
നിന് വിരല്‍ തലോടുന്നെന്‍ ആര്‍ദ്രമാം കവിള്‍ത്തടം
സ്നേഹാമൃതത്താലെന്റെ ഉള്‍ക്കളം നിറയ്ക്കുന്നു.
മുഗ്ദമാം കിനാക്കളില്‍ മുഴുകി ഞാനിന്നെപ്പോഴും
മൌനാനുരാഗ ലോല ദീപ്തയായ് മാറീടുന്നു.
ഇന്നു ഞാന്‍ എഴുതുന്നൊരീരടിക്കുള്ളില്‍ നിന്റെ
ദിവ്യമാം പ്രണയത്തിന് ലോലലോലമാം ഭാവം
ഗീതമായ്, ചരണമായ്, ലയമായ്, സംഗീതമായ്
നിറയും പ്രപഞ്ചത്തിന് താളമായ് തീര്‍ന്നീടട്ടെ.
നിന് ചുണ്ടില്‍ വിടരുന്ന മന്ദഹാസത്തിന് പൂക്കളെ-
ന്നുമെന്‍ സങ്കല്പത്തിന് സൌരഭ്യമായീടുന്നു.
ഇനി നാമൊരിക്കലും കാണുവാനിടയാകാത-
കലത്തെങ്ങൊ പോയിട്ടങ്ങു നാം മറഞ്ഞെങ്കില്‍
എന്നെയോര്ത്തപൂര്ണ്ണമാമീ സ്നേഹബന്ധങ്ങളില്‍
കണ്ണുനീര് വീഴ്ത്താതിരുന്നീടുവാന്‍ കഴിയേണം.
ജന്മ ജന്മാന്തര ബന്ധങ്ങള്‍ക്കുള്ളില്‍ കൂടെ
എന്മനം തിരക്കുന്നു നിന്നെ എന്നാത്മാവാക്കാന്‍.
നറുനീലാകാശത്തിന്‍ നീര്‍തുള്ളികള്‍ക്കുള്ളില്‍,
ആഴിതന്നടിത്തട്ടിന്‍ നീര്‍മണിച്ചെപ്പിന്നുള്ളില്‍,
ആതിര നിലാവിന്റെ ആര്‍ദ്രമാം ദീപ്തിക്കുള്ളില്‍,
വിടരും പൂമൊട്ടിന്റെ വിണ്മയ കാന്തിക്കുള്ളില്‍,
വാര്‍മഴവില്ലിന്നൊളി പടര്‍ത്തും സൌന്ദര്യത്തില്‍,
തിരയുന്നെന്നാത്മാവു നിന്നടുത്തെത്തീടുവാന്‍.
പ്രാണനില്‍ പിടയുന്ന ജീവന്റെ സ്മൃതികള്‍ക്കു
താരാട്ടു പാടുവാനിന്നാരാലും കഴിവില്ല....