Friday, October 08, 2010

സ്വപ്നക്കൂട്...








മന‍സിന്റെ മണിയറയിൽ അന്നുനീ വിരിച്ചിട്ടോ-
രണയാത്തൊരോർമ്മകൾ‍ എന്നുമെന്നും
മധുകരമാമൊരു നൊമ്പരമായെന്നെ
എവിടേക്കോ മാടി വിളിച്ചിടുന്നു!

മറന്നെന്നു ഞാനന്നു നിനച്ചിരുന്ന
മന‍സിന്‍ അഗാധമാം കൂരിരുട്ടില്‍
നിറദീപം ഒന്നു കൊളുത്തി വീണ്ടും
ഒരു മൃദുരവമെഴും മൊഴികളുമായ്,
മലര്‍മാല നീട്ടി ഇന്നാഗമിപ്പൂ.

നിറയുന്നെന്നോമല്‍ കിനാവിനുള്ളില്‍
ഒരു പൊന്‍നിലാവിന്‍ നിശീഥിനിയില്‍
ഒരു മൂടല്‍ മഞ്ഞിന്റെ അവ്യക്തമാകുമൊര-
തിലോലമാമൊരു മൂടുപടമണി-
ഞ്ഞൊരു നിഴലായ് നീ, എന്നരികില്‍ നിന്നു.

അറിയാതെ ഞാന്‍ എന്‍ കരങ്ങളാലെ
പുണരുവാന്‍ കൊതി പൂണ്ടുണര്‍ന്ന നേരം
അകലേക്കൊരു മായാ ധൂമികയായ്, നീ
അലിയുന്നാ വിണ്ണിന്റെ നീലിമയില്‍.
മോഹങ്ങള്‍ തിരിനീട്ടി നില്‍ക്കുമോരീ
മനസിന്റെ മധുരമാം ചാരുതയില്‍
ഒരു രാക്കിനാവിന്റെ തീരങ്ങളില്‍
പാഴലയായി നീ വന്നകന്നിടുന്നു.

നിന്‍ രാഗസ്പർശം എന്നെന്നുമെന്റെ
നിത്യ രോമാഞ്ചമായ് തീരുകില്ലേ?
ഈ വിഷാദത്തിൻ വിമൂകതയില്‍
അഴകേ, നിന്‍ കരതാരിൻ തളിരിളം
തഴുകലില്‍, അറിയുന്നു, ഞാനിന്നെൻ
മനസില്‍ പൊഴിക്കുന്ന രാഗാമൃതം..

2 comments:

Anaswayanadan said...

നന്നായി നല്ല വരികള്‍ വീണ്ടും പ്രതീക്ഷിക്കുന്നു ............

Unknown said...

അനസ്സിനു സ്നേഹപൂർവ്വം കുഞ്ഞുബി..

സന്തോഷം ഈ വഴി വന്നതിനു, വായിച്ചതിനും..ഇനിയും വരിക ഈ തണലിൽ ഇത്തിരി നേരം ഇരിക്കുക..“പൊന്നിള നീരു തരാം ഞാൻ, കുളിർ തെന്നലിൻ ചാമരം വീശാം..മണ്ണിൽ വിരിയും അഴകിൽ കോർത്ത മഞ്ചാടി മാല തരാം ഞാൻ..മണ്ണിന്റെ ആത്മാവിൽ നിന്നും ഒരു പൊന്മുത്തെടുത്തു തരാം ഞാൻ...