
ഒരു നിറ സന്ധ്യ പോയ് മറഞ്ഞാലും എന്നും
പുലര്‍കാല ശോണിമ പൂവിടര്‍ത്തും.
ഒരു ജന്മം കണ്ണീര്‍ പൊഴിച്ച മേഘം
ഒരു നവ വാസന്തച്ചിരി പൊഴിക്കും.
ഒരു പൂവു മാത്രം കൊതിച്ച ഹൃത്തില്‍
നറുമലര്‍ പൂക്കാലം ഓടിയെത്തും.
നിനവുകള്‍ സ്വപ്നങ്ങളായി വീണ്ടും
പരിണമിച്ചെത്തും യാഥാര്‍ത്ഥ്യമാവാന്‍!
മധു ഉണ്ണാന്‍ വന്നൊരു വണ്ടിനൊപ്പം
മധുവിധുക്കാലം കഴിച്ച പുഷ്പം
ഒരു ദിനം വാടിക്കരിഞ്ഞു വീഴും,
മറയുമീമണ്ണിന്റെ മാര്‍ത്തടത്തില്‍.
മധുര മനോഞ്ജമായ് പുഞ്ചിരിച്ചും
ചിരികള്‍ വിടര്‍ന്നും നിറഞ്ഞ ചുണ്ടില്‍
വിരിയുന്നു കദനത്തിന്‍ നൊമ്പരങ്ങള്‍
അഴലിന്റെ നിറമാര്‍ന്ന വ്യഥകളൊപ്പം.
ചുടുനെടുവീര്‍പ്പുമായ് വിങ്ങിയ മണ്ണിന്റെ
കനിവോലും മിഴിനീരിന്‍ കണികയല്ലോ മഴ
ഒരു പുതു ഹര്‍ഷമായ് പൊഴിയുന്നു വേനല്‍ തന്‍
കരുണാര്‍ദ്രമായൊരു സാന്ത്വനമായ്?
മറയുന്നതെല്ലാമീ ഭൂവിലാകെ
പുനര്‍ജന്മം തേടി തിരികെ എത്തും.
തുടരുന്നീ നാടകശാലയില്‍ ജീവന്റെ
അറുതി ഇല്ലാത്തൊരു ജന്മകേളീ..