Tuesday, February 08, 2011

ഒരു പൊൻ കിനാവിന്റെ തീരത്തു...




ഒരു നാളിലൊരു സ്വപ്നത്തേരിലേറി
അരികില്‍ നീ എന്നടുത്തെത്തിയില്ലേ?

അനുപമമാമൊരു സംഗീത ധാരയായ്,
അകതാരിലൊഴുകുന്ന കവിതയായി,
മിഴീതള്‍കൂമ്പിലേ കണ്ണുനീര്‍ തുള്ളിയായ്,
സ്നേഹാര്‍ദ്രമാമൊരു തൂവലിന്‍ സ്പര്‍ശമാ‍യ്,
കാര്‍മുകില്‍ തുമ്പിലേ തൂവെള്ളി രേഖയായ്......

മാനത്തു നീളുന്ന ചേതോമനോഞ്ജമാം
മാരിവില്ലേകുന്ന രാഗോജ്വലങ്ങളാം
മാസ്മര സൌന്ദര്യ ലാസ്യത്തിന്‍ ‍വര്‍ണ്ണമായ്,
കായാമ്പൂവര്‍ണ്ണന്റെ വേണുവിലൂതിരുന്ന
പ്രേമനിസ്വനമാം പീയൂഷ രാഗതരംഗമായി,
പ്രിയമാര്‍ന്നൊരനുരാഗ സ്മൃതികള്‍ തഴുകുന്ന
മദുഗാനമൊന്നിന്റെ ഈരടിയായ്,
നിറമുള്ള സ്വപ്നങ്ങള്‍ ഹൃദയത്തിനേകുന്ന
കുളിരാര്‍ന്ന രാവിന്റെ യാമങ്ങളായ്.....

വിടപറഞ്ഞകലുന്നോരരുണനെ നോക്കി
നിന്നരുതേ എന്നോതുന്ന മേഘങ്ങളായ്,
പുതുമാരി പെയ്തൊരാ ഊഷരഭൂവിന്റെ
നിറുകയില്‍ തല നീട്ടി പുളയുന്ന പുല്‍നാമ്പിലു-
തിരുന്ന മദമാര്‍ന്ന മധുമന്ദഹാസമായി,
ധനുമാസ രാവിലേ പൌര്‍ണമിച്ചന്ദ്രന്റെ
അരികത്തു ലജ്ജയാല്‍ മിഴിചിമ്മി നില്‍ക്കുന്ന
സുരലോക സുതരാകും താരകളായ്,
അനുപദം അനുരാഗ സരസിന്റെ അരികത്തു
നിറവാര്‍ന്ന കുതുഹലം ചിറകിട്ടടിക്കുന്നോ-
രഴകാര്‍ന്ന സ്വര്‍ണ്ണമരാളങ്ങളായ്.......

ഇറയത്തൂന്നൂറുന്ന മഴവെള്ളത്തുള്ളികള്‍
കരളിന്റെയുള്ളീലേക്കറിയാതെ ചൊരിയുന്ന
കുളിരിന്റെ ലോലമാം അലകളായി,
നിറയുന്നൊരാത്മാവില്‍ നിറമാല ചാര്‍ത്തിക്കൊണ്ട-
കലേക്കു മായല്ലെന്‍ പൊന്‍കി‍നാവേ!