Tuesday, November 04, 2014

മനസ്സിനുള്ളില്‍ ഒരു കണ്ണന്‍


                               
                                                     മനസ്സിനുള്ളില്‍ ഒരു കണ്ണന്‍.........
ഒരു മുളം തണ്ടിന്റെ ഉള്ളില്‍ നിന്നൂറുമാ

സ്വരരാഗ സുധയെന്നെ ഉണര്‍ത്തി വീണ്ടും

കണ്ണന്റെ വൃന്ദാവനിയും, കാളിന്ദിയും

അമ്പാടി തന്നിലേ ഉണ്ണിക്കുസൃതിയും,

ഗോക്കളേ മേയ്ക്കുവാന്‍ പോകുന്ന കാനനേ

ഗോവര്‍ദ്ധനം കയ്യില്‍ താങ്ങി പിടിച്ചതും,

കടമ്പു മരത്തിന്നുള്‍ക്കുളിരേകിയ

ലീലാവിലാസവും, മോഷ്ടിച്ച വെണ്ണയും,

കാമിനിമാരുടെ ചേല കവര്‍ന്നതും

ഒരായിരം ഗോപാംഗനകളാ പ്രേമത്തില്‍

സായൂജ്യം നേടിയ നിന്‍ സ്നേഹ സ്പര്‍ശവും

മാമകാത്മാവിലെന്നും രാഗസാന്ദ്രമാമൊരു

യമുനാ പ്രവാഹമായ്,ഹര്‍ഷോന്മാദമായ്

നിറയുന്നുണ്ടിന്നെന്നും നിൻ വരപ്രസാദമായ്..........ഓര്‍മ്മയില്‍..ഓര്‍മ്മയില്‍..


രാധികെ നിന്നെ ഞാന്‍ അറിയുന്നു, ഞാനെന്റെ

പിടയുന്ന ജീവന്റെ, നനവാര്‍ന്നൊരൊര്‍മ്മയായ്

മധുരം കിനിയുന്നൊരമൃതായി നിന്നെ ഞാന്‍

ചിരകാലമുള്ളില്‍ തിരയുന്നു മല്‍സഖീ

മലരിന്റെ മധുരമായ്, മനസ്സിന്റെ തേനൂറും സ്മൃതികളായി

നിനവിന്റെ നിധിയായി, നോവുമാത്മാവിന്റെ

വിരഹത്തിന്‍ നീഹാര പുഷ്പമായി

തിരകോതി നിറയുന്ന മനസ്സിന്റെ യമുനയില്‍

പുഴയോരം പുണരുവാനണയുന്നേരം

ഒരു വൃന്ദാവനിയിലേ കാറ്റായി, നീ പിന്നെ

കാറ്റിലേ നവ്യ സുഗന്ധമായ് മാറിയാ-

സൌരഭ്യമെന്നില്‍ നിറച്ചതില്ലേ?


ഗതകാല വിസ്മൃതി നിറമാല ചാര്‍ത്തിയോ-

രഴലിന്റെയഴകായി അറിയുന്നു നിന്നെ ഞാന്‍

ഇടനെഞ്ചില്‍ ഇടറുന്ന താളമായി,

ഹൃദയത്തില്‍ തരളിത രാഗമായി,

നനയുന്ന മിഴികളിലശ്രുവായ് നീ ഇന്നു

കനിവാര്‍ന്നൊരോമന സ്വപ്നമായി

തഴുതിട്ട വാതില്‍ തുറന്നു നീ ഇന്നെന്റെ

അരികത്തു മൃദുഹാസ ഭരിതയായി

തഴുകുന്ന കുളിരിന്റെ ധാരയായ-

നുഭൂതി പകരൂ ഞാനലിയട്ടാ മധുരമാം കനവിന്റെ

കനിവിലെന്നൊമനേ എന്നുമെന്നും...... ~..കുഞ്ഞുബിSunday, November 02, 2014

ആമി...മാധവികുട്ടി...കമല...കമലാ ദാസ്...കമല സൂരയ്യ  ആമി...മാധവികുട്ടി...കമല...കമലാ ദാസ്...കമല സൂരയ്യ

മാധവികുട്ടി-കമലാദാസ്--ആമി---കമലാ സൂരയ്യാ....

എത്ര കഥകള്‍...കവിതകള്‍...നോവലുകള്‍. ഒരു കാലഘട്ടത്തിന്റെ ഇതിഹാസം!

" എനിക്കൊരാളോടുള്ള സ്നേഹം എപ്പൊഴും ആത്മാര്‍തഥ ഉള്ളതായിരുന്നു. സ്നേഹം വന്നു പിടിപെട്ടാല്‍ പിന്നെ അതു അതിന്റെ വഴിയേ തന്നെ പോകും. രാത്രിയിലൊക്കെ തീവ്രമായ വികാരം അനുഭവപ്പെടും. കവിത ഒഴുകിവരും. എന്റെ ഉള്ളീലുള്ള കവിത മുഴുവന്‍ പുറത്തു വന്നു കഴിഞ്ഞാല്‍ പിന്നെ എന്റെ ഹൃദയം ശൂന്യമാകും.. ആ ആള്‍ പിന്നെ ഒരു ശവ ശരീരം പോലെ ആകും"

അമേരിക്കയില്‍ സ്ത്രീകള്‍ക്കു ഈ ബഹുമാനം കിട്ടാറുണ്ടോ? അവിടെ സ്ത്രീത്വം ബെഡ് ഡബിലിറ്റി(Beddability)യില്‍ ആണു സ്ഥിതി ചെയ്യുന്നതു .അവരുടെ ലൈഗീകത്വം നില നിര്‍ത്താന്‍ എന്തൊക്കെയാണു അവര്‍ക്കു ചെയ്യേണ്ടതു? "ഇവിടെ ഇന്ത്യയില്‍ സാഗ്ഗിംഗ് ബ്രെസ്റ്റ് (sagging breast) വന്നാല്‍ അതൊരു പ്രശ്നമല്ല. ഞാന്‍ മൂന്നു കുട്ടികളെ വളര്‍ത്തിയതല്ലേ?
മുല കൊടുത്താണു, പാല്‍പൊടി അല്ല. അതിന്റെ സാറ്റിസ്ഫാക്ഷന്‍ (satisfaction)എത്ര വലുതാണു. അമേരിക്കയില്‍ സിലികോണ്‍ ഇന്‍പ്ലാന്റ് ഒക്കെ ചെയ്തു ബെഡ് ഡബിലിറ്റി പരിരക്ഷിച്ചുകൊണ്ടിiരിക്കണം.."

"ഒരു മീറ്റിങ്ങില്‍ വച്ചു ഞാന് സദസ്സിനോടു ചൊദിച്ചു: ഇവിടെ സിലികോണ്‍ ബ്രെസ്റ്റ് ഉള്ളവര്‍ ഒന്നു കൈ പൊക്കാമൊ എന്നു. പലരും കൈ പൊക്കി.ഒരാള്‍ സ്റ്റേജിലേക്കു കടന്നു വരുവാന്‍ ഞാന്‍ ക്ഷണിച്ചു.അവര്‍ വന്നപ്പോള്‍ ഞാന്‍ അവരോടു ചോദിച്ചു."ഡു യു മൈന്റ് ഈഫ് ഐ റ്റച്ച് യുവര്‍ ബ്രെസ്റ്റ്?" (Do you mind if I touch your breast?) സദസ്സില്‍ വലിയ കയ്യടിയും ബഹളവും.. ഞാന്‍ തൊട്ടു.. എന്താ കഥ! ബ്രെസ്റ്റ് ആയാല്‍ അതിനു റേസീലിയന്‍സ് (resilience)വേണ്ടേ? ഇതു വളരെ ഹാര്‍ഡ് ആയിരുന്നു. പുരുഷന്മാര്‍ക്കു ഇതു ഇഷ്ടമാകുമോ? ഇന്ത്യയിലിതിന്റെ ഒന്നും ആവശ്യമില്ലെന്നു ഞാന്‍ പറഞ്ഞൂ...”ഇതാണു മാധവികുട്ടി
കുഞ്ഞുബി..
(കടപ്പാട്:T J. S. GEORGE}

Tuesday, September 02, 2014

രാവിൽ......


                             
രാവില്‍...
ഇന്നലെ രാവില്‍ നീ എന്നെ തനിച്ചാക്കിയിട്ടു
ഉറ‍ങ്ങാന്‍ പോയി..
നിന്റെ അഗാധ നിദ്രയില്‍....

ഇന്നു രാത്രിയില്‍ നീ അസ്വസ്ഥമായി,
തിരിഞ്ഞും, മറിഞ്ഞും കിടക്കുന്നു.
ഞാന്‍ നിന്നോടു പറഞ്ഞു:
*നീയും ഞാനും ഈ പ്രപഞ്ചത്തിന്റെ അവസാനത്തോളം,
അതു അലിഞ്ഞില്ലാതാകുന്നതു വരെ, ഒരുമിച്ചു തന്നെ ആയിരിക്കും.”

അപ്പോള്‍ നീ അവ്യക്തമായി അര്‍ദ്ധസുഷുപ്തിയില്‍
എന്തോ പുലമ്പുന്നുണ്ടായിരുന്നു.
നീ കുടിച്ചു ഉന്മത്തനായിരുന്നപ്പോള്‍
ആലോചിച്ചിരുന്ന ഏതോ കാര്യങ്ങള്‍!


ഹൃദയത്തിന്റെ സൌന്ദര്യം....

ഹൃദയത്തിന്റെ സൌന്ദര്യമാണു
എന്നും നിലനില്‍ക്കുന്ന ഭംഗി!
ജീവനില്‍ ദാഹനീര്‍ ചൊരിയുന്ന അതിന്റെ അധരങ്ങള്‍!
യഥാർത്ഥത്തില്‍, വഴിഞ്ഞൊഴുകുന്ന ആ ജലവും,
അതു മോന്തി കുടിക്കുന്ന വ്യക്തിയും
അങ്ങനെ മൂന്നും കൂടി ഒന്നായി തീരുന്നു.
നിന്റെ മാന്ത്രിക ഏലസ്സ്, നിന്റെ ഭാഗ്യ ചിഹ്നം
തരിപ്പണമാകുമ്പോള്‍
നിന്റെ യുക്തി ബോധം ഒന്നും തന്നെ

അതിന്റെ പൂര്‍ണ്ണതയേ വിശേഷിപ്പിക്കുവാന്‍
ഉതകുകയില്ല.

(ജലാലുദീന്‍ റൂമി -ഇറാനിയന്‍‍ കവിയുടെ കവിതകളുടെ സ്വതന്ത്ര തര്‍ജമ)

Sunday, August 31, 2014

നിനക്കായ്.....
നിൻ വിരൽ തലോടുന്നൊരാർദ്രമാം കവിൾതടം
സ്നേഹാമൃതത്താലെന്റെ ഉൾക്കളം നിറക്കുന്നു.
മുഗ്ദമാം കിനാക്കളിൽ മുഴുകി ഞാനെപ്പോഴും
മൌനാനുരാഗലോല ദീപ്തയായ് മാറീടുന്നു.

ഇന്നു ഞാനെഴുതുന്നോരീരടിക്കുള്ളിൽ നിന്റെ
ദിവ്യമാം പ്രണയത്തിൻ ലോലലോലമാം ഭാവം.
ഗീതമായ്, ചരണമായ്,  ലയമായ്, സംഗീതമായ്
നിറയും പ്രപഞ്ചത്തിൻ താളമായ് തീർന്നീടട്ടെ.
നിൻ ചുണ്ടിൽ വിടരുന്ന മന്ദഹാസത്തിൻ പൂക്കൾ
എന്നുമെൻ സങ്കൽ‌പ്പത്തിൻ സൌരഭ്യമായി തീർന്നു.
ഇനി നാമൊരിക്കലും കാണുവാനിടയാകാത്ക-
ലത്തെങ്ങോ പോയിട്ടങ്ങു  നാം മറഞ്ഞെങ്കിൽ
എന്നെയോർത്തപൂർണ്ണമാമീ സ്നേഹ ബന്ധങ്ങളിൽ
കണ്ണു നീർ വീഴ്ത്താതീരുന്നടുവാൻ ക്ഴിയേണം...

ജന്മജന്മാന്തര ബന്ധങ്ങൾക്കുള്ളിൽ കൂടെ
എൻ മനം തിരക്കുന്നു നിന്നെയെന്നാത്മാവാക്കാൻ.
നറുനീലാകാശത്തിൻ നീർത്തുള്ളികൾക്കുള്ളിൽ
ആഴിതന്നടിത്തട്ടിൻ നീർമണി തുള്ളിക്കുള്ളിൽ
ആതിര നിലാവിന്റെ ആർദ്രമാം  ദീപ്തിക്കുള്ളിൽ
വിടരും പൂമൊട്ടിന്റെ  വിണ്മയ കാന്തിക്കുള്ളിൽ
വാർമഴവില്ലിന്നൊളി പകർത്തും സൌന്ദര്യത്തിൽ
തിരയുന്നെന്നാത്മാവു നിന്നടുത്തെത്തീടുവാൻ.
പ്രാണനിൽ പിടയുന്ന ജീവന്റെ സ്മൃതികൾക്കു
താരാട്ടു പാടുവാനിന്നരാലും കഴിയില്ല.....~...കുഞ്ഞുബി