
എന്റെ പ്രാണസഖീ, നീ കുറേക്കൂടി എന്നിലേക്കു ചേര്‍ന്നിരിക്കൂ. നീ കൂടുതല്‍ അടുത്തിരിക്കുമ്പോള്‍ ഈ ശൈത്യത്തിനു നമ്മെ സ്പര്‍ശിക്കാന്‍ കഴിയാതെ പോകും. നമ്മുടെ മധ്യത്തിലേക്കു നൂഴ്ന്നു കയറാന്‍ കഴിയാതെ! ഈ തീജ്വാലകളാണു ഈ ശീതത്തിനു ആകെ നല്കാന് കഴിയുന്ന ഫലം. അതുകൊണ്ടു നീ, ഈ തീ കാഞ്ഞു കൊണ്ടു എന്നോടു ചേര്‍ന്നിരിക്കുക.
നിന്റെ ആത്മാവിന്റെ സൗന്ദര്യം ഞാന്‍ നുകരട്ടെ. ആ കതകിനപ്പുറത്തുള്ള സീല്‍ക്കാരങ്ങളെക്കാളും എത്ര മഹത്തരമാണു അതെന്നു എനിക്കറിയാം. ആ വാതില്‍ തഴുതിടുക. അതിന്റെ മുകളിലെ പാളികളും ബന്ധിച്ചു കൊള്ളുക. കോപാന്ധമായ ആകാശത്തിന്റെ മുഖം എന്നിലുള്ള ചൈതന്യം നഷ്ടപ്പെടുത്താനിടയുണ്ട്. നമ്മുടെ മൈതാനങ്ങളില്‍ മഞ്ഞു വീണു നിറഞ്ഞിരിക്കുന്നു. അതു കാണുമ്പോള്‍ എന്റെ ആത്മാവു ശോകാര്‍ദ്രമാകുന്നു.
ആ വിളക്കില്‍ കുറച്ചു കൂടി എണ്ണ പകരൂ. അതു മങ്ങാതെ കത്തട്ടെ. എന്നിട്ടു നിന്റെ അടുക്കലേക്കു നീക്കി വച്ചു കൊള്ളുക. എന്നോടൊപ്പം ഉള്ള നിന്റെ ജീവിതത്തില്‍, നിന്റെ മുഖത്ത് രൂപം പ്രാപിച്ച ഭാവങ്ങള്‍ എന്തെന്നു കണ്ണീരിനിടയില്‍ കൂടി എനിക്കു വായിക്കാന്‍ സാധിക്കുമല്ലൊ.
ശരല്‍ കാലത്തില്‍ നാം പാകം ചെയ്തു വച്ച വീഞ്ഞ് കൊണ്ടു വരിക. അതു കുടിച്ചു കൊണ്ടു, വസന്ത കാലത്തിന്റെ ചാരുതയാര്‍ന്ന ഓര്‍മ്മകള്‍ നല്കുന്ന ഗാനം നമുക്കു ആലപിക്കാം. ഗ്രീഷ്മത്തിന്റെ സൂക്ഷ്മമായ പരിചരണം, ശരല്കാലത്തിന്റെ കൊയിത്തിനു നല്കിയ സമ്മാനം എന്തെന്നു ഓര്‍മിപ്പിക്കുന്ന ഈരടികള്‍!
എന്നോടു ചേര്‍ന്നിരിക്കൂ. എന്റെ ആത്മസഖീ, ഈ അഗ്നിയുടെ ചൂടു കുറഞ്ഞു വരുന്നു. ചാരത്തിന്റെ ഉള്ളിലേക്കു കനലുകള്‍ ഓടി ഒളിക്കുന്നു. എന്നെ ആലിംഗനം ചെയ്യുക. ഏകാന്തതയെ ഞാന്‍ ഭയപ്പെടുന്നു. ഇതാ വിളക്കു മങ്ങിത്തുടങ്ങിയല്ലൊ. നാം കുടിച്ച വീഞ്ഞ് മിഴിയിണകളെ തഴുകി അടയ്ക്കുന്നതു പോലെ! അതു അടഞ്ഞു പോകുന്നതിനു മുന്‍പായി നമുക്കു പരസ്പരം നോക്കി മനസിലാക്കാം.
നിന്റെ കരങ്ങള്‍ കൊണ്ടു നീ എന്നെ തിരഞ്ഞു കണ്ടുപിടിക്കൂ. എന്നെ കെട്ടി പുണരൂ..എന്നിട്ടു നിദ്ര നമ്മുടെ ആത്മാക്കളെ ഒന്നായി പുണരട്ടെ. എന്റെ ഓമനേ! എന്നെചുംബിക്കൂ. നമ്മുടെ അധരങ്ങള്‍ ഒഴിച്ചു ബാക്കി എല്ലാം തന്നെ ഈ ശൈത്യം നമ്മില്‍ നിന്നും മോഷ്ടിച്ചു കളഞ്ഞല്ലൊ!
എന്റെ പ്രിയമുള്ളവളെ, നീ എന്നും എന്റെ അരികിലാണല്ലൊ.നിദ്രയുടെ നീരാഴി എത്ര അഗാധവും വിസ് തൃതി നിറഞ്ഞതും ആണു. പ്രഭാതം എത്ര അരികിലായിരുന്നു.
(ഖലീല്‍ ജിബ്രാന്റെ ‘വിന്റര്‍’ എന്ന കവിതയുടെ ആവിഷ്കാരം.)