Friday, November 16, 2007

അകലങ്ങളില്‍ നിന്നൊരു അഴക്..........

ഒരുകൊച്ചു കാറ്റിന്റെ നിറുകയില്‍ നിന്നൊ
രുമലരൊന്നു താഴെ പതിക്കുമെങ്കില്‍
ഒരു മുളം തണ്ടിന്റെ ഉള്ളില്‍ നിന്നൊരു
ജീവ-മധു മന്ദ്രനിസ്വനം കേള്‍ക്കുമെങ്കില്‍
പലവട്ടം പാടിയ പാട്ടിന്റെ ഓര്‍മ്മകള്‍‍
മഴവില്ലിന്‍ ചാരുത നല്‍കുമെങ്കില്‍
ഇനിയും വരാത്തൊരു ‘കരളിന്റെ കായിതം’
ഇടനെഞ്ചില്‍‍ അശ്രു പൊഴിക്കുമെങ്കില്‍.....

അകതാരിലുള്ളൊരാമധുകണമൊക്കെയും
അവളെനിക്കേകിയോരോര്‍മ്മയല്ലേ?
പവിഴാധരത്തില്‍ നിന്നുതിരുന്ന വാക്കുകള്‍
പുളകത്തിന്‍ വിത്തു വിതക്കുമെന്നില്‍‍
അഴകാര്‍ന്നൊരോമന മൃദുഹാസ്സമൊക്കെയും
സ്വരരാഗ സുധയായ് ഒഴുകി എന്നില്‍
‍സ്മരണ തന്‍ ചെപ്പിലൊളിപ്പിച്ചു വച്ചൊരാ
പ്രണയമയൂരത്തിന്‍ പീലിയാകാം.

സിരകളില്‍ പടരുന്നവിരഹത്തിന്‍ കനലാകെ
നിനവിന്റെ ഉള്ളില്‍ നിറഞ്ഞു നിന്നു
മധുരമാം വാസന്ത മലരുകളൊക്കെയും
വിടരാന്‍ കൊതിച്ചു കൊഴിഞ്ഞു വീണു.
മോഹിച്ച മോഹന സ്വപ്നങ്ങളൊക്കെയും
പാഴ് മണല്‍ കാട്ടിലലിഞ്ഞു പോയി
ഇനിയൊരു ജന്മമില്ലെങ്കിലും സാരമില്ലൊ-
രുകോടി പുണ്യം ലഭിച്ചതില്ലേ?

പിടയുന്ന പ്രാണന്റെ വികലമാം ഹൃദയത്തി-
നിനിയെന്തു ജന്മമാണൊമലാളെ‍?
അതുമാത്രമതുമാത്രമോമലെ നീയെനി-
യ്ക്കൊരു മാത്ര എങ്കിലും നല്‍കിയല്ലോ......