Thursday, January 10, 2008

നീതി...

താമരത്താരിളം മേനിയില്‍ അന്നു നീ
വാസന്ത കുങ്കുമം ചാര്‍ത്തി നിന്നു.
തോരാതെ പെയ്യുന്നൊരായിരം നീര്‍ക്കണം
വാര്‍മുത്തണിഞ്ഞു നിന്‍ മേനിയാകെ.
കാര്‍കൂന്തല്‍ തുമ്പില്‍ നിന്നിറ്റിറ്റു വീണൊരു
പൂമണിതുള്ളികള്‍ അന്നെന്റെ മേലാകെ
പൂശും പുളകത്തിന്‍ ദിവ്യാനുഭൂതികള്‍
‍അറിയാതെ ഇന്നെനിക്കന്യമായി.
സ്മരണ തന്‍ ചെപ്പില്‍ നിന്നൂര്‍ന്നിടും
മധുരമാം സങ്കല്‍പസ്വപ്നം വിടര്‍ത്തും നിന്‍
‍ലാവണ്യസൗ ന്ദര്യപ്പൂമകരന്ദമെന്നാ-
ത്മാവിലെന്നും ഞാന്‍ കാത്തു വച്ചു.
നിന്‍സ്നേഹമുന്തിരിച്ചാറു നിറച്ചൊരാ
മാദക നിര്‍വൃതി തുള്ളിത്തുളുമ്പുന്നൊര-
നുരാഗ ചഷകമെനിക്കു നല്‍കൂ.
അറിയുന്നു ഞാനിന്നാ, സ്നേഹത്തിന്നലയാഴി
നിറയും നിന്നാത്മാവിന്‍ രോദനങ്ങള്‍.
പൊയ്പ്പോയ കാലത്തിന്‍ തപ്ത സ്മരണകള്‍
‍പേരറിയാത്തൊരു ദാഹമായ്‌, മോഹമായ്‌
ഇന്നുമെന്നുള്ളില്‍ നിറഞ്ഞുനില്‍പ്പൂ.
നാമിരുവര്‍ക്കുംനടുക്കൊരുമാരക
ജാതിവ്യവസ്ഥയുണ്ടായിരുന്നു.
സ്നേഹത്തിന്നാത്മാവില്‍ കാരിരുമ്പാണികള്‍
‍ആഞ്ഞടിച്ചേല്‍പ്പിക്കും പ്രാകൃതമാമൊരു
നീതിക്കു മുന്നില്‍ നാം ഹോമിച്ചു ജീവിതം....
ശോകാന്തമായൊരാ പുണ്യ ബന്ധം....

എന്നില്‍ നീ എന്നും വിടര്‍ത്തിയ മോഹങ്ങളെ-
ന്നും നീ എന്നില്‍ ചുരത്തിയ സ്നേഹത്തിന്‍
‍മാസ്മരമാകുമാ പീയൂഷധാരയില്‍
മാരക കങ്കാളപ്പേവിഷം ചേര്‍ക്കുന്ന
പാതകം ചെയ്തൊരാ സ്നേഹശൂന്യര്‍..
ഇന്നുമെന്‍ ജീവനനാഥമാക്കുന്നൊരാ
കാരാളമായൊരാ നീതി ശാസ്ത്രം.