Tuesday, January 25, 2011

നീ എന്ന ഞാൻ‍.......







പുതുമഴ പെയ്തിറങ്ങിയ തുമണ്ണിന്‍ സുഗന്ധം പോലെ
ഒരിക്കലും ഉറവ വറ്റാത്ത സ്നേഹത്തിൽ‍
‍നിറഞ്ഞു തുളുമ്പുമൊരു നീര്‍ക്കുമിള പോലെ
നിശ തന്‍ നീണ്ട യാമങ്ങളിലെപ്പോഴോ
നീ കടന്നു വന്നതിപ്പോഴും ഓര്‍ക്കുന്നു ഞാൻ‍.


നിശാഗന്ധി പൂക്കുന്ന രാവിന്നിരുട്ടിലും
നൊമ്പരപൂക്കള്‍ അടര്‍ന്നുപോകുന്ന
സന്ധ്യയിലുമൊക്കെയും
നിന്നെ ഞാന്‍ ദര്‍ശിച്ചു!....

പിന്നെ നീ വെണ്മുകിൽ പുകമറയ്ക്കുള്ളിലേക്ക് ഒരു
നീണ്ട തേങ്ങലൊടെ പറന്നു പോയി........
ഒരു കുഞ്ഞു ശലഭത്തിന്‍ നൈര്‍മല്യം ആയിരുന്നൊ അതു......
അതോ?..........

നീ ആരായിരുന്നു എന്നൊരു സംശയം മാത്രമൊടുവിൽ ‍എന്നില്‍ ബാക്കിയായി....
ഒരു നിമിഷാര്‍ദ്ധത്തിന്നിടവേളക്കു ശേഷം എന്‍ മനം പിന്നെയും മെല്ലെ ചോദിച്ചു.........
“നീ ഞാനായിരുന്നോ?”...
അതൊ ഞാൻ‍.....?....

Saturday, January 15, 2011

അഭിലാഷങ്ങള്‍...





അഭിലാഷങ്ങള്‍..



‍മദം പിടിച്ച കാറ്റു,
നിശയുടെഇരുണ്ട നിശബ്ദതയില്‍ മയങ്ങി വീണു.
ചെമ്പക പൂവിന്റെ സുഗന്ധം
ഒരു കിനാവിന്റെ മധുരിക്കുന്ന ഓര്‍മ്മകളിൽ
‍ഓടി അലഞ്ഞു ഇല്ലാതെ ആയി.
അവളുടെ ആത്മാവില്‍ ആ സുഗന്ധം വീണുടഞ്ഞു.
നിന്റെ നെഞ്ചിനുള്ളില്‍ ഞാന്‍ വീണു മരണമടയുന്നതുപോലെ!...

ഈ നിത്യ ഹരിതഭൂവില്‍ നിന്നും നീ എന്നെ കോരി എടുക്കൂ..
ഇവിടെ ഞാന്‍ മരിക്കുകയാണു.
ഇവിടെ ഞാന്‍ മോഹപരവശനായി തീരുന്നു.
ഇവിടെ ഞാന്‍ പരാജിതനായിരിക്കുന്നു.

ഇവിടെ നിന്റെ സ്നേഹം, ചുംബനങ്ങളുടെ മഴ ആയി
എന്റെ ചുണ്ടിണകളിലും, മിഴി ഇതളുകളിലും പെയ്തിറങ്ങട്ടെ!
എന്റെ കവിള്‍ തടങ്ങള്‍ ശൈത്യത്താല്‍ വിവര്‍ണമായിരിക്കുന്നു.
എന്റെ ഹൃദയത്തുടിപ്പുകള്‍ ആവേശത്തോടെ ഉച്ചത്തിലായിരിക്കുന്നു...

ഇനിയും അതു നിന്റെ നെഞ്ചോടു ചേര്‍ത്ത്‌ അമര്‍ത്തി പിടിക്കുക.
അവസാനം അതു തകര്‍ന്നു പോകുമല്ലൊ!

Friday, January 07, 2011

നാമെന്തു പേരിടും?...






ആത്മാവു തമ്മില്‍ ഉതിര്‍ക്കുന്ന മന്ത്രത്തെ

നാമെന്തു പേരിടും?..പ്രണയമെന്നോ?

കാണാത്ത നേരത്തു കാണാന്‍ കൊതിക്കുന്ന

മനസ്സിന്റെ വിങ്ങലിന്‍ പേരിതാണോ?

കേള്‍ക്കാന്‍, കൊതിച്ചൊരാ വാക്കുകള്‍ എന്നാലും

‍കേള്‍ക്കാഞ്ഞ നേരത്തു, മനതാരില്‍ വിരിയുന്ന

വിരസമാം ശോകത്തിനെന്തു പേരോ? ....

പ്രേമമെന്നോ?

കേള്‍ക്കുന്ന വാക്കുകള്‍ ‍ഹൃദയത്തില്‍

ചൊരിയുന്ന മൂകമാമനുഭൂതിക്ക-

നുരാഗമെന്നു പറഞ്ഞിടാമോ?

മിഴികളില്‍ തുളുമ്പുന്നൊരശ്രുവിന്‍ ‍തേന്‍ കണം

കനിവാര്‍ന്ന സ്നേഹത്തിന്നധരങ്ങളാല്‍

മുകരുന്നൊരനുഭൂതി കരളിൽ തഴുകുന്ന

മധുരമാം കുളിരിനേ,

പ്രിയതരമാമൊരു പേര്‍ വിളിക്കൂ!

മഴവില്ലിന്‍ ചാരുത മനസ്സില്‍ വിടരുന്ന,

തരളമാം സ്മരണകള്‍ പുളകിതമാക്കുന്നാ

മധുരവികാരത്തെ പേരിടല്ലെ...

അതു, മരണത്തിന്നവസാന മാത്രകളില്‍ കൂടി

മധുമയമാക്കാനനുവദിക്കൂ.