Monday, November 26, 2007

ശില്‍പ്പിയുടെ ദുഃഖം...(3)

3

കോവിലില്‍ തങ്കം ചാര്‍ത്തി തിളങ്ങും ദൈവങ്ങളെ
കോടി ഡോളറിന്നായി കൊള്ള ചെയ്‌വോരേ ദൈവം
കാക്കുന്നു, നിയമത്തിന്‍ കാരിരുമ്പഴിക്കുള്ളില്‍
ആയാസം , നിര്‍ദോഷി എന്നുള്ളനുഗ്രഹത്തോടെ.
എവിടെ കാരുണ്യത്തിന്‍ കിര ണം വീശീ, ജീവന്‍
എവിടെ സ്നേഹോഷ്മളജ്വാലയായ് പടരുന്നോ,
അവിടേക്കെത്താനെത്ര ദൂരമെന്നോര്‍ക്കാതെ ഞാന്‍
കപട ദൈവങ്ങളെ പണി ചെയ്തതിന്‍ ദുഃഖം
കരളില്‍ പേറിക്കൊണ്ടീയുലകില്‍ കഴിയുന്നു;
മരണം പോലും മടി കാട്ടുന്നു കൈ നീട്ടുവാന്‍.......

ശില്‍പ്പിയുടെ ദുഃഖം (2)

2

കൈപ്പിഴ എതും കൂടാതെത്രയോ ശില്‍പ്പങ്ങളെ
കൈവിരല്‍ തുമ്പാല്‍ തീര്‍ത്ത ശില്‍പ്പി ഞാനശരണന്‍.
അമ്പല കാര്യക്കാര്‍ വന്നെന്‍ പുകള്‍ പാടീട്ടെത്ര
പഞ്ച ലോഹ ബിംബങ്ങള്‍ തീര്‍പ്പിച്ചു സമര്‍ത്ഥമായ്
ഭാരമായ് തേങ്ങിതേങ്ങി തെരുവിലലയവേ
അമ്പല കാര്യക്കാരെ കണ്ടു ഞാന്‍ കാറില്‍ പായും
മന്ത്രിയേ,എമ്മെല്ലേയേ,കണ്ടില്ലെന്നേ അന്നാരും.
പൂണൂലിന്‍ ചരടിനാല്‍ ദൈവത്തെ തളച്ചീടും
പൂജാരി, പൌരൊഹിത്യ മേധാവി കണ്ടില്ലെന്നെ.
കണ്ടു ഞാന്‍ പൂജാരിയെ ദേവസ്വം ബോര്‍ഡാഫീസില്‍
അഞ്ചു ലക്ഷത്തിന്‍ ‘ചെക്കു‘, കൈക്കൂലി നല്‍കാന്‍ നില്‍ക്കെ,
രണ്ടു കൊല്ലത്തേക്കെന്റെ വിഗ്രഹം പൂജിക്കുവാന്‍.
അഞ്ചു ലക്ഷമോ കോഴ, ഞെട്ടി ഞാന്‍ അറിയാതെ.
നാട്ടിലേ പ്രമാണിമാര്‍, ഉദ്യോഗ പ്രഭുക്കന്മാര്‍,
വാറ്റുകാര്‍, തട്ടിപ്പുകാര്‍,ഭരിക്കുന്നവര്‍ക്കൊക്കെ
ഉള്ളഴിഞ്ഞനുഗ്രഹം നല്‍കീടും ദൈവം തന്റെ
ഉള്ളിലെ കണ്‍കോണിനാല്‍ നോക്കിയില്ലെന്നെ മാത്രം.
നാലു പേര്‍ കൂടുന്നിടത്തൊക്കെയും വികാരവും
ദേഹവും വില്‍ക്കുന്നോരഭിസാരികാ രത്നങ്ങളെ
ഗൂഢരോഗപീഡകളേല്‍ക്കാതെന്നും കാക്കും
ദീനബാന്ധവന്‍ ദേവന്‍ കാണ്മതില്ലെന്നെ മാത്രം.
കോവിലില്‍ പൂജക്കെത്തി പ്രേമ വ്യാപാരം ചെയ്യും
കോമളാംഗനകളെ, കാമകോമളന്മാരെ
കനിവോടനുഗ്രഹിച്ചരുളും ദൈവം എന്റെ
കരുണാര്‍ദ്രമാം കഥ കേട്ടതില്ലൊരിക്കലും.

ശില്പിയുടെ ദുഃഖം........


1
ഞാനിനി സ്പര്‍ശിക്കില്ല, കല്ലുളി ദൈവങ്ങള്‍‍ തന്‍
കോലങ്ങള്‍ തയ്യാറാക്കി,കോവിലില്‍ പ്രതിഷ്ഠിക്കാന്‍.
കൃഷ്ണനെ,ശ്രീരാമനെ,ശിവനെ, ശ്രീ ദുര്‍ഗയെ
സൃഷ്ടിക്കും കരങ്ങളില്‍ കരുത്തില്ലശേഷവും.
പാറയില്‍ കൊത്തി കൊത്തി തളര്‍ന്നൊരീ കയ്യിലേ
പാടുകള്‍‍ നോക്കി കാലം പോക്കുമീ പണിക്കാരന്‍.
ഒട്ടിയ വയറുമായ് ഒട്ടേറെയലഞ്ഞു ഞാന്‍
വറ്റിന്റെ കൊതിയുമായ് ശ്രീ കോവില്‍ നടകളില്‍.
ഭാരത സംസ്കാരത്തിന്‍ ശ്രീ കോവില്‍ കവാടങ്ങള്‍‍
പാവം, ഈ ശില്പിക്കായി തുറന്നില്ലൊരിടത്തും.
കോവിലിന്നുള്ളില്‍ ദേവ വിഗ്രഹം പ്രതാപിയായ്
കോടാനുകോടി ഭക്തര്‍ക്കാശ്വാസം നല്‍കീടവേ
കേവലമൊരു തുള്ളി ദാഹനീര്‍ കൊതിച്ചൊരെന്‍
ചേതന‍ പിടഞ്ഞിട്ടും, തന്നതില്ലാരും തീര്‍ത്ഥം
ഞാനാണു ശിലകളെ ദൈവങ്ങളാക്കി തീര്‍ത്തോന്‍
കണ്ടിട്ടും കണ്ടീടാതെ, കേട്ടിട്ടും കേട്ടീടാതെ
കല്ലിലെ ദൈവങ്ങളിന്നെങ്ങുമെ വിങ്ങീടുന്നു.
നടകള്‍‍ തുറന്നില്ല, നടയില്‍ തേങ്ങുന്നോരു
വ്യഥ തന്‍ വിലാപങ്ങള്‍ കേള്‍ക്കുന്നില്ലിന്നോളവും.
തോളത്തു നൂണ്ട സഞ്ചിക്കുള്ളിലിപ്പൊഴുമുണ്ടാ
ദേവതാ രൂപങ്ങളെ പണിതോരെന്നായുധം.
മൂര്‍ച്ച പോയെങ്കിലും ഞാന്‍, വെടിഞ്ഞില്ലിതേ വരെ
മൂര്‍ത്തി‍കള്‍ക്കറ്റകുറ്റപ്പണികള്‍ വേണെങ്കിലോ?
ആല്‍ത്തറ തോറും അന്തി ഉറങ്ങി വിറപ്പൂ ഞാന്‍
ആര്‍ത്തനായ്, രോഗ ഗ്രസ്ഥനായ് ശയിക്കവേ
ഓര്‍ക്കുമാറുണ്ടെപ്പോഴും ഓമന പ്രതിഷ്ഠയോ-
ടോരോരോ പ്രതിമകള്‍‍ തീര്‍ത്തൊരാ പണ്ടേക്കാലം......