Friday, July 01, 2011

പ്രണയമണിത്തൂവല്‍...



എന്നുമന്റെ പൊന്‍ കിനാവില്‍ സുന്ദര വസന്തമായി

ദാഹമായ്‌, മോഹമായ്‌, നീറുന്ന ശോകമായ്‌,

മായ്ച്ചാലും മായാത്തൊരോര്‍മ്മയായ്‌ തീര്‍ന്നൊരു

ലാവണ്യ രാഗപരാഗമെ നിൻ,

തേനൂറും ചുണ്ടിണയില്‍ നിറയുമൊരു മൃദുഹാസം,

കുളിരേകും ഹൃദയത്തില്‍ വിടര്‍ത്തുന്നൊരായിരം

പ്രണയ സൗരഭ്യമേറും നറുമലരാം ഹര്‍ഷങ്ങള്‍...

നിറമുള്ള സ്വപ്നങ്ങള്‍, നിനവിലെ മോഹങ്ങള്‍,

അനുരാഗക്കൊതിയൊടെ, അകതാരില്‍ നിറയുന്നോ-

രഴകാര്‍ന്ന മദഭര വ്യാമോഹങ്ങള്‍,....


കരളിലെ കുളിരുമായ്‌ നിറയുന്ന സ്നേഹത്തിന്‍

മധുമന്ത്രണങ്ങള്‍ തന്‍ സുഗന്ധപ്പൂക്കള്‍,

ആര്‍ദ്രമാം ഹൃദയത്തില്‍ കതിരിടും ആശകള്‍,

അനുരാഗക്കുമ്പിളില്‍ കിനിയും മകരന്ദമായ്‌

പുളക മുകുളങ്ങള്‍ നീട്ടും നിര്‍വൃതികള്‍.

ജന്മങ്ങളില്‍ കൂടി നാം ചെയ്ത യാത്രയില്‍

ഒരുമിച്ചു നാമൊന്നായ്‌ പങ്കു വച്ചു.

അനുരാഗവിവശയായ്‌ നിന്നില്‍ നിന്നുതിരുന്ന

അമൃത നിഷ്യന്ദിയാം സ്വരമാധുരി, എന്നെ

അറിയാതൊരഴകാര്‍ന്ന മോഹനിദ്രയിലെന്നും

അനുലീനമാക്കി കൊണ്ടരികിലെത്തും.

എന്നുമെന്നാത്മാവിൻ മിഴികളില്‍ രാഗവര്‍ണ

പ്രണയത്തിന്‍ നിറമെഴുതും നിന്‍ സ്നേഹ കരവല്ലി,

മുകരുവാന്‍ കൊതിയോടെ പിടയുന്ന ഹൃദയത്തിന്‍

കദനത്തിന്‍ തിരകളെ, അലസമായ്‌ കരുതല്ലെ,

പ്രിയമാനസെ!