Wednesday, February 27, 2008

നീ അറിയാതെ...

എന്നുള്ളിലെന്നും വിടരുന്ന സ്വപ്നമേ,
നിന്‍ മന്ദഹാസത്തിന്‍ പൂവിതള്‍ നുള്ളുവാന്‍
എന്നുമെന്നാത്മാവില്‍ മോഹങ്ങളാമൊരു
സങ്കല്‍പ്പ നൂപുര ധ്വനികള്‍ ഉയരുന്നിതാ.

ഉള്ളിലൊതുങ്ങാനായെന്നും മടിക്കുന്നൊ-
രെന്നാത്മ ദാഹത്തിന്‍ മോഹശതങ്ങളെ,
ആരതിപ്പൂക്കളായ്‌ കാഴ്ച്ച വച്ചീടുവാന്‍
ഉള്ളം വിതുമ്പുന്ന നേരത്തു നിന്‍ മുന്‍പില്‍
എല്ലാം മറന്നു ഞാന്‍, എന്നെ മറന്നു ഞാന്‍
കാതരയായി നിന്നരികിലെത്തിടുമ്പോള്‍,
പ്രേമാമൃതത്തിന്റെ പാലാഴി തന്നുള്ളില്‍
നീന്തി തുടിക്കുന്ന നിര്‍വൃതികള്‍ എന്നെ
ഞാനറിയാതെ തളര്‍ത്തി മയക്കുന്നു.

ദേവാ നിന്‍ മിഴി തുമ്പില്‍ നിറയും രാഗോജ്വല
പ്രേമത്തില്‍ വിവശയായ്‌ തീര്‍ന്നെന്‍ മനോരഥം
ഗഗന സീമകള്‍ക്കപ്പുറത്തെവിടെയോ
ചിറകടിച്ചു പറക്കുന്നു മേല്‍ക്കുമേല്‍.

ഒരുവാക്കു പോലും പറയാതെ നീ, ഇത്ര നാള്‍
പ്രണയാര്‍ദ്രമായെന്നെ നോക്കിയില്ലേ?
ഒരു നോക്കു കൊണ്ടെന്റെ കരളിന്റെ ഉള്ളിലെ
കനവുകള്‍ നീ, കവര്‍ന്നോടിയില്ലേ?

ഇനിയെത്ര മൂകാന്ത സന്ധ്യകള്‍ കഴിയേണം,
ഇനിയെത്ര നിദ്രാവിഹീനമാം രാവുകള്‍,
ഇനിയെത്ര വാസന്ത വാസരങ്ങള്‍,
ഇനിയും ഞാന്‍ ഒറ്റക്കു കാത്തീടേണം?
ഇനി വേഗം വരൂ പ്രിയാ, ക്ഷമയറ്റോരെന്‍ ഹൃത്തിന്‍
വിരഹാഗ്നി തന്‍ താപം അറിയുന്നോ നീ?

അകലത്തെന്നകലത്തെന്നനുരാഗ ചിന്തകള്‍
അലയടിച്ചൊഴുകുമെന്‍ കനവുകളില്‍
അനുരാഗലോലനായ്‌, അനുഭൂതി നല്‍കുവാന്‍
അണയൂ നീ എന്നില്‍ നിറഞ്ഞു നില്‍ക്കൂ.

Monday, February 25, 2008

യാത്രാമൊഴി...

എന്നുമെന്‍ സങ്കല്‍പ്പത്തിന്‍ പൂത്തിരി കൊളുത്തിക്കൊണ്ടെന്‍
കരള്‍ തുടിപ്പിന്റെ രോമാഞ്ചമായി നില്‍ക്കും
സുന്ദരീ, നിന്നോര്‍മ്മയില്‍ ഖിന്നമായൊരു ഹൃത്തിന്‍
മുഗ്ദമാമീ നിശ്വാസം, നന്മകള്‍ നേരുന്നെന്നും.

തളരുന്ന സിരകളില്‍‍ തഴുകുന്ന മാധുര്യ സ്മൃതി
എന്റെ പ്രാണന്റെ തിരിനാളം അണയാതെ
കാത്തുകൊണ്ടരികിലെന്‍ തുണയായി
മരുവുന്നു ഞാനതില്‍ അറിയാതെ നിര്‍വൃതി നേടിടുന്നു.

എന്നുമെന്‍ കിനാവുകള്‍, എന്നുമെന്‍ വ്യാമോഹങ്ങള്‍,
എന്നുള്ളിന്നുള്ളിലെന്നുമൂറും സ്നേഹത്തിന്‍ മഞ്ജരികള്‍,
നിറയും ദുഃഖത്തിന്റെ ചുടുനൊമ്പരപ്പൂക്കള്‍
അഴകേ, നിന്‍ പാതയില്‍ വിരിപ്പൂ പൊന്‍ പൂക്കളായ്‌.

നീ ഇങ്ങു വന്നില്ലെങ്കില്‍, ഇനി നാം ഒരിക്കലും
കാണാതെ, ഈ ജന്മത്തിന്‍ തിരശീല തന്നുള്ളി-
ലെങ്ങൊ പൊയ്‌ മറഞ്ഞാലും
നമ്മള്‍ തന്നപൂര്‍ണ്ണമാമനുരാഗമോര്‍ത്തീ നിന്റെ
മാനസം കരയല്ലേ, മല്‍സഖീ, വിട ചൊല്‍ വൂ.

ഇനിയും എത്രയോ ജനിമൃതികള്‍, ഈ വിശ്വത്തിന്‍
ചൈതന്യം നിറവേറ്റും,പിന്നെയും ജന്മ ജന്മാന്തരങ്ങള്‍
പൂക്കും വേളയില്‍ ഒരിക്കല്‍ നാം, കണ്ടുമുട്ടീടും, അന്നെന്‍,
കരളേ, പിരിയില്ല; വീണ്ടും നാം ഒരുമിക്കും.

Friday, February 22, 2008

കര്‍പ്പൂര ദീപം...

അറിയാതെ നീ എന്റെ മാനസ ക്ഷേത്രത്തിലൊരു
തിരിവെട്ടം പകര്‍ന്നു തന്നു.
ദിവ്യാനുഭൂതികള്‍ എന്‍ ചിത്തമാകവേ
വര്‍ണ്ണവിരാജികള്‍ വരച്ചു ചേര്‍ത്തു.
നിന്‍ കര ലാളന നിര്‍വൃതിക്കുള്ളില്‍ ഞാനെ-
ന്നേ മറന്നെന്റെ പൊന്നിന്‍ കിനാക്കളേ
പ്രേമാര്‍ദ്ര സങ്കല്‍പ്പ സുന്ദരമാകുമൊരേകാന്ത
രാവിന്റെ രാഗ ലഹരിയായ്‌
താലോലിച്ചോമനിച്ചുമ്മ വച്ചു.
ആദ്യാനുരാഗത്തിന്‍ തൂമധു തൂകുന്നൊ-
രാമോദമെന്നില്‍ നിറഞ്ഞുനിന്നു.
താരണിച്ചന്ദ്രിക ച്ചാറൊളി പൂശുമാ
മഞ്ഞലക്കുള്ളിലെ സൗന്ദര്യവും,
മാസ്മരമാകുന്ന പൊന്നുഷസ്സന്ധ്യതന്‍
ചാരുവര്‍ണ്ണാങ്കിത മാധുര്യവും,
മാമരച്ചാര്‍ത്തിന്റെ ഉള്ളില്‍ നിറഞ്ഞൊരാ
ഹേമന്ത,വാസന്ത ചൈതന്യവും,
ചാരു മനോഹര സങ്കല്‍പ്പ ധാരയില്‍
നവ്യസുഗന്ധങ്ങളായണഞ്ഞു.
എന്‍ അന്തരംഗത്തിന്‍ അങ്കണമാകവെ
പൊന്മയില്‍ ‍പേടകള്‍ നൃത്തമാടി.

കാലത്തിന്നഞ്ജാതമാം യവനികക്കുള്ളിലെന്റെ
പ്രേമസങ്കല്‍പ്പങ്ങള്‍ പൊലിഞ്ഞുപോയി.
മായുന്ന ജീവിതത്താരയില്‍ മോഹത്തിന്‍
സൗവ്വര്‍ണ്ണപ്പൂക്കള്‍ കൊഴിഞ്ഞു വീണു.
ഒന്നുരിയാടുവാന്‍ കാത്തു നില്‍ക്കാതെ നീ
എന്നില്‍ നിന്നെങ്ങൊ നടന്നകന്നു.
ഒന്നുമറിയാതെ ഒറ്റയ്ക്കു ഞാനിന്നീ കണ്ണീര്‍
കണങ്ങള്‍ക്കു സ്വന്തമായീ.
നിന്‍ പാദസ്വനമൊന്നു കേള്‍ക്കുവനാശിച്ചെന്റെ
അന്തരാത്മാവിന്നും കേഴുന്നു വിലോലമായ്‌
ഒരു നറു തുളസിക്കതിരായി നിന്നു ഞാന്‍
നിനക്കായിട്ടൊരു കര്‍പ്പൂര ദീപം പോല്‍ എരിഞ്ഞുതീരാം.

Wednesday, February 13, 2008

കാത്തിരിപ്പ്‌.....

മൂകമാം വേദന പ്രാണന്റെ തന്തുവില്‍
നീറിപ്പിടിക്കുമീ ജീവിതത്തില്‍
ഞാനെന്റെ ഏകാന്ത മോഹങ്ങളൊക്കെയും
താലോലിച്ചെന്നില്‍ തളര്‍ന്നു വീണു.

ആരോരും അറിയാതെ, നാം പോലും അറിയാതെ,
നമ്മില്‍ നിറഞ്ഞൊരാ സ്നേഹബന്ധം,
ആകാശം മുട്ടെ വളര്‍ന്നു വന്നപ്പോള്‍ നാം
അറിയാത്ത നൊമ്പരം ഏറ്റുവാങ്ങി.
പലവട്ടം കൂടിയാ കരളിന്റെ നിര്‍വൃതി
അഴല്‍ പൂണ്ടൊരാത്മാവിന്‍ പുസ്തക ത്താളുകള്‍-
ക്കഴകാര്‍ന്ന രൂപം വരച്ചു ചേര്‍ത്തു.
അന്നു നിന്നേകാന്ത സ്വര്‍ഗം നിറയെ നീ
എന്‍ പ്രേമപുഷ്പങ്ങളലങ്കരിച്ചു
മല്‍പ്രാണ ബിന്ദുവില്‍ ഹര്‍ഷം വിതച്ചെന്റെ
സ്വപ്നങ്ങളില്‍ തേന്‍ പകര്‍ന്നു തന്നു.
നിന്‍സ്വര്‍ഗ സംഗീത നിസ്വനം കേട്ടെന്റെ
ഉള്‍പ്പൂവില്‍ കവിത വിരുന്നു വന്നു.
പ്രേമലോലുപയായി ഞാനെന്റെ ശയ്യയില്‍
പ്രണയാര്‍ദ്ര ഗീതങ്ങള്‍ ആലപിച്ചു.

പറയാതെ ഒരു കൊള്ളിമീനായി നീ എന്റെ
ചിറകറ്റ ജീവന്റെ നിറുകയില്‍ ചവിട്ടി-
യിട്ടെവിടേക്കോ പാറി കടന്നു പോയി.
തിരയുന്നു നിന്നെ ഞാനെവിടെയും
അറിയാത്ത നിഴലുകള്‍ കൂടിയും പരതുന്നുനാള്‍ക്കു നാള്‍!

ഒരു നാളിലെങ്കിലും വരുമെന്ന നിനവുകള്‍
മനസ്സിന്റെ വ്യാമോഹ സ്വപ്നങ്ങളായ്‌..
മുറിവേറ്റു കേഴുന്ന മുരളിയായെന്മനം
ഇരുളില്‍ പിടയുന്ന തിരിനാളം പോല്‍.
ഇനിയൊരു സൂര്യോദയത്തിനായ്‌ കാക്കുന്നൊ-
രുഷസ്സിന്റെ സൗവ്വര്‍ണ മേഘമായി.
മനസ്സിന്റെ പടിവാതിലിലൊരു നെയ്ത്തിരിയായി
ഒരു ജന്മം മുഴുവന്‍ ഞാന്‍ കാത്തിരിക്കാം

Tuesday, February 12, 2008

ആത്മരോദനം...

നിന്റെ ആത്മാവിന്റെ പ്രഭാവലയം,നമ്മെ ചൂഴ്‌ന്നു നിന്ന രാത്രി,
സ്നേഹത്തിന്റെ ദൈവദൂതന്മാര്‍ നമുക്കു ചുറ്റും പറന്നു കൊണ്ട്‌
ആത്മാവിന്റെ കൃത്യങ്ങളെ വാഴ്ത്തിപ്പാടിയ അന്നു,
നമ്മള്‍ കണ്ടു മുട്ടിയതു നീ ഓര്‍മ്മിക്കുന്നുണ്ടോ?

നാം അന്നു വൃക്ഷ ശിഖരങ്ങളുടെ അടിയില്‍, മനുഷ്യ സംസര്‍ഗത്തില്‍ നിന്നും അകന്നു,
വാരിയെല്ലുകള്‍ ദൈവീക നിഗൂഢതയില്‍ ഹൃദയത്തെ പരിപാലിക്കുന്നതുപോലെ,
സുരക്ഷിതരായി ഇരുന്നതു നീ ഓര്‍മ്മിക്കുന്നുണ്ടോ?

നമ്മള്‍ നമ്മളില്‍ തന്നെ ഒളിച്ചിരിക്കുന്നതു പോലെ, ശിരസ്സുകള്‍ അന്യോന്യം ചേര്‍ത്തു വച്ചു,
കൈകള്‍ കോര്‍ത്തു, കാനന പാതയില്‍ കൂടി നടന്നു പോയത്‌ ഓര്‍മ്മിക്കുന്നുണ്ടോ?

ഞാന്‍ നിന്നൊടു വിട ചൊല്ലിയ മാത്രകള്‍ നീ ഓര്‍ക്കുന്നുവോ?
നീ എന്നില്‍ അര്‍പ്പിച്ച ചുംബനങ്ങള്‍?
വാക്കുകള്‍ക്കതീതമായ സ്വര്‍ഗീയ രഹസ്യങ്ങള്‍, ചുണ്ടുകള്‍ തമ്മില്‍ ഒരുമിക്കുമ്പോള്‍ ,
വെളിപ്പെട്ടു വരുമെന്നു, ആ ചുംബനം എന്നെ പഠിപ്പിച്ചു.
ഒരു നീണ്ട നിശ്വാസത്തിന്റെ ആമുഖമായിരുന്നു ആ ചുംബനം!
ദൈവം ആദ്യമായി മനുഷ്യനെ സൃഷ്ഠിച്ചപ്പോള്‍ അവനു കൊടുത്ത ശ്വാസം പോലെ...
ആ നിശ്വാസം എന്നെ ഒരു ആദ്ധ്യാല്‍മിക തലത്തിലേക്കു നയിച്ചു.
എന്റെ ആത്മാവിന്റെ മഹാല്‍മ്യം മനസ്സിലാക്കിത്തന്നു.നാം ഇനിയും ഒന്നു ചേരുന്നതു
വരെ അതു എന്നില്‍ ശാശ്വതമായിരിക്കും.

നിന്റെ കവിളിണകളില്‍ കണ്ണുനീര്‍ പടര്‍ന്നൊഴുകി.
നീ എന്നെ വീണ്ടും ചുംബിച്ചതു ഞാന്‍ ഓര്‍ക്കുന്നു.എന്നിട്ടു നീ പറഞ്ഞു.
"ഭൗമീക ശരീരങ്ങള്‍ ഭൗതീക ആവശ്യങ്ങള്‍ക്കായി പലപ്പൊഴും വേര്‍പിരിയേണ്ടതായി വരും.
അങ്ങനെ ലൗകീക ആവശ്യങ്ങള്‍ നമ്മെ വേര്‍പിരിക്കുന്നു. എന്നാല്‍ നമ്മുടെ ആത്മാക്കള്‍ ഒന്നു ചേര്‍ന്നിരിക്കും.സ്നേഹത്തിന്റെ കരങ്ങളില്‍ സുരക്ഷിതമായി..
ഈശ്വരന്റെ സന്നിധിയിലേക്കു മരണം നമ്മെ മാടി വിളിക്കുവോളം!
പോയി വരൂ. സ്നേഹത്തിന്റെ പ്രതിനിധി ആയി സ്നേഹദേവത നിന്നെ
തിരഞ്ഞെടുത്തിരിക്കയാണു. ജീവിതത്തിന്റെ മാധുര്യം നുകരാന്‍ അവളുടെ
അനുയായികളെ അവളുടെ സൗന്ദര്യം തിരഞ്ഞെടുത്തിരിക്കുന്നു.
എന്റെ ശൂന്യമായ കരങ്ങളില്‍ നിന്റെ സ്നേഹം,
എന്നും എന്റെ വരനായി നിറഞ്ഞുനില്‍ക്കും.
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍, എന്റെ നിതാന്തമായ വിവാഹമാണു."

"നീ ഇപ്പോള്‍ എവിടെ ആയിരിക്കുന്നു?
എന്റെ മറ്റേ ആത്മാവല്ലേ നീ?
ഈ രാത്രിയുടെ നിശബ്ദതയില്‍ നീ ഉണര്‍ന്നിരിക്കിന്നുവോ?
ഈ പരിശുദ്ധമായ കുഞ്ഞിക്കാറ്റു എന്റെ ഹൃദയസ്പന്ദനങ്ങളും പ്രേമവും
നിന്റെ അടുക്കല്‍ എത്തിക്കട്ടെ.എന്റെ മുഖപടം നിന്റെ ഹൃദയത്തില്‍
നീ ഇപ്പൊള്‍ താലോലിക്കുന്നുണ്ടാവും! അതു ഇപ്പോഴത്തെ എന്റെ മുഖം അല്ല.
ആഹ്ലാദഭരിതനായിരുന്ന എന്റെ പൂര്‍വ കാലത്തെ ആ മുഖത്തു, ഇപ്പോള്‍
കരിനിഴല്‍ വീണിരിക്കുന്നു. നിന്റെ സൗന്ദര്യം പ്രതിഫലിച്ചിരുന്ന എന്റെ കണ്ണുകള്‍
ഇന്നു നെടുവീര്‍പ്പുകളാല്‍ വിഷാദ കലുഷിതമായിരിക്കുന്നു.
നിന്റെ ചുംബനങ്ങളാല്‍ മാധുര്യമാക്കപ്പെട്ട എന്റെ ചുണ്ടിണകള്‍
ഇന്നു വരണ്ടുപോയിരിക്കുന്നു.
എന്റെ പ്രിയതമേ! നീ എവിടെ ആണു?
എന്റെ സന്താപത്തിന്റെ തേങ്ങലുകള്‍ നീ കേള്‍ക്കുന്നുണ്ടാവുമോ?
ഈ സമുദ്രത്തിന്റെ അങ്ങേ തലയ്ക്കല്‍ നിന്നു....
എന്റെ അഭിലാഷം നീ അറിയുന്നുണ്ടാവുമോ?
എന്റെ അശാന്തിയുടെ വലിപ്പം നിനക്കു മനസ്സിലാകുമോ?
എന്റെ മരണവക്ത്രത്തില്‍ നിന്നുതിരുന്ന നിശ്വാസങ്ങള്‍ നിന്റെ
സവിധത്തില്‍ എത്തിക്കുവാന്‍ ഏതെങ്കിലും ഒരു ആത്മാവു ഈ വായുവില്‍ ഉണ്ടാകുമൊ?
എന്റെ പരിദേവനം നിന്റെ അടുക്കല്‍ എത്തിക്കുവാന്‍ ദേവദൂതര്‍ക്കു ഏതെങ്കിലും
നിഗൂഢമായ വഴികള്‍ ഉണ്ടാകുമോ?
എന്റെ സൗണ്ടര്യതാരമെ! നീ എവിടെ?
കരാളമായ ജീവിതത്തിന്റെ മാറിലേക്കു ഞാന്‍ എടുത്തെറിയപ്പെട്ടിരിക്കയാണു.
നിന്റെ സ്നേഹോദാരമായ പൂപ്പുഞ്ചിരി നീ ഈ കാറ്റില്‍ കൂടി അയക്കുക.
അതു എന്നെ ഉന്മേഷ ചിത്തനാക്കും
നിന്റെ നറുമണം തൂകുന്ന നിശ്വാസം നീ വായുവിലേക്കു ഊതുക.
അതെന്റെ ജീവന്‍ നില നിര്‍ത്തും.
സ്നേഹം എത്ര മഹത്തരമാണു!
ഞാനോ വെറും നിസ്സാരനും....!

(കടപ്പാടു: ഖലീല്‍ ജിബ്രാന്‍)

Saturday, February 02, 2008

നിന്‍ കരസ്പര്‍ശം.....

തരളിതമായൊരോര്‍മ്മകളില്‍ വീണു
തളരുന്ന മേനിയില്‍ നിന്‍ കരസ്പര്‍ശനം
തഴുകുന്ന മാത്രയില്‍ മാറുന്നു ഞാന-
റിയാതൊരാര്‍ദ്രമാം പൂവിതളായ്‌.

തീരാത്ത മോഹങ്ങളുള്ളില്‍ ജ്വലിപ്പിക്കും
ശ്രീരാഗമോതും മുരളിയായി
വിരലൊന്നു തൊട്ടെന്നാലെന്നില്‍
വിതുമ്പുന്ന വിറയാര്‍ന്ന നിസ്വനം വീണയായി.

മൂകമാം വേദന തിങ്ങി ത്തുളുമ്പിയോ-
രേകാന്ത രാവിന്റെ കൈത്തിരി നാളമായി
മാദക സ്വപ്നത്തിലെങ്ങും വിതറുന്ന
സ്നേഹാര്‍ദ്രമാം പ്രഭാപൂരമായീ.

അരികില്‍ നീ സാന്ത്വനം പകരുന്ന നേരത്തു
അലകടല്‍ പോലെന്നിലലയുന്നു മോഹങ്ങള്‍.
പുഴപോലെ ശാന്തമായൊഴുകുന്നാ ലാവണ്യ
നിര്‍വൃതിക്കുള്ളിലേ അറിയാത്ത നവ്യാ-
നുഭൂതികള്‍ തേടി നാം അലയുന്നു,
പിന്നൊരു വര്‍ണാഭ നിറയുന്ന സന്ധ്യതന്‍
വാനിലെ സ്വര്‍ണ മയൂഖമായ്‌ തീരുന്നു.

ചക്രവാളത്തിനുമപ്പുറത്തേക്കൊരു,
വിദ്യുല്‍ ലതികയായ്‌ പാറുന്നു പിന്നെ നാം
വിണ്ണിന്റെ അഴകാര്‍ന്ന ഹര്‍ഷാനുഭൂതിയില്‍
എല്ലാം നുണഞ്ഞു കൊണ്ടര്‍ധസുഷുപ്തുയില്‍
അമരുന്നു ഞാന്‍ നിന്നിലലിയുന്നു.
പിന്നെ നാം അറിയാതെ ഒന്നായി മറയുന്നു
നിന്നാത്മ ചൈതന്യമെന്നില്‍ സ്പുരിക്കുന്ന
ദിവ്യാനു രാഗ നിലാവൊളിയായ്‌..
ജീവന്റെ ജീവനിലെന്നും വിടരുന്ന
പ്രേമ സങ്കല്‍പത്തിന്റെ പൊന്‍ കിനാവായ്‌.