Wednesday, February 13, 2008

കാത്തിരിപ്പ്‌.....

മൂകമാം വേദന പ്രാണന്റെ തന്തുവില്‍
നീറിപ്പിടിക്കുമീ ജീവിതത്തില്‍
ഞാനെന്റെ ഏകാന്ത മോഹങ്ങളൊക്കെയും
താലോലിച്ചെന്നില്‍ തളര്‍ന്നു വീണു.

ആരോരും അറിയാതെ, നാം പോലും അറിയാതെ,
നമ്മില്‍ നിറഞ്ഞൊരാ സ്നേഹബന്ധം,
ആകാശം മുട്ടെ വളര്‍ന്നു വന്നപ്പോള്‍ നാം
അറിയാത്ത നൊമ്പരം ഏറ്റുവാങ്ങി.
പലവട്ടം കൂടിയാ കരളിന്റെ നിര്‍വൃതി
അഴല്‍ പൂണ്ടൊരാത്മാവിന്‍ പുസ്തക ത്താളുകള്‍-
ക്കഴകാര്‍ന്ന രൂപം വരച്ചു ചേര്‍ത്തു.
അന്നു നിന്നേകാന്ത സ്വര്‍ഗം നിറയെ നീ
എന്‍ പ്രേമപുഷ്പങ്ങളലങ്കരിച്ചു
മല്‍പ്രാണ ബിന്ദുവില്‍ ഹര്‍ഷം വിതച്ചെന്റെ
സ്വപ്നങ്ങളില്‍ തേന്‍ പകര്‍ന്നു തന്നു.
നിന്‍സ്വര്‍ഗ സംഗീത നിസ്വനം കേട്ടെന്റെ
ഉള്‍പ്പൂവില്‍ കവിത വിരുന്നു വന്നു.
പ്രേമലോലുപയായി ഞാനെന്റെ ശയ്യയില്‍
പ്രണയാര്‍ദ്ര ഗീതങ്ങള്‍ ആലപിച്ചു.

പറയാതെ ഒരു കൊള്ളിമീനായി നീ എന്റെ
ചിറകറ്റ ജീവന്റെ നിറുകയില്‍ ചവിട്ടി-
യിട്ടെവിടേക്കോ പാറി കടന്നു പോയി.
തിരയുന്നു നിന്നെ ഞാനെവിടെയും
അറിയാത്ത നിഴലുകള്‍ കൂടിയും പരതുന്നുനാള്‍ക്കു നാള്‍!

ഒരു നാളിലെങ്കിലും വരുമെന്ന നിനവുകള്‍
മനസ്സിന്റെ വ്യാമോഹ സ്വപ്നങ്ങളായ്‌..
മുറിവേറ്റു കേഴുന്ന മുരളിയായെന്മനം
ഇരുളില്‍ പിടയുന്ന തിരിനാളം പോല്‍.
ഇനിയൊരു സൂര്യോദയത്തിനായ്‌ കാക്കുന്നൊ-
രുഷസ്സിന്റെ സൗവ്വര്‍ണ മേഘമായി.
മനസ്സിന്റെ പടിവാതിലിലൊരു നെയ്ത്തിരിയായി
ഒരു ജന്മം മുഴുവന്‍ ഞാന്‍ കാത്തിരിക്കാം