Sunday, August 29, 2010

അപൂർവ്വ രാഗങ്ങൾ
പൗര്‍ണമി നിലാവിന്റെ ആര്‍ദ്രമാം കവിള്‍പ്പൂവില്‍
നിന്‍ സ്നേഹം നിറഞ്ഞൊരാ പൂവിരല്‍ തലോടുമ്പോള്‍
‍അറിയാതേതൊ സ്വപ്നഭൂവില്‍ഞാന്‍ തിര നീന്തി
വിതുമ്പും മനസുമായ്‌ നിന്‍ മിഴിപ്പൂവില്‍ കാണ്മൂ..
കരളില്‍ പ്രഭാപൂരം നിറയെ പരത്തുന്നോരണി
നിലാത്തിരിയിട്ട മണിവിളക്കൊന്നിന്‍ നാളം!
യമുനാ നദി തന്‍ കുളിരായ്‌, നിനവിലെന്നും നിറയും,
നിന്‍ നറുതേന്‍ വഴിയും, സ്വരരാഗ ദീപ്തികള്‍.
വാസര സ്വപ്നങ്ങള്‍ തന്‍പൂവിതള്‍ വിടര്‍ത്തികൊണ്ടാ-
യിരം ശ്രുതികള്‍ നീ മീട്ടുന്നെന്‍ പൊന്‍ വീണയില്‍.
ഉള്ളിന്റെ ഉള്ളില്‍ നിന്റെ സ്നേഹത്തിന്‍ മയൂരങ്ങള്‍
നിറയും വസന്തത്തിന്‍, ലാസ്യ നര്‍ത്തനമാടി.

അറിയാതെന്നാത്മാവില്‍ എന്നും ഞാന്‍ രചിക്കുന്നോ-
രനുരാഗത്തിന്‍ കാവ്യം ആലപിക്കുന്നെന്‍ നാദം.
വഴിയും സ്നേഹത്തിന്റെ പൊന്‍നിലാ കിരണങ്ങള്‍
‍താമരത്തളിരിലേ വാരിളം മുത്തുപോലെ
തെളിയും, നിന്നാത്മാവില്‍നിറയും
മോഹപുഷ്പങ്ങളായ്, വിടരും
എന്നെന്നും ഒരപൂര്‍വ്വ സംഗമമായി!

Monday, August 16, 2010

കനവിന്റെ ഉള്ളിലെ കിനാവു...കനവിന്റെ ഉള്ളിലെ കിനാവു...

ഈ ചുംബനം നിന്റെ നെറ്റിയില്‍ ഏറ്റുവാങ്ങൂ.
നിന്നില്‍ നിന്നും വേര്‍പിരിയുന്ന ഈ മാത്രയില്‍
ഞാനിത്രയും സമ്മതിക്കുന്നു...
എന്റെ നാളുകള്‍ ഒരു സ്വപ്നമായിരുന്നെന്നു നീ ധരിച്ചതു,
നിന്റെ തെറ്റല്ല.
എങ്കിലും എന്റെ പ്രതീക്ഷകള്‍ ഒരു രാവിലോ
ഒരു പകലിലോ, ഒരു കിനാവിലോ,
എങ്ങനെ എങ്കിലും
പറന്നകന്നു പോയെങ്കില്‍...
അതു എമ്പാടും തീര്‍ന്നു പോയെന്നാവില്ലല്ലൊ.

നാം കാണുന്നതെല്ലാം, കാണുന്നെന്നു
ധരിക്കുന്നതെല്ലാം തന്നെ
ഒരു കനവിന്റെ ഉള്ളിലേ കിനാവു തന്നെയാണു!

തിരമാലകള്‍ ആര്‍ത്തലയ്ക്കുന്നതിന്റെ
മധ്യത്തില്‍, ഒരു കടല്‍ തീരത്തു ഞാന്‍ നില്‍ക്കുന്നു.
എന്റെ കരതലത്തില്‍ സുവര്‍ണ മണല്‍ തരികള്‍
ഞാന്‍ അടക്കി പിടിച്ചിരിക്കുകയാണു.
വളരെ കുറച്ചു മാത്രം!
എന്നിട്ടും എന്റെ വിരല്‍ പഴുതുകളിലൂടെ അവ
ഇഴഞ്ഞു താഴേക്കു വീഴുന്നുണ്ട്‌.
ഞാന്‍ കരഞ്ഞു കൊണ്ടിരിക്കുമ്പോള്‍;
അതെ ഞാന്‍ കരയുമ്പോള്‍ തന്നെ...

ദൈവമേ! എനിക്കു ആ മണല്‍ത്തരികളെ,
കുറച്ചു കൂടി മുഷ്ടി മുറുക്കി പിടിച്ചു കൂടേ?

ദൈവമേ! അതില്‍ ഒരു തരിയേ എങ്കിലും ഈ ക്രൂരമായ
തിരകളില്‍ നിന്നും സംരക്ഷിച്ചു കൂടേ?

നാം കാണുന്നതെല്ലാം, കാണുന്നെന്നു
ധരിക്കുന്നതെല്ലാം തന്നെ
ഒരു സ്വപ്നത്തിന്റെ ഉള്ളിലേ സ്വപ്നം തന്നെ അല്ലേ?

ഒരു പക്ഷെ...ഒരു പക്ഷേ...ഒരു പക്ഷേ നീ ഒന്നു മൂളിയിരുന്നെങ്കില്‍...
ഒരു മന്ദഹാസംകൊണ്ടു സമ്മതം അറിയിച്ചിരുന്നെങ്കില്‍,
നാം തമ്മില്‍ പരിചയപ്പെടുമായിരുന്നു.

അന്യോന്യം മനസ്സിലാക്കുമായിരുന്നു.

സ്നേഹിക്കുമായിരുന്നു...

ഒന്നു ചേരുമായിരുന

ഒഴുകി കൊണ്ടിരിക്കുന്ന രണ്ടു അരുവികള്‍
ഒരു പുഴ ആയി തീരുമായിരുന്നു.

എങ്കില്‍ നാം കണ്ടുപിടിക്കുമായിരുന്നു:

റോസാ പുഷ്പങ്ങളുടെ നിറം എന്തുകൊണ്ടു ചുവപ്പായിരിയ്ക്കുന്നെന്നു;

പുല്‍പരപ്പിന്റെ നിറം എന്തുകൊണ്ടുഹരിതാഭമായിരിക്കുന്നു എന്നു;

അകാശത്തിന്റെ നിറം എന്തുകൊണ്ടു ഇന്ദ്ര നീലമായിരിക്കുന്നു എന്നു;

ഒരു പുരുഷന്റെ ഹൃദയത്തില്‍ എന്തുകൊണ്ടു ഒരു തീനാളം എരിയുന്നു എന്നു;

ആ അഗ്നി ശമിപ്പിക്കാന്‍ ഒരു സ്ത്രീക്കു മാത്രമെ,
അവളുടെ നിറഞ്ഞ മാറിടം കൊണ്ടുസാധിക്കയുള്ളു എന്നു;

ഒരുപക്ഷെ നീ ഒന്നു മൂളിയിരുന്നെങ്കില്‍

ഒരു മന്ദഹാസം കൊണ്ടു സമ്മതം അറിയിച്ചിരുന്നെങ്കില്‍
‍ഈ പറഞ്ഞതെല്ലാം നാം അറിഞ്ഞു പോകുമായിരുന്നു...
കൂടാതെ മറ്റനേകം കാര്യങ്ങളും....എങ്കിൽ ?

Monday, August 02, 2010

ഓര്‍മ്മയില്‍.......രാധികെ നിന്നെ ഞാന്‍ അറിയുന്നു,
ഞാനെന്റെ പിടയുന്ന ജീവന്റെ,
നനവാര്‍ന്നൊരൊര്‍മ്മയായി
മധുരംകിനിയുന്നൊരമൃതായി നിന്നെ ഞാന്‍
‍ചിരകാലമുള്ളില്‍ തിരയുന്നു മല്‍സഖീ!

മലരിന്റെ മധുരമായ്,
മനസ്സിന്റെ തേനൂറും സ്മൃതികളായി
നിനവിന്റെ നിധിയായി, നൊവുമാത്മാവിന്റെ
വിരഹത്തിന്‍ നീഹാര പുഷ്പമായി
തിരകോതി നിറയുന്ന മനസ്സിന്റെ യമുനയില്‍
പുഴയോരം പുണരുവാനണയുന്നേരം
ഒരു വൃന്ദാവനിയിലേ കാറ്റായി നീ പിന്നെ
കാറ്റിലേ നവ്യ സുഗന്ധമായ് മാറിയാ-
സൌരഭ്യമെന്നില്‍ നിറച്ചതില്ലേ?

ഗതകാല വിസ്മൃതി നിറമാല ചാര്‍ത്തിയോ-
രഴലിന്റെയഴകായി അറിയുന്നു നിന്നെ ഞാന്‍.
ഇടനെഞ്ചില്‍ ഇടറുന്ന താളമായി,
ഹൃദയത്തില്‍ തരളിത രാഗമായി,
നനയുന്ന മിഴികളിലശ്രുവായ് നീ ഇന്നു
കനിവാര്‍ന്നൊരോമന സ്വപ്നമായി...
തഴുതിട്ട വാതില്‍ തുറന്നു നീ ഇന്നെന്റെ
അരികത്തു മൃദുഹാസ ഭരിതയായി,
തഴുകുന്ന കുളിരിന്റെ ധാരയായി .
അനുഭൂതി പകരൂ ഞാനലിയട്ടാ
മധുരമാം കനിവിന്റെ കനവിലെ-
ന്നോമന ലഹരിയായ് നിറയൂ നീ എന്നുമെന്നും......