Friday, January 07, 2011

നാമെന്തു പേരിടും?...






ആത്മാവു തമ്മില്‍ ഉതിര്‍ക്കുന്ന മന്ത്രത്തെ

നാമെന്തു പേരിടും?..പ്രണയമെന്നോ?

കാണാത്ത നേരത്തു കാണാന്‍ കൊതിക്കുന്ന

മനസ്സിന്റെ വിങ്ങലിന്‍ പേരിതാണോ?

കേള്‍ക്കാന്‍, കൊതിച്ചൊരാ വാക്കുകള്‍ എന്നാലും

‍കേള്‍ക്കാഞ്ഞ നേരത്തു, മനതാരില്‍ വിരിയുന്ന

വിരസമാം ശോകത്തിനെന്തു പേരോ? ....

പ്രേമമെന്നോ?

കേള്‍ക്കുന്ന വാക്കുകള്‍ ‍ഹൃദയത്തില്‍

ചൊരിയുന്ന മൂകമാമനുഭൂതിക്ക-

നുരാഗമെന്നു പറഞ്ഞിടാമോ?

മിഴികളില്‍ തുളുമ്പുന്നൊരശ്രുവിന്‍ ‍തേന്‍ കണം

കനിവാര്‍ന്ന സ്നേഹത്തിന്നധരങ്ങളാല്‍

മുകരുന്നൊരനുഭൂതി കരളിൽ തഴുകുന്ന

മധുരമാം കുളിരിനേ,

പ്രിയതരമാമൊരു പേര്‍ വിളിക്കൂ!

മഴവില്ലിന്‍ ചാരുത മനസ്സില്‍ വിടരുന്ന,

തരളമാം സ്മരണകള്‍ പുളകിതമാക്കുന്നാ

മധുരവികാരത്തെ പേരിടല്ലെ...

അതു, മരണത്തിന്നവസാന മാത്രകളില്‍ കൂടി

മധുമയമാക്കാനനുവദിക്കൂ.