Monday, October 25, 2010

അശ്രുപൂജ...




തിരകള്‍ക്കറിയുമോ തീരത്തിന്‍ തീരാത്ത ദുഃഖം
കാട്ടാറ റിയുമോ കാനനകന്യ തന്‍ മോഹം
വിടചൊല്ലി മറയുന്ന സന്ധ്യാംബരത്തിന്റെ
വിരഹത്തിന്‍ കഥ എന്തെന്നാരറിവൂ?


മനസ്സിന്റെ മതില്‍ക്കെട്ടിനുള്ളിലുള്ളേകാന്ത
വേദന ഒരു മാത്ര പോലുമിന്നൊഴിയാറില്ല
കരകാണാക്കടലിന്റെയലകളില്‍ ഇടറുന്ന
കൈകള്‍ കരുത്തില്ലാ,തിനിയെത്ര ദൂരം തുഴഞ്ഞു തീര്‍ക്കും?
മനസ്സിന്റെ മണിച്ചെപ്പില്‍ മറയാതെ നില്‍ക്കുന്ന
മധുരിക്കും സ്മരണകള്‍ എന്നുമെന്നെ,
മായൊത്തൊരാവ്യക്ത നൊമ്പരമൊന്നതിൻ
മറുകര കാണാതുലച്ചിടുന്നു.

അറിയാതെ നീയെന്റെ ആത്മാവിനുള്ളിലെ
അനുരാഗ ലഹരിയായ്‌ മാറിയില്ലേ!
മോഹവും തീരാത്ത ദാഹവും കൊണ്ടു നീ
സ്നേഹത്തിന്‍ പൂമാല ചാര്‍ത്തിയെന്റെ
പ്രാണനില്‍ ഹര്‍ഷം പകര്‍ന്നു തന്നു,
കനവുകള്‍ക്കുള്ളിലും, നിനവിന്റെ മാറിലും
കുളിരാര്‍ന്ന കാവ്യം രചിച്ചിരുന്നു.

തിങ്കളും, പൂക്കളും, പുഴയും, പൂമ്പാറ്റയും
മനസ്സില്‍ കവിതയായ്‌ വിരുന്നു വന്നു.
കുന്നിന്‍ ഹരിതാഭയില്‍, മഞ്ഞിന്റെ വിരിമാറില്‍
പുളകം പുതക്കുന്ന, ധന്യമാം മാത്രകള്‍ സ്വന്തമാക്കി.
അമൃത ലയമലിയുമൊരാത്മാവിനുള്ളില്‍ നീ
അഴകാര്‍ന്ന ചിത്രങ്ങള്‍ നെയ്തു നെയ്തെൻ
അഭിലാഷ സ്വപ്നങ്ങള്‍ ധന്യമാക്കി.

പറയാതെ എന്നില്‍ നിന്നകലേക്കു മാഞ്ഞൊരാ
മധുരാനുഭൂതി തന്‍ ലഹരിയേ, ഇന്നു ഞാന്‍
തിരയുന്നു നാള്‍ക്കു നാള്‍ വ്യർഥമായി.

കനവില്‍ വിടര്‍ന്നു വിരിയും സുമസുഗന്ധമായ്‌,
ഒരു പൊന്‍ വസന്തത്തിന്‍ സ്വരലയ ഭാവമായ്‌,
കരളിന്റെ ഉള്ളിലേ നറുതേന്‍ മധുരമായ്‌,
അണയാത്തൊരാരാഗ ദീപമെന്റെ,
വിരഹാര്‍ദ്ര സാന്ദ്രമാം ഹൃത്തിനുള്ളില്‍
നിറദീപ നാളമായ്‌ തീരുവാനായ്‌
ഇനിയെത്ര ജന്‍മം ഞാന്‍ കാത്തിടേണം?
മിഴികളില്‍ നിറയുന്ന വിരഹത്തിന്‍ കണ്ണുനീര്‍
സുകൃതമായ്‌ തീരട്ടെന്നശ്രുപൂജ!

Tuesday, October 19, 2010

രാവില്‍...... ഹൃദയത്തിന്റെ സൌന്ദര്യം..




രാവില്‍...
ഇന്നലെ രാവില്‍ നീ എന്നെ തനിച്ചാക്കിയിട്ടു
ഉറ‍ങ്ങാന്‍ പോയി..
നിന്റെ അഗാധ നിദ്രയില്‍....

ഇന്നു രാത്രിയില്‍ നീ അസ്വസ്ഥമായി,
തിരിഞ്ഞും, മറിഞ്ഞും കിടക്കുന്നു.
ഞാന്‍ നിന്നോടു പറഞ്ഞു:
*നീയും ഞാനും ഈ പ്രപഞ്ചത്തിന്റെ അവസാനത്തോളം,
അതു അലിഞ്ഞില്ലാതാകുന്നതു വരെ, ഒരുമിച്ചു തന്നെ ആയിരിക്കും.”

അപ്പോള്‍ നീ അവ്യക്തമായി അര്‍ദ്ധസുഷുപ്തിയില്‍
എന്തോ പുലമ്പുന്നുണ്ടായിരുന്നു.
നീ കുടിച്ചു ഉന്മത്തനായിരുന്നപ്പോള്‍
ആലോചിച്ചിരുന്ന ഏതോ കാര്യങ്ങള്‍!


ഹൃദയത്തിന്റെ സൌന്ദര്യം....

ഹൃദയത്തിന്റെ സൌന്ദര്യമാണു
എന്നും നിലനില്‍ക്കുന്ന ഭംഗി!
ജീവനില്‍ ദാഹനീര്‍ ചൊരിയുന്ന അതിന്റെ അധരങ്ങള്‍!
യഥാർത്ഥത്തില്‍, വഴിഞ്ഞൊഴുകുന്ന ആ ജലവും,
അതു മോന്തി കുടിക്കുന്ന വ്യക്തിയും
അങ്ങനെ മൂന്നും കൂടി ഒന്നായി തീരുന്നു.
നിന്റെ മാന്ത്രിക എലസ്സ്, നിന്റെ ഭാഗ്യ ചിഹ്നം
തരിപ്പണമാകുമ്പോള്‍
നിന്റെ യുക്തി ബോധം ഒന്നും തന്നെ
അതിന്റെ പൂര്‍ണ്ണതയേ വിശേഷിപ്പിക്കുവാന്‍
ഉതകുകയില്ല.

(ജലാലുദീന്‍ റൂമി -ഇറാനിയന്‍‍ കവിയുടെ കവിതകളുടെ സ്വതന്ത്ര തര്‍ജമ)

Friday, October 08, 2010

സ്വപ്നക്കൂട്...








മന‍സിന്റെ മണിയറയിൽ അന്നുനീ വിരിച്ചിട്ടോ-
രണയാത്തൊരോർമ്മകൾ‍ എന്നുമെന്നും
മധുകരമാമൊരു നൊമ്പരമായെന്നെ
എവിടേക്കോ മാടി വിളിച്ചിടുന്നു!

മറന്നെന്നു ഞാനന്നു നിനച്ചിരുന്ന
മന‍സിന്‍ അഗാധമാം കൂരിരുട്ടില്‍
നിറദീപം ഒന്നു കൊളുത്തി വീണ്ടും
ഒരു മൃദുരവമെഴും മൊഴികളുമായ്,
മലര്‍മാല നീട്ടി ഇന്നാഗമിപ്പൂ.

നിറയുന്നെന്നോമല്‍ കിനാവിനുള്ളില്‍
ഒരു പൊന്‍നിലാവിന്‍ നിശീഥിനിയില്‍
ഒരു മൂടല്‍ മഞ്ഞിന്റെ അവ്യക്തമാകുമൊര-
തിലോലമാമൊരു മൂടുപടമണി-
ഞ്ഞൊരു നിഴലായ് നീ, എന്നരികില്‍ നിന്നു.

അറിയാതെ ഞാന്‍ എന്‍ കരങ്ങളാലെ
പുണരുവാന്‍ കൊതി പൂണ്ടുണര്‍ന്ന നേരം
അകലേക്കൊരു മായാ ധൂമികയായ്, നീ
അലിയുന്നാ വിണ്ണിന്റെ നീലിമയില്‍.
മോഹങ്ങള്‍ തിരിനീട്ടി നില്‍ക്കുമോരീ
മനസിന്റെ മധുരമാം ചാരുതയില്‍
ഒരു രാക്കിനാവിന്റെ തീരങ്ങളില്‍
പാഴലയായി നീ വന്നകന്നിടുന്നു.

നിന്‍ രാഗസ്പർശം എന്നെന്നുമെന്റെ
നിത്യ രോമാഞ്ചമായ് തീരുകില്ലേ?
ഈ വിഷാദത്തിൻ വിമൂകതയില്‍
അഴകേ, നിന്‍ കരതാരിൻ തളിരിളം
തഴുകലില്‍, അറിയുന്നു, ഞാനിന്നെൻ
മനസില്‍ പൊഴിക്കുന്ന രാഗാമൃതം..