Sunday, August 12, 2012

നിന്നെയും കാത്തു..


നീലിച്ച മാനത്തു നക്ഷത്ര രാജികള്‍
ആരാഞ്ഞിരിക്കുന്നുണ്ടമ്പിളിയെ....
ആശയാല്‍ തീര്‍ത്തൊരു മാല്യവുമായിഞാന്‍
ആരോമലെ നിന്നെ കാത്തിരിക്കാം.
മായികമായിടും വാസന്ത രാവുകള്‍
മാനസ വേദിയില്‍ നിന്നകന്നു
മാനത്തു നിന്നു ചിരിച്ചോരെന്നമ്പിളി
മാറീ, പുലര്‍കാല ധോരണിയില്‍.



നിര്‍വൃതി നല്‍കുമീ മന്ദഹാസം
നിന്‍ വദനത്തില്‍ നീ മായ്ച്ചീടൊല്ലേ!
ഞെട്ടറ്റുപോകുന്നിതെന്‍ ഹൃദയം
മട്ടൊന്നു മാറീ നീ പുഞ്ചിരിച്ചാല്‍
സ്വപ്നത്തില്‍ കൂടിയാ നിര്‍‍വൃതികള്‍
പൊട്ടിച്ചിരിപ്പിക്കുന്നിതെന്നെ നിത്യം.
സ്വര്‍ഗത്തിന്‍ വാതിലില്‍ തന്നെ ഞാനും
മുട്ടിവിളിക്കയാണെന്നുമെന്നും.
സ്നേഹാമൃതത്തിന്റെ മാധുരിയില്‍
ലീനമായ് തീര്‍ന്നൊരെന്‍ ചേതനകള്‍
ഓമനിച്ചോമനിച്ചോര്‍മ്മകളെ
കോരിത്തരിപ്പിക്കയായിരിക്കാം.
അനുപമ ലാവണ്യ ധോരണിയില്‍
‍അനുഭൂതി കാണുന്നിതെന്‍ ഹൃദയം.
അമലേ, നിന്‍ അത്മാവിന്നാരാമ വേദിയില്‍
ഒരു വെറും ഭൃംഗമായ്
തീരൊല്ലേ ഞാന്‍!