Tuesday, November 04, 2014

മനസ്സിനുള്ളില്‍ ഒരു കണ്ണന്‍


                               
                                                     



മനസ്സിനുള്ളില്‍ ഒരു കണ്ണന്‍.........




ഒരു മുളം തണ്ടിന്റെ ഉള്ളില്‍ നിന്നൂറുമാ

സ്വരരാഗ സുധയെന്നെ ഉണര്‍ത്തി വീണ്ടും

കണ്ണന്റെ വൃന്ദാവനിയും, കാളിന്ദിയും

അമ്പാടി തന്നിലേ ഉണ്ണിക്കുസൃതിയും,

ഗോക്കളേ മേയ്ക്കുവാന്‍ പോകുന്ന കാനനേ

ഗോവര്‍ദ്ധനം കയ്യില്‍ താങ്ങി പിടിച്ചതും,

കടമ്പു മരത്തിന്നുള്‍ക്കുളിരേകിയ

ലീലാവിലാസവും, മോഷ്ടിച്ച വെണ്ണയും,

കാമിനിമാരുടെ ചേല കവര്‍ന്നതും

ഒരായിരം ഗോപാംഗനകളാ പ്രേമത്തില്‍

സായൂജ്യം നേടിയ നിന്‍ സ്നേഹ സ്പര്‍ശവും

മാമകാത്മാവിലെന്നും രാഗസാന്ദ്രമാമൊരു

യമുനാ പ്രവാഹമായ്,ഹര്‍ഷോന്മാദമായ്

നിറയുന്നുണ്ടിന്നെന്നും നിൻ വരപ്രസാദമായ്..........



ഓര്‍മ്മയില്‍..







ഓര്‍മ്മയില്‍..


രാധികെ നിന്നെ ഞാന്‍ അറിയുന്നു, ഞാനെന്റെ

പിടയുന്ന ജീവന്റെ, നനവാര്‍ന്നൊരൊര്‍മ്മയായ്

മധുരം കിനിയുന്നൊരമൃതായി നിന്നെ ഞാന്‍

ചിരകാലമുള്ളില്‍ തിരയുന്നു മല്‍സഖീ

മലരിന്റെ മധുരമായ്, മനസ്സിന്റെ തേനൂറും സ്മൃതികളായി

നിനവിന്റെ നിധിയായി, നോവുമാത്മാവിന്റെ

വിരഹത്തിന്‍ നീഹാര പുഷ്പമായി

തിരകോതി നിറയുന്ന മനസ്സിന്റെ യമുനയില്‍

പുഴയോരം പുണരുവാനണയുന്നേരം

ഒരു വൃന്ദാവനിയിലേ കാറ്റായി, നീ പിന്നെ

കാറ്റിലേ നവ്യ സുഗന്ധമായ് മാറിയാ-

സൌരഭ്യമെന്നില്‍ നിറച്ചതില്ലേ?


ഗതകാല വിസ്മൃതി നിറമാല ചാര്‍ത്തിയോ-

രഴലിന്റെയഴകായി അറിയുന്നു നിന്നെ ഞാന്‍

ഇടനെഞ്ചില്‍ ഇടറുന്ന താളമായി,

ഹൃദയത്തില്‍ തരളിത രാഗമായി,

നനയുന്ന മിഴികളിലശ്രുവായ് നീ ഇന്നു

കനിവാര്‍ന്നൊരോമന സ്വപ്നമായി

തഴുതിട്ട വാതില്‍ തുറന്നു നീ ഇന്നെന്റെ

അരികത്തു മൃദുഹാസ ഭരിതയായി

തഴുകുന്ന കുളിരിന്റെ ധാരയായ-

നുഭൂതി പകരൂ ഞാനലിയട്ടാ മധുരമാം കനവിന്റെ

കനിവിലെന്നൊമനേ എന്നുമെന്നും...... 



~..കുഞ്ഞുബി