
ഒന്നല്ല നൂറു നൂറായിരം വാക്കുകള്‍
നിന്നോടൊന്നോതുവാന്‍ കാത്തുനില്‍ക്കെ
പറയാന്‍ കഴിയാതെ പരിഭവം പൂണ്ടു നീ
ഒരു പൊന്‍ കിനാവായ് മറഞ്ഞു പോയി.
അനുരാഗവായ്പു നിറയുന്നൊരാത്മാവില്‍
അതിഗൂഢമെന്നുമെന്നോര്‍മകളില്‍
അറിയാതെ എന്മനം ഉരുവിടുന്നിന്നുമെന്‍
അനുരാഗ ദീപ്തമാം സ്നേഹഗാനം!
അലകടല്‍ തഴുകുന്ന തീരമായ് നിന്മനം,
തഴുകുവാന്‍ കാത്തു കൊണ്ടണയുന്ന മല്‍ സ്നേഹ-
ത്തിരകളെ പുല്‍കുവാന്‍ കാത്തു നില്‍ക്കെ,
പ്രണയാര്‍ദ്ര സാന്ദ്രമാം, ഒരു കുഞ്ഞു കാറ്റായ് നിന്ന-
രികില്‍ ഞാനെത്തി, നിന്നനുവാദമില്ലാതെ
ആപാദചൂഢം മുകര്‍ന്നതില്ലേ?
അനുഭൂതി നിറയുന്ന മധുരമാം ഓര്‍മ്മയില്‍
പ്രണയാഭിലാഷങ്ങള്‍ പൂത്തു നില്‍ക്കെ,
അവ്യക്തമാമൊരു സ്വപ്നത്തിലേറി നീ
മധുമാസ ചന്ദ്രനുദിച്ചപോലെ,
സ്നേഹാര്‍ദ്രമാമൊരു മൃദുഹാസ നാളമായ്
പരിഭവമെല്ലാം പറഞ്ഞു തീര്‍ത്തു,
കുറുകുന്ന പ്രാവിന്റെ ഇണ പോലെ, പ്രണയത്തിന്‍
കുളിരുമായ്, എന്നോടു കൊഞ്ചിയില്ലെ?
വ്രണിതമാം ഹൃത്തിന്റെ നൊമ്പരപ്പൂക്കളെ
തഴുകിത്തലോടി നിന്‍ കരലാളനം.
വിറയാര്‍ന്ന ചുണ്ടുകള്‍, വഴിയുന്ന മിഴിനീരില്‍
കുതിരുന്ന സ്നേഹം കൊണ്ടൊരുമാത്ര
നീയെന്നെ പുല്‍കി പുണര്‍ന്നു നിന്‍
മധുരമാം സാന്ത്വനം നല്‍കിയില്ലേ?
അതുമാത്രമോമനെ, അതുമാത്രമെന്നുമെന്‍
ഹൃദയത്തിന്‍ സ്മൃതിയായിത്തീര്‍ന്നിടട്ടെ!