
ഒരു മുളം തണ്ടിന്റെ ഉള്ളില്‍ നിന്നൂറുമാ
സ്വരരാഗ സുധയെന്നെ മെല്ലെ ഉണർത്തുന്നു.
കണ്ണൻ തൻ വൃന്ദാവനിയും, കാളിന്ദിയും
അമ്പാടി തന്നിലേ ഉണ്ണിക്കുസൃതിയും,
ഗോക്കളേ മേയ്ക്കുവാന്‍ പോകുന്ന കാനനേ
ഗോവര്‍ദ്ധനം കയ്യില്‍ താങ്ങി പിടിച്ചതും,
നീല കടമ്പിനന്നുൾക്കുളിരേകിയ
ലീലാവിലാസവും, കവർന്നോരു വെണ്ണയും,
കാമിനിമാരുടെ ചേലകൾ വാരിക്കൊണ്ടൊടി
ഒളിച്ചതും, ആർത്തുല്ലസിച്ചതും;
ഓരായിരം ഗോപാംഗനകളാ പ്രേമത്തില്‍,
മദകരമാമൊരു നിര്‍വൃതിയിലാണ്ടവര്‍
ഹർഷപീയൂഷ പുളകിത ഗാത്രരായ്
സായൂജ്യം നേടിയ, നിന്‍ സ്നേഹസ്പര്‍ശവും,
മാമകാത്മാവിലെന്നും രാഗസാന്ദ്രമാമൊരു,
ഗംഗാപ്രവാഹമായ്, ഉള്‍കുളിരേകുന്ന
പുണ്യ പ്രസാദമായ്, കുളിരേകുന്നൊരാ-
ത്മ സംതൃപ്തിയായ് നിറഞ്ഞുനിന്നീടുന്നു.....