Saturday, February 19, 2011

ഒരു വസന്തത്തിന്റെ ഓർമ്മ...
അനുഭൂതി നിറയ്ക്കുന്ന, അരുതെന്നു പറയാത്ത,
കണ്ണീരിന്‍ നനവുള്ള, കനിവിന്റെ നിറവുള്ള,
കദനത്തിന്‍ മണമുള്ള, കനവിന്റെ നിറമുള്ള,
മലരിന്റെ ചിരിയുള്ള, ഹൃദയത്തിന്‍ സുധയായി,
മനസ്സിന്റെ വാതിലിൽ ‍നീ വന്നു തൊട്ടപ്പോള്‍;

പറയാതെ, അറിയാതെ, പതറാതെ, മായാത്ത
നിറവുള്ള മനതാരില്‍ മധുവേന്തി നീ വന്നതറിയാതെ
നിന്നൊരാ, നിന്നെ ഞാന്‍‍ വാതില്‍ക്കല്‍ കണ്ടപ്പോള്‍,
അറിയാതെ എന്നിലേ ഓര്‍ക്കാത്ത എന്നെ, നീ
അടിമുടി കോരിത്തരിപ്പിച്ചു പോയീ.

അമലേ നിന്നിടനെഞ്ചില്‍ കതിരിട്ടാ മൃദുഭാവം
അകലത്തിരുന്നു ഞാന്‍‍ തിരയുന്നു നാള്‍ക്കു നാള്‍.
മ‍ഴവില്ലിന്‍ ചാരുത നിറയുന്നൊ-
രാകാശച്ചരിവിന്റെ മോഹന സ്മൃതിയാമാ ലാവണ്യം
അനുദിനമെന്നിലേ പൂമാരിയാകുവാന്‍‍
അഴകേ ഞാന്‍ നിന്നെയും കാത്തിരിപ്പൂ..

Tuesday, February 08, 2011

ഒരു പൊൻ കിനാവിന്റെ തീരത്തു...
ഒരു നാളിലൊരു സ്വപ്നത്തേരിലേറി
അരികില്‍ നീ എന്നടുത്തെത്തിയില്ലേ?

അനുപമമാമൊരു സംഗീത ധാരയായ്,
അകതാരിലൊഴുകുന്ന കവിതയായി,
മിഴീതള്‍കൂമ്പിലേ കണ്ണുനീര്‍ തുള്ളിയായ്,
സ്നേഹാര്‍ദ്രമാമൊരു തൂവലിന്‍ സ്പര്‍ശമാ‍യ്,
കാര്‍മുകില്‍ തുമ്പിലേ തൂവെള്ളി രേഖയായ്......

മാനത്തു നീളുന്ന ചേതോമനോഞ്ജമാം
മാരിവില്ലേകുന്ന രാഗോജ്വലങ്ങളാം
മാസ്മര സൌന്ദര്യ ലാസ്യത്തിന്‍ ‍വര്‍ണ്ണമായ്,
കായാമ്പൂവര്‍ണ്ണന്റെ വേണുവിലൂതിരുന്ന
പ്രേമനിസ്വനമാം പീയൂഷ രാഗതരംഗമായി,
പ്രിയമാര്‍ന്നൊരനുരാഗ സ്മൃതികള്‍ തഴുകുന്ന
മദുഗാനമൊന്നിന്റെ ഈരടിയായ്,
നിറമുള്ള സ്വപ്നങ്ങള്‍ ഹൃദയത്തിനേകുന്ന
കുളിരാര്‍ന്ന രാവിന്റെ യാമങ്ങളായ്.....

വിടപറഞ്ഞകലുന്നോരരുണനെ നോക്കി
നിന്നരുതേ എന്നോതുന്ന മേഘങ്ങളായ്,
പുതുമാരി പെയ്തൊരാ ഊഷരഭൂവിന്റെ
നിറുകയില്‍ തല നീട്ടി പുളയുന്ന പുല്‍നാമ്പിലു-
തിരുന്ന മദമാര്‍ന്ന മധുമന്ദഹാസമായി,
ധനുമാസ രാവിലേ പൌര്‍ണമിച്ചന്ദ്രന്റെ
അരികത്തു ലജ്ജയാല്‍ മിഴിചിമ്മി നില്‍ക്കുന്ന
സുരലോക സുതരാകും താരകളായ്,
അനുപദം അനുരാഗ സരസിന്റെ അരികത്തു
നിറവാര്‍ന്ന കുതുഹലം ചിറകിട്ടടിക്കുന്നോ-
രഴകാര്‍ന്ന സ്വര്‍ണ്ണമരാളങ്ങളായ്.......

ഇറയത്തൂന്നൂറുന്ന മഴവെള്ളത്തുള്ളികള്‍
കരളിന്റെയുള്ളീലേക്കറിയാതെ ചൊരിയുന്ന
കുളിരിന്റെ ലോലമാം അലകളായി,
നിറയുന്നൊരാത്മാവില്‍ നിറമാല ചാര്‍ത്തിക്കൊണ്ട-
കലേക്കു മായല്ലെന്‍ പൊന്‍കി‍നാവേ!

Saturday, February 05, 2011

വിദൂരതയിൽ നിന്നും...
പൂമുല്ല തേടുന്ന പൂന്തെന്നലും
പൂനിലാ പൊയ്കയും പൂമണവും
നിന്‍ മൃദുഹാസവും നീള്‍മിഴിയും
നിന്‍ വിരല്‍ തുമ്പിലേ സ്വാന്തനവും
മല്‍ ജീവനേകുന്ന നിര്‍വൃതിയില്‍
‍എന്നുമെന്നുള്ളിലേ ദാഹമായി.

എന്നുള്ളിലുള്ളോരു ശോകമാകെ
‍വിസ്മൃതിക്കുള്ളില്‍ മറഞ്ഞു പോയി.
ആ രാഗദീപ്തിയിലെല്ലാം മറന്നു ഞാന്‍
‍നിന്നെയെന്നോമന സ്വപ്നമാക്കി
എന്നുമെന്നൊമനേ എന്നിലെന്നും
നാകീയ ലോകം വിരിച്ചിടുന്നു.

പൊയ്പോയ കാലത്തിന്‍ ദുഃഖസ്മൃതിയെല്ലാം
വിണ്മയമായൊരു സ്വപ്നങ്ങളായ്,
നിരുപമ ലാവണ്യ സ്വപ്നഭൂവില്‍
‍നിശ്ചലം നില്‍ക്കുമീ ജീവധാര.
കാലമേ നിന്റെ വിപഞ്ചികയില്‍
‍ചേലെഴും മോഹന നവ്യരാഗം....

രാഗനിര്‍ഭരമാമെന്‍ മാനസം കൊതിക്കുന്നു
സ്നേഹലോലുപയാം നിന്റെ‍ ചുംബനപ്പൂമൊട്ടുകള്‍!