേണ്ടി മണിനാദം മുഴങ്ങി...കാറ്റു മന്ത്രിച്ചു."ഇനി ഒരിക്കലും പാടില്ല"..
ഞാന്‍ നിന്നെ സ്നേഹിച്ചു പോയി. ഞാന്‍ എന്നേക്കുമായി നിന്നെ അനുഗ്രഹിക്കുന്നു. എന്റെ എല്ലാ ഞായറാഴ്ച്ചകളുടേയും അവസാനമായിട്ടു.......

(A gloomy Sunday എന്ന കവിതയോട് കടപ്പാടു)

Sunday, October 28, 2007

ജന്മങ്ങള്‍ക്കപ്പുറം... { republished}

എന്നന്തരാത്മാവില്‍ എന്നും നിറയുന്ന
സുന്ദരരാഗപരാഗമേ നീ
ഒന്നല്ലൊരായിരം രാഗ വര്‍ണ്ണങ്ങളെന്‍
ജീവിത്താരയില്‍ നീ വിരിച്ചു.
ഏതൊരോ ജന്‍മ സുകൃതമായിന്നു ഞാന്‍
‍നിന്നന്തികത്തില്‍ വിരുന്നു വന്നു.

കന്നി നിലാവിന്റെ മാസ്മര സന്ധ്യയില്‍
ഒന്നുരിയാടുവാന്‍ ചേര്‍ന്നിരുന്നു.
നിന്‍ കടക്കണ്ണിന്റെ കോണില്‍ നിന്നൂര്‍ന്നൊര
പൊന്‍മുത്തണിഞ്ഞുള്ളോരശ്രുബിന്ദു
സ്നേഹാര്‍ദ്ര സാന്ദ്രമാമെന്റെ മനസ്സിന്റെ
നീഹാര ബാഷ്പാങ്കുരങ്ങളായി.
നീറുമൊരാത്മാവില്‍ രാഗോജ്വലങ്ങളാം
മന്ദാര പൂമഴ പെയ്താ രാവില്‍
‍സ്വപ്നാനാനുഭൂതികള്‍ എന്‍ ചിത്തമാകവെ
സ്വർഗ്ഗം ചമക്കുകയായി പിന്നെ.
മിഴികളില്‍ വിടര്‍ന്നൊരാ പ്രണയ സ്വപ്നങ്ങളില്‍
മുഴുകി നീ, മോഹമാമാലസ്യത്തില്‍.

താമര താരൊത്താ പൂവിരല്‍തുമ്പിനാല്‍
തഴുകി എന്‍ തനുവാകെ തൊട്ടുണര്‍ത്തി.
മന്വന്തരങ്ങള്‍ക്കുമപ്പുറത്തെപ്പോഴോ
നിന്നെഞാന്‍ തേടി നടന്നൊരാ ഓര്‍മ്മകള്‍
‍എന്നും നിറഞ്ഞു നില്‍ക്കുന്നിതെന്നോര്‍മ്മയില്‍
‍പൊന്നുഷസന്ധ്യയായ്‌ നീ വരില്ലേ?.......

Saturday, October 27, 2007

ഒരു സാന്ത്വനം...

ശിശിര ഋതുവില്‍ വിടരുന്ന പൂക്കളുടെ ഗന്ധം,നീ കാരണം എന്നെ നൊമ്പരപ്പെടുത്തുന്നു.
എനിക്കു നിന്റെ മുഖം ഓര്‍മ്മയില്ല .
നിന്റെ വിരല്‍തുമ്പുകള്‍ എങ്ങനെ എന്നു ഞാന്‍ വിസ്മരിച്ചു പോയി.
നിന്റെ ചുണ്ടിണകള്‍ എന്റെ ചുണ്ടുകളെ സ്പര്‍ശിച്ചപ്പൊള്‍, നിന്റെ മനസ്സില്‍ എന്തായിരുന്നു തോന്നിയതു?


നീ കാരണം ഉദ്യാനത്തിലേ ഹിമവര്‍ണം പൂണ്ട പ്രതിമകളേ ഞാന്‍ സ്നേഹിച്ചു പോകുന്നു. അവരുടെ നയനങ്ങള്‍ക്കു കാഴ്ച ഇല്ല; ചെവികള്‍ ബധിരങ്ങളും!നിന്റെ ശബ്ദം ഞാന്‍ മറന്നു...സന്തുഷ്ടി നിറഞ്ഞ മധുസ്വനം!

നിന്റെ നുനുനുനുത്ത നയനങ്ങളും......പൂക്കളുടെ സൗരഭ്യം പോലെ നിന്നെ കുറിച്ചുള്ള ഓര്‍മ്മ എന്നെ ചൂഴ്‌ന്നു നില്‍ക്കുകയാണു.
നിണം പൊടിയുന്ന വ്രണത്തിന്റെ വേദന പോലെ എന്റെ മനസ്സു നീറിക്കൊണ്ടിരിക്കുന്നു..
നീ എന്നെ സ്പര്‍ശിച്ചാല്‍ ഒരിക്കലും സൗഖ്യമാകാന്‍ കഴിയാത്തതു പോലെ അതെന്നെ അസ്സഹ്യപ്പെടുത്തും.
നിന്റെ തലോടല്‍‌, അസുന്ദരമായ ഭിത്തികളില്‍ പടര്‍ന്നു കയറിയ വല്ലികള്‍ പോലെ എന്നെ ചുറ്റിവരിയുന്നു.
നിന്റെ അനുരാഗം ഞാന്‍ മറന്നു പോയെങ്കിലും എല്ലാ ജാലകങ്ങളിലും നിന്റെ വദനം ഞാന്‍ തിരയുന്നുണ്ട്‌.
ശരല്‍ക്കാലത്തിന്റെ മാദക സുഗന്ധം എന്നെ വേദനിപ്പിക്കുന്നു. എന്തുകൊണ്ടെന്നറിയുമോ?
എന്റെ മോഹങ്ങളെ വിളിച്ചുണര്‍ത്തുന്ന പ്രതീകങ്ങള്‍ക്കു വേണ്ടി എന്റെ മനസ്സു തിരയുകയാണു. കൊള്ളിമീനുകളും..താഴേക്കു പതിക്കുന്ന ഉല്‍ക്കകളും... ആ മേഘങ്ങളുടെ മറവില്‍ അവ ഉണ്ടല്ലൊ...

(പാബ്ലോ നെറുഡ യോടു കടപ്പാടു)

Friday, October 26, 2007

ഏകാന്തതയില്‍.......

കരളിലെ കുളിരിന്റെ മുഗ്ദമാം ഉഛ്ചാസ്സങ്ങള്‍
‍തിരയുന്നുണ്ടു നിന്നെ കടലിലേ പുഴ പോലെ
പുളിനത്തെ പുല്‍കുന്ന പുഴയായി,നദിയായി
അലറിക്കൊണ്ടണയുന്ന സാഗരത്തിരയായി
പ്രിയനേ, നിന്‍ മുന്നിലെന്‍ തപ്ത ബാഷ്പാഞ്ജലി!
നിറവാര്‍ന്ന ഹൃദയത്തിന്‍ രക്തപുഷ്പാഞ്ജലി!
വിര‍ഹാര്‍ദ്ര നൊമ്പരപ്പൂക്കളാമശ്രുക്കള്‍
മുറിവേറ്റൊരാത്മാവിന്‍ ഗദ്ഗദങ്ങള്‍.........

രാഗലോലനായ്‌ നീ എന്നന്തികേ കടന്നുവന്നാ-
ലോലമാത്മാവിന്റെ ഉള്ളിലേക്കിറങ്ങിയ-
തോര്‍ത്തു, തന്നാലസ്യത്തില്‍ ലീനയായിരിക്കുന്നീ-
തോരോരോ സങ്കല്‍പ്പത്തിന്‍ ശയ്യയിലേകാന്തമായ്‌.

ഇടറുന്നൊരിടനെഞ്ചില്‍ തടയുന്ന വാക്കുകള്‍
ഉലയുന്ന മിഴി ഇതള്‍, പൊരുളറ്റ ശബ്ദങ്ങള്‍
‍വിറ പൂണ്ട ചുണ്ടുകള്‍, സ്നേഹാര്‍ദ്രസാന്ദ്രമാം നെടുവീര്‍പ്പുകള്‍
‍ഹൃദയത്തിന്‍ നെടുവീര്‍പ്പില്‍ തുളുമ്പുമീ മിഴിനീരും...

നുരയുന്ന മോഹങ്ങള്‍,നിറയുന്ന കണ്ണൂകള്‍
‍കൊഴിയുന്നൊരശ്രുക്കള്‍, മിഴി കൂമ്പും നിമിഷങ്ങള്‍
തരളമാം മാനസ്സം,തഴുകുന്ന നൊമ്പരം
തളരുന്ന മേനിയില്‍ തൂവേര്‍പ്പിന്‍ മുത്തുകള്‍
‍കരളില്‍ വിതുമ്പുന്ന ,മധുരാശ്രു വഴിയുന്ന
അസുലഭ യാമങ്ങള്‍, അനുപമ ലാവണ്യ ധോരണികള്‍.

അനുഭൂതി നിറയുന്ന മധുമാരി പകരുന്ന
മഴവില്ലിന്‍ ചാരുത; സിരകളിന്‍ മരവിപ്പില്‍
ചിറകറ്റ പ്രഞ്ജയില്‍ കുതിരുന്ന പുളകങ്ങള്‍.
പിടയുന്ന ജീവന്റെ തളിരിട്ടൊരോര്‍മ്മയില്‍
നിറയുന്ന രാഗത്തിന്‍ സൗവര്‍ണ്ണ ദീപിക
നിഴലിട്ടൊരാനനം; എന്‍ സ്വപ്ന ഭൂമിയില്‍
പൂത്തുലയുന്നൊര പ്രേമവൃന്ദാവന സീമയതില്‍
നിന്നുറവാര്‍ന്നിടും പുളകതന്തുക്കളില്‍
രാഗമായ്‌ തെളിയുന്നൊരല മാഞ്ഞു പോകുന്നു
നിശ്ചലമാകുന്നൊരീ പ്രേമനിര്‍വൃതിയ്ക്കുള്ളില്‍‍........

കുഞ്ഞുബി