Thursday, May 19, 2011

പ്രണയമെന്ന പ്രഹേളിക!




സ്നേഹത്തിന്റെ പര്‍ണ‍കുടീരത്തില്‍

കുളിര്‍ മാരിയുമായി ഹൃദയകവാടത്തിലേക്കു പറന്നടുത്തു വരുന്ന

നിത്യ വിസ്മയങ്ങളായ ഓർമ്മകള്‍!

മരുഭൂമിയിലേ ഊഷരക്കാറ്റുകളില്‍

തരളിതമാകുന്ന ആത്മനൊമ്പരങ്ങളില്‍,

നഷ്ടപ്പെട്ടുകൊന്ദിരിക്കുന്ന ഗൃഹാതുരതയുടെ മരവിപ്പില്‍,

പ്രതീക്ഷയുടെ, സാന്ത്വനത്തിന്റെ,

ഹൃദയ നൈര്‍മ്മല്യത്തിന്റെ മരുപ്പച്ചയുടെ,

ശീതള ഛായയിലേക്കു കൈ പിടിച്ചു നടത്തുന്ന

അവളുടെ കായിതങ്ങൾ, ശബ്ദവീചികള്‍,

പ്രേമസുരഭിലമായ,ചേതനയേ

തൊട്ടുണര്ത്തുന്ന ഹൃസ്വ സന്ദേശങ്ങള്‍!



ഉറക്കം വരാന്‍ മടിക്കുന്ന ശരല്‍ക്കാല രാത്രികളില്‍

മാനത്തു നോക്കി, മിഴി ചിമ്മി നില്‍ക്കു‍ന്ന താരാഗണങളുടെ

ഇടയില്‍ സ്വന്തം കാമുകിയുടെ നക്ഷത്രം കണ്ടു പിടിച്ചു,

നഷ്ടവസന്തതിന്റെ തപ്തനിശ്വാസ്സങ്ങള്‍ ഉതിര്‍ത്തു

നെടുവീര്പ്പു‍മായി, ഓര്മ്മയില്‍‍ ജ്വലിച്ചു നിൽക്കുന്ന

അവളെ ചൂഴ്ന്നു നില്‍ക്കുന്ന മൃദുലരാഗത്തിന്റെ,

അഴകാർന്ന, പ്രേമസുരഭിലമായ ഓർമ്മകളെ തഴുകി

തഴുകി ഉറങ്ങാന്‍ കിടക്കുന്ന എത്രയൊ കാമുകന്‍മാര്‍‍‍!



കണ്ണുനീരിന്റെ നുനുനുനുപ്പാർന്ന ഹൃദയവ്യഥയി‍ല്‍,

നഷ്ടബോധത്തിന്റെ വ്യാകുലതകള്‍

എരിഞ്ഞടങ്ങാത്ത തീക്കനല്‍ പോലെ,

ഉള്ളിന്റെ ഉള്ളില്‍ ഓർമ്മയില്‍ നീറിപ്പിടിക്കുമ്പൊള്‍,

എല്ലാം മറന്ന് ഉമ്മറപ്പടിപ്പുരയില്‍ വിഹ്വലമായ

മാന്‍പേടക്കണ്ണുകളുമായി കാത്തു നിൽക്കുന്ന,

ഇനിയും വരാതെ കാത്തിരിക്കുന്ന കത്തുകളെവിടെ?

ജാലകമറയുടെ അപ്പുറത്തു,

മുല്ലവള്ളികളുടെ മറവില്‍ കൂടി വഴിവക്കിലേക്കു

മിഴിക്കണ്ണുമായി പ്രിയന്റെ രൂപം കാത്തുനിന്ന സായംസന്ധ്യകള്‍!

മറുപടി കിട്ടാത്ത ചോദ്യങ്ങളുടെ,

പൂരിതമാകാത്ത മോഹങ്ങളുടെ,

വിടരാന്‍ മടിക്കുന്ന സ്വപ്ന പൂമൊട്ടുകളുടെ എല്ലാം

ഹൃദയഭാരത്തോടേ മയങ്ങാന്‍ കിടക്കുന്ന

കാമുകിയുടെ ദീര്‍ഘനിശ്വാസങ്ങള്‍!

ഇതെല്ലാം നിങ്ങളുടെ മനസ്സിനെ വ്രണപ്പെടുത്തുന്നുവോ?

നിസ്സഹായതയില്‍ എത്തിക്കുന്നുവോ?



ഒരുനൂറു പ്രേമസുര്‍ഭിലമായ സൌഗന്ധപുഷ്പ്പങ്ങളുടെ

നറുമണം ഉതിര്‍ക്കുന്ന സങ്കല്‍പ്പങ്ങളുമായി,

അവധിക്കു നാട്ടില്‍ പോകാൻ,

അവളുടെ സ്നേഹമസൃണമായ കടക്കണ്ണുകളിലെ

വിഷാദം നിറഞ്ഞ സ്വാന്തനത്തിന്റെ പാലൊളിയില്‍

മുങ്ങിത്തുടിക്കുവാന്‍ വെമ്പുന്ന ഒരു ഹൃദയം നിങ്ങള്‍ക്ക് ഉണ്ടോ?

നിങ്ങള്‍ ധന്യന്‍ ആണു! നിങ്ങള്‍ ആരുമാകട്ടെ!

നറുതേന്‍ തുളുമ്പുന്ന ഒരു കാമുക ഹൃദയത്തിന്റെ ഉടമ! .

സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും

വെമ്പുന്ന ഒരാത്മസമ്പത്ത് നിങ്ങള്‍ക്കുണ്ടു.



സ്നേഹം നിഷിദ്ധ്മായ ഒരു വാസന ആണൊ?....

ദൌർബല്യം ആണൊ?....

അതോ അത്മാവിനെ സുഗന്ധപൂരിതമാക്കുന്ന അനുഭൂതിയോ?

Tuesday, May 17, 2011

പുനർജനികൾ...



ഒരു നിറ സന്ധ്യ പോയ്‌ മറഞ്ഞാലും എന്നും
പുലര്‍കാല ശോണിമ പൂവിടര്‍ത്തും.
ഒരു ജന്മം കണ്ണീര്‍ പൊഴിച്ച മേഘം
ഒരു നവ വാസന്തച്ചിരി പൊഴിക്കും.
ഒരു പൂവു മാത്രം കൊതിച്ച ഹൃത്തില്‍
നറുമലര്‍ പൂക്കാലം ഓടിയെത്തും.
നിനവുകള്‍ സ്വപ്നങ്ങളായി വീണ്ടും
പരിണമിച്ചെത്തും യാഥാര്‍ത്ഥ്യമാവാന്‍!

മധു ഉണ്ണാന്‍ വന്നൊരു വണ്ടിനൊപ്പം
മധുവിധുക്കാലം കഴിച്ച പുഷ്പം
ഒരു ദിനം വാടിക്കരിഞ്ഞു വീഴും,
മറയുമീമണ്ണിന്റെ മാര്‍ത്തടത്തില്‍.

മധുര മനോഞ്ജമായ്‌ പുഞ്ചിരിച്ചും
ചിരികള്‍ വിടര്‍ന്നും നിറഞ്ഞ ചുണ്ടില്‍
വിരിയുന്നു കദനത്തിന്‍ നൊമ്പരങ്ങള്‍
അഴലിന്റെ നിറമാര്‍ന്ന വ്യഥകളൊപ്പം.

ചുടുനെടുവീര്‍പ്പുമായ്‌ വിങ്ങിയ മണ്ണിന്റെ
കനിവോലും മിഴിനീരിന്‍ കണികയല്ലോ മഴ
ഒരു പുതു ഹര്‍ഷമായ്‌ പൊഴിയുന്നു വേനല്‍ തന്‍
കരുണാര്‍ദ്രമായൊരു സാന്ത്വനമായ്‌?


മറയുന്നതെല്ലാമീ ഭൂവിലാകെ
പുനര്‍ജന്മം തേടി തിരികെ എത്തും.
തുടരുന്നീ നാടകശാലയില്‍ ജീവന്റെ
അറുതി ഇല്ലാത്തൊരു ജന്മകേളീ..

Monday, May 09, 2011

ഒരു മുരളീരവമായ്......

മനമൊരു മുരളിയാമെങ്കില്‍ നീ എന്നുമെന്‍
സ്വരരാഗസുധയാം വേണുസങ്കീര്‍ത്തനമാകും.
ഒരുനാളിലേയൊരുന്മാദ രാവിന്റെ പരിമളം
മറയാതെ ഇന്നുമെന്റെ ‍ മനതാരില്‍ നിറയുന്നു.
അന്നു നീ കടം തന്ന ചുംബനങ്ങളാലെന്റെ
ഉള്‍തടം ഉരുകുന്നെന്‍ മോഹങ്ങളുണരുന്നു.
എന്നുമെന്നരികില്‍ നീ ഉണ്ടാകുമെങ്കിലെന്റെ
മോഹങ്ങള്‍ സഫലമാം; ഈ ജന്മം സുകൃതമാം.
ആശകള്‍ നിരാശയാം, കാമിതം ഫലിക്കുമ്പോള്‍;
നാമെത്തിപ്പിടിക്കാത്ത മോഹങ്ങള്‍ സുരഭിയായ്‌,
ലാവണ്യ സുന്ദരമാം മാധുര്യം നിറക്കുന്നു.

ആദ്യത്തെ മയക്കത്തില്‍, ഞാന്‍ കാണും കിനാവതില്‍
വിടരുന്നുണ്ടായിരം രതിഗന്ധ പൂവാടികള്‍.
ഒരു കുഞ്ഞിക്കാറ്റിനുള്ളില്‍ മൃദുസ്പര്‍ശനമായി,
ആ മധുരോദാര, വികാര തരംഗങ്ങളില്‍
വിരിഞ്ഞു, വിരുന്നെത്തും നിന്നോര്‍മ്മ എന്നന്തികേ,

പാതിരാപ്പൂക്കള്‍ വിരിയുന്നാ നേരത്തും
പാടുന്നു ഞാനെന്റെ പ്രേമാര്‍ദ്രഗീതികള്‍.

മാന്തളിര്‍ചുണ്ടിതള്‍ തന്‍ മധുരോന്മാദമെല്ലാം
മാദകസ്വപ്നങ്ങളില്‍ നല്‍കുന്നു നീ എനിക്കായ്‌.
സൗവര്‍ണ്ണ രാജികള്‍ പൂത്തുലഞ്ഞുതിര്‍ന്നു പോം,
വന്ധ്യമാം മോഹങ്ങളെന്നുള്‍‍ക്കളം പിളര്‍ക്കുന്നു.
ആത്മാവിലാത്മവായ്‌ നാം ഇഴുകി ലയിക്കുന്നോ-
രാനന്ദ മൂഹൂര്‍ത്തങ്ങള്‍ ഇങ്ങിനി വന്നീടുമോ?