
തരളിതമായൊരോര്‍മ്മകളില്‍ വീണു
തളരുന്ന മേനിയില്‍ നിന്‍ കരസ്പര്‍ശനം
തഴുകുന്ന മാത്രയില്‍ മാറുന്നു ഞാന-
റിയാതൊരാര്‍ദ്രമാം പൂവിതളായ്.
തീരാത്ത മോഹങ്ങളുള്ളില്‍ ജ്വലിപ്പിക്കും
ശ്രീരാഗമോതും മുരളിയായി
വിരലൊന്നു തൊട്ടെന്നാലെന്നില്‍
വിതുമ്പുന്ന വിറയാര്‍ന്ന നിസ്വനം വീണയായി.
മൂകമാം വേദന തിങ്ങി ത്തുളുമ്പിയോ-
രേകാന്ത രാവിന്റെ കൈത്തിരി നാളമായി
മാദക സ്വപ്നത്തിലെങ്ങും വിതറുന്ന
സ്നേഹാര്‍ദ്രമാം പ്രഭാപൂരമായീ.
അരികില്‍ നീ സാന്ത്വനം പകരുന്ന നേരത്തു
അലകടല്‍ പോലെന്നിലലയുന്നു മോഹങ്ങള്‍.
പുഴപോലെ ശാന്തമായൊഴുകുന്നാ ലാവണ്യ
നിര്‍വൃതിക്കുള്ളിലേ അറിയാത്ത നവ്യാ-
നുഭൂതികള്‍ തേടി നാം അലയുന്നു,
പിന്നൊരു വര്‍ണാഭ നിറയുന്ന സന്ധ്യതന്‍
വാനിലെ സ്വര്‍ണ മയൂഖമായ് തീരുന്നു.
ചക്രവാളത്തിനുമപ്പുറത്തേക്കൊരു,
വിദ്യുല്‍ ലതികയായ് പാറുന്നു പിന്നെ നാം
വിണ്ണിന്റെ അഴകാര്‍ന്ന ഹര്‍ഷാനുഭൂതിയില്‍
എല്ലാം നുണഞ്ഞു കൊണ്ടര്‍ധസുഷുപ്തുയില്‍
അമരുന്നു ഞാന്‍ നിന്നിലലിയുന്നു.
പിന്നെ നാം അറിയാതെ ഒന്നായി മറയുന്നു
നിന്നാത്മ ചൈതന്യമെന്നില്‍ സ്പുരിക്കുന്ന
ദിവ്യാനു രാഗ നിലാവൊളിയായ്..
ജീവന്റെ ജീവനിലെന്നും വിടരുന്ന
പ്രേമ സങ്കല്‍പത്തിന്റെ പൊന്‍ കിനാവായ്.
`~ കുഞ്ഞുബി