Sunday, December 11, 2011

നിന്‍ കരസ്പര്‍ശനം...
തരളിതമായൊരോര്‍മ്മകളില്‍ വീണു
തളരുന്ന മേനിയില്‍ നിന്‍ കരസ്പര്‍ശനം
തഴുകുന്ന മാത്രയില്‍ മാറുന്നു ഞാന-
റിയാതൊരാര്‍ദ്രമാം പൂവിതളായ്‌.

തീരാത്ത മോഹങ്ങളുള്ളില്‍ ജ്വലിപ്പിക്കും
ശ്രീരാഗമോതും മുരളിയായി
വിരലൊന്നു തൊട്ടെന്നാലെന്നില്‍
വിതുമ്പുന്ന വിറയാര്‍ന്ന നിസ്വനം വീണയായി.

മൂകമാം വേദന തിങ്ങി ത്തുളുമ്പിയോ-
രേകാന്ത രാവിന്റെ കൈത്തിരി നാളമായി
മാദക സ്വപ്നത്തിലെങ്ങും വിതറുന്ന
സ്നേഹാര്‍ദ്രമാം പ്രഭാപൂരമായീ.

അരികില്‍ നീ സാന്ത്വനം പകരുന്ന നേരത്തു
അലകടല്‍ പോലെന്നിലലയുന്നു മോഹങ്ങള്‍.
പുഴപോലെ ശാന്തമായൊഴുകുന്നാ ലാവണ്യ
നിര്‍വൃതിക്കുള്ളിലേ അറിയാത്ത നവ്യാ-
നുഭൂതികള്‍ തേടി നാം അലയുന്നു,
പിന്നൊരു വര്‍ണാഭ നിറയുന്ന സന്ധ്യതന്‍
വാനിലെ സ്വര്‍ണ മയൂഖമായ്‌ തീരുന്നു.

ചക്രവാളത്തിനുമപ്പുറത്തേക്കൊരു,
വിദ്യുല്‍ ലതികയായ്‌ പാറുന്നു പിന്നെ നാം
വിണ്ണിന്റെ അഴകാര്‍ന്ന ഹര്‍ഷാനുഭൂതിയില്‍
എല്ലാം നുണഞ്ഞു കൊണ്ടര്‍ധസുഷുപ്തുയില്‍
അമരുന്നു ഞാന്‍ നിന്നിലലിയുന്നു.
പിന്നെ നാം അറിയാതെ ഒന്നായി മറയുന്നു
നിന്നാത്മ ചൈതന്യമെന്നില്‍ സ്പുരിക്കുന്ന
ദിവ്യാനു രാഗ നിലാവൊളിയായ്‌..
ജീവന്റെ ജീവനിലെന്നും വിടരുന്ന
പ്രേമ സങ്കല്‍പത്തിന്റെ പൊന്‍ കിനാവായ്‌.


`~ കുഞ്ഞുബി

Wednesday, August 17, 2011

കവിതകള്‍...സംഗീതത്തിന്റെ ആത്മാവു....


വരമൊഴിക്കു മുന്‍പുണ്ടായിരുന്ന വാമൊഴിയിലാണു, പ്രണവമന്ത്രവും, സംഗീതവും ഉത്ഭവിച്ചതെന്നു വേദങ്ങളും ഇതിഹാസങ്ങളും ഉല്‍ബോധിപ്പിക്കുന്നു. വാമൊഴി സംഗീതമാകണമെങ്കില്‍, അതില്‍ വരമൊഴി കടന്നു കൂടാതെ നിര്‍വാ‍ഹമില്ല.

അങ്ങനെ കവിതകള്‍ രചിക്കുന്നവര്‍ ഉണ്ടായി. രാമായണം ഇത്തരത്തില്‍ രചിക്കപ്പെട്ടതാണു. കലാകാലങ്ങളായി കവിതകള്‍ ജനഹൃദയങ്ങളിലേക്കു പകര്‍ന്നപ്പോള്‍‍ ,അതിനു ചില നിബന്ധനകള്‍ ഉടലെടുത്തു. വൃത്തം, അലങ്കാരം, ആദിയായവ. മലയാള ഭാഷയുടെ ഈ ശാഖയെ പരിപോഷിപ്പിച്ച അനേകം കവികളെ ഇങ്ങനെ നാം ഓര്‍മ്മിക്കുന്നു.

വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു വിവാദം ഇപ്പോഴും സംശയാലുക്കളുടെ ഉള്ളില്‍ നിന്നും മറ നീക്കി പുറത്തു വന്നിരിക്കുന്നു.” കവിതയുടെ കൂമ്പ് അടഞ്ഞുപോയി.അതിനു ദര്‍ശനം ഇല്ല. പഴകിച്ചുളിഞ്ഞ വാക്കുകള്‍ ഉപയോഗിച്ചു ആളുകള്‍ വീണ്ടും വീണ്ടും കവിതകള്‍ രചിക്കുന്നു” എന്നും മറ്റും, അഗ്രാസനത്തില്‍ കയറി ഇരുന്നു കൊണ്ടു ബ്ലോഗുകളില്‍ എഴുതുന്നു. ഈ അറിവിന്റെ ഉറവിടം എവിടെ എന്നു മനസിലാകുന്നുമില്ല. അതു എഴുതുന്ന ഭാഷ തന്നെ വളരെ ക്ലിഷ്ടമായും...

കവിതയാകട്ടെ, കഥയാകട്ടേ, ലേഖനങ്ങള്‍ ആകട്ടെ, വരമൊഴിയില്‍ രചിക്കുന്ന എന്തായാലും, അതു അനുവാചക ഹൃദയങ്ങളില്‍ ആഹ്ലാദം പകരുന്നെങ്കില്‍, അതെഴുതിയ വ്യക്തിയും,അതു വായിച്ച വ്യക്തിയും സംതൃപ്തി നേടുന്നുണ്ട്. എഴുതുന്നതും, വായിക്കേണ്ടതും എന്തെന്നു തീരുമാനിക്കേണ്ടതും ആസ്വദിക്കേണ്ടതും തികച്ചും വ്യക്തിഗതങ്ങളായ കാര്യങ്ങള്‍‍ തന്നെ. അതില്‍ ആവശ്യപ്പെടാതെ അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും കലര്‍ത്തി കലുഷിതമാക്കാന്‍ ഇടയാകരുതു. എഴുതുന്നവര്‍ എഴുതട്ടെ... വായിക്കേണ്ടവര്‍ വായിക്കട്ടെ. നേരിട്ടു വല്ലതും പറയാനുണ്ടെങ്കില്‍, അതു വ്യക്തിപരമാണെങ്കില്‍ ‍വ്യക്തിപരമായി ത്തന്നെ പറയുക. അതിനു ബ്ലൊഗ് ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ! അല്ലാതെ ചെയ്യുന്നതെല്ലാം പരിഹാസ്യമാകുകയേ ഉള്ളു. എവിടെയും ഒരു പെരുമാറ്റച്ചട്ടത്തിനു വിധേയരാണു എല്ലാവരും. തത്വദീക്ഷ ഇല്ലാതെ എന്തും എഴുതിവിടുന്നതു കഴിയുന്നതും ഒഴിവാക്കുക. ഇവിടെ പ്രോത്സാഹനം വേണ്ടയിടത്തു, നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുന്നതു അരോചകമായി ഭവിക്കുന്നു. ഇതു വ്യക്തി പരമായ സ്വാതന്ത്രത്തെ ധ്വംസിക്കുന്നതു പോലെ ആയിത്തീരുന്നു.

ഉല്‍കൃഷ്ഠമായതു എന്തും ആസ്വാദ്യതരമാണ്‍. അങ്ങനെയുള്ള ഉല്‍കൃഷ്ടതയിലേക്കു കൈപിടിച്ചുയര്‍ത്താനുള്ളവര്‍, അതിനു പകരം പരിഹസിക്കുന്നതു ഖേദകരമാകുന്നു. കാലാകാലങ്ങളായി കവിതാസ്വാദനം വളര്‍ച്ചയിലാണു. ലബ്ധപ്രതിഷ്ഠരായ ആദ്യകാല എഴുത്തുകാരുടെ ആദ്യകാല കൃതികള്‍ ഒരുപക്ഷെ ഇന്നത്തെ നിലവാരത്തില്‍ അംഗീകൃതയോഗ്യമായിരിക്കില്ല. അതു വളര്‍ച്ചയുടെ പരിണാമമാണു.. ആ സര്‍ഗ വാസന വളരട്ടെ! രസനിഷ്യന്ദികളായിത്തീരട്ടെ! അതിന്റെ നാമ്പു നുള്ളാതെ, വളവും, വളക്കൂറുള്ള മണ്ണും നല്‍കി അതിനെ പരിപോഷിപ്പിക്കുക എന്നതാവണം ധര്‍മ്മം. കവിതകള്‍‍ ഒരു കാലത്തും നിഷേധാര്‍ഹങ്ങള്‍ ആകയില്ല. അതോര്‍ത്തു പരിഭ്രമിക്കേണ്ടതില്ല...അതില്‍ താളമുണ്ട്..ലയമുണ്ട്. .സംഗീതമുണ്ട്..ഭാവരസമുണ്ട്...ധ്വനി ഉണ്ട്..രചന ആസ്വാദനത്തിന്റെ ഒരു ഉപഉല്പന്നം (bi-product) ആയി വളരുന്നു. പക്ഷെ അതു മനസിലാക്കണമെങ്കില്‍ മലയാള ഭാഷയിലെഴുതാനും വായിക്കാനും മാത്രം ഉള്ള കഴിവു , തികയാതെ പോകും എന്നു മാത്രം. കുറച്ചെങ്കിലും വ്യുല്പത്തി ഭാഷയില്‍ ഉണ്ടാവണം. അല്ലാത്തവര്‍ക്കു മാത്രമെ അതു പരിഹാസ്യമായി തോന്നുകയുള്ളു.
ആത്മാവില്‍ പരിമളം പകര്‍ത്തിക്കൊണ്ടു അതു നിലനില്‍ക്കട്ടെ. ...

കവിതകള്‍‍ക്കു ഈ കാലഘട്ടത്തില്‍ പ്രസക്തി ഇല്ലേ? നിങ്ങളുടെ
വിലയേ റിയഅഭിപ്രായങ്ങള്‍‍ ക്ഷണിക്കുന്നു. അല്പം വിവേചനം കാണിക്കുക. ദയവായി.
കുഞ്ഞുബി

Monday, August 08, 2011

ദേവസ്പര്‍ശം!...
സ്വര്‍ഗനിവാസികള്‍ക്കെല്ലാം പ്രിയങ്കരമായിരിക്കുന്നു..പ്രണയം.

അവിടെ ‘രാധ‘ ചഞ്ചലഹൃദയയായി മിഴി താഴ്തി ഇരിക്കുന്നു.
അവളുടെ മനോഞ്ജമായ മാറിടം, ചിന്താധാരയില്‍ഉയരുകയും, താഴുകയും... ഉദ്വേഗം കൊണ്ടു..
അവളുടെ കാര്‍കൂന്തല്‍ വകഞ്ഞിട്ടു, പൂക്കള്‍ കൊണ്ടു
അലങ്കരിച്ചിട്ടുണ്ട്‌.
ഒരു വനദേവതയേ പോലെ!

അവളുടെ ചെഞ്ചൊടികളില്‍, ഏതോ പ്രണയ മന്ത്രങ്ങള്‍‍ ഉരു‍ക്കഴിയുന്നു.
മധുരമനോഹരമായ ഓര്‍മ്മയില്‍ നിന്നും ഉതിര്‍ന്ന വാക്കുകള്‍!
ആത്മാവിനു വിറയ്ക്കാന്‍ കഴിയുമോ?
എങ്കില്‍ രത്നഖചിതമായ അവളുടെ പാദങ്ങള്‍ മുതല്‍
കുറുനിരകള്‍‍ ഇളകുന്ന ലലാടം വരെ അവള്‍
‍ ഹര്‍ഷ പുളകിതയായി വിറയ്ക്കുന്നുണ്ടു.
‌.അവളുടെ സംഗീത സാന്ദ്രമായ നിസ്വാനം
ഒരു തേങ്ങലായി മാറുന്നു!
അവളുടെ കണ്ണിണകള്‍, ഇണ ചേര്‍ന്നു കഴിഞ്ഞ
ഒരു മാന്‍പേടയുടെ പോലെ,നേര്‍ത്തു കോമളമായിരിക്കുന്നു.
സ്നേഹത്തിന്റെ മുന്‍പില്‍ കീഴടങ്ങിയമൃദുഭാവത്തില്‍....
പണ്ടെപ്പോഴൊ കാണാന്‍ കൊതിച്ചഒരു സ്വപ്നം പൂര്‍ണമായതുപോലെ......

സ്നേഹത്തിന്റെ അതുല്ല്യമായ നിധി,
അവസാനമെങ്കിലും അനുവദിച്ചുകൊടുക്കുക.
നല്‍കു‍‍മ്പൊള്‍ അതു മുഴുവനായി നല്‍കുക.
അമൂല്യമായ നിന്റെ ആത്മാവിന്റെ ആ നിധി,
അല്‍പം പോലും ബാക്കി വയ്ക്കരുതു.
ആ പാനപാത്രം ഇരു കൈകളും കൊണ്ടു പിടിച്ചു,
അവനു അര്‍പ്പിക്കുക!
നിന്റെ പാനപാത്രം, അതില്‍ നിറച്ചു വച്ചിരിക്കുന്ന സ്നേഹാമൃതം, അവസാനത്തെ തുള്ളി വരെ അവന്‍ കുടിച്ചു വറ്റിക്കട്ടെ.!
അഭിലാഷങ്ങള്‍‍ ഒന്നും ബാക്കി വയ്ക്കരുതു!.....Friday, July 22, 2011

സ്വപ്നാടനം....


പുളകപ്പൂവാട അണിഞ്ഞൊരുങ്ങി
പുതുമ തന്‍ പൂന്തെന്നല്‍ ആസ്വദിക്കെ
പരിശപ്ത ജീവിതം മായ്ചു നീക്കി
പരിചില്‍ ഞാന്‍ നിന്നടുത്തെത്തുകില്ലേ?

സ്വപ്നാനുഭൂതികള്‍‍ നിന്റെ മുന്നില്‍
സ്വര്‍ഗം ചമക്കുകയായിരിക്കും.
കരളിന്റെ തന്ത്രികളെല്ലാമൊരുമിച്ചു
കളകളം പാടുകയായിരിക്കും.......

സ്വര്‍ഗീയ നിര്‍വൃതി തിങ്ങിത്തുളുമ്പുമാ
സ്വപ്നങ്ങള്‍ ഒക്കെയും മാഞ്ഞു പോയി.
നിന്നെക്കുറിച്ചുള്ളോരോര്‍മ്മകളോരോന്നു-
മെന്‍ ചിത്തമാകെ നിറഞ്ഞു നില്‍പൂ.

ആ ചാരു ദുഃഖസ്മൃതികളെന്നില്‍
മല്‍സഖീ എന്നശ്രുധാരയായി.
അനുരാഗലോലമാം നിര്‍വൃതിയില്‍
എന്നന്തരത്മാവലിഞ്ഞിടുമ്പോള്‍,
‍ഓമല്‍കിനാക്കളിന്നെന്റെ ചുറ്റും
ഓടി വന്നെത്തിടാറുണ്ടു നിത്യം...

ശോകാർത്തമാകുമെന്നത്മാവിൽ ‍നീ പൊഴിക്കും
സ്നേഹാർദ്ര സാന്ദ്രമാം സാന്ത്വനങ്ങള്‍
‍മൃത്യുവിന്നപ്പുറത്തെന്നുമെന്നും,
എന്നിലേ എന്നിലൊളിച്ചിരിക്കും...

Friday, July 01, 2011

പ്രണയമണിത്തൂവല്‍...എന്നുമന്റെ പൊന്‍ കിനാവില്‍ സുന്ദര വസന്തമായി

ദാഹമായ്‌, മോഹമായ്‌, നീറുന്ന ശോകമായ്‌,

മായ്ച്ചാലും മായാത്തൊരോര്‍മ്മയായ്‌ തീര്‍ന്നൊരു

ലാവണ്യ രാഗപരാഗമെ നിൻ,

തേനൂറും ചുണ്ടിണയില്‍ നിറയുമൊരു മൃദുഹാസം,

കുളിരേകും ഹൃദയത്തില്‍ വിടര്‍ത്തുന്നൊരായിരം

പ്രണയ സൗരഭ്യമേറും നറുമലരാം ഹര്‍ഷങ്ങള്‍...

നിറമുള്ള സ്വപ്നങ്ങള്‍, നിനവിലെ മോഹങ്ങള്‍,

അനുരാഗക്കൊതിയൊടെ, അകതാരില്‍ നിറയുന്നോ-

രഴകാര്‍ന്ന മദഭര വ്യാമോഹങ്ങള്‍,....


കരളിലെ കുളിരുമായ്‌ നിറയുന്ന സ്നേഹത്തിന്‍

മധുമന്ത്രണങ്ങള്‍ തന്‍ സുഗന്ധപ്പൂക്കള്‍,

ആര്‍ദ്രമാം ഹൃദയത്തില്‍ കതിരിടും ആശകള്‍,

അനുരാഗക്കുമ്പിളില്‍ കിനിയും മകരന്ദമായ്‌

പുളക മുകുളങ്ങള്‍ നീട്ടും നിര്‍വൃതികള്‍.

ജന്മങ്ങളില്‍ കൂടി നാം ചെയ്ത യാത്രയില്‍

ഒരുമിച്ചു നാമൊന്നായ്‌ പങ്കു വച്ചു.

അനുരാഗവിവശയായ്‌ നിന്നില്‍ നിന്നുതിരുന്ന

അമൃത നിഷ്യന്ദിയാം സ്വരമാധുരി, എന്നെ

അറിയാതൊരഴകാര്‍ന്ന മോഹനിദ്രയിലെന്നും

അനുലീനമാക്കി കൊണ്ടരികിലെത്തും.

എന്നുമെന്നാത്മാവിൻ മിഴികളില്‍ രാഗവര്‍ണ

പ്രണയത്തിന്‍ നിറമെഴുതും നിന്‍ സ്നേഹ കരവല്ലി,

മുകരുവാന്‍ കൊതിയോടെ പിടയുന്ന ഹൃദയത്തിന്‍

കദനത്തിന്‍ തിരകളെ, അലസമായ്‌ കരുതല്ലെ,

പ്രിയമാനസെ!

Thursday, May 19, 2011

പ്രണയമെന്ന പ്രഹേളിക!
സ്നേഹത്തിന്റെ പര്‍ണ‍കുടീരത്തില്‍

കുളിര്‍ മാരിയുമായി ഹൃദയകവാടത്തിലേക്കു പറന്നടുത്തു വരുന്ന

നിത്യ വിസ്മയങ്ങളായ ഓർമ്മകള്‍!

മരുഭൂമിയിലേ ഊഷരക്കാറ്റുകളില്‍

തരളിതമാകുന്ന ആത്മനൊമ്പരങ്ങളില്‍,

നഷ്ടപ്പെട്ടുകൊന്ദിരിക്കുന്ന ഗൃഹാതുരതയുടെ മരവിപ്പില്‍,

പ്രതീക്ഷയുടെ, സാന്ത്വനത്തിന്റെ,

ഹൃദയ നൈര്‍മ്മല്യത്തിന്റെ മരുപ്പച്ചയുടെ,

ശീതള ഛായയിലേക്കു കൈ പിടിച്ചു നടത്തുന്ന

അവളുടെ കായിതങ്ങൾ, ശബ്ദവീചികള്‍,

പ്രേമസുരഭിലമായ,ചേതനയേ

തൊട്ടുണര്ത്തുന്ന ഹൃസ്വ സന്ദേശങ്ങള്‍!ഉറക്കം വരാന്‍ മടിക്കുന്ന ശരല്‍ക്കാല രാത്രികളില്‍

മാനത്തു നോക്കി, മിഴി ചിമ്മി നില്‍ക്കു‍ന്ന താരാഗണങളുടെ

ഇടയില്‍ സ്വന്തം കാമുകിയുടെ നക്ഷത്രം കണ്ടു പിടിച്ചു,

നഷ്ടവസന്തതിന്റെ തപ്തനിശ്വാസ്സങ്ങള്‍ ഉതിര്‍ത്തു

നെടുവീര്പ്പു‍മായി, ഓര്മ്മയില്‍‍ ജ്വലിച്ചു നിൽക്കുന്ന

അവളെ ചൂഴ്ന്നു നില്‍ക്കുന്ന മൃദുലരാഗത്തിന്റെ,

അഴകാർന്ന, പ്രേമസുരഭിലമായ ഓർമ്മകളെ തഴുകി

തഴുകി ഉറങ്ങാന്‍ കിടക്കുന്ന എത്രയൊ കാമുകന്‍മാര്‍‍‍!കണ്ണുനീരിന്റെ നുനുനുനുപ്പാർന്ന ഹൃദയവ്യഥയി‍ല്‍,

നഷ്ടബോധത്തിന്റെ വ്യാകുലതകള്‍

എരിഞ്ഞടങ്ങാത്ത തീക്കനല്‍ പോലെ,

ഉള്ളിന്റെ ഉള്ളില്‍ ഓർമ്മയില്‍ നീറിപ്പിടിക്കുമ്പൊള്‍,

എല്ലാം മറന്ന് ഉമ്മറപ്പടിപ്പുരയില്‍ വിഹ്വലമായ

മാന്‍പേടക്കണ്ണുകളുമായി കാത്തു നിൽക്കുന്ന,

ഇനിയും വരാതെ കാത്തിരിക്കുന്ന കത്തുകളെവിടെ?

ജാലകമറയുടെ അപ്പുറത്തു,

മുല്ലവള്ളികളുടെ മറവില്‍ കൂടി വഴിവക്കിലേക്കു

മിഴിക്കണ്ണുമായി പ്രിയന്റെ രൂപം കാത്തുനിന്ന സായംസന്ധ്യകള്‍!

മറുപടി കിട്ടാത്ത ചോദ്യങ്ങളുടെ,

പൂരിതമാകാത്ത മോഹങ്ങളുടെ,

വിടരാന്‍ മടിക്കുന്ന സ്വപ്ന പൂമൊട്ടുകളുടെ എല്ലാം

ഹൃദയഭാരത്തോടേ മയങ്ങാന്‍ കിടക്കുന്ന

കാമുകിയുടെ ദീര്‍ഘനിശ്വാസങ്ങള്‍!

ഇതെല്ലാം നിങ്ങളുടെ മനസ്സിനെ വ്രണപ്പെടുത്തുന്നുവോ?

നിസ്സഹായതയില്‍ എത്തിക്കുന്നുവോ?ഒരുനൂറു പ്രേമസുര്‍ഭിലമായ സൌഗന്ധപുഷ്പ്പങ്ങളുടെ

നറുമണം ഉതിര്‍ക്കുന്ന സങ്കല്‍പ്പങ്ങളുമായി,

അവധിക്കു നാട്ടില്‍ പോകാൻ,

അവളുടെ സ്നേഹമസൃണമായ കടക്കണ്ണുകളിലെ

വിഷാദം നിറഞ്ഞ സ്വാന്തനത്തിന്റെ പാലൊളിയില്‍

മുങ്ങിത്തുടിക്കുവാന്‍ വെമ്പുന്ന ഒരു ഹൃദയം നിങ്ങള്‍ക്ക് ഉണ്ടോ?

നിങ്ങള്‍ ധന്യന്‍ ആണു! നിങ്ങള്‍ ആരുമാകട്ടെ!

നറുതേന്‍ തുളുമ്പുന്ന ഒരു കാമുക ഹൃദയത്തിന്റെ ഉടമ! .

സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും

വെമ്പുന്ന ഒരാത്മസമ്പത്ത് നിങ്ങള്‍ക്കുണ്ടു.സ്നേഹം നിഷിദ്ധ്മായ ഒരു വാസന ആണൊ?....

ദൌർബല്യം ആണൊ?....

അതോ അത്മാവിനെ സുഗന്ധപൂരിതമാക്കുന്ന അനുഭൂതിയോ?

Tuesday, May 17, 2011

പുനർജനികൾ...ഒരു നിറ സന്ധ്യ പോയ്‌ മറഞ്ഞാലും എന്നും
പുലര്‍കാല ശോണിമ പൂവിടര്‍ത്തും.
ഒരു ജന്മം കണ്ണീര്‍ പൊഴിച്ച മേഘം
ഒരു നവ വാസന്തച്ചിരി പൊഴിക്കും.
ഒരു പൂവു മാത്രം കൊതിച്ച ഹൃത്തില്‍
നറുമലര്‍ പൂക്കാലം ഓടിയെത്തും.
നിനവുകള്‍ സ്വപ്നങ്ങളായി വീണ്ടും
പരിണമിച്ചെത്തും യാഥാര്‍ത്ഥ്യമാവാന്‍!

മധു ഉണ്ണാന്‍ വന്നൊരു വണ്ടിനൊപ്പം
മധുവിധുക്കാലം കഴിച്ച പുഷ്പം
ഒരു ദിനം വാടിക്കരിഞ്ഞു വീഴും,
മറയുമീമണ്ണിന്റെ മാര്‍ത്തടത്തില്‍.

മധുര മനോഞ്ജമായ്‌ പുഞ്ചിരിച്ചും
ചിരികള്‍ വിടര്‍ന്നും നിറഞ്ഞ ചുണ്ടില്‍
വിരിയുന്നു കദനത്തിന്‍ നൊമ്പരങ്ങള്‍
അഴലിന്റെ നിറമാര്‍ന്ന വ്യഥകളൊപ്പം.

ചുടുനെടുവീര്‍പ്പുമായ്‌ വിങ്ങിയ മണ്ണിന്റെ
കനിവോലും മിഴിനീരിന്‍ കണികയല്ലോ മഴ
ഒരു പുതു ഹര്‍ഷമായ്‌ പൊഴിയുന്നു വേനല്‍ തന്‍
കരുണാര്‍ദ്രമായൊരു സാന്ത്വനമായ്‌?


മറയുന്നതെല്ലാമീ ഭൂവിലാകെ
പുനര്‍ജന്മം തേടി തിരികെ എത്തും.
തുടരുന്നീ നാടകശാലയില്‍ ജീവന്റെ
അറുതി ഇല്ലാത്തൊരു ജന്മകേളീ..

Monday, May 09, 2011

ഒരു മുരളീരവമായ്......

മനമൊരു മുരളിയാമെങ്കില്‍ നീ എന്നുമെന്‍
സ്വരരാഗസുധയാം വേണുസങ്കീര്‍ത്തനമാകും.
ഒരുനാളിലേയൊരുന്മാദ രാവിന്റെ പരിമളം
മറയാതെ ഇന്നുമെന്റെ ‍ മനതാരില്‍ നിറയുന്നു.
അന്നു നീ കടം തന്ന ചുംബനങ്ങളാലെന്റെ
ഉള്‍തടം ഉരുകുന്നെന്‍ മോഹങ്ങളുണരുന്നു.
എന്നുമെന്നരികില്‍ നീ ഉണ്ടാകുമെങ്കിലെന്റെ
മോഹങ്ങള്‍ സഫലമാം; ഈ ജന്മം സുകൃതമാം.
ആശകള്‍ നിരാശയാം, കാമിതം ഫലിക്കുമ്പോള്‍;
നാമെത്തിപ്പിടിക്കാത്ത മോഹങ്ങള്‍ സുരഭിയായ്‌,
ലാവണ്യ സുന്ദരമാം മാധുര്യം നിറക്കുന്നു.

ആദ്യത്തെ മയക്കത്തില്‍, ഞാന്‍ കാണും കിനാവതില്‍
വിടരുന്നുണ്ടായിരം രതിഗന്ധ പൂവാടികള്‍.
ഒരു കുഞ്ഞിക്കാറ്റിനുള്ളില്‍ മൃദുസ്പര്‍ശനമായി,
ആ മധുരോദാര, വികാര തരംഗങ്ങളില്‍
വിരിഞ്ഞു, വിരുന്നെത്തും നിന്നോര്‍മ്മ എന്നന്തികേ,

പാതിരാപ്പൂക്കള്‍ വിരിയുന്നാ നേരത്തും
പാടുന്നു ഞാനെന്റെ പ്രേമാര്‍ദ്രഗീതികള്‍.

മാന്തളിര്‍ചുണ്ടിതള്‍ തന്‍ മധുരോന്മാദമെല്ലാം
മാദകസ്വപ്നങ്ങളില്‍ നല്‍കുന്നു നീ എനിക്കായ്‌.
സൗവര്‍ണ്ണ രാജികള്‍ പൂത്തുലഞ്ഞുതിര്‍ന്നു പോം,
വന്ധ്യമാം മോഹങ്ങളെന്നുള്‍‍ക്കളം പിളര്‍ക്കുന്നു.
ആത്മാവിലാത്മവായ്‌ നാം ഇഴുകി ലയിക്കുന്നോ-
രാനന്ദ മൂഹൂര്‍ത്തങ്ങള്‍ ഇങ്ങിനി വന്നീടുമോ?

Wednesday, April 27, 2011

ശോകാർദ്രമായ ഒരു ഞായറാഴ്ച...

ഞായറാഴ്ച വിഷാദ മൂകമാണു!

എന്റെ യാമങ്ങള്‍ എല്ലാം നിദ്രാ വിഹീനങ്ങളും...

പ്രിയമുള്ളവളേ! എണ്ണിയാലൊടുങ്ങാത്ത നിഴലുകളോടൊപ്പം

ഞാന്‍ ജീവിയ്ക്കയാണു.

വിഷാദ മൂകമായ കറുത്ത ശവവണ്ടി നിന്നെ വഹിച്ചുകൊണ്ടു പൊയ ഇടത്തില്‍,

വെള്ള നിറമുള്ള കുഞ്ഞു പൂക്കള്‍ നിന്നെ ഇനി ഒരിക്കലും ഉണര്‍ത്തുകയില്ല.

ദേവദൂതന്മാര്‍ നിന്നെ തിരികെ വിടുന്നതിനേ കുറിച്ചു ചിന്തിക്ക പോലുമില്ല.

ഞാന്‍ നിന്റെ സവിധത്തിലേക്കു വരാന്‍ ആഗ്രഹിച്ചാല്‍,

അവര്‍ക്കു വിരോധം തോന്നുകയില്ലേ?

വിഷാദ ഭരിതമായ ഞായറാഴ്ച!

ഞായറാഴ്ച ശോകമൂകമാണു.....

നിഴലുകളോടൊപ്പം, ഈ ദിവസം ഞാന്‍ ചിലവഴിക്കയാണു.

എന്റെ ഹൃദയവും ഞാനും കൂടി ഒന്നു തീരുമാനിച്ചിരിക്കുന്നു.

താമസിയാതെ തന്നെ അവര്‍ പൂക്കള്‍ കൊണ്ടു വരും...

സന്താപമഗ്നമായ പ്രാര്‍ത്ഥനകള്‍ ചൊല്ലും....

എനിക്കറിയാം.
അവര്‍ ബലഹീനരാകരുതു.

പോകാന്‍ എനിക്കു അത്യധികം സന്തോഷമാണെന്നു

അവര്‍ ധരിച്ചു കൊള്ളട്ടെ.

മരണം ഒരു സ്വപ്നമല്ല.

എന്തെന്നാല്‍, മൃത്യുവില്‍, ഞാന്‍ നിന്നെ ആലിംഗനം ചെയ്യും;

ഓമനിച്ചു ഉമ്മ വച്ചു കൊണ്ടിരിക്കും.

എന്റെ ആത്മാവിന്റെ അവസാന നിശ്വാസം പോലും

നിന്നെ അനുഗ്രഹിച്ചുകൊണ്ടിരിക്കും...

ശോകപൂരിതമായ ഒരു ഞായറാഴ്ച്ച!

ഞാന്‍ സ്വപ്നം കാണുന്നുവോ?

അതോ ഞാന്‍ സ്വപ്നം കാണുക ആയിരുന്നോ?

ഞാന്‍ ഞെട്ടി ഉണര്‍ന്നു!

എന്റെ ഹൃദയത്തിന്റെ അഗാധതയില്‍ ,

നീ മയങ്ങി കിടക്കുന്നതു ഞാന്‍ കണ്ടെത്തി.

ഞാന്‍ നിന്നെ കാണുന്നു പ്രിയേ!

എന്റെ ഓമനേ! എന്റെ സ്വപ്നം നിന്നെ

പ്രാപിച്ചിട്ടില്ലെന്നു ഞാന്‍ കരുതട്ടെ.

നിന്നെ എത്രമാത്രം എനിക്കു ആവശ്യം ഉണ്ടെന്നു

എന്റെ ആത്മാവു നിന്നോടു പറഞ്ഞു കൊണ്ടിരിക്കുന്നു..

ശോകാര്‍ദ്രമായ ഞായറാഴ്ച!

Thursday, April 07, 2011

മണിമുത്തു

മണിമുത്തു....


എന്നുമെന്നാത്മാവിലെങ്ങും നിറയുന്ന

സുന്ദര വാസന്ത സ്വപ്നമരീചികേ,

നിന്നോമല്‍ നാദ മുരളിയില്‍ തങ്ങുന്നു

നിത്യവിസ്മയമാകുമെന്നോമല്‍ ഹര്‍ഷങ്ങള്‍!

വാസന്തപൗര്‍ണമിച്ചന്ദ്രനെപ്പോലെയെന്‍

മുന്നിലായ്‌ നില്‍ക്കുന്നു നിന്‍ പ്രഭാസഞ്ചയം.

പൊന്‍ കതിരാര്‍ന്ന നിന്‍ തൂമണിപ്പുഞ്ചിരി

വര്‍ണ്ണചിറകൊളി നിത്യം പകരുന്നു.

എന്നന്തരാത്മാവില്‍ ചാര്‍ത്തും നിറമാല തന്‍

‍സുന്ദരവര്‍ണ്ണ പ്രസൂനമായി തീര്‍ന്നു നീ.

നിന്‍ മൃദുഹാസത്തിന്‍ നിര്‍വൃതി പൂക്കുന്ന

ലാവണ്യധാര ചൊരിയുന്നു നിത്യവും.

എന്‍ശ്വാസ നിശ്വാസങ്ങളില്‍ ഞാന്‍ തേടും

നവ്യസുഗന്ധാനുഭൂതിയായ്‌ നില്‍പൂ നീ.


എന്നന്തര്‍ദാഹമായ്‌,വിങ്ങലായ്‌,ഹര്‍ഷമായ്‌,

കവിതയായ്‌,സ്വപ്നമായ്‌,മധുമാരിയായ്‌,

പ്രാണനില്‍ പകരുന്ന ജീവാത്മ സുധയായി,

സുരഭിയാം സുഗന്ധമായൊരവ്യക്ത മോഹമായ്‌,

മറക്കുവാന്‍ വൈകുന്നൊരു നല്ല ഓര്‍മ്മയായ്‌,

മായാതെ നിറയുന്ന കുളിരിന്റെ തഴുകലായ്‌,

മധുമാസരാവിന്റെ പൊന്‍ തിങ്കളായി നീ,

ജന്മ ജന്മാന്തര വേളകളില്‍ കൂടി,

ഞാനന്നു നേടിയ പുണ്യ സുകൃതമായ്‌,

ചിതറിപ്പോം മോഹത്തിരകള്‍ തന്നുള്ളില്‍ നി-

ന്നെവിടെയോ തേടിപ്പിടിച്ചൊരു ചിപ്പി തന്‍

‍ഹൃദയത്തിനുള്ളിലൊളിപ്പിച്ചു വച്ചൊരു

അഴകാര്‍ന്ന നിറമുള്ള മണിമുത്തായിന്നു നീ

മല്‍ പ്രാണബിന്ദുവിലെന്നും സ്നേഹാമൃത-

വര്‍ഷം പകരു നീയെന്‍ ഹൃദയേശ്വരി!

Friday, March 25, 2011

ശൈത്യം...
എന്റെ പ്രാണസഖീ, നീ കുറേക്കൂടി എന്നിലേക്കു ചേര്‍ന്നിരിക്കൂ. നീ കൂടുതല്‍ അടുത്തിരിക്കുമ്പോള്‍ ഈ ശൈത്യത്തിനു നമ്മെ സ്പര്‍ശിക്കാന്‍ കഴിയാതെ പോകും. നമ്മുടെ മധ്യത്തിലേക്കു നൂഴ്‌ന്നു കയറാന്‍ കഴിയാതെ! ഈ തീജ്വാലകളാണു ഈ ശീതത്തിനു ആകെ നല്‍കാന്‍ കഴിയുന്ന ഫലം. അതുകൊണ്ടു നീ, ഈ തീ കാഞ്ഞു കൊണ്ടു എന്നോടു ചേര്‍ന്നിരിക്കുക.

നിന്റെ ആത്മാവിന്റെ സൗന്ദര്യം ഞാന്‍ നുകരട്ടെ. ആ കതകിനപ്പുറത്തുള്ള സീല്‍ക്കാരങ്ങളെക്കാളും എത്ര മഹത്തരമാണു അതെന്നു എനിക്കറിയാം. ആ വാതില്‍ തഴുതിടുക. അതിന്റെ മുകളിലെ പാളികളും ബന്ധിച്ചു കൊള്ളുക. കോപാന്ധമായ ആകാശത്തിന്റെ മുഖം എന്നിലുള്ള ചൈതന്യം നഷ്ടപ്പെടുത്താനിടയുണ്ട്‌. നമ്മുടെ മൈതാനങ്ങളില്‍ മഞ്ഞു വീണു നിറഞ്ഞിരിക്കുന്നു. അതു കാണുമ്പോള്‍ എന്റെ ആത്മാവു ശോകാര്‍ദ്രമാകുന്നു.

ആ വിളക്കില്‍ കുറച്ചു കൂടി എണ്ണ പകരൂ. അതു മങ്ങാതെ കത്തട്ടെ. എന്നിട്ടു നിന്റെ അടുക്കലേക്കു നീക്കി വച്ചു കൊള്ളുക. എന്നോടൊപ്പം ഉള്ള നിന്റെ ജീവിതത്തില്‍, നിന്റെ മുഖത്ത്‌ രൂപം പ്രാപിച്ച ഭാവങ്ങള്‍ എന്തെന്നു കണ്ണീരിനിടയില്‍ കൂടി എനിക്കു വായിക്കാന്‍ സാധിക്കുമല്ലൊ.

ശരല്‍ കാലത്തില്‍ നാം പാകം ചെയ്തു വച്ച വീഞ്ഞ്‌ കൊണ്ടു വരിക. അതു കുടിച്ചു കൊണ്ടു, വസന്ത കാലത്തിന്റെ ചാരുതയാര്‍ന്ന ഓര്‍മ്മകള്‍ നല്‍കുന്ന ഗാനം നമുക്കു ആലപിക്കാം. ഗ്രീഷ്മത്തിന്റെ സൂക്ഷ്മമായ പരിചരണം, ശരല്‍കാലത്തിന്റെ കൊയിത്തിനു നല്‍കിയ സമ്മാനം എന്തെന്നു ഓര്‍മിപ്പിക്കുന്ന ഈരടികള്‍!

എന്നോടു ചേര്‍ന്നിരിക്കൂ. എന്റെ ആത്മസഖീ, ഈ അഗ്നിയുടെ ചൂടു കുറഞ്ഞു വരുന്നു. ചാരത്തിന്റെ ഉള്ളിലേക്കു കനലുകള്‍ ഓടി ഒളിക്കുന്നു. എന്നെ ആലിംഗനം ചെയ്യുക. ഏകാന്തതയെ ഞാന്‍ ഭയപ്പെടുന്നു. ഇതാ വിളക്കു മങ്ങിത്തുടങ്ങിയല്ലൊ. നാം കുടിച്ച വീഞ്ഞ്‌ മിഴിയിണകളെ തഴുകി അടയ്ക്കുന്നതു പോലെ! അതു അടഞ്ഞു പോകുന്നതിനു മുന്‍പായി നമുക്കു പരസ്പരം നോക്കി മനസിലാക്കാം.

നിന്റെ കരങ്ങള്‍ കൊണ്ടു നീ എന്നെ തിരഞ്ഞു കണ്ടുപിടിക്കൂ. എന്നെ കെട്ടി പുണരൂ..എന്നിട്ടു നിദ്ര നമ്മുടെ ആത്മാക്കളെ ഒന്നായി പുണരട്ടെ. എന്റെ ഓമനേ! എന്നെചുംബിക്കൂ. നമ്മുടെ അധരങ്ങള്‍ ഒഴിച്ചു ബാക്കി എല്ലാം തന്നെ ഈ ശൈത്യം നമ്മില്‍ നിന്നും മോഷ്ടിച്ചു കളഞ്ഞല്ലൊ!

എന്റെ പ്രിയമുള്ളവളെ, നീ എന്നും എന്റെ അരികിലാണല്ലൊ.നിദ്രയുടെ നീരാഴി എത്ര അഗാധവും വിസ്‌ തൃതി നിറഞ്ഞതും ആണു. പ്രഭാതം എത്ര അരികിലായിരുന്നു.
(ഖലീല്‍ ജിബ്രാന്റെ ‘വിന്റര്‍’ എന്ന കവിതയുടെ ആവിഷ്കാരം.‍)

Tuesday, March 08, 2011

ഓര്‍മ്മയില്‍ ഒരു നുറുങ്ങു വെട്ടം....

തങ്കക്കിനാക്കള്‍ തന്‍ തംബുരു മീട്ടിയെന്‍‍
സങ്കല്‍പ തീരത്തു നിന്നെയും കാത്തു ഞാന്‍‍
നില്‍ക്കയാണിപ്പൊഴും നിന്‍ സ്വനം കേള്‍ക്കുവാൻ.. .
കാണുന്നു നിന്നെ എന്നുൾക്കടക്കണ്ണിനാല്‍
‍ഏകാന്തമായോരു സാന്ത്വന സാന്ദ്രമായ്‌

സാമസങ്കീര്‍ത്തനം നിന്‍ നാദധാരയായ്‌
തെന്നലിലെന്നെ തലോടുന്നു; നിന്നെ ഞാനാ-
നാദബ്രഹ്മത്തിന്‍ 'ഓം'ങ്കാര നാമമായ്‌.
ചേതോമനോഹര സംഗീതമാത്മാവില്‍
‍കോരിനിറക്കുന്ന സ്വര്‍ണച്ചഷകമായ്‌..........

അച്ചക്രവാളത്തിനുമപ്പുറംനിന്നു കൊണ്ടോ-
രായിരം സ്മൃതി എന്നിലുണര്‍ത്തി നീ.
ആ രാഗ സീമയിലെന്നെ നീ ഇപ്പൊഴും
മാടി വിളിക്കുന്നു മല്‍സഖീ ഏകയായ്‌.

കൊഴിയാന്‍ മടിക്കുന്നൊരശ്രുവിൻ ബിന്ദു പോല്‍
നിന്നെ ഞാന്‍ കണ്ടതിന്നെന്റെ ഓര്‍മ്മയില്‍‍;
സൗവര്‍ണ്ണദീപ ശിഖയായി മാറിയോ,
എന്നുമൊരോമന പൊന്‍ കിനാവായി നീ.
പിന്നെമധുമാരി ചൊരിയുമോരോമല്‍ത്തിടമ്പായി.
നറുനീലാകാശത്തിന്‍ നെറ്റിയില്‍ പ്രഭാതത്തില്‍‍
നിന്‍ കവിള്‍ പൂക്കൾ തൻ ശോണിമ പടരുമ്പോള്‍‍
എന്നുള്ളീലെങ്ങും നിറയുന്നു ശൂന്യമാ-
മേകാന്തത തന്‍ വിരസമാം നൊമ്പരം.......

Saturday, February 19, 2011

ഒരു വസന്തത്തിന്റെ ഓർമ്മ...
അനുഭൂതി നിറയ്ക്കുന്ന, അരുതെന്നു പറയാത്ത,
കണ്ണീരിന്‍ നനവുള്ള, കനിവിന്റെ നിറവുള്ള,
കദനത്തിന്‍ മണമുള്ള, കനവിന്റെ നിറമുള്ള,
മലരിന്റെ ചിരിയുള്ള, ഹൃദയത്തിന്‍ സുധയായി,
മനസ്സിന്റെ വാതിലിൽ ‍നീ വന്നു തൊട്ടപ്പോള്‍;

പറയാതെ, അറിയാതെ, പതറാതെ, മായാത്ത
നിറവുള്ള മനതാരില്‍ മധുവേന്തി നീ വന്നതറിയാതെ
നിന്നൊരാ, നിന്നെ ഞാന്‍‍ വാതില്‍ക്കല്‍ കണ്ടപ്പോള്‍,
അറിയാതെ എന്നിലേ ഓര്‍ക്കാത്ത എന്നെ, നീ
അടിമുടി കോരിത്തരിപ്പിച്ചു പോയീ.

അമലേ നിന്നിടനെഞ്ചില്‍ കതിരിട്ടാ മൃദുഭാവം
അകലത്തിരുന്നു ഞാന്‍‍ തിരയുന്നു നാള്‍ക്കു നാള്‍.
മ‍ഴവില്ലിന്‍ ചാരുത നിറയുന്നൊ-
രാകാശച്ചരിവിന്റെ മോഹന സ്മൃതിയാമാ ലാവണ്യം
അനുദിനമെന്നിലേ പൂമാരിയാകുവാന്‍‍
അഴകേ ഞാന്‍ നിന്നെയും കാത്തിരിപ്പൂ..

Tuesday, February 08, 2011

ഒരു പൊൻ കിനാവിന്റെ തീരത്തു...
ഒരു നാളിലൊരു സ്വപ്നത്തേരിലേറി
അരികില്‍ നീ എന്നടുത്തെത്തിയില്ലേ?

അനുപമമാമൊരു സംഗീത ധാരയായ്,
അകതാരിലൊഴുകുന്ന കവിതയായി,
മിഴീതള്‍കൂമ്പിലേ കണ്ണുനീര്‍ തുള്ളിയായ്,
സ്നേഹാര്‍ദ്രമാമൊരു തൂവലിന്‍ സ്പര്‍ശമാ‍യ്,
കാര്‍മുകില്‍ തുമ്പിലേ തൂവെള്ളി രേഖയായ്......

മാനത്തു നീളുന്ന ചേതോമനോഞ്ജമാം
മാരിവില്ലേകുന്ന രാഗോജ്വലങ്ങളാം
മാസ്മര സൌന്ദര്യ ലാസ്യത്തിന്‍ ‍വര്‍ണ്ണമായ്,
കായാമ്പൂവര്‍ണ്ണന്റെ വേണുവിലൂതിരുന്ന
പ്രേമനിസ്വനമാം പീയൂഷ രാഗതരംഗമായി,
പ്രിയമാര്‍ന്നൊരനുരാഗ സ്മൃതികള്‍ തഴുകുന്ന
മദുഗാനമൊന്നിന്റെ ഈരടിയായ്,
നിറമുള്ള സ്വപ്നങ്ങള്‍ ഹൃദയത്തിനേകുന്ന
കുളിരാര്‍ന്ന രാവിന്റെ യാമങ്ങളായ്.....

വിടപറഞ്ഞകലുന്നോരരുണനെ നോക്കി
നിന്നരുതേ എന്നോതുന്ന മേഘങ്ങളായ്,
പുതുമാരി പെയ്തൊരാ ഊഷരഭൂവിന്റെ
നിറുകയില്‍ തല നീട്ടി പുളയുന്ന പുല്‍നാമ്പിലു-
തിരുന്ന മദമാര്‍ന്ന മധുമന്ദഹാസമായി,
ധനുമാസ രാവിലേ പൌര്‍ണമിച്ചന്ദ്രന്റെ
അരികത്തു ലജ്ജയാല്‍ മിഴിചിമ്മി നില്‍ക്കുന്ന
സുരലോക സുതരാകും താരകളായ്,
അനുപദം അനുരാഗ സരസിന്റെ അരികത്തു
നിറവാര്‍ന്ന കുതുഹലം ചിറകിട്ടടിക്കുന്നോ-
രഴകാര്‍ന്ന സ്വര്‍ണ്ണമരാളങ്ങളായ്.......

ഇറയത്തൂന്നൂറുന്ന മഴവെള്ളത്തുള്ളികള്‍
കരളിന്റെയുള്ളീലേക്കറിയാതെ ചൊരിയുന്ന
കുളിരിന്റെ ലോലമാം അലകളായി,
നിറയുന്നൊരാത്മാവില്‍ നിറമാല ചാര്‍ത്തിക്കൊണ്ട-
കലേക്കു മായല്ലെന്‍ പൊന്‍കി‍നാവേ!

Saturday, February 05, 2011

വിദൂരതയിൽ നിന്നും...
പൂമുല്ല തേടുന്ന പൂന്തെന്നലും
പൂനിലാ പൊയ്കയും പൂമണവും
നിന്‍ മൃദുഹാസവും നീള്‍മിഴിയും
നിന്‍ വിരല്‍ തുമ്പിലേ സ്വാന്തനവും
മല്‍ ജീവനേകുന്ന നിര്‍വൃതിയില്‍
‍എന്നുമെന്നുള്ളിലേ ദാഹമായി.

എന്നുള്ളിലുള്ളോരു ശോകമാകെ
‍വിസ്മൃതിക്കുള്ളില്‍ മറഞ്ഞു പോയി.
ആ രാഗദീപ്തിയിലെല്ലാം മറന്നു ഞാന്‍
‍നിന്നെയെന്നോമന സ്വപ്നമാക്കി
എന്നുമെന്നൊമനേ എന്നിലെന്നും
നാകീയ ലോകം വിരിച്ചിടുന്നു.

പൊയ്പോയ കാലത്തിന്‍ ദുഃഖസ്മൃതിയെല്ലാം
വിണ്മയമായൊരു സ്വപ്നങ്ങളായ്,
നിരുപമ ലാവണ്യ സ്വപ്നഭൂവില്‍
‍നിശ്ചലം നില്‍ക്കുമീ ജീവധാര.
കാലമേ നിന്റെ വിപഞ്ചികയില്‍
‍ചേലെഴും മോഹന നവ്യരാഗം....

രാഗനിര്‍ഭരമാമെന്‍ മാനസം കൊതിക്കുന്നു
സ്നേഹലോലുപയാം നിന്റെ‍ ചുംബനപ്പൂമൊട്ടുകള്‍!

Tuesday, January 25, 2011

നീ എന്ന ഞാൻ‍.......പുതുമഴ പെയ്തിറങ്ങിയ തുമണ്ണിന്‍ സുഗന്ധം പോലെ
ഒരിക്കലും ഉറവ വറ്റാത്ത സ്നേഹത്തിൽ‍
‍നിറഞ്ഞു തുളുമ്പുമൊരു നീര്‍ക്കുമിള പോലെ
നിശ തന്‍ നീണ്ട യാമങ്ങളിലെപ്പോഴോ
നീ കടന്നു വന്നതിപ്പോഴും ഓര്‍ക്കുന്നു ഞാൻ‍.


നിശാഗന്ധി പൂക്കുന്ന രാവിന്നിരുട്ടിലും
നൊമ്പരപൂക്കള്‍ അടര്‍ന്നുപോകുന്ന
സന്ധ്യയിലുമൊക്കെയും
നിന്നെ ഞാന്‍ ദര്‍ശിച്ചു!....

പിന്നെ നീ വെണ്മുകിൽ പുകമറയ്ക്കുള്ളിലേക്ക് ഒരു
നീണ്ട തേങ്ങലൊടെ പറന്നു പോയി........
ഒരു കുഞ്ഞു ശലഭത്തിന്‍ നൈര്‍മല്യം ആയിരുന്നൊ അതു......
അതോ?..........

നീ ആരായിരുന്നു എന്നൊരു സംശയം മാത്രമൊടുവിൽ ‍എന്നില്‍ ബാക്കിയായി....
ഒരു നിമിഷാര്‍ദ്ധത്തിന്നിടവേളക്കു ശേഷം എന്‍ മനം പിന്നെയും മെല്ലെ ചോദിച്ചു.........
“നീ ഞാനായിരുന്നോ?”...
അതൊ ഞാൻ‍.....?....

Saturday, January 15, 2011

അഭിലാഷങ്ങള്‍...

അഭിലാഷങ്ങള്‍..‍മദം പിടിച്ച കാറ്റു,
നിശയുടെഇരുണ്ട നിശബ്ദതയില്‍ മയങ്ങി വീണു.
ചെമ്പക പൂവിന്റെ സുഗന്ധം
ഒരു കിനാവിന്റെ മധുരിക്കുന്ന ഓര്‍മ്മകളിൽ
‍ഓടി അലഞ്ഞു ഇല്ലാതെ ആയി.
അവളുടെ ആത്മാവില്‍ ആ സുഗന്ധം വീണുടഞ്ഞു.
നിന്റെ നെഞ്ചിനുള്ളില്‍ ഞാന്‍ വീണു മരണമടയുന്നതുപോലെ!...

ഈ നിത്യ ഹരിതഭൂവില്‍ നിന്നും നീ എന്നെ കോരി എടുക്കൂ..
ഇവിടെ ഞാന്‍ മരിക്കുകയാണു.
ഇവിടെ ഞാന്‍ മോഹപരവശനായി തീരുന്നു.
ഇവിടെ ഞാന്‍ പരാജിതനായിരിക്കുന്നു.

ഇവിടെ നിന്റെ സ്നേഹം, ചുംബനങ്ങളുടെ മഴ ആയി
എന്റെ ചുണ്ടിണകളിലും, മിഴി ഇതളുകളിലും പെയ്തിറങ്ങട്ടെ!
എന്റെ കവിള്‍ തടങ്ങള്‍ ശൈത്യത്താല്‍ വിവര്‍ണമായിരിക്കുന്നു.
എന്റെ ഹൃദയത്തുടിപ്പുകള്‍ ആവേശത്തോടെ ഉച്ചത്തിലായിരിക്കുന്നു...

ഇനിയും അതു നിന്റെ നെഞ്ചോടു ചേര്‍ത്ത്‌ അമര്‍ത്തി പിടിക്കുക.
അവസാനം അതു തകര്‍ന്നു പോകുമല്ലൊ!

Friday, January 07, 2011

നാമെന്തു പേരിടും?...


ആത്മാവു തമ്മില്‍ ഉതിര്‍ക്കുന്ന മന്ത്രത്തെ

നാമെന്തു പേരിടും?..പ്രണയമെന്നോ?

കാണാത്ത നേരത്തു കാണാന്‍ കൊതിക്കുന്ന

മനസ്സിന്റെ വിങ്ങലിന്‍ പേരിതാണോ?

കേള്‍ക്കാന്‍, കൊതിച്ചൊരാ വാക്കുകള്‍ എന്നാലും

‍കേള്‍ക്കാഞ്ഞ നേരത്തു, മനതാരില്‍ വിരിയുന്ന

വിരസമാം ശോകത്തിനെന്തു പേരോ? ....

പ്രേമമെന്നോ?

കേള്‍ക്കുന്ന വാക്കുകള്‍ ‍ഹൃദയത്തില്‍

ചൊരിയുന്ന മൂകമാമനുഭൂതിക്ക-

നുരാഗമെന്നു പറഞ്ഞിടാമോ?

മിഴികളില്‍ തുളുമ്പുന്നൊരശ്രുവിന്‍ ‍തേന്‍ കണം

കനിവാര്‍ന്ന സ്നേഹത്തിന്നധരങ്ങളാല്‍

മുകരുന്നൊരനുഭൂതി കരളിൽ തഴുകുന്ന

മധുരമാം കുളിരിനേ,

പ്രിയതരമാമൊരു പേര്‍ വിളിക്കൂ!

മഴവില്ലിന്‍ ചാരുത മനസ്സില്‍ വിടരുന്ന,

തരളമാം സ്മരണകള്‍ പുളകിതമാക്കുന്നാ

മധുരവികാരത്തെ പേരിടല്ലെ...

അതു, മരണത്തിന്നവസാന മാത്രകളില്‍ കൂടി

മധുമയമാക്കാനനുവദിക്കൂ.