Thursday, September 30, 2010

മന‍സിനുള്ളില്‍ ഒരു കണ്ണന്‍....






ഒരു മുളം തണ്ടിന്റെ ഉള്ളില്‍ നിന്നൂറുമാ
സ്വരരാഗ സുധയെന്നെ മെല്ലെ ഉണർത്തുന്നു.
കണ്ണൻ തൻ വൃന്ദാവനിയും, കാളിന്ദിയും
അമ്പാടി തന്നിലേ ഉണ്ണിക്കുസൃതിയും,
ഗോക്കളേ മേയ്ക്കുവാന്‍ പോകുന്ന കാനനേ
ഗോവര്‍ദ്ധനം കയ്യില്‍ താങ്ങി പിടിച്ചതും,
നീല കടമ്പിനന്നുൾക്കുളിരേകിയ
ലീലാവിലാസവും, കവർന്നോരു വെണ്ണയും,
കാമിനിമാരുടെ ചേലകൾ വാരിക്കൊണ്ടൊടി
ഒളിച്ചതും, ആർത്തുല്ലസിച്ചതും;
ഓരായിരം ഗോപാംഗനകളാ പ്രേമത്തില്‍,
മദകരമാമൊരു നിര്‍വൃതിയിലാണ്ടവര്‍‍
ഹർഷപീയൂഷ പുള‍കിത ഗാത്രരായ്
‍സായൂജ്യം നേടിയ, നിന്‍ സ്നേഹസ്പര്‍ശവും,
മാമകാത്മാവിലെന്നും രാഗസാന്ദ്രമാമൊരു,
ഗംഗാപ്രവാഹമായ്, ഉള്‍കുളിരേകുന്ന
പുണ്യ പ്രസാദമായ്, കുളിരേകുന്നൊരാ-
ത്മ സംതൃപ്തിയായ് നിറഞ്ഞുനിന്നീടുന്നു.....

Thursday, September 23, 2010

ഓര്‍മ്മയില്‍ ഒരു നുറുങ്ങു വെട്ടം....




തങ്കക്കിനാവിന്റെ തംബുരു മീട്ടിയെന്‍‍
സങ്കല്‍പ തീരത്തു നിന്നെയും കാത്തു ഞാന്‍‍
നില്‍ക്കയാണിപ്പൊഴും നിന്‍ സ്വനം കേള്‍ക്കുവാന്‍..‍ .
കാണുന്നു നിന്നെ എന്നുൾ‍ക്കടക്കണ്ണിനാല്‍
‍ഏകാന്തമായോരു സാന്ത്വന സാന്ദ്രമായ്;‌
സാമസങ്കീര്‍ത്തനം നിന്‍ നാദധാരയായ്‌
തെന്നലിലെന്നെ തലോടുന്നു; നിന്നെ ഞാനാ-
നാദബ്രഹ്മത്തിന്‍ 'ഓം'ങ്കാര നാമമായ്‌,
ഏതോ മനോഹര സംഗീതമാത്മാവില്‍
‍കോരിനിറക്കുന്ന സ്വര്‍ണച്ചഷകമായ്‌..........

ആ ചക്രവാളത്തിനപ്പുറം നിന്നു കൊണ്ടോ-
രായിരം സ്മൃതി എന്നിലുണര്‍ത്തി നീ.
ശാന്തമാ വിണ്ണിലേക്കെന്നെ നീ ഇപ്പൊഴും
മാടി വിളിക്കുന്നു മല്‍സഖീ ഏകയായ്‌.

കൊഴിയാന്‍ മടിക്കുന്നൊരശ്രു തൻ ബിന്ദുവായ്
നിന്നെ ഞാന്‍ കണ്ടതിന്നെന്റെ ഓര്‍മ്മയില്‍‍
സൗവര്‍ണ്ണദീപ ശിഖയായി മാറിയോ,
എന്നുമൊരോമന പൊന്‍ കിനാവായി നീ.
പിന്നെ മധുമാരി ചൊരിയുമോരോമല്‍ തിടമ്പായി
നറു നീലാകാശത്തിന്‍ നെറ്റിയില്‍, പ്രഭാതത്തില്‍‍
നിന്‍ കവിള്‍ പൂവിന്റെ ശോണിമ വിടരുമ്പോള്‍‍
എന്നുള്ളീലെങ്ങും നിറയുന്നു ശൂന്യമാ-
മേകാന്തത തന്‍ വിരസമാം നൊമ്പരം.......

Sunday, September 12, 2010

സാന്ധ്യ നക്ഷത്രം...



അന്നൊരു സാന്ധ്യ നക്ഷത്രം കണക്കെ നീ
അമ്പല മുറ്റത്തേ കല്‍വിളക്കിന്‍ മുന്‍പില്‍
അര്‍ദ്ധ നിമീലിത നേത്രയായ് സാദരം,
കൈക്കുമ്പിളിൽ ഏന്തുന്ന തീര്‍ത്ഥവും,
കീറനിലച്ചാര്‍ത്തിലെ ചന്ദനച്ചാറണിപ്പൂവും,
പ്രസാദവും, കയാമ്പൂ കണ്ണിലെ കര്‍പ്പൂര ജ്വാലയും
ഈറനണിഞ്ഞ മുടിച്ചാര്‍ത്തിനുള്ളിലേ
കൃഷ്ണത്തുളസിക്കതിരും,
കനകാംബരസൂനവും, ചാര്‍ത്തി
വന്നനുരാഗലോലയായ് നിന്നു
നീ അന്നൊരു മാദക സ്വപ്നമായ് .
നിന്നൊമല്‍ രാഗ മന്ദസ്മിതാനുഭൂതിയില്‍
കൈവല്യം നേടിയെന്നന്തരാത്മാവന്നു!.

ആയിരം തങ്ക കിനാക്കള്‍ വിടര്‍ന്നൊരു
മായിക ലോകമായ് തീർന്നെന്റെ മാനസം.
അന്നെന്റെ മോഹങ്ങളുന്മാദമായൊരു
വിണ്ണിന്റെ നിര്‍വ്വാണ സംഗീത ധാരയായ്
പ്രാണനും, പ്രാണനും തമ്മിലാശ്ലേഷിക്കുമൊ-
രാനന്ദ സാന്ദ്രമാം മഞ്ജീര ശിഞ്ജിതം.
നിന്‍ സ്നേഹ പുഷ്പാങ്കുരങ്ങളില്‍ ഞാനിന്നു
തേടുന്നു‍ പൊന്‍പരാഗങ്ങളെ, ഞാനെന്റെ
രാവുകള്‍ നീന്തി വന്നെത്തുന്നൊരമ്പിളി-
പ്പൂവിലലിയുമാ ചന്ദ്രകാന്തത്തിനെ.

നീ എന്നുമെന്റെ മന‍സിന്റെ വിങ്ങലായ്
അവ്യക്തമാമൊരു കവിതയായ്,
പിന്നെ മധുരം നുരയുന്ന മോഹമായ്,
ചന്ദനക്കുളിര്‍ മഞ്ഞു തഴുകുന്ന പൂങ്കാറ്റാ-
യൊഴുകുമൊരുമൌന ഗാനമായ്
എന്നന്തികത്തിൽ വരൂ നീ, വന ജ്യോത്സ്നേ!..

Wednesday, September 08, 2010

കിനാവില്‍ തേന്‍ കിനിയുന്നു....




ഒന്നല്ല നൂറു നൂറായിരം വാക്കുകള്‍
‍നിന്നോടൊന്നോതുവാന്‍ കാത്തുനില്‍ക്കെ
പറയാന്‍ കഴിയാതെ പരിഭവം പൂണ്ടു നീ
ഒരു പൊന്‍ കിനാവായ്‌ മറഞ്ഞു പോയി.

അനുരാഗവായ്പു നിറയുന്നൊരാത്മാവില്‍
‍അതിഗൂഢമെന്നുമെന്നോര്‍മകളില്‍
‍അറിയാതെ എന്മനം ഉരുവിടുന്നിന്നുമെന്‍
‍അനുരാഗ ദീപ്തമാം സ്നേഹഗാനം!

അലകടല്‍ തഴുകുന്ന തീരമായ്‌ നിന്മനം,
തഴുകുവാന്‍ കാത്തു കൊണ്ടണയുന്ന മല്‍ സ്നേഹ-
ത്തിരകളെ പുല്‍കുവാന്‍ കാത്തു നില്‍ക്കെ,
പ്രണയാര്‍ദ്ര സാന്ദ്രമാം, ഒരു കുഞ്ഞു കാറ്റായ്‌ നിന്ന-
രികില്‍ ഞാനെത്തി, നിന്നനുവാദമില്ലാതെ
ആപാദചൂഢം മുകര്‍ന്നതില്ലേ?

അനുഭൂതി നിറയുന്ന മധുരമാം ഓര്‍മ്മയില്‍
പ്രണയാഭിലാഷങ്ങള്‍ പൂത്തു നില്‍ക്കെ,
അവ്യക്തമാമൊരു സ്വപ്നത്തിലേറി നീ
മധുമാസ ചന്ദ്രനുദിച്ചപോലെ,
സ്നേഹാര്‍ദ്രമാമൊരു മൃദുഹാസ നാളമായ്‌
പരി‍ഭവമെല്ലാം പറഞ്ഞു തീര്‍ത്തു,
കുറുകുന്ന പ്രാവിന്റെ ഇണ പോലെ, പ്രണയത്തിന്‍
കുളിരുമായ്‌, എന്നോടു കൊഞ്ചിയില്ലെ?

വ്രണിതമാം ഹൃത്തിന്റെ നൊമ്പരപ്പൂക്കളെ
തഴുകിത്തലോടി നിന്‍ കരലാളനം.
വിറയാര്‍ന്ന ചുണ്ടുകള്‍, വഴിയുന്ന മിഴിനീരില്‍
കുതിരുന്ന സ്നേഹം കൊണ്ടൊരുമാത്ര
നീയെന്നെ പുല്‍കി പുണര്‍ന്നു നിന്‍
മധുരമാം സാന്ത്വനം നല്‍കിയില്ലേ?

അതുമാത്രമോമനെ, അതുമാത്രമെന്നുമെന്‍
‍ഹൃദയത്തിന്‍ സ്മൃതിയായിത്തീര്‍ന്നിടട്ടെ!