
എന്‍ വഴിത്താരയില്‍ എന്നും വിടരുന്ന
സൗ ന്ദര്യ പുഷ്പമെ നീ എനിക്കായ്
നിത്യം എന്‍ ആത്മാവിലെങ്ങും നിറയുന്ന
സൗരഭ്യമായ് എന്നും മാറുകില്ലെ?
ഇന്നലെ നീ എന്റെ മാനസ ക്ഷേത്രത്തില്‍
മന്ദാര പൂങ്കണി ആയതില്ലേ?
അജ്ഞാതമായൊരു പിന്‍ വിളി കേട്ടു ഞാന്‍
ഞെട്ടിത്തരിച്ചങ്ങു നിന്നു പോയീ.
പൂവും പ്രസാദവും കൈകളിലെന്തി നീ
ചാരു മന്ദസ്മിത ലാസ്യമോടെ
ശാലീന സൗന്ദര്യധാമമായൊമനേ
എന്നന്തികത്തില്‍ വിരുന്നു വന്നു.
നിത്യ നൂതനമാകും ഗംഗാ പ്രവാഹമായ്,
വൃന്ദാവനം തന്റെ നിത്യ രോമാഞ്ചമായ്,
ചാരു യമുനയിൻ കളകളാഞ്ജലിയായി,
സരയൂ പുളിനത്തിന്‍ പര്‍ണ്ണ ശാലകളായി,
നിത്യ കുതൂഹലം ചാര്‍ത്തി ഒഴുകുന്ന
സ്വഛ സ്പടിക നീര്‍ ധാരയായി,
ശാന്തി തന്‍ വേദിയിലെന്നുമുറങ്ങുന്ന
കാനന ഛായയായ് നീ എനിക്കു.
സാഗരത്തിരകള്‍ തന്‍ സൗന്ദര്യ ലഹരിയായ്,
ഉള്ളിന്റെ ഉള്ളിലേ ജീവസ്പുരണമായ്,
ഉള്ളിലൊടുങ്ങാത്ത ദാഹമായി,
എന്‍ മിഴിച്ചെപ്പിലെ പൊന്‍ കതിരായി, നീ
അന്തരാത്മാവിന്റെ സംഗീതമായ്.
നിന്‍ നെഞ്ചിലുതിരുന്ന താളങ്ങളിന്നെന്റെ
നിത്യ കാമനയായ് ഉതീര്‍ന്നിടുന്നു.